Archdiocese

വിശുദ്ധവാരാഘോഷം ; ഇടവകവികാരിമാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

 

കൊറോണ വൈറസ് പ്രതിരോധനത്തിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ അതികർശന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഇക്കൊല്ലത്തെ വിശുദ്ധവാര തിരുക്കർമ്മങ്ങൾ അനുഷ്ടിക്കുതിനുള്ള ചില മാർഗ്ഗനിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.

1. വിശുദ്ധ വാരത്തിലെ തിങ്കളാഴ്ച നാം അനുഷ്ടിച്ചുവരുന്ന തൈലപരികർമ്മ പൂജ ഉണ്ടായിരിക്കുന്നതല്ല. സ്ഥിതിഗതികൾ സാധാരണ നിലയിൽ എത്തിയ ശേഷം, നമ്മുടെ അതിരൂപതയിലെ നവവൈദികരുടെ തിരുപട്ടദാന ശുശ്രൂഷയ്‌ക്കൊപ്പം തൈല പരികർമ്മവും നടത്തുന്നതാണ്.

2. ഓശാന ഞായറാഴ്ച കുരുത്തോല വെഞ്ചരിപ്പോ പ്രദക്ഷിണമോ ഉണ്ടായിരിക്കുന്നതല്ല; ദിവ്യപൂജ മാത്രം.

3. പെസഹാ വ്യാഴാഴ്ച തിരുക്കർമ്മങ്ങളിൽ ‘പാദക്ഷാളനം’ ഒഴിവാക്കേണ്ടതാണ്. ദിവ്യബലിയുടെ അവസാനം പരിശുദ്ധ കുർബാന പ്രധാന സക്രാരിയിൽത്തന്നെ സൂക്ഷിക്കേണ്ടതാണ്. പതിവുള്ള ദിവ്യകാരുണ്യ ആരാധന ഉണ്ടായിരിക്കുന്നതല്ല.

4. ദുഃഖവെള്ളിയാഴ്ചത്തെ തിരുക്കർമ്മങ്ങളിൽ ‘സാർവ്വത്രിക പ്രാർത്ഥന’യ്‌ക്കൊപ്പം കൊറോണ വൈറസ് മഹാമാരിയിൽ നിന്നും മനുഷ്യകുലത്തെ രക്ഷിക്കുന്നതിനായി യാചിച്ചു കൊണ്ടുള്ള പ്രാർത്ഥനയും ഉൾപ്പെടുത്തേണ്ടതാണ്.

വിശുദ്ധ കുരിശിന്റെ അനാവരണ ശേഷം കാർമ്മികനും ശുശ്രൂഷകരും കുരിശു ആരാധിച്ച ശേഷം കാർമ്മികൻ വിശുദ്ധ കുരിശു ഉയർത്തി പൊതു ആശീർവാദം നൽകേണ്ടതാണ്. തിരുക്കർമ്മങ്ങൾ 3pm-ന് ആരംഭിക്കേണ്ടതാണ്.

5. വിശുദ്ധ ശനിയാഴ്ചയിലെ പെസഹാ ജാഗരാനുഷ്ഠാനത്തിലെ എല്ലാ തിരുക്കർമ്മങ്ങളും അൾത്താരയിൽ നിന്നു തന്നെ ചെയ്യേണ്ടതാണ്. പെസഹാ തിരി ആശീർവാദം, പെസഹാ പ്രഘോഷണം, വചന പ്രഘോഷണം, ലിറ്റനി, ജ്ഞാനസ്‌നാന ജല ആശീർവാദം, വൃത നവീകരണം ഇവയെല്ലാം കൃത്യമായി അനുഷ്ഠിക്കേണ്ടതാണ്. സാധാരണ ഗതിയിൽ ജനങ്ങൾക്ക് നൽകുന്നതിനു വേണ്ടിയുള്ള പുത്തൻ ജലം കരുതേണ്ടതില്ല. തിരുക്കർമ്മങ്ങൾ സൂര്യാസ്തമയത്തോടെ തന്നെ ആരംഭിക്കേണ്ടതാണ്.

6. ഉയിർപ്പ് ഞായർ ദിവ്യബലി പതിവുപോലെ.

7. പൊതു കുമ്പസാരത്തെ സംബന്ധിച്ച് കെ.ആർ.എൽ.സി.സി. ലിറ്റർജിക്കൽ കമ്മിഷൻ മാർഗ്ഗരേഖയിലെ 11-ാം നമ്പർ നിബന്ധനകൾ പാലിക്കേണ്ടതാണ്.

8. പൊതു നിർദ്ദേശം: സമ്പൂർണ്ണ ലോക് ഡൗണും പോലീസ് ആക്ട് 144-ഉം നിലനിൽക്കുന്ന സാഹചര്യത്തിൽ, അടച്ചിട്ട ദേവാലയത്തിനുള്ളിൽ വേണം തിരുക്കർമ്മങ്ങൾ അനുഷ്ഠിക്കേണ്ടത്. കാർമ്മികൻ (സഹകാർമ്മികൻ), ശുശ്രൂഷകർ ഉൾപ്പെടെ ദേവാലയത്തിനുള്ളിൽ 5 പേരിൽ കൂടുതൽ പാടുള്ളതല്ല.

നിയമ വ്യവസ്ഥകളോടും സർക്കാരിന്റെ നിർദ്ദേശങ്ങളോടും പൂർണ്ണമായി സഹകരിക്കാൻ എല്ലാവരും തയ്യാറാകേണ്ടതാണ്. ആളുകൾ കൂട്ടം കൂടുന്നത് ഉൾപ്പെടെ നമ്മുടെ അതിരൂപതയിലെ ഏതെങ്കിലും ഒരു പ്രദേശത്ത് നിയമ ലംഘനം നടന്ന് നിയമ-ശിക്ഷാ നടപടികൾ വിളിച്ചുവരുത്തുന്ന യാതൊരു നടപടികളും ജനങ്ങളുടെ ഭാഗത്തുനിന്നു ഉണ്ടാകാതിരിക്കാൻ വൈദികർ ജനങ്ങളെ നിരന്തരം ബോധവർക്കരിക്കണമെന്ന് നിർദ്ദേശിക്കുന്നു.

പാപത്തെയും ലോകത്തെയും എല്ലാവിധ തിന്മയുടെ ശക്തികളെയും അതിജീവിച്ച് അജയ്യനായി ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിൽ പ്രത്യാശയർപ്പിക്കാം. മഹാമാരിയുടെ ഈ ദുർഘട സന്ധിയിലും ‘ഭയപ്പെടേണ്ട, ഞാൻ നിങ്ങളോടു കൂടെയുണ്ട്’ എന്ന അവിടുത്തെ തിരുവചനം നമുക്ക് ആശ്വാസം പകരെട്ട. ഈസ്റ്റർ മംഗളങ്ങൾ നിങ്ങൾക്കേവർക്കും ആശംസിക്കുന്നു.

സ്‌നേഹത്തോടെ,

†സൂസപാക്യം എം.
തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത

Trivandrum Media Commission

Comment here