AnnouncementsWith the Pastor

സൂസപാക്യം പിതാവിന്‍റെ പുതുവത്സര ചിന്തകള്‍

നിരവധി അവശതകള്‍ക്കും നിയന്ത്രണങ്ങള്‍ക്കുംമദ്ധ്യേ നിന്നുകൊണ്ടുതന്നെ പുതിയൊരു വര്‍ഷത്തിലേക്ക് നാം പ്രവേശിക്കുകയാണ്. ഇന്നത്തെ അവശതകള്‍ക്കു പരിഹാരമായി ഞാന്‍ ചൂണ്ടിക്കാണിക്കുന്ന ചില കാര്യങ്ങള്‍ നിസ്സാരമായും ആവര്‍ത്തനമായും നിങ്ങള്‍ക്ക് തോന്നിയേക്കാം. എങ്കിലും പുതുവത്സരത്തെ മോടിപിടിപ്പിക്കാ നും ധന്യമാക്കാനും സഹായിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്ന ഏതാനും ചില ചിന്തകള്‍ നിങ്ങളുമായി പങ്കുവയ്ക്കാനാണ് ഞാനിപ്പോള്‍ ആഗ്രഹിക്കു ന്നത്.
ഒരിക്കല്‍ എനിക്കു കിട്ടിയ ഒരു പ്രത്യേകതരം ക്രിസ്മസ് കാര്‍ഡിനെക്കുറിച്ച് ഓര്‍മ്മിച്ചുപോവുകയാണ്. ഒരു ബാങ്ക്ചെക്കി ന്‍റെ രൂപത്തിലാണ് അത് രൂപകല്പന ചെയ്തിരിക്കുന്നത്. ദൈവപിതാവിന്‍റെ ബാങ്കിലേക്കുള്ള ഒരു ഡ്രാഫ്റ്റാണത്. ഈ ഡ്രാഫ്റ്റ് കൊണ്ടുചെന്ന് കാണിക്കുമ്പോള്‍ മുന്നൂറ്റി ഇരുപത്തിയഞ്ചേകാല്‍ ദിവസങ്ങള്‍ക്കാവശ്യമായ സന്തോഷ വും സമാധാനവും സംതൃപ്തിയും നല്കണമെന്നാണ് അതില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിലമതിക്കാനാവാത്ത ഒരു വലിയ ക്രിസ്മസ് സമ്മാനമാണത് എന്നെനിക്കു തോന്നിപ്പോയി.
ഇങ്ങനെയൊരു ക്രിസ്മസ് – പുതുവത്സര സമ്മാനം നിങ്ങള്‍ക്കോരോരുത്തര്‍ക്കും, അതിരൂപതാംഗങ്ങള്‍ക്കെല്ലാം നല്കുവാന്‍ എനിക്ക് സാധിച്ചിരുന്നുവെങ്കിലോ എന്ന് ഒരു നിമിഷം ആശിച്ചുപോയി. എന്നാല്‍, ഒന്നുകൂടി ചിന്തിച്ചപ്പോള്‍ അതിനുവേണ്ട യോഗ്യത എനിക്കില്ലെന്നു മനസ്സിലായി. കാരണം അതിരൂപതയിലെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഈ ബാങ്ക് ഡ്രാഫ്റ്റിലൂടെ ഞാന്‍ നല്കാനാഗ്രഹിക്കുന്ന സന്തോഷവും സമാധാനവും സംതൃപ്തിയും പുതുവത്സരം മുഴുവനും ലഭിക്കണമെങ്കില്‍ അതിനാവശ്യമായ സുകൃതങ്ങളുടെ നിക്ഷേപം എനിക്ക് ദൈവപിതാവിന്‍റെ ബാങ്കില്‍ ഉണ്ടായിരിക്കണം. അതില്ലെങ്കില്‍ ഞാനയയ്ക്കുന്ന ഡ്രാഫ്റ്റുകളെല്ലാം വണ്ടിച്ചെക്കുകളായി തിരിച്ചുവരും.
