Articles

സൂസപാക്യം പിതാവിന് . . .

അഭിവന്ദ്യ മെത്രാപ്പോലീത്താ മോസ്റ്റ് റവ. ഡോ. സൂസപാക്യം പിതാവിന് എഴുപത്തിയഞ്ചാം ജന്മദിന മംഗളങ്ങൾ, പ്രാർത്ഥനാശംസകൾ!

അഭിവന്ദ്യ പിതാവുമായി (അന്ന് ആലുവ മംഗലപ്പുഴ സെമിനാരി പ്രൊഫസർ) 1987 ഡിസംബർ ആദ്യ വാരം ബാംഗ്ളൂർ നാഷണൽ ബിബ്ലിക്കൽ കാറ്റക്കേറ്റിക്കൽ & ലിറ്റർജിക്കൽ സെന്ററിൽ (NBCLC) ഒരാഴ്ചക്കാലം നീണ്ടുനിന്ന അഖിലേന്ത്യ സെമിനാറിൽ പങ്കെടുക്കാൻ ഭാഗ്യമുണ്ടായ ഒരു അൽമായ വിശ്വാസിയുടെ ഹൃദയ തരളിത ശോശന്ന പുഷ്‌പങ്ങളുടെ ഉപഹാരമാണ് ഈ കുറിപ്പ്.

രണ്ടാം വത്തിക്കാൻ കൗൺസിലിൻറെ (1962-65) ഇരുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് (Sacrosanctum Concelium) കൗൺസിൽ പ്രമാണ രേഖകളുടെ വിശദമായ പഠനം, ചർച്ച, അവലോകനം, ഇന്ത്യയിലെ വചന പ്രഘോഷണം, ഇടവക-രൂപതാ പ്രവർത്തനങ്ങൾ തുടങ്ങിയവയെ ആധാരമാക്കി ഭാരത കത്തോലിക്കാ ബിഷപ്‌സ് കൗൺസിലിന്റെ (CBCI) ആഭിമുഖ്യത്തിൽ ഇന്ത്യയിലെമ്പാടുമുള്ള വിവിധ രൂപതകളിലെ തിരഞ്ഞെടുക്കപ്പെട്ട വൈദികർക്കു വേണ്ടി നടത്തപ്പെട്ട സെമിനാറിൽ കേരള സഭയിൽ നിന്ന് രണ്ട് അല്മായർക്കും പ്രവേശനം ലഭിച്ചു; അഖിലേന്ത്യ കാത്തലിക് യൂണിയൻ (AICU) ജനറൽ സെക്രട്ടറി ആന്റണി എം അമ്പാട്ട്, പിന്നെ ഈ ലേഖകൻ. എനിക്ക് അന്ന് 28 വയസ്സ്. ആൻറണി എം അമ്പാട്ട് ക്ലാസ്സുകൾ എടുക്കാൻ കൂടിയാണ് എത്തിയതെങ്കിൽ, വരാപ്പുഴ അതിരൂപത മതബോധന വിഭാഗം ഡയറക്ടർ മോൺ.അംബ്രോസ് അറയ്ക്കൽ അച്ചന്റെ പ്രത്യേക ശുപാർശ മൂലമാണ് അന്നത്തെ വരാപ്പുഴ അതിരൂപത മതബോധന പ്രൊമോട്ടറും റിസോഴ്സ് ടീം അംഗവുമായ എനിക്ക് അതിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് എന്നത് നന്ദിപൂർവം സ്മരിക്കുന്നു.

സൂസപാക്യം പിതാവുമായി അടുത്ത് ഇടപഴകിയ അനുഗ്രഹ ദിനങ്ങൾ. ഓരോ പ്രമാണ രേഖകളുടേയും പഠന ശേഷം നടന്ന പ്രാദേശിക സഭാ ചർച്ചകളിൽ കേരള ലത്തീൻ സഭയിൽ നിന്നും എട്ട് വൈദികരും രണ്ട് അല്മായരും, കേരള സീറോ മലബാർ സഭയെ പ്രതിനിധീകരിച്ച്‌ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ സേവനം ചെയ്തിരുന്ന വൈദികരും. ലത്തീൻ സഭാ സമിതി ചെയർമാൻ സൂസപാക്യം പിതാവായിരുന്നു. സെക്രട്ടറിമാരായി ഓരോ വിഷയങ്ങൾക്കനുസരിച്ച് വൈദികർ മാറി മാറി വന്നു. ചർച്ചകൾക്ക് ശേഷം സെക്രട്ടറി ചെയർമാന്റെ സാന്നിധ്യത്തിൽ പൊതു സഭയിൽ റിപ്പോർട്ട് അവതരണം. അല്മായപ്രേഷിതത്വം സംബന്ധിച്ച പ്രമാണ രേഖയുടെ ചർച്ചാവേളയിലാണ് സൂസപാക്യംപിതാവിന്റെ ക്രാന്തദർശിത്വത്തിന്റെ, അല്മായ ദർശനത്തിന്റെ, ആഴവും പരപ്പും അടുത്തറിഞ്ഞത്! ഞങ്ങൾ അല്മായർക്ക് കൂടുതൽ ആഭിമുഖ്യം ലഭിച്ച ചർച്ചയിൽ സഭയിലും സമൂഹത്തിലും അല്മായ പങ്കാളിത്തം വളർത്താൻ ഞാൻ പ്രകടിപ്പിച്ച പല അഭിപ്രായ-നിർദേശങ്ങളും അദ്ദേഹം സശ്രദ്ധം ശ്രവിച്ചു പ്രോത്സാഹിപ്പിച്ചത് ഒരു കുളിർ തെന്നലായ് മനോ മുകുളങ്ങളിൽ! ഡിസംബർ 7 ന് അംബ്രോസച്ചന്റെ നാമഹേതുക തിരുനാൾ ആഘോഷിക്കാൻ കേരള ലത്തീൻ സഭാംഗങ്ങൾ സായാഹ്‌നത്തിൽ ഒത്തുകൂടിയതും ഓർക്കുന്നു.

