AnnouncementsStateTheera Desham

മത്സ്യത്തൊഴിലാളി പുനരധിവാസത്തിന് ‘പുനർഗേഹം’ പദ്ധതിക്ക് തുടക്കമായി

മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും തൊഴിലിനും വിദ്യാഭ്യാസത്തിനും സംരക്ഷണം ഉറപ്പാക്കുന്ന നടപടികളുമായി സർക്കാർ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മത്സ്യത്തൊഴിലാളി പാർപ്പിട പുനരധിവാസ പദ്ധതി ‘പുനർഗേഹ’ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ശംഖുംമുഖത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങൾ കൃത്യമായി മനസിലാക്കിയാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. അവരുടെ സുരക്ഷയും സാമൂഹ്യപരിരക്ഷയും ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കഠിനമായ ജീവിതദുരിതങ്ങളിലേക്ക് അവർ വലിച്ചെറിയപ്പെടില്ല എന്നുറപ്പാക്കും.

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമുണ്ടായപ്പോൾ ജീവൻ പോലും തൃണവത്ഗണിച്ച് സമൂഹത്തിന്റെയാകെ രക്ഷകരായി മുന്നിട്ടിറങ്ങിയവരാണവർ. സമാനതകളില്ലാത്ത പ്രവൃത്തിയിലൂടെ നാടിന്റെ സേനയായവരെ ഏതുരീതിയിലും സംരക്ഷിക്കും. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും കാരണം കടൽകയറ്റം വർധിക്കുമ്പോൾ ഏറ്റവും ബാധിക്കുന്നത് കടലിനടുത്ത് താമസിക്കുന്നവരെയാണ്.
തൊഴിൽ സൗകര്യത്തിനാണ് മത്സ്യത്തൊഴിലാളികൾ കൂടുതലായി തീരത്തിന് സമീപം താമസിക്കുന്നത്. അവർക്ക് പാർപ്പിടസുരക്ഷ ഉറപ്പാക്കാൻ ‘പുനർഗേഹം’ പദ്ധതിയിലൂടെ കഴിയും. ഭൂമി വാങ്ങി വീടുവയ്ക്കാൻ ഭൂമിക്ക് ആറുലക്ഷവും വീടിന് നാലുലക്ഷവും എന്ന കണക്കിൽ 10 ലക്ഷമാണ് നൽകുന്നത്. സ്ഥലം കണ്ടുപിടിക്കാൻ കഴിയാത്തവർക്കായി ഫ്‌ളാറ്റ് സമുച്ചയം നിർമിച്ച് താമസിക്കാൻ സൗകര്യമൊരുക്കും.

മൂന്നുഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയിൽ ആദ്യഘട്ടം 8487ഉം, രണ്ടും മൂന്നും ഘട്ടങ്ങളിൽ 5099 വീതവും കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും.
ഓഖി ദുരന്തമുണ്ടായപ്പോഴും മത്സ്യത്തൊഴിലാളികളെ ആകാവുന്നിടത്തോളം ചേർത്തുനിർത്തി സഹായങ്ങൾ സർക്കാർ നൽകി.
മരിച്ചവരോ കാണാതായവരോ ആയവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം വീതം ധനസഹായം സമയബന്ധിതമായി നൽകി. നഷ്ടപ്പെട്ട ഭവനങ്ങൾ പുനഃസ്ഥാപിക്കാനും ദുരന്തബാധിതരുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം നൽകാനും ആശ്രിതർക്ക് തൊഴിൽ നൽകാനും സർക്കാരിന് കഴിഞ്ഞു. നഷ്ടപ്പെട്ടതും കേടുവന്നതുമായ മത്സ്യബന്ധനോപാധികൾക്ക് ധനസഹായം നൽകി.

ഉപാധികൾ ഇനിയും പുനഃസ്ഥാപിക്കാൻ കഴിയാത്തവർക്കാണ് 120 എഫ്.ആർ.പി മത്സ്യബന്ധന യൂണിറ്റുകൾ ഇപ്പോൾ നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികൾക്കുള്ള 120 എഫ്.ആർ.പി മത്സ്യബന്ധന യൂണിറ്റുകളുടെ വിതരണോദ്ഘാടനം റവന്യൂ-ഭവനനിർമാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു. തീരദേശവാസികൾ ഒരിക്കലും കണ്ടിട്ടില്ലാത്ത വിധമുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മത്സ്യത്തൊഴിലാളി കുടുംബത്തിലെ വിദ്യാർഥിനികൾക്ക് 2000 സൈക്കിളുകളുടെ വിതരണോദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി. ശശി നിർവഹിച്ചു.
മത്സ്യത്തൊഴിലാളികളെ ശാക്തീകരിക്കാനുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
സ്വന്തമായി വള്ളവും വലയും ഇല്ലാതിരുന്നവർക്ക് അവ നൽകാനായത് സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ തെളിവാണ്. 200 പേർക്ക് കൂടി വള്ളവും വലയും നൽകാൻ പദ്ധതി ആവിഷ്‌കരിക്കുന്നുണ്ട്.
തീരം സംരക്ഷിക്കാൻ പൂന്തുറ ഓഫ്‌ഷോർ ബ്രേക്ക് വാട്ടർ നിർമാണം ഉടൻ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ മേയർ കെ. ശ്രീകുമാർ, എം.എൽ.എമാരായ കെ. ആൻസലൻ, വി. ജോയി, പാളയം ഇമാം വി.പി. സുഹൈബ് മൗലവി, മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി.പി. കുഞ്ഞിരാമൻ, ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാറോയ്, ഫിഷറീസ് ഡയറക്ടർ എസ്. വെങ്കിടേസപതി, ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ, കെ.എസ്.സി.എ.ഡി.സി മാനേജിംഗ് ഡയറക്ടർ പി.ഐ. ഷെയ്ക് പരീത്, കൗൺസിലർ സോളമൻ വെട്ടുകാട്, പെട്രോനെറ്റ് എൽ.എൻ.ജി ജനറൽ മാനേജർ യോഗാനന്ദ റെഡ്ഢി, പുല്ലുവിള സ്റ്റാൻലി, ടി.പീറ്റർ തുടങ്ങിയവർ സംബന്ധിച്ചു.

Trivandrum Media Commission

Comment here