StateWith the Pastor

സത്യത്തിൻ്റെ പൂർണ്ണതയിലേക്ക് നീങ്ങുന്ന സഭ

“കാലത്തിൻ്റെ മുന്നോട്ടുള്ള ഗമനത്തോടൊപ്പം ദൈവിക സത്യത്തിൻ്റെ പൂർണ്ണതയിലേക്ക് സഭയും സദാ പുരോഗമിക്കുന്നു. ദൈവ വചനങ്ങളുടെ സമ്പൂർണ്ണമായ തികവ് അവളിൽ എത്തുവോളം ഇത് തുടർന്നുകൊണ്ടേയിരിക്കും” (രണ്ടാം വത്തിക്കാൻ കൗൺസിൽ ദൈവാവിഷ്കരണം നമ്പർ 8).

രണ്ടാം വത്തിക്കാൻ കൗൺസിൽ വിളിച്ചുകൂട്ടിയതിൻ്റെ ഒരു ലക്ഷ്യമായി പോപ്പ് ജോൺ ഇരുപത്തിമൂന്നാമൻ പാപ്പ പറഞ്ഞത്: ‘കോൺസ്റ്റൻ്റൈൻ ചക്രവർത്തിയുടെ കാലഘട്ടം മുതൽ സഭയിൽ കടന്നുകൂടിയ ചെളി കഴുകി മാറ്റി സഭയെ ആദിമസഭയ്ക്ക് തുല്യമെത്തിക്കാൻ വേണ്ടിയാണ്’ എന്നാണ്. അക്ഷരാർത്ഥത്തിൽ ഈ ദർശനം, സ്വീകരിച്ചാൽ വലിയ അപകടം സംഭവിക്കാൻ സാധ്യതയുണ്ട് എന്നാണ് നാം ചിന്തിക്കാൻ പോകുന്നത്.

ഇന്ന് ചിലപ്പോൾ കേൾക്കാറുള്ള ഒരു ഗാനമാണ് “ആദ്യ നൂറ്റാണ്ടിലെ അനുഭവം പോൽ… അതിശയം ലോകത്തിൽ നടന്നീടുവാൻ… ആദിയിലെന്നപ്പോലാത്മാവേ… അധികബലം തരണേ…” എന്ന് പാടാറുള്ള ഗാനം. ആദിമ നൂറ്റാണ്ടിലേത് പോലുള്ള ജീവിതശൈലിയും ശുശ്രൂഷ രീതിയുമൊക്കെ ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന പലരും ഇന്ന് സഭയിലുണ്ട്. എന്നാൽ അത് സഭാത്മകമായ ഒരു കാഴ്ചപ്പാടല്ല എന്നതാണ് സത്യം. ഇവിടെ അറിഞ്ഞിരിക്കേണ്ട വലിയ യാഥാർത്ഥ്യം തിരുസഭയുടെ ആധ്യാത്മികത ‘റിന്യൂവൽ’ അല്ല ‘റീ ഓറിയൻ്റേഷൻ’ ആണ് എന്നതാണ്. ‘റിന്യൂവൽ’ എന്നാൽ ഒന്നു നല്ലതായിരുന്നു, പക്ഷേ അത് കാലക്രമേണ മോശമായിപ്പോയി, വീണ്ടും അതിനെ നല്ലതാക്കലാണ്. ‘റീ ഓറിയൻ്റേഷൻ’ എന്നാൽ, ഒന്നു നല്ലതാണ്, ഇനിയും അത് കൂടുതൽ പൂർണമാകാനുണ്ട്, ആ പൂർണ്ണതയിലേക്കുള്ള ക്രമാനുഗതമായ വളർച്ചയാണത്.

തിരുസഭയെ, വിശുദ്ധ പൗലോസ്, ഒരു മനുഷ്യ ശരീരത്തോട് ഉപമിച്ചിട്ടുണ്ട്. ആദിമസഭ ഒരു ശിശുവിനു തുല്യമാണെന്ന് പറയാം. ശിശു വളർന്നു പക്വതപ്പെട്ട് പൂർണ്ണത പ്രാപിക്കുന്ന അതേ പ്രവർത്തിയാണ് തിരുസഭയിൽ സംഭവിക്കാനുള്ളത്. ഇന്നുള്ള സഭ ആദിമസഭയിലെ പോലെ ആവുക എന്നാൽ, ആദിമസഭയുടെ ചൈതന്യം സ്വീകരിക്കുക എന്നാണ് പ്രധാനമായും അർത്ഥമാക്കുന്നത്.

