Articles

വാലന്റൈൻ – വിശ്വാസം, വിശുദ്ധൻ, ആഘോഷം

✍️ പ്രേം ബൊനവഞ്ചർ

ഫെബ്രുവരി 14 ലോകമെമ്പാടും അറിയപ്പെടുന്നത് പൂക്കൾക്കും ചോക്ലേറ്റുകൾക്കും, ചുവന്ന ഹൃദയങ്ങൾക്കും മിഠായികൾക്കും, കെരൂബുകൾക്കുമായി സമർപ്പിച്ച ദിവസമായിട്ടാണ്. ആ പ്രത്യേക ദിനത്തിനായി ദമ്പതികൾ പ്രത്യേകിച്ച് യുവ ദമ്പതികൾ ആകാംക്ഷയോടെ കാത്തിരിക്കും.

എന്നാൽ, കത്തോലിക്കരായ നമ്മെ സംബന്ധിച്ചിടത്തോളം ഈ ദിവസം ഇങ്ങനെയല്ല ആചരിക്കേണ്ടത് എന്ന വസ്തുത എല്ലാവരും അറിഞ്ഞിരിക്കാൻ വേണ്ടിയാണ് ഇതെഴുതുന്നത്. ആഴമായ സ്നേഹത്തിന്റെ നിലവിലുള്ള സങ്കൽപ്പങ്ങളെ വലിച്ചെറിയുന്ന തരത്തിൽ ഈ ദിവസത്തിന്റെ വേരുകൾ കത്തോലിക്കാസഭയുടെ ചരിത്രത്തിൽ വ്യക്തമായി ആഴ്ന്നിറങ്ങിയിരിക്കുന്നു. അതേക്കുറിച്ചു നമുക്ക് ഇവിടെ വായിക്കാം.

വാലന്റൈൻ – ടെർണിയുടെ മധ്യസ്‌ഥൻ

ഇറ്റാലിയൻ നഗരമായ ടെർണിയിൽ, കത്തോലിക്കർ അവരുടെ നഗരത്തിന്റെ രക്ഷാധികാരിയായ വിശുദ്ധനായ വാലന്റൈന്റെ തിരുനാളായിട്ടാണ് ഫെബ്രുവരി 14നെ വരവേൽക്കുക – തങ്ങളുടെ ധീരനായ വിശുദ്ധന്റെ ഭൗതിക അവശിഷ്ടങ്ങൾ അവിടത്തെ കത്തീഡ്രലിൽ സൂക്ഷിച്ചിരിക്കുന്നുണ്ട്.

പുരാതന ഹാഗിയോഗ്രാഫിക്കൽ ഐതിഹ്യങ്ങൾ അനുസരിച്ച്, വി. വാലന്റൈൻ എഡി 175 നും 245 നും ഇടയിൽ ജീവിച്ചിരുന്നു. ക്രിസ്ത്യാനികൾക്കെതിരായ കടുത്ത പീഡനങ്ങളുടെ കാലഘട്ടത്തിൽ, വിശ്വാസത്തിൽ സ്‌ഥിരതാ പുലർത്തിയിരുന്ന അക്കാലത്തെ നിരവധി മെത്രാന്മാരിൽ വേദപാരംഗദരിൽ ഒരാളായിരുന്നു അദ്ദേഹം.

വാലന്റൈൻ ഒരു കുലീന കുടുംബത്തിൽ നിന്നാണ് വന്നത്, ചെറുപ്പം മുതലേ സഭയുമായും സത്യവിശ്വാസവുമായും ബന്ധപ്പെട്ട പഠനങ്ങളിൽ ആയിരുന്നു അദ്ദേഹത്തിന് താല്പര്യം. 197 ൽ ഫോളിഗ്നോയിലെ മെത്രാനായ വി. ഫെലിഷ്യൻ അദ്ദേഹത്തെ ടെർനിയിലെ മെത്രാനായി നീയമിച്ചു. ദരിദ്രരോടുണ്ടായിരുന്ന അനുകമ്പയും ആദരവും ഭക്തിയും അദ്ദേഹത്തെ ജനങ്ങൾക്കിടയിൽ ശ്രദ്ധേയനാക്കി. അത്ഭുത പ്രവർത്തകനാണ് രോഗികളെ സുഖപ്പെടുത്തുന്നവനായും അദ്ദേഹം അറിയപ്പെട്ടു.

പിന്നീട്, സാധാരണ വിശ്വാസ പോരാളികളെപ്പോലെ, റോമൻ ചക്രവർത്തിയുടെ ആജ്ഞയനുസരിച്ചു ക്രിസ്തുവിനെ തള്ളിപ്പറയാൻ വിസമ്മതിച്ചതിന്റെ പേരിൽ അദ്ദേഹത്തെ ജയിലിലടച്ചു – വധശിക്ഷ വിധിച്ചു. രക്തസാക്ഷിത്വം വരിക്കാൻ അദ്ദേഹം കാണിച്ച ധീരതയുടെ പേരിലാണ് അദ്ദേഹം ഈ പേര് സ്വീകരിച്ചതെന്ന് ചിലർ വിശ്വസിക്കുന്നു (ലാറ്റിൻ പദമായ വലൻസ് എന്നതിന്റെ അർത്ഥം “ശക്തവും ഊർജ്ജസ്വലവും” എന്നാണ്). ഫെബ്രുവരി 14 നാണ് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്.

