International

റോമാ നഗരത്തിന് 2773ാം ജന്മദിനം

നിത്യനഗരം’ അഥവാ ‘അനശ്വരനഗരം’ എന്ന് അറിയപ്പെടുന്ന ഇറ്റാലിയൻ തലസ്ഥാനമായ റോം നഗരം, അതിന്റെ 2773ാം ജന്മദിനം ഇന്ന്, ഏപ്രിൽ 21ന് ആഘോഷിക്കുകയാണ്.പുരാതന റോമിലെ പ്രശസ്ത പണ്ഡിതനും എഴുത്തുകാരനുമായിരുന്ന മാർക്കോ ടെറെൻത്സിയോ വറോണെ (116-27 BC), അദ്ദേഹത്തിന്റെ സുഹൃത്ത്, ലൂച്ചോ തരുസിയോ നടത്തിയ ജ്യോതിഷശാസ്ത്ര നിഗമനങ്ങളെ അടിസ്ഥാനമാക്കി നിശ്ചയിച്ച തീയതിയാണിത്. റോമൻ ഐതിഹ്യമനുസരിച്ച് ബിസി 753ൽ പാലറ്റൈൻ കുന്നിൽ റോമൊളോയാണ് ഈ നഗരം പണി കഴിച്ചത്. റിയ സിൽവിയയുടെയും ചൊവ്വാദേവന്റെയും മക്കളായ ഇരട്ട സഹോദരങ്ങളായ റോമൊളോയെയും റെമോയെയും, അവരുടെ അമ്മ, ടൈബർ നദീതീരത്ത് ഉപേക്ഷിച്ചുവെന്നും, തുടർന്ന് ഒരു ചെന്നായും, പിന്നീട്, ഫൗസ്തോളോ എന്ന ആട്ടിടയനും അദ്ദേഹത്തിന്റെ ഭാര്യയും അവർക്ക് സംരക്ഷണമേകി വളർത്തിയെന്നും ഈ ഐതിഹ്യത്തിൽ വിവരിക്കുന്നു.

കൂടാതെ, നഗരനിർമ്മാണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത തർക്കത്തിൽ റോമൊളോ തന്റെ ഇരട്ട സഹോദരനെ കൊലപ്പെടുത്തിയെന്നും, പിന്നീട്, തന്റെ പ്രവൃത്തിയിൽ ദുഃഖിതനായി, താൻ രൂപകൽപനചെയ്ത നഗരത്തിന്, സഹോദരനായ റെമോയുടെ ഓർമ്മക്കായി, ‘റോമാ’ എന്ന് പേര് റോമൊളോ നല്കിയെന്നും ഈ ഐതിഹ്യത്തിൽ പ്രതിപാദിക്കുന്നുണ്ട്.

മറ്റൊരു പാരമ്പര്യമനുസരിച്ച്, ടൈബർ നദി എത്രൂസ്കൻ ഭാഷയിൽ ‘റുമോൺ’ എന്നാണ് അറിയപ്പെട്ടിരുന്നതെന്നും, അതിൽ നിന്നും നഗരത്തിന് റോമാ എന്ന പേര് ലഭിച്ചെന്നും പറയപ്പെടുന്നു. റോമൊളോയെയും റെമോയെയും പാലൂട്ടി വളർത്തി എന്ന് ഐതിഹ്യത്തിൽ പറയുന്ന ചെന്നായയിൽ നിന്നു റോമിന് പേര് വന്നു എന്നതാണ് വേറൊരു പാരമ്പര്യത്തിൽ കാണുന്നത്. കാരണം സ്തനത്തിന് എത്രൂസ്കൻ ഭാഷയിൽ ‘റൂമാ’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഇരട്ടസഹോദരങ്ങളെ ഒരു ചെന്നായ പാലൂട്ടുന്ന രീതിയിൽ രൂപകല്പ്ന ചെയ്ത റോമിലുളള പ്രതിമ, റോമൻ ചരിത്രത്തിന്റെ സ്മരണയായി എല്ലാവരും കരുതിപ്പോരുന്നു. റോമിലെ പ്രശസ്ത ഇറ്റാലിയൻ ഫുഡ്ബോൾ ക്ലബായ എ.എസ്. റോമായുടെ പതാകയിലും ഈ ചെന്നായയുടെയും, റോമൊളോ-റെമോ സഹോദരന്മാരുടെയും ചിത്രമുണ്ട്.

ലോകചരിത്രത്തിലൂടെ കണ്ണോടിക്കുമ്പാൾ, റോമിനെ കൂടാതെ, ഇസ്രയേലിലെ ജറുസലേം നഗരവും, ജപ്പാനിലെ ക്യോട്ടോ നഗരവും, -നിത്യനഗരം- എന്ന പേരിൽ അറിയപ്പെട്ടിരുന്നതായി കാണുവാൻ സാധിക്കും.