ഇത്രയേറെ ആളുകള്‍ക്ക് കൊടുക്കാനാവശ്യമായ സുകൃതസമ്പത്ത് ദൈവപിതാവിന്‍റെ ബാങ്കില്‍ ഞാന്‍ നിക്ഷേപിച്ചിട്ടില്ലെന്ന് എനിക്ക് നന്നായിട്ടറിയാം. എന്താണ് ഇതിനൊരു പോംവഴി? പ്രതിവിധി ഇതാണ് ;എനിക്ക് ഇല്ലാത്തത് ഉള്ളവരില്‍നിന്ന് കടമായി ചോദിച്ചുവാങ്ങിയോ ദാനമായി സ്വീകരിച്ചോ ഞാന്‍ സ്നേഹിക്കുന്നവര്‍ക്ക് നല്കുവാന്‍ എനിക്കു കഴിയും. ആവശ്യമുള്ളതെല്ലാം കടമായിട്ടല്ല, ദാനമായിട്ടുതന്നെ തരാന്‍ സന്നദ്ധതയുള്ള, ഒന്നിനും കുറവില്ലാത്ത ഒരാളുണ്ട്: യേശുക്രിസ്തു. യേശു എന്നോട് പറയുന്നതിതാണ്: “ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്‍റെ അടുക്കല്‍ വന്ന് കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്ന വന്‍റെ ഹൃദയത്തില്‍നിന്നും ജീവജലത്തിന്‍റെ (അതായത്, സമാധാനത്തിന്‍റെയും സന്തോഷത്തിന്‍റെയും സംതൃപ്തിയുടെയും) അരുവികള്‍ ഒഴുകും” (യോഹ. 7:37-38). വീണ്ടും യേശു നമുക്കു തരുന്ന ഉറപ്പിതാണ്: “നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍, ഞാന്‍ നിങ്ങളിലും വസിക്കും…. ആര് എന്നിലും ഞാന്‍ അവരിലും വസിക്കുന്നുവോ അവര്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു” (യോഹ. 15:4-5), എന്നെക്കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല എന്നും യേശു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. യേശു കൂടെയുള്ളവന് ഒരിക്കലും ഒന്നിനും ഒരു കുറവുമുണ്ടാവുകയില്ല. അതുകൊണ്ട് യേശു കൂടെയുണ്ടെന്ന്, ഞാന്‍ യേശുവിലും യേശു എന്നിലും വസിക്കുന്നുവെന്ന് ഉറപ്പുവരുത്തിയിട്ടുവേണം നമ്മുടെ പ്രിയപ്പെട്ടവര്‍ക്കായുള്ള പുതുവത്സര സമ്മാനങ്ങളുടെ ഡ്രാഫ്റ്റുകള്‍ നാം ദൈവപിതാവിന്‍റെ ബാങ്കിലേക്ക് അയച്ചുകൊടുക്കാന്‍.
വീണ്ടും, കുറേക്കാലങ്ങള്‍ക്കുമുമ്പ് റീഡേഴ്സ് ഡൈജസ്റ്റില്‍ ഒരു സംഭവം വായിച്ചതായി ഓര്‍ക്കുന്നു. അഞ്ചാറു വയസ്സുള്ള ഒരു കൊച്ചുപെണ്‍കുട്ടിയുടെ കഥ. അവളുടെ അമ്മയും അപ്പനും മരിച്ചുപോയി. അവളെക്കാളും അല്പംകൂടി പ്രായമുള്ള ഒരു ചേച്ചിമാത്രമുണ്ട്. മറ്റുള്ളവരുടെ സഹായത്തോടെയും കഠിനാദ്ധ്വാനം ചെയ്തും ഈ ചേച്ചി ആ കുഞ്ഞിനെ പൊന്നുപോലെ വളര്‍ത്തി. ആ കുഞ്ഞു