ലാറ്റിൻ ഭാഷയിൽ എഴുതിയ രണ്ട് പുരാതന ലിഖിതങ്ങൾ അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെ സാക്ഷ്യപ്പെടുത്തുന്നു. അതിലൊന്ന് ഇങ്ങനെയാണ്: “ടെർണിയിൽ, വളരെക്കാലത്തെ പീഡനങ്ങൾക്കും ക്രൂരതകൾക്കും വിധേയനായ വാലന്റൈൻ ജയിലിലടയ്ക്കപ്പെട്ടു, അവന്റെ ധീരമായ ചെറുത്തുനിൽപ്പിനെ എതിർക്കുവാൻ ആർക്കും കഴിഞ്ഞില്ല. ഒടുവിൽ ഒരുനാൾ അർദ്ധരാത്രിയിൽ അദ്ദേഹത്തെ രഹസ്യമായി ജയിലിൽ നിന്ന് വലിച്ചിഴയ്ക്കുകയും റോം പ്രിഫെക്റ്റ് ആയ പ്ലാസിഡസിന്റെ ഉത്തരവ് പ്രകാരം ശിരഛേദം ചെയ്യുകയും ചെയ്തു.”

മരണശേഷം പ്രചരിച്ച ഭക്തി

മരണശേഷം, ഇപ്പോഴത്തെ കത്തീഡ്രലിനടുത്തുള്ള നഗരമതിലുകൾക്ക് പുറത്ത് വിയ ഫ്ലാമിനിയയിൽ വാലന്റൈനെ അടക്കം ചെയ്തു. അഞ്ചാം നൂറ്റാണ്ടോടെ അദ്ദേഹത്തിന്റെ ശവകുടീരം തീർത്ഥാടന കേന്ദ്രമായി മാറിയിരുന്നു. പിന്നീട്, ബെനഡിക്റ്റൈൻ സന്യാസിമാർ ഈ തീർത്ഥകേന്ദ്രത്തിന്റെ ചുമതല ഏറ്റെടുത്തു. നൂറുകണക്കിന് വിശ്വാസികൾ പ്രാർഥനയോടെ ടെർണിയിലേക്ക് എത്തിത്തുടങ്ങി. മധ്യകാലഘട്ടത്തിന്റെ തുടക്കത്തിൽ, ബെനഡിക്റ്റൈൻ സന്യാസിനിമാരുടെ പ്രവർത്തനത്തിലൂടെ യൂറോപ്പിലുടനീളം വാലന്റൈനോടുള്ള മധ്യസ്‌ഥ ഭക്തി വ്യാപകമായി വളർന്നു.

അപ്പോഴേക്കും ആ പേരിനെ പരിശുദ്ധ സ്നേഹവുമായി ബന്ധപ്പെടുത്തി ലോകം വാഴ്ത്തി. വിവാഹനിശ്ചയം കഴിഞ്ഞവരും വിവാഹിതരുമായ ദമ്പതികൾ പ്രാർത്ഥനയിലൂടെയും, ടെർനിയിലെ അദ്ദേഹത്തിന്റെ ശവകുടീരത്തിലെത്തിയും വാലന്റൈന്റെ മാധ്യസ്ഥം തേടി.

വാലന്റൈനും പ്രണയവും തമ്മിൽ

അങ്ങനെ ഒരു ബന്ധം എങ്ങനെ സംഭവിച്ചു എന്ന് ചിന്തിക്കേണ്ടതാണ്. ആദ്യകാല കത്തോലിക്കനായ ഒരു മെത്രാൻ, വിശുദ്ധനും രക്തസാക്ഷിയുമായ ഒരു ക്രിസ്ത്യാനി,  പ്രണയവുമായി എങ്ങനെ ബന്ധപ്പെട്ടു?

ചില വിവരണങ്ങൾ അനുസരിച്ച്, ഒട്ടേറെ യുവതീയുവാക്കളുടെ വിവാഹം വാലന്റൈൻ രഹസ്യമായി നടത്തിയിരുന്നു. അക്കാലത്ത് പുരുഷന്മാർ നിർബന്ധിത സൈനികസേവനത്തിന് വിധേയനായിരുന്നു. വിശുദ്ധന്റെ ഇത്തരമൊരു പ്രവൃത്തിയിലൂടെ പലർക്കും ആ നിർബന്ധം വഴിമാറി. മികച്ച കത്തോലിക്കാ കുടുംബങ്ങളായി അവർ മാറി.