ആദിമസഭ തങ്ങൾ ക്രിസ്തുവിൻ്റെ ശരീരമാണെന്ന യാഥാർത്ഥ്യം അതേപടി വെളിപ്പെടുത്തുന്ന രീതിയിൽ ജീവിച്ചിരുന്ന ഒരു സമൂഹമായിരുന്നു. ദൈവത്തിനു വേണ്ടി മാത്രം ജീവിച്ചിരുന്ന ഒരു സമൂഹം. എന്നാൽ പലവിധ കാരണങ്ങളാൽ തിരുസഭയിൽ ലൗകികത കടന്നുകൂടി. ഈ ലൗകിതയെ കൈവെടിഞ്ഞ് ആദിമസഭയെപ്പോലെ ദൈവികത വെളിപ്പെടുത്തുന്ന ഒരു സമൂഹമായി തിരുസഭ മാറണമെന്നാണ് ആദിമസഭയെപ്പോലെ ആവുക എന്നത് കൊണ്ട് പ്രധാനമായും അർത്ഥമാക്കുന്നത്.

അല്ലാതെ ആദിമസഭയിലെ ജീവിതശൈലിയും ശുശ്രൂഷാ രീതിയും അതേപടി തുടരണമെന്നല്ല. കൃത്യമായി പറഞ്ഞാൽ യുഗാന്ത്യത്തോടടുക്കുമ്പോൾ സംഭവിക്കേണ്ടത് ആദിമസഭയെക്കാൾ പൂർണതയുള്ള ആത്മീയത സഭയിൽ എത്തുക എന്നുള്ളതാണ്. നാം തുടക്കത്തിൽ കണ്ട സഭാപ്രബോധനം ഇതുതന്നെയാണ് അർത്ഥമാക്കുന്നത്.

യുഗാന്ത്യത്തോടടുക്കുമ്പോൾ തിരുസഭ വലിയ വിശുദ്ധിയിൽ ഉയരുമെന്ന് അനേകം വിശുദ്ധർ പ്രവചിച്ചിട്ടുണ്ട്. യുഗാന്ത്യത്തോടടുക്കുമ്പോൾ പ്രബോധനങ്ങളിലും എല്ലാ പൂർണ്ണതയും സഭ കൈവരിക്കും. തിരുസഭയിൽ തുടക്ക സമയത്ത് വിശുദ്ധരാണുണ്ടായിരുന്നതെങ്കിൽ യുഗാന്ത്യ സമയത്ത് മഹാവിശുദ്ധർ ഉണ്ടാകുമെന്ന് വിശുദ്ധ വിൻസൻ്റ് ഫെറർ, വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ട്, വിശുദ്ധ ബെർണാർഡ്, വിശുദ്ധ
കൊച്ചുത്രേസ്യ തുടങ്ങിയവർ പ്രവചിച്ചിരിക്കുന്നു.

അജ്ഞാനികളുടെ പീഡനം സഹിച്ച് മുന്നേറിയ ആദിമസഭയുടെ ജീവിതം വീരോചിതമായിരുന്നെങ്കിൽ യുഗാന്ത്യത്തിൽ കഠിന പീഢനത്തിൽ കൂടി കടന്നുപോകേണ്ട സഭയുടെ ജീവിതം ആദ്യത്തേതിനേക്കാൾ ഏഴിരട്ടി, ഏഴേഴിരട്ടി വീരോചിതമായിരിക്കും. ആദിമസഭയെക്കാൾ കഠിനമായ സഹനങ്ങളിൽ കൂടിയാണല്ലോ യുഗാന്ത്യ സഭ കടന്നുപോകേണ്ടത് (മത്തായി 24:21).

ഈയൊരു ബോധ്യം ഉള്ളിൽ സൂക്ഷിച്ചുകൊണ്ട് വേണം രണ്ടാം വത്തിക്കാൻ കൗൺസിലിലെ വിപ്ലവകരമായ പ്രബോധനങ്ങളെ നാം മനസ്സിലാക്കുവാൻ.

(കടപ്പാട്: ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റിൻ്റെ പുസ്തകമായ ‘രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ: ഒളിച്ചു വയ്ക്കപ്പെട്ട നിധി’യിലെ ഒമ്പതാം അദ്ധ്യായം.)

Trivandrum Media Commission

Comment here