Parish

ഡോ.വിക്രം സാരാഭായിയുടെ 101-ാം ജന്‍മദിനത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടി നടന്നു

ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യയെ മുന്‍പന്തിയില്‍ എത്തിക്കാന്‍ വലിയ സ്വപ്നങ്ങള്‍കണ്ട മഹാനായിരുന്നു ഡോ. വിക്രം സാരാഭായിയെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ അഭിപ്രായപ്പെട്ടു. ഡോ.വിക്രം സാരാഭായിയുടെ 101-ാം ജന്‍മദിനത്തോടനുബന്ധിച്ച് ഡോ.വിക്രം സാരാഭായി അംമിറ്റി സെന്ററും, വിക്രം ആര്‍ട്ട്‌സ് സൊസൈറ്റിയും (വികാസ്) സംയുക്തമായി സംഘടിപ്പിച്ച ‘വിശ്വാസവും ശാസ്ത്രവും കൈകോര്‍ത്ത്’ എന്ന അനുസ്മരണ പരിപാടിയില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ ഓരോ പൗരന്റെയും പുരോഗതി മുന്നില്‍ കാണുന്ന ഒരു ശാസ്ത്രീയ കാഴ്ചപ്പാടായിരുന്നു വിക്രംസാരാഭായിക്കുണ്ടായിരുന്നത്. തുമ്പ എന്ന തീരദേശഗ്രാമം റോക്കറ്റ് വിക്ഷേപണകേന്ദ്രം സ്ഥാപിക്കാന്‍വേണ്ടി ഏറ്റെടുക്കാന്‍ അനുവദിക്കണമെന്ന അക്ഷേയുമായി ചെന്നപ്പോള്‍, അന്നത്തെ തിരുവനന്തപുരം മെത്രാന്‍ പീറ്റര്‍ ബെര്‍നാര്‍ഡ് പെരേരയെ ബോദ്ധ്യത്തിലേക്ക് നയിച്ചതും ഈ സമുന്നത ദര്‍ശനമായിരുന്നു. ശാസ്ത്രവും വിശ്വാസവും കൈകോര്‍ക്കാമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശാസ്ത്രവും വിശ്വാസവും പരസ്പര പൂരകങ്ങളാണ്. ഭാരതീയ ചിന്താഗതിയില്‍ ഇവരണ്ടും മനുഷ്യജീവിതത്തെ സമ്പന്നമാക്കുമെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.
ആകാശവും ചന്ദ്രനും അതിനപ്പുറവും എത്തിപ്പിടിക്കാനുളള വിക്രം സാരാഭായിയുടെ വലിയ അഭിവാഞ്ചയാണ് ഇന്ത്യന്‍ ബഹിരാകാശ കുതിപ്പിന്റെ അടിസ്ഥാനമെന്ന് ഡോ.ശശിതരൂര്‍ എം.പി അഭിപ്രായപ്പെട്ടു. തുമ്പയിലെ ബഹിരാകാശ കേന്ദ്ര സ്ഥാപനത്തിന് വഴിയൊരുക്കിയ തിരുവനന്തപുരം രൂപതയുടെ മെത്രാനായിരുന്ന അഭിവന്ദ്യ പീറ്റര്‍ ബെര്‍നാര്‍ഡ് പെരേര വിശ്വാസത്തിന്റെ കണ്ണുകളിലൂടെ ആകാശത്തെ നക്ഷത്രങ്ങള്‍ക്കിടയില്‍ ഈശ്വരനെയാണ് നോക്കിയതെങ്കില്‍ വിക്രം സാരാഭായി ശാസ്ത്രത്തിന്റെ കണ്ണുകളിലൂടെ അനന്തമായ ആകാശം ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി എങ്ങനെ പ്രയോജനപ്പെടുത്താം എന്നായിരുന്ന ആരാഞ്ഞത്. ദൈവീക ദര്‍ശനം പൂര്‍ണ്ണതകാണുന്നത് മനുഷ്യന്റെ സമുന്നതദര്‍ശനത്തിലാണെന്ന ബോദ്ധ്യത്തോടെ ആയിരുന്നു