എന്നാൽ, റോം നഗരം മാത്രമാണ് ഇന്നും ആ പേര് നിലനിർത്തുന്നത്. ലാറ്റിൻ കവി ആൽബിയോ തിബുള്ളോയുടെ പ്രസിദ്ധ കൃതിയായ ‘ലെ എലെജിയ’യിൽ ഇപ്രകാരം എഴുതിയിരിക്കുന്നുഃ “Romulus Aeternae nondum formaverat Urbis moenia”, ..ഇതിനെ വാക്യാർത്ഥത്തിൽ ഇപ്രകാരം തർജ്ജിമ ചെയ്യാം… “റോമുലസ് നിത്യ നഗരത്തിൻറെ മതിലുകൾ ഉയർത്തി”. ഇതാണ്, റോമുളസ് റോമാനഗരം പണിതു എന്നതിൻറെ തെളിവായി കാണിക്കുന്നത്. എന്നാൽ ഈ പ്രസ്താവനയുടെ ഉത്ഭവത്തെക്കുറിച്ച് നിരവധി വർഷങ്ങളായി വിവിധ സംവാദങ്ങളും വ്യത്യസ്ത ചിന്താഗതികളും ഉണ്ടായിട്ടുണ്ട്.

എങ്കിലും റോമിലെ പാലറ്റൈൻ കുന്നിലെ ഗവേഷണത്തിൽ നിന്നും ഖനനത്തിൽനിന്നും ലഭിച്ച ഏതാനും തെളിവുകൾ റോമാ നഗരത്തിന്റെ ബി.സി ഏഴാം നൂറ്റാണ്ടിലെ നിർമ്മാണത്തിനെ സാധൂകരിക്കുന്നതാണ്.

നീണ്ട വർഷങ്ങൾക്കുശേഷം, 1870 ഏപ്രിൽ 21 മുതലാണ് റോമിൻറെ ജന്മദിനാഘോഷങ്ങൾ വീണ്ടും പ്രചാരത്തിലായത്. എല്ലാ വർഷവും ഏപ്രിൽ 21നു ഉച്ചയ്ക്ക് നടക്കാറുളള ആഘോഷവേളയിൽ, റോമിലെ കാമ്പി ദ്ഓലിയോയിലുളള ഗോപുരത്തിന്റെ മണി മുഴക്കുന്ന പതിവുണ്ട്. റോമൻ സാമ്രാജ്യത്തിന്റെ ശേഷിപ്പുകളായ കൊളോസ്സയവും പാന്തയോണും പോലുളള ശിൽപകലയും വാസ്തുവിദ്യയും സമ്മേളിക്കുന്ന അനേകം സ്മാരകങ്ങൾ ഇന്നും തലയുയർത്തി നിൽക്കുന്ന നഗരം, കത്തോലിക്കാസഭയുടെ കേന്ദ്രമായ വത്തിക്കാൻ സിറ്റിയെ ഉളളിൽ ഒളിപ്പിച്ചിരിക്കുന്ന നഗരം, മനോഹരങ്ങളായ ഫൗണ്ടനുകളാലും, വിപുലമായ ചത്വരങ്ങളാലും, വർണ്ണശബളമായ ടൈബർ നദിയുടെ തീരങ്ങളാലും അലങ്കരിക്കപ്പെട്ട നഗരം, കത്തോലിക്കാസഭയുടെ തലവനായ മാർപാപ്പ മെത്രാനായുളള നഗരം, ഇറ്റലിയുടെ തലസ്ഥാനനഗരി എന്നിങ്ങനെ വിവിധ രീതിയിൽ പ്രശസ്തമായ റോമിന്റെ ജന്മദിനത്തിന് ആയിരക്കണക്കിന് വിനോദസഞ്ചാരികൾ കഴിഞ്ഞ വർഷങ്ങളിൽ എത്തിയിരുന്നു.

എന്നാൽ ഈ വർഷം, കൊറോണ വൈറസ് ഭീതിയിൽ, മാദ്ധ്യമങ്ങളിലൂടെ സംപ്രേഷണം ചെയ്യുന്ന പരിപാടികൾ ഒഴികെ മറ്റെല്ലാ ആഘോഷങ്ങളും റദ്ദുചെയ്തുകൊണ്ടുളള സന്ദേശത്തിൽ, റോം മേയർ, വിർജീനിയ റാജ്ജി ഇപ്രകാരം കൂട്ടിച്ചേർത്തു… “പ്രത്യാശയുടെയും ധൈര്യത്തിൻറെയും ഒരു സന്ദേശം അയയ്‌ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു: ഒരുമിച്ച് നമുക്ക് അത് ചെയ്യാൻ കഴിയും. റോമും ഇറ്റലിയും പല ദുരിതങ്ങളിലൂടെയും കടന്നു പോയിട്ടുണ്ട്, ഈ വിഷമകരമായ നിമിഷത്തെയും നമുക്ക് മറികടക്കാൻ കഴിയും”.

Trivandrum Media Commission