സ്റ്റേറ്റ് ബാങ്കിലെ ഔദ്യോഗിക ജീവിതവുമായി തിരുവനന്തപുരത്തു വന്നിട്ട് ഏറെ വർഷങ്ങളായെങ്കിലും, പിതാവിനെ രണ്ട് സന്ദർഭങ്ങളിൽ മാത്രമേ നേരിൽ അടുത്ത് കാണുവാൻ കഴിഞ്ഞിട്ടുള്ളൂ. എന്റെ “നൊമ്പരങ്ങളുടെ ഉഴവുചാലുകൾ” എന്ന നോവലിന് ലാറ്റിൻ കാത്തലിക് സർവ്വീസ് സൊസൈറ്റിയുടെ ഉപഹാരം അദ്ദേഹത്തിൽ നിന്ന് 2014 ഡിസംബറിൽ പാളയം കത്തീഡ്രലിൽ വച്ച് ഏറ്റു വാങ്ങിയപ്പോൾ; നോവൽ അതിരൂപതാ ഭദ്രാസന മന്ദിരത്തിൽ അദ്ദേഹത്തിന് നേരിട്ട് സമർപ്പിച്ചപ്പോൾ; രണ്ട് അവസരങ്ങളിലും എന്നെ അഭിനന്ദിച്ചു, അനുഗ്രഹിച്ചു.

വർഷങ്ങൾ കടന്നു പോകുന്നു. വൈദികർക്കൊപ്പം അൽമായരെയും രാജകീയ പുരോഹിത ഗണമായി വാക്കിലും പ്രവൃത്തിയിലും അംഗീകരിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, ആദരിക്കുന്ന, മനസ്സിൽ ചേർത്ത് വയ്ക്കുന്ന ജനകീയനായ ഈ ഇടയ ശ്രേഷ്ഠന്റെ വാക്കുകൾ മാലോകർ പ്രവാചക ശബ്ദമായി അംഗീകരിക്കുന്നു; അവയിലെ ഇരുതല മൂർച്ച ക്രൈസ്തവ സഭകളിലെ മാത്രമല്ല, സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലങ്ങളിലെ പ്രമാണിമാർ പലർക്കും അസ്വസ്ഥതയുളവാക്കുന്നു എന്നത് ഇന്നിന്റെ നേർക്കാഴ്ച!

മരണത്തിന്റെ താഴ്‌വരയിൽ നിന്ന് ദൈവിക ഇടപെടലിന്റെ സാക്ഷ്യവുമായി ദൈവഹിതം പൂർണ്ണമായി നിറവേറ്റുവാൻ വീണ്ടും നിയോഗിക്കപ്പെട്ട അദ്ദേഹം കോവിഡിനെയും അതിജീവിച്ച് ഇന്ന് തന്റെ എഴുപത്തിയഞ്ചാം ജന്മദിനം ആഘോഷങ്ങളില്ലാതെ ആഘോഷിക്കുമ്പോൾ, ചമയങ്ങളും മുഖച്ചാർത്തുകളുമെല്ലാം ഓടിയൊളിക്കുന്നു. 75 വയസ്സാകുമ്പോൾ വിരമിക്കണമെന്ന സഭാ നിയമം അനുശാസിക്കുന്ന ദിനങ്ങൾക്കും തീരുമാനങ്ങൾക്കും മുൻപ് തന്നെ അദ്ദേഹം ചുമതലകൾ സഹായ മെത്രാനെ ഏൽപ്പിച്ച് ക്രിസ്തുവിന്റെ പാദപീഠത്തിങ്കൽ പൂർണ്ണമായും പ്രാർത്ഥനാ നിമഗ്നനായിരിക്കുവാൻ തീരുമാനിച്ച ഉദാത്തമായ ഈ മാതൃക എത്രമാത്രം അനുകരണീയം എന്ന് പറയേണ്ടതില്ലല്ലോ. പ്രിയ പിതാവേ, അങ്ങേയ്ക്ക് പ്രാർത്ഥനാ മംഗളങ്ങൾ!

ഡോ.ഗ്രിഗറി പോൾ കെ ജെ
(തിരുവനന്തപുരം പാളയം സെന്റ് ജോസഫ്‌സ് മെട്രോപൊളിറ്റൻ കത്തീഡ്രൽ മുൻ ഇടവകാംഗം)

11/ 03 / 2021

Trivandrum Media Commission

Comment here