ഇരുവരും പ്രവര്‍ത്തിച്ചതെന്ന് തരൂര്‍ പറഞ്ഞു. ശാസ്ത്രവും വിശ്വാസവും കരങ്ങള്‍കോര്‍ത്ത് മാനവികതയുടെ വളര്‍ച്ചക്കും വികാസത്തിനുമായി എങ്ങനെ മുന്നേറാമെന്ന് കാണിച്ചുകൊടുത്ത ഉദാത്ത ചരിത്ര നിമിഷമായിരുന്നു ഇന്ത്യയുടെ ബഹിരാകാശ ദൗത്യത്തിന്റെ ആരംഭത്തില്‍ ഡോ. വിക്രം സാരാഭായിയും ബിഷപ്പ് പീറ്റര്‍ ബെര്‍നാര്‍ഡ് പെരേരയും ലോകത്തിന് കാണിച്ചുകൊടുത്തതെന്ന് അദ്ദേഹം അനുസ്മരിച്ചു.
ശാസ്ത്രലോകത്തെ പ്രണയിച്ച രാജകുമാരനായിരുന്നു ഡോ. വിക്രം സാരാഭായിയെന്ന് മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍ അഭിപ്രായപ്പെട്ടു. വന്‍ശക്തികളോട് മത്സരിക്കാനല്ല ശാസ്ത്രസാങ്കേതിക രംഗത്ത് നിന്നും ആര്‍ജ്ജിക്കുന്ന അറിവും പരിജ്ഞാനവും സാധാരണക്കാരന്റെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന് ഉപകരിക്കുന്നതാകണമെന്ന് ആഗ്രഹിച്ച മഹാനായിരുന്നു സാരാഭായിയെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ ബഹിരാകാശ സ്വപ്നങ്ങള്‍ ഉയര്‍ത്തുമ്പോഴും ആപ്രദേശം മുഴുവനായി വിട്ടുനല്‍കിയ പാവപ്പെട്ട ജനങ്ങളെകൂടെ ഉയര്‍ത്താനുളള വിശാലമായ മനസ്സുളള മനുഷ്യസ്‌നേഹിയായ ശ്‌സ്ത്രജ്ഞനായിരുന്നു ഡോ. സാരാഭായിയെന്ന് സി.ബി.സി.ഐ ലേബര്‍കമ്മിഷന്‍ സെക്രട്ടറി മോണ്‍. യൂജിന്‍ എച്ച്. പെരേര അഭിപ്രായപ്പെട്ടു. വി.എസ്.എസ്.സിയിലെ പഴയ ദേവാലയം ഉള്‍പ്പെടുന്ന സ്‌പേയ്‌സ് മ്യൂസിയം ബിഷപ്പ് പീറ്റര്‍ ബെര്‍നാര്‍ഡ് പെരേര മ്യൂസിയമായി നാമകരണം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഡോ.എഡ്വേര്‍ഡ് എടേഴത്ത്, ഫാ.ലെനിന്‍ ഫെര്‍ണാണ്ടസ്, ഡോ.വിക്രം സാരാഭായി അമിറ്റി സെന്റര്‍ കോര്‍ഡിനേറ്റര്‍ ജോണ്‍ വിനേഷ്യസ്, നവീന്‍.എന്‍, ക്ലമന്റ് ഫെര്‍ണാണ്ടസ് എന്നിവര്‍ പങ്കെടുത്തു. വെര്‍ച്വല്‍ പരിപാടിയായാണ് അനുസ്മരണം സംഘടിപ്പിച്ചത്. ഡോ.വിക്രംസാരാഭായിക്ക് രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമയ ‘ഭാരതരത്‌ന’ മരണാനന്തര ബഹുമതിയായി നല്‍കി ആദരിക്കണമെന്നും ബിഷപ്പ് പീറ്റര്‍ ബെര്‍നാര്‍ഡ് പെരേരക്ക് പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിക്കണമെന്നും ഡോ.വിക്രം സാരാഭായി അംമിറ്റി സെന്റര്‍ കേന്ദ്രസര്‍ക്കാരിനോടും, ഗവര്‍ണ്ണര്‍, എം.പി ഡോ.ശശിതരൂര്‍ എന്നിവരോടും ആവശ്യപ്പെട്ടു.

Trivandrum Media Commission

Comment here