AnnouncementsState

ലത്തീന്‍ കത്തോലിക്കാസമുദായദിനത്തോടനുബന്ധിച്ച് കരിയില്‍ പിതാവിന്‍റെ സന്ദേശം; സഹോദരന്‍റെ കാവലാളാകുക

സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം

പ്രിയരേ,
കൊറോണ വൈറസിന്‍റെ ഉത്ഭവവും വ്യാപനവും സംഭവിച്ചിട്ട് ഒരു വര്‍ഷത്തോളം ആകുകയാണ്. നമ്മള്‍ കടന്നുപോകുന്ന ഈ അസാധാരണകാലം മനുഷ്യജീവിതത്തിന്‍റെ സന്തോഷത്തിലും സാമ്പത്തിക സാമൂഹികപരിസ്ഥിതിയിലും അസ്വസ്ഥതയുടെ നിഴലുകള്‍ പതിപ്പിച്ചിട്ടുണ്ട്. സഹോദരോടൊത്ത് സമ്മേളിക്കുക ദുഷ്കരമായി ഇപ്പോഴും നിലനില്ക്കുന്നു. ദൈവാലയങ്ങളില്‍മാത്രമല്ല സാമൂഹിക ആവശ്യങ്ങളിലും ഒത്തുകൂടലിന് വിലക്കുകളുണ്ട്. അപരനോട് സാമൂഹികഅകലം പാലിക്കുകയും അവന്‍റെ ജീവിതത്തില്‍നിന്ന് അകന്നുനില്ക്കുകയും ഈ നാളുകളില്‍ അറിഞ്ഞുകൊണ്ടുതന്നെ സംഭവിക്കുന്ന കാര്യമാണ്. നമ്മുടെ സാമൂഹ്യബന്ധങ്ങളില്‍ ഈ കാലത്തിന്‍റെ പ്രതിഫലനവും ഭാവിയില്‍ സാമൂഹികഅകല്‍ച്ചയുടെ ദുരന്തങ്ങളും കൊണ്ടുവരുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍സമിതിയുടെ ആഹ്വാനപ്രകാരം 2020 ഡിസംബര്‍ 6 ലത്തീന്‍ കത്തോലിക്ക സമുദായദിനമായി ആചരിക്കുന്നത്. ദിനാചരണത്തിന് മുന്‍വര്‍ഷങ്ങളിലെപ്പോലെ വിപുലമായ പരിപാടികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സാധ്യമല്ലല്ലോ. പക്ഷേ ഈ ദിനത്തിന്‍റെ പ്രത്യേകതകളും സവിശേഷതയും ഉള്‍ക്കൊണ്ട് ഉചിതമായ രീതിയില്‍ ആചരിക്കാന്‍ കെആര്‍എല്‍സിസി ആഹ്വാനം ചെയ്യുകയാണ്. സഹോദരരോടുള്ള സ്നേഹവും കരുണയും നമ്മുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനഘടകമാണ്. ‘നിന്‍റെ സഹോദരനെവിടെ’ എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടവരാണല്ലോ നമ്മള്‍.
ഈ വര്‍ഷം ‘സഹോദരന്‍റെ കാവലാളാകുക’ എന്ന ആപ്തവാക്യമാണ് സമുദായദിനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കും ചിന്തകള്‍ക്കുമായി നമ്മള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കോവിഡ് കാലത്തിന്‍റെ പശ്ചാത്തലത്തില്‍ പരിശുദ്ധ ഫ്രാന്‍സിസ് പാപ്പയുടെ ചാക്രികലേഖനം ഫ്രത്തെല്ലി തൂത്തി (എല്ലാരും സോദരര്‍) ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യുകയാണല്ലോ. ആ ചാക്രികലേഖനത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് നമ്മള്‍ ‘സഹോദരന്‍റെ കാവലാളാകുക’ എന്ന ആപ്തവാക്യം ഉയര്‍ത്തിപ്പിടിക്കുന്നത്. കോവിഡുകൊണ്ട് അടഞ്ഞ ലോകത്തിന്‍റെമേല്‍ ഇരുണ്ട മേഘങ്ങള്‍ ഉരുണ്ടുകൂടിയിട്ടുണ്ട്. ആ കറുത്ത മേഘപാളികളെ നമുക്ക് വകഞ്ഞുമാറ്റേണ്ടതുണ്ട്. കോവിഡ് 19 ഉണ്ടാക്കിയ പ്രതിസന്ധിയോട് നമ്മുടെ സമൂഹം എങ്ങനെയാണ് പ്രതികരിച്ചത്? ഈ പ്രതിസന്ധിയെ അതിജീവിക്കാനാവാതെ പൊരുതുന്ന നിരവധി സഹോദരങ്ങള്‍ നമുക്കുചുറ്റുമുണ്ട്. അവരെയും നമ്മളെയെല്ലാവരെയും ബാധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് കൂടുതല്‍ പ്രയാസകരമായി തീര്‍ന്നിരിക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഒരു സാമൂഹ്യശിഥിലീകരണംതന്നെ സംഭവിക്കുന്നുണ്ട്. അതിനുള്ള പ്രതിവിധിയും അതിജീവനവും സഹോദരനുമായി ചേര്‍ന്നു നില്ക്കുകയെന്നതുതന്നെയാണ്.