നോക്കിയപ്പോള്‍ ചേച്ചിയുടെ പ്രായത്തിലുള്ള എല്ലാ പെണ്‍കുട്ടികളും സ്വര്‍ണ്ണമാല ധരിച്ചിരിക്കുന്നു. ചേച്ചിക്കുമാത്രം മാലയില്ല. ഒരു മാലമേടിച്ചുകൊടുക്കാന്‍ ആ കുഞ്ഞിന് ആഗ്രഹംതോന്നി. അതിനുവേണ്ടി നാളുകളായി അവള്‍ കിട്ടുന്ന ചില്ലിക്കാശെല്ലാം സമാഹരിക്കാന്‍ തുടങ്ങി. ഒരുദിവസം തിരക്കില്ലാത്ത നേരത്ത് അടുത്തുള്ള ഒരു സ്വര്‍ണ്ണക്കടയില്‍ കയറി അവിടെ പ്രദര്‍ശിപ്പിച്ചിരുന്ന മാലകളെല്ലാം നോക്കിക്കണ്ടു. കല്ലുകള്‍ പതിച്ച ഒരു സ്വര്‍ണ്ണമാല ഉടമസ്ഥനെ ചൂണ്ടിക്കാണിച്ചുകൊണ്ട് അത് മേടിക്കാനുള്ള ആഗ്രഹം ആ കുഞ്ഞ് പ്രകടിപ്പിച്ചു. കുഞ്ഞിന്‍റെ പ്രവൃത്തിയില്‍ കൗതുകം തോന്നിയ ഉടമസ്ഥന്‍ മാലമേടിക്കാന്‍വേണ്ടി കാശ് കൈയിലുണ്ടോ എന്ന് ചോദിച്ചു. കൈയിലുണ്ടായിരുന്ന ഒരു ചെറിയ പൊതി ഉടമസ്ഥനെ ഏല്പിച്ചുകൊണ്ട് കുഞ്ഞ് പറഞ്ഞു: ഇത് ഞാന്‍ ഏറ്റവുംമധികം സ്നേഹിക്കുന്ന എന്‍റെ എല്ലാമെല്ലാമായ ചേച്ചിക്കുവേണ്ടിയാ ണ്’. ആയിരക്കണക്കിന് വിലവരുന്ന മാലയാണ് ആ കുഞ്ഞ് ആവശ്യപ്പെടുന്നത്. പൊതി തുറന്നുനോക്കിയപ്പോള്‍ അന്‍പതു രൂപയോളമാണ് അതിലുണ്ടായിരുന്നത്. കുഞ്ഞിന്‍റെ ജീവിത സാഹചര്യങ്ങള്‍ മനസ്സിലാക്കിയ കടയുടമ സന്തോഷത്തോടു കൂടി ആ മാല കുഞ്ഞിനു നല്കി. കുറെക്കഴിഞ്ഞപ്പോള്‍ പരിഭ്രാന്തയായ ചേച്ചി മാലയോടൊപ്പം കുഞ്ഞിനെയുംകൂട്ടി കടയിലെത്തി. ആ കുഞ്ഞ് അബദ്ധത്തില്‍ കടയില്‍നിന്നും മാലയെടുത്തതാണെന്ന് പറഞ്ഞ് മാപ്പുചോദിച്ചുകൊണ്ട് ആ മാല ഉടമസ്ഥനെ തിരിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു. അപ്പോള്‍ ആ കടയുടമ ചേച്ചിയോട് പറഞ്ഞതിതാണ്: ‘ഈ കുഞ്ഞു മാലയുടെ വിലമാത്രമല്ല, അവള്‍ക്കുണ്ടായിരുന്നതെല്ലാം വിലയായി നല്കി വാങ്ങിയ ഈ മാലയേക്കാള്‍ എത്രയോ വിലയുളളതാണ് ഈ കുഞ്ഞിന്‍റെ ഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന നിങ്ങളോടുള്ള സ്നേഹം’.
ആയിരക്കണക്കിന് രൂപവിലവരുന്ന ആ മാലക്ക് ആ കുഞ്ഞ് നല്കിയ പൊതിയില്‍ അന്‍പതുരൂപപോലുമില്ലായിരുന്നു. എങ്കിലും അതിന്‍റെ പിന്നിലുള്ള സ്നേഹവും ത്യാഗവും വിലമതിക്കാനാവുന്നതല്ല. തനിക്ക് ആവുന്നതെല്ലാം ആ കുഞ്ഞ് ചെയ്തു. അതു മനസ്സിലാക്കിയ കടയുടമ മാല സന്തോഷത്തോടുകൂടി ആ കുഞ്ഞിനു നല്കി.