മറ്റൊരു ഐതിഹ്യം ഇങ്ങനെ : തന്റെ പൂന്തോട്ടത്തിന് പുറത്ത് യുവ ദമ്പതികൾ കലഹിക്കുന്നത് വാലന്റൈൻ കേട്ടു. ഒരു റോസാപ്പൂവുമെടുത്ത് അദ്ദേഹം അവരുടെ അടുത്തേക്ക് ചെന്നു. പ്രായമായ മനുഷ്യന്റെ നരച്ച മുടിയും പുഞ്ചിരിക്കുന്ന മുഖവും ഉള്ള വിശുദ്ധനെ കണ്ടപ്പോൾ വഴക്കിട്ട ഇണകൾ ശാന്തരായി. തുടർന്ന് അദ്ദേഹം റോസാപ്പൂക്കൾ അവരുടെ നേരെ നീട്ടി. രണ്ടുപേരും അത് സ്വീകരിച്ചു. അന്യോന്യം വേദനിപ്പിക്കാതെ റോസാപ്പൂ കൈയിൽ പിടിക്കാൻ അവരോട് പറഞ്ഞു. പൂവിന്റെ ഇതൾ നേർക്കുനേർ നീട്ടി അവർ മുഖാമുഖം നിന്നു. ഇത്രയും നേരം കലഹിച്ചിരുന്നവർ പരസ്പരം പൊട്ടിച്ചിരിച്ചു. ഒരേ ഹൃദയത്തോടെ ആയിരിക്കുവാൻ അവിടുന്ന് അവരെ നിർദേശിച്ചു. അവരുടെ സ്നേഹം മുമ്പത്തെപ്പോലെ ദൃഢമായി മാറി. അവർ സന്തോഷത്തോടെ തിരികെപ്പോയി.

പക്ഷേ, വാലന്റൈനിന്റെ ഏറ്റവും അറിയപ്പെടുന്ന കഥ മറ്റ് രണ്ടു യുവമിഥുനങ്ങളെക്കുറിച്ചാണ് – സാബിനോയും സെറാഫിയയും. വിജാതീയനായ റോമൻ ശതാധിപനായിരുന്നു സാബിനോ. ടെർനിയിൽ നിന്നുള്ള സുന്ദരിയായ ഒരു ക്രിസ്ത്യൻ പെൺകുട്ടിയായിരുന്നു സെറാഫിയ. അവളുടെ പിതാവിനോട് മകളെ വിവാഹം കഴിച്ചു തരണമെന്ന് അവൻ ആവശ്യപ്പെട്ടു. പക്ഷേ, വിജാതീയനായതിനാൽ ആ ആവശ്യം പിതാവ് നിരസിച്ചു. ക്രിസ്തീയ വിശ്വാസം സ്വീകരിക്കാനും, കത്തോലിക്കാ സഭയിലേക്ക് പരിവർത്തനം ചെയ്യാനുമായി മെത്രാനായ വാലന്റൈനെ കാണുവാൻ സെറാഫിയ അവനോട് നിർദ്ദേശിച്ചു. അവൻ സമ്മതിച്ചു. നിർഭാഗ്യവശാൽ,  കൂദാശകൾ സ്വീകരിക്കുവാനുള്ള ഒരുക്കത്തിനിടെ സെറാഫിയയ്ക്ക് ഗുരുതര രോഗം ബാധിച്ചു.

രോഗശയ്യയിൽ കിടക്കുന്ന അവളുടെ അടുത്തിരുന്നു സാബിനോ വിശുദ്ധനോട് ആവശ്യപ്പെട്ടു – തന്റെ പ്രിയപ്പെട്ടവളിൽ നിന്ന് തന്നെ വേർപ്പെടുത്തരുതേ എന്ന്. വാലന്റൈൻ സാബിനോയ്ക്ക് ജ്ഞാനസ്നാനം നൽകി, അവരുടെ വിവാഹത്തിന് കാർമികത്വം വഹിച്ചു. അവരെ അനുഗ്രഹിക്കുവാൻ സ്വർഗത്തിലേക്ക് കൈകൾ ഉയർത്തിയപ്പോൾ, രണ്ടുപേരും ഗാഢമായ നിദ്രയിലാണ്ടു. അത് അവരെ നിത്യതയിലേക്ക് എത്തിക്കുന്ന നിദ്രയായിരുന്നു എന്ന് വിശുദ്ധൻ അറിഞ്ഞു.

എന്തുതന്നെയായാലും, പുരാതന വിജാതീയ പ്രണയ സങ്കൽപ്പവും പ്രണയത്തെക്കുറിച്ചുള്ള ആധുനിക മതേതര സങ്കൽപ്പവും മെത്രാനും രക്തസാക്ഷിയുമായ വാലന്റൈൻ ആവിഷ്‌കരിച്ച ആധികാരിക ക്രിസ്തീയ സാക്ഷ്യവുമായി സാമ്യമില്ല എന്ന് പറയാം. തന്റെ അസാധാരണമായ ജീവിതത്തിലൂടെ, ത്യാഗോജ്വലമായി അദ്ദേഹം വഹിച്ച സാക്ഷ്യം, നമുക്കെല്ലാവർക്കും ഒരു മാതൃകയാണ് – പ്രത്യേകിച്ചും ആത്മാർത്ഥമായ സ്നേഹത്തിൽ, വിവാഹമെന്ന ഉടമ്പടിയിൽ, ഇണങ്ങിച്ചേർന്നിരിക്കുന്ന മനസുകൾക്ക്.

Trivandrum Media Commission

Comment here