ഫ്രാന്‍സിസ് പാപ്പയുടെ ചാക്രികലേഖനം ഇങ്ങനെ പറയുന്നു. ‘ഇക്കാലത്ത് ഓരോ മനുഷ്യവ്യക്തിയുടെയും അന്തസ്സ് അംഗീകരിക്കുന്നതുവഴി സാഹോദര്യത്തിനുള്ള ഒരു സാര്‍വത്രിക അഭിലാഷത്തിന്‍റെ പുനര്‍ജډത്തിന് സംഭാവന നല്കാന്‍ നമുക്ക് കഴിയുമെന്നാണ് എന്‍റെ പ്രതീക്ഷ. എല്ലാ സ്ത്രീപുരുഷډാരും തമ്മിലുള്ള സാഹോദര്യം ” നാം കാണുന്ന സ്വപ്നം നമ്മുടെ ജീവിതത്തെ അത്ഭുതകരമായ ഒരു സാഹസമാക്കി മാറ്റുന്നത് എപ്രകാരമെന്നു നമുക്കു കാണിച്ചുതരുന്ന മനോഹരമായ ഒരു രഹസ്യം ഇവിടെ നമുക്കുണ്ട്. ജീവിതത്തെ ആര്‍ക്കും ഒറ്റയ്ക്ക് നേരിടാന്‍ കഴിയുകയില്ല… നമ്മളെ പിന്‍താങ്ങുകയും സഹായിക്കുകയും ചെയ്യുന്ന ഒരു സമൂഹം നമുക്കാവശ്യമാണ്. അവിടെ നമുക്ക് ഭാവിയിലേക്ക് ഉറ്റുനോക്കിക്കൊണ്ട് പരസ്പരം സഹായിക്കാന്‍ കഴിയും. ഒന്നിച്ചു സ്വപ്നം കാണുന്നത് എത്ര പ്രധാനമാണ്. നാം തനിച്ചായാല്‍, മരീചികകള്‍പോലെ ഇല്ലാത്ത കാര്യങ്ങള്‍ കാണുക എന്ന അപകടസാധ്യത ഉണ്ടാകുന്നു. മറിച്ച്, കൂട്ടായ്മയില്‍ സ്വപ്നങ്ങള്‍ ഒന്നിച്ച് നിര്‍മ്മിക്കപ്പെടുന്നു.” അതിനാല്‍ ഏക മാനവകുടുംബം എന്ന നിലയിലും ഒരേ ശരീരം പങ്കുവയ്ക്കുന്ന സഹയാത്രികര്‍ എന്ന നിലയിലും നമ്മുടെ പൊതുഭവനമായ ഭൂമിയുടെ മക്കള്‍ എന്ന നിലയിലും അവന്‍റെയും അവളുടെയും വിശ്വാസങ്ങളുടെയും ബോധ്യങ്ങളുടെയും സമ്പന്നതയെ ഉള്‍ക്കൊണ്ടുകൊണ്ട് അവരുടെ സ്വന്തം ശബ്ദത്തോടു ചേര്‍ന്നുനിന്നുകൊണ്ടും നമുക്കൊരുമിച്ച് സ്വപ്നം കാണാം. കാരണം നാം സഹോദരീസഹോദരډാരാണ്.