ഇതുതന്നെയാണ് യേശുവും നമുക്കായി ചെയ്തത്. നമുക്ക് സ്വന്തമായി നിക്ഷേപങ്ങളൊന്നുമില്ല; ഉണ്ടെങ്കില്‍തന്നെ അത് വളരെ തുച്ഛമാണ്. എന്നാല്‍, നമ്മാലാവുന്നത് നല്കാന്‍ തയ്യാറാവുകയാണെങ്കില്‍, യേശുവുമായി ചേര്‍ന്നുനില്‍ക്കുവാന്‍, നല്ല ബന്ധം പുലര്‍ത്തുവാന്‍ നാം സന്നദ്ധരാണെങ്കില്‍ നമുക്കാവശ്യമുള്ളതും അതിലധികവും ദാനമായി നല്കാന്‍ യേശു തയ്യാറാണ്. അതുകൊണ്ട് ഒരു പുതുവര്‍ഷമാരംഭിക്കുന്ന ഈ അവസരത്തില്‍ നമ്മുടെ സ്വപ്നങ്ങളെക്കുറിച്ചോ നമ്മുടെതന്നെ ആസ്തികളെക്കുറിച്ചോ നാം ആകുലചിത്തരാ കേണ്ട ആവശ്യമില്ല. യേശു കൂടെയുള്ളപ്പോള്‍ നമുക്ക് ഒന്നിനും ഒരു കുറവുമുണ്ടാവുകയില്ല.
പുതുവര്‍ഷത്തില്‍ ദൈവം നമുക്കു നല്കുന്ന ഏറ്റവും വലിയ ദാനങ്ങളില്‍ ഒന്ന് സമയമാണ്. യേശുവിനോട് ചേര്‍ന്നുനിന്നുകൊണ്ട് ഈ പുതുവര്‍ഷത്തില്‍ നമുക്ക് ലഭിക്കുന്ന ഓരോ നിമിഷത്തെയും സുകൃതമായി തീര്‍ക്കുവാ നോ, യേശുവിനെ അവഗണിച്ചുകൊണ്ട് അത് പാഴാക്കിക്കളയു വാനോ നമുക്കു കഴിയും. നമ്മാലാവുന്നതു ചെയ്യാതെ ദൈവികദാനങ്ങള്‍ക്ക് അര്‍ഹരാകാന്‍ നമുക്കാവില്ലല്ലോ. ദൈവം എത്ര നല്ലവനാണെന്ന് ഒന്നാലോചിച്ചു നോക്കുക. ഓരോ ദിവസവും ദൈവം 24 മണിക്കൂര്‍ സമയമാണ്, അതായത്, 1440 മിനിറ്റുകളാണ്, 86400 സെക്കന്‍റുകളാണ് നമുക്ക് ദാനമായി നല്കുന്നത്. തിډചെയ്തുകൊണ്ട് നാം ഓരോ ദിവസവും നമുക്ക് കിട്ടുന്ന ഈ 86400 നിമിഷങ്ങളെയും പാഴാക്കിക്കളയുകയല്ല, നډ ചെയ്തുകൊണ്ട് അവയെ സുകൃതമായി മാറ്റുകയാണ് വേണ്ടത്. ഇത് ഒരു ദിവസത്തിന്‍റെ കാര്യം. പുതുവര്‍ഷത്തിലെ ഓരോ ആഴ്ചയും മാസവും വര്‍ഷം മുഴുവനുമെടുത്താല്‍ കോടിക്കണക്കിന് നിമിഷങ്ങളാണ് ദൈവേഷ്ടമനുസരിച്ച് സുകൃതമഭ്യസിക്കുവാന്‍ നമുക്ക് ലഭിക്കുന്നത്. എന്‍റെയും നിങ്ങളുടെയും കാര്യംമാത്രമല്ല, ഇപ്പോള്‍ എന്നെ ശ്രവിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ നമ്മുടെ അതിരൂപതയിലുണ്ട്. കോടാനുകോടി നിമിഷങ്ങളല്ലേ ഈ പുതുവര്‍ഷത്തില്‍ നമുക്ക് ലഭിക്കുവാന്‍ പോകുന്നത്. ഞാന്‍ പറഞ്ഞ കഥയിലെ കുഞ്ഞിനെ അനുകരിച്ച് നമ്മാലാവുന്നത് ചെയ്തുകൊണ്ട് ദൈവമാതാവായ പരിശുദ്ധ മറിയത്തെ അനുകരിച്ച് ഓരോ നിമിഷവും ദൈവതിരുമനസ്സ് നിറവേറ്റുവാന്‍ നാം ശ്രമിച്ചിരുന്നുവെങ്കില്‍, ദൈവത്തിന്‍റെ ബാങ്കിലെ നമ്മുടെ നിക്ഷേപങ്ങള്‍ക്ക് ഒരു കുറവുമുണ്ടാകുമായി രുന്നില്ല. നമ്മുടെ അതിരൂപതയെ വിശുദ്ധീകരിക്കുവാന്‍, ദൈവരാജ്യമായി രൂപാന്തരപ്പെടുത്തുവാന്‍ ഇതിനെക്കാളും ഫലപ്രദമായ മറ്റൊരു മാര്‍ഗ്ഗമില്ല.
ദൈവത്തിനും ദൈവജനത്തിനും കൈമാറാനാവാത്ത പുതുവത്സര സമ്മാനങ്ങളെക്കുറിച്ചു പറഞ്ഞുകൊണ്ടാണല്ലോ നാം തുടങ്ങിയത്. ദൈവത്തിനു നല്കാന്‍ സമ്മാനമന്വേഷിക്കുന്ന ഒരു സൂഫി ആചാര്യന്‍ അവസാനം ദൈവത്തോടുതന്നെ ഇപ്രകാരം പ്രാര്‍ത്ഥിക്കുകയായിരുന്നു: “ദൈവമേ, അങ്ങ് മഹാ പ്രതാപവാനാണ്. അങ്ങയുടെ മുമ്പില്‍ സമര്‍പ്പിക്കുവാന്‍ യേഗ്യമായ കാഴ്ചവസ്തുക്കള്‍ ഞാന്‍ അന്വേഷിക്കുകയായിരു ന്നു. എത്രതന്നെ വിലപിടിപ്പുള്ള വസ്തുക്കളായാലും അവയെല്ലാം അങ്ങയുടെ മുമ്പില്‍ വെറും നിസ്സാരങ്ങളായി എനിക്ക് തോന്നുന്നു. എത്രകാലം ഖനനം ചെയ്താലും തീരാത്ത സ്വര്‍ണ്ണഖനിക്ക് ഏതാനും സ്വര്‍ണ്ണ തരികള്‍ കാഴ്ചവയ്ക്കുന്ന തില്‍ എന്തര്‍ത്ഥമാണുള്ളത്? മഹാസമുദ്രത്തിന് ഏതാനും തുള്ളികള്‍ സമ്മാനമായി കൊടുക്കുവാന്‍ ആരെങ്കിലും മുതിരുമോ? മഹോന്നതനായ അങ്ങേയ്ക്ക് യോഗ്യമായ കാഴ്ചകളൊന്നുംതന്നെ കണ്ടെത്താന്‍ എനിക്ക് സാധിക്കുന്നില്ല. അവസാനം ഞാന്‍ കണ്ടെത്തിയത് ഒരു കണ്ണാടിയാണ്. കണ്ണാടി അത്ര വിലപ്പെട്ടതൊന്നുമല്ല. എങ്കിലും കണ്ണാടി അങ്ങയുടെ നേര്‍ക്ക് തിരിച്ചുവയ്ക്കുമ്പോള്‍ അതില്‍ പ്രതിഫലിക്കുന്ന അങ്ങയുടെ രൂപത്തെക്കാള്‍ പൂര്‍ണ്ണമായ മറ്റൊരു രൂപമില്ല. ഈ രൂപം കാണുന്നവര്‍ക്കെ ല്ലാം അനുഭവവേദ്യമാകുന്ന സന്തോഷത്തെക്കാളും സമാധാനത്തെക്കാളും സംതൃപ്തിയെക്കാളും പൂര്‍ണ്ണമായ സമാധാനമോ സംതൃപ്തിയോ സന്തോഷമോ വേറെയില്ല. ദൈവമേ, അങ്ങയുടെ രൂപം ഉള്‍ക്കൊള്ളുന്ന ഒരു കണ്ണാടിയായിത്തീരുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആരെയും പ്രീതിപ്പെടുത്തുകയും എല്ലാവരെയും സംതൃപ്തരാക്കുകയും ചെയ്യുന്ന അങ്ങയുടെ തേജോരൂപം എപ്പോഴും എന്നില്‍ പ്രതിഫലിപ്പിച്ചു നിറുത്തേണമേ”.