ദുരന്താനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുമ്പോള്‍ എന്തുകൊണ്ട് ഇതൊക്കെ സംഭവിക്കുന്നു അഥവാ എന്തിന് ദൈവം ഇതൊക്കെ അനുവദിക്കുന്നു എന്നു ചോദിക്കുക സ്വാഭാവികമാണ്. ബുദ്ധികൊണ്ടുമാത്രം ഇതിന് ഉത്തരം കണ്ടെത്താനാവില്ല. വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ ഇതിനുത്തരമുണ്ട്. ആത്മാവിന്‍റെ സ്വരം ശ്രവിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അതിനുത്തരം ലഭിക്കും. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ വിശ്വാസവെളിച്ചത്തില്‍ ആത്മാവിന്‍റെ സ്വരം ശ്രവിച്ചുകൊണ്ടുവേണം ദുരന്തങ്ങളെ അതിജീവിക്കാന്‍.
ജീവിതനവീകരണത്തിലൂടെ ദൈവവുമായുള്ള ബന്ധം കൂടുതല്‍ ആഴമാക്കാന്‍ ഈ കോവിഡ് കാലത്ത് നമുക്ക് സാധിക്കണം. ദുരന്തങ്ങളെ വകവയ്ക്കാതെ അതിനിടയ്ക്കും സാധ്യമായ രീതിയിലെല്ലാം ഏതുമാര്‍ഗത്തിലൂടെയും ഭൗതികസുഖഭോഗങ്ങളില്‍ മുഴുകി ജീവിക്കാന്‍ ശ്രമിക്കുന്നവരും ധാരാളമുണ്ട്. ബൈബിളിലെ ജോബിനെ മാതൃകയാക്കേണ്ടത് ഈ അവസരത്തിലാണ്. വിശ്വാസം എന്നത് എല്ലാം കാണുന്നതോ അറിയുന്നതോ കണ്ടെത്തുന്നതോ അല്ല, മറിച്ച് സമര്‍പ്പണമാണ്. ഇതാണ് ജോബ് നമ്മളെ പഠിപ്പിക്കുന്നത്.
പലവിഭാഗങ്ങളും ഉപവിഭാഗങ്ങളും ഉള്‍പ്പെടുന്ന ജനമായ കേരള ലത്തീന്‍ കത്തോലിക്കാസമൂഹത്തിന്‍റെ സമഗ്രമായ വളര്‍ച്ചയും പുരോഗതിയും ഉറപ്പുവരുത്തുന്നതിന് ഐക്യവും കൂട്ടായ്മയും അനിവാര്യമാണ്. ആ ലക്ഷ്യത്തോടുകൂടിയാണ് 2002-ല്‍ രൂപംകൊടുത്ത കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി)കഴിഞ്ഞ 18 വര്‍ഷങ്ങളിലായി പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ലത്തീന്‍ കത്തോലിക്കര്‍ ഒരു സഭാസമൂഹം മാത്രമല്ല ഒരു സമുദായം കൂടിയാണ്. ചരിത്രപരമായ സാമൂഹിക അവശതകള്‍ നമ്മുടെ സമുദായത്തിനുണ്ട്. പക്ഷേ അതിനെ മറികടക്കാവുന്ന മാനവവിഭവശേഷി ദൈവം സമൃദ്ധമായി നമുക്ക് നല്കിയിട്ടുണ്ട്. വിവിധ തൊഴില്‍മേഖലകളിലും കലാസാംസ്കാരികരംഗങ്ങളിലും ബിസിനസ് രംഗത്തും കായികരംഗത്തും സമുദായംഗങ്ങളുടെ വ്യക്തിഗതമായ വളര്‍ച്ചയും വിജയപതാക പാറിപ്പിക്കലും മുമ്പ് പറഞ്ഞ മാനവവിഭവശേഷിയുടെ സൂചകം തന്നെയാണ്. പ്രളയക്കെടുതികളില്‍നിന്ന് നാടിനെ രക്ഷിച്ചവരും അകലങ്ങളിലിരുന്നുകൊണ്ട് ഇന്‍റര്‍നെറ്റ് സഹായത്തോടെ കൂടിച്ചേരലുകള്‍ സാധ്യമാക്കുന്ന പുതിയ സാങ്കേതികവിദ്യ കണ്ടുപിടിക്കുന്നവര്‍വരെ അക്കൂട്ടത്തിലുണ്ട്. പക്ഷേ ഇത്തരം പ്രതിഭകളെയും ജീവിതവിജയം നേടിയവരെയും നമ്മുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടോയെന്നത് സംശയകരമാണ്. സംവരണത്തിന്‍റെ ആനുകൂല്യങ്ങള്‍ക്കപ്പുറത്ത് യോഗ്യതയുടെ മാനദണ്ഡങ്ങള്‍ നേടിയെടുക്കാന്‍ നമുക്ക് സാധിക്കണം.