ദൈവം മനുഷ്യനെ തന്‍റെ തന്നെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ചുവെന്നാണല്ലോ തിരുവചനങ്ങള്‍ പഠിപ്പിക്കുന്നത്. ദൈവത്തിന്‍റെതന്നെ ഛായയും സാദൃശ്യവും പതിഞ്ഞ കണ്ണാടികളാണ് നാം. ദൈവത്തെയും മനുഷ്യരെയും സന്തോഷിപ്പിക്കുന്ന ഈ ഛായയും സാദൃശ്യവും നാമോരോരുത്തരിലും പ്രതിഫലിപ്പിച്ചുനിര്‍ത്താന്‍വേണ്ട ദൃഢനിശ്ചയത്തോടുകൂടിവേണം നാം പുതുവത്സരത്തി
ലേക്ക് പ്രവേശിക്കാന്‍. ഇതായിരിക്കണം ദൈവത്തിന് നമുക്ക് നല്കാനാവുന്ന ഏറ്റവും വലിയ പുതുവത്സര സമ്മാനം.
നാം ചോദിക്കുമായിരിക്കും, ദൈവത്തിന്‍റെ ഈ ഛായയും സാദൃശ്യവും എപ്പോഴും പ്രതിഫലിപ്പിച്ചുനിറുത്തുന്ന കണ്ണാടിക ളായിത്തീരാന്‍ നാം എന്തു ചെയ്യണം? ഒരു കാര്യംമാത്രം ചെയ്താല്‍ മതി: സ്നേഹിക്കുക. ആരും അന്യരല്ല, എല്ലാവരും സ്വന്തമാണ് എന്ന മനോഭാവത്തോടെ കണ്ടുമുട്ടുന്ന എല്ലാവരെയും ആത്മാര്‍ത്ഥമായി സ്നേഹിക്കുക. ദൈവം സ്നേഹമാണ്. ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും ദൈവം നമ്മെ സൃഷ്ടിച്ചുവെന്നു പറയുമ്പോള്‍ സ്നേഹിക്കു വാന്‍വേണ്ട കഴിവുകളോടുകൂടിയാണ് അവിടുന്നു നമ്മെ സൃഷ്ടിച്ചതെന്നര്‍ത്ഥം. സ്നേഹത്തിനു മങ്ങലേല്‍ക്കുന്ന, നമ്മിലെ ദൈവഛായയെയും സാദൃശ്യത്തെയും താറുമാറാ ക്കുന്ന വിദ്വേഷവും, വെറുപ്പും, പ്രതികാര മനോഭാവവും, സ്വാര്‍ത്ഥ താല്പര്യങ്ങളുമൊക്കെ കൈവെടിഞ്ഞ്, ത്യാഗമനുഭ വിച്ചുകൊണ്ടുതന്നെ സ്നേഹത്തില്‍ നിലനില്‍ക്കുവാന്‍ നാം പരിശ്രമിക്കുകയാണെങ്കില്‍ ദൈവത്തെയും മനുഷ്യരെയും സന്തോഷിപ്പിക്കുന്ന കണ്ണാടികളായിമാറാന്‍ നമുക്കു കഴിയും. എന്തുവിലകൊടുത്തും സ്നേഹത്തില്‍ നിലനില്ക്കുവാന്‍ വേണ്ട ആത്മാര്‍ത്ഥമായ ആഗ്രഹത്തോടും ദൈവം നല്കുന്ന ഓരോ നിമിഷത്തെയും സ്നേഹംകൊണ്ട് സുകൃതമാക്കാനുള്ള ദൃഢനിശ്ചയത്തോടുംകൂടി നമുക്ക് പുതുവത്സരത്തിലേക്ക് പ്രവേശിക്കാം.
സ്നേഹചൈതന്യംകൊണ്ട് നിറഞ്ഞ ഒരു പുതുവത്സരം, സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും സംതൃപ്തിയുടെ യും മുന്നൂറ്റി അറുപത്തിയഞ്ചേകാല്‍ ദിവസങ്ങള്‍ ഞാന്‍ നിങ്ങള്‍ക്ക് ആശംസിക്കുന്നു.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!

Trivandrum Media Commission

Comment here