സംവരണം ഇന്ന് പ്രധാനപ്പെട്ട ചര്‍ച്ചാവിഷയമാണ്. ചരിത്രപരമായ കാരണങ്ങളാല്‍ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയിലുള്ള പട്ടികജാതി, പട്ടികവര്‍ഗ, ഒബിസി വിഭാഗങ്ങള്‍ക്ക് മുഖ്യധാരാപ്രവേശനത്തിന് അവസരമൊരുക്കാനാണ് ഭരണഘടനയില്‍ സംവരണം വിഭാവനചെയ്തത്. 2019-ലെ ഭരണഘടനാഭേദഗതി പ്രകാരം മുന്നാക്കക്കാരിലെ സാമ്പത്തികമായി ദുര്‍ബലരായവര്‍ക്ക് സംവരണം നല്കാനുള്ള നടപടികളുമായി സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. എന്നാല്‍ പിന്നാക്ക ദലിത് വിഭാഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സാമുദായികസംവരണത്തെക്കുറിച്ചുണ്ടായിട്ടുള്ള ആശങ്കകള്‍ ദുരീകരിക്കാനും 10% സാമ്പത്തികസംവരണം ഏര്‍പ്പെടുത്തുമ്പോള്‍ അതിന്‍റെ നടപടിക്രമങ്ങളിലുണ്ടായിട്ടുള്ള അപാകതകള്‍ പരിഹരിക്കാനും ക്രിയാത്മകമായ നടപടികള്‍ സംസ്ഥാനസര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ട്. ഈ വിഷയത്തിലുള്ള ആശങ്കകള്‍ മുഖ്യമന്ത്രിയെയും സംസ്ഥാനസര്‍ക്കാരിനെയും നമ്മള്‍ അറിയിച്ചിട്ടുണ്ട്. സാമുദായികസംവരണം നിലനിറുത്തുന്നതിനും അതിന്‍റെ ഗുണഫലങ്ങള്‍ പിന്നാക്ക ദലിത് ജനവിഭാഗങ്ങള്‍ക്ക് പ്രാപ്യമാക്കുന്നതിനും ഇനിയും ഏറെ പരിശ്രമിക്കേണ്ടതുണ്ട്. അക്കാര്യത്തില്‍ ഏവരും ജാഗ്രതയോടുകൂടി വര്‍ത്തിക്കാനും സമുദായസംഘടനകളുടെ കീഴില്‍ അണിനിരക്കാനും ആഹ്വാനം ചെയ്യുന്നു.
കെആര്‍എല്‍സിസിയുടെ ചിന്തകള്‍ സമൂഹത്തിന്‍റെ അടിത്തട്ടില്‍ യാഥാര്‍ത്ഥ്യമാക്കേണ്ടത് ബിസിസികളും(കുടുംബക്കൂട്ടായ്മകളും) സമുദായ യുവജന വനിത തൊഴിലാളി സംഘടനകളുമാണ്. സമുദായാംഗങ്ങളുടെ പ്രശ്നങ്ങള്‍ തിരിച്ചറിഞ്ഞ് സാമൂഹ്യനീതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന കെഎല്‍സിഎ, സിഎസ്എസ്, ഡിസിഎംഎസ്, കെഎല്‍സിഡബ്ല്യുഎ, കെഎല്‍എം എന്നീ പ്രസ്ഥാനങ്ങളെ സജീവമായി നമ്മള്‍ പിന്തുണക്കണം. നമ്മുടെ യുവജനങ്ങളെയും വനിതകളെയും സമൂഹത്തിന്‍റെ മുഖ്യധാരയിലെത്തിക്കാനും അവിടെ പ്രശോഭിപ്പിക്കാനും പ്രത്യേകതാല്പര്യം ഏവരും പ്രകടിപ്പിക്കണം. ലത്തീന്‍ കത്തോലിക്ക സമുദായദിനത്തിന്‍റെ ചിന്തകളും പ്രവര്‍ത്തനങ്ങളും സമൂഹത്തില്‍ വ്യാപിപ്പിക്കുവാന്‍ സമുദായസംഘടനകള്‍ക്കുള്ള ഉത്തരവാദിത്വത്തെ പ്രത്യേകം ചൂണ്ടിക്കാണിക്കുന്നു.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ലത്തീന്‍ കത്തോലിക്കാദിനം ഡിസംബര്‍ 6ന് ആചരിക്കുന്നത്. മുമ്പെങ്ങും കേള്‍ക്കാത്ത രീതിയിലുള്ള അഴിമതിയും ധൂര്‍ത്തും സാമൂഹ്യതിډകളും നമ്മുടെ രാഷ്ട്രീയമണ്ഡലത്തില്‍ നിറഞ്ഞുനില്ക്കുന്നുവെന്ന കഥകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ആദര്‍ശനിഷ്ഠയും സമര്‍പ്പിതമനോഭാവവുമുള്ള നേതാക്കളെ വളര്‍ത്തിയെടുക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സംശുദ്ധ രാഷ്ട്രീയപ്രവര്‍ത്തനം രാജ്യനډയ്ക്ക് അത്യാവശ്യമാണെന്ന് ഉറക്കെ പറയാനുള്ള ബാധ്യത നമുക്കുണ്ട്. ആ ബാധ്യത നിര്‍വഹിക്കുന്നതോടൊപ്പംതന്നെ അത്തരത്തിലുള്ള നേതാക്കളെ വളര്‍ത്തിയെടുക്കാനും നമുക്ക് കഴിയണം.
പ്രതിസന്ധിയുടെ ഈ കാലഘട്ടത്തിലും വിവിധതലങ്ങളില്‍ ലത്തീന്‍ കത്തോലിക്ക സമുദായദിനാചരണം സമുചിതമായി നടത്താന്‍ നമുക്ക് ശ്രമിക്കാം. 2020 ഡിസംബര്‍ 6-ാം തീയതി വൈകുന്നേരം ഞായറാഴ്ച വൈകുന്നേരം 7ന് 12 ലത്തീന്‍ രൂപതകളിലെ പ്രതിനിധികളെയും സംഘടനാപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ചുകൊണ്ട് ഓണ്‍ലൈനില്‍ സമുദായദിന സമ്മേളനം നടത്തും.
അന്നേദിവസം നമ്മുടെ എല്ലാ രൂപതകളിലും ഇടവകകളിലും സാധ്യമാകുന്ന രീതിയില്‍ സമുദായ അവബോധനസമ്മേളനങ്ങളും, സെമിനാറുകളും സാഹചര്യാനുസരണം നടത്തേണ്ടതാണ്. കുടുംബങ്ങളിലും ബിസിസികളിലും സംഘടനകളിലും പഠനത്തിന് സഹായകമായ ലഘുലേഖ രൂപതാകേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കുന്നതാണ്. കെആര്‍എല്‍സിസിയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കേണ്ടത് ലത്തീന്‍ കത്തോലിക്കരായ നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്. കോവിഡ് കാലം നല്കുന്ന വിഷമതകള്‍ ധാരാളമുണ്ടെങ്കിലും സാധ്യമാകുന്ന സംഭാവന അന്നേദിവസം ഇടവകകള്‍ തോറും സമാഹരിച്ച് 2021 ജനുവരി 31-നകം രൂപതാ കേന്ദ്രങ്ങള്‍വഴി കെആര്‍എല്‍സിസിയിലേക്ക് അയക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
‘സഹോദരന്‍റെ കാവലാളാകുക’ എന്ന സന്ദേശം എല്ലാവരിലേക്കും പകരാനും സഹോദരനെ ചേര്‍ത്തുനിര്‍ത്താനും നമ്മുടെ ഇക്കൊല്ലത്തെ ലത്തീന്‍ കത്തോലിക്ക സമുദായദിനാഘോഷം വഴിയൊരുക്കട്ടെ. പ്രവര്‍ത്തികള്‍കൊണ്ടുള്ള ആശയപ്രചാരണമാണ് കാലഘട്ടം ആവശ്യപ്പെടുന്നത്. അതുകൊണ്ട് തൊട്ടടുത്തുള്ള സഹോദരനെ സ്നേഹിച്ച് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാന്‍ നമുക്ക് ശ്രമിക്കാം.
എല്ലാവര്‍ക്കും ദൈവാനുഗ്രഹവും അസാധാരണമായ കോവിഡ് കാലത്തെ അതിജീവിക്കാനുള്ള മാനസികബലവും ലഭിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
സ്നേഹപൂര്‍വ്വം
കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിക്കുവേണ്ടി,

 ജോസഫ് കരിയില്‍
പ്രസിഡന്‍റ്, കെആര്‍എല്‍സിസി
കൊച്ചി രൂപതാമെത്രാന്‍

Trivandrum Media Commission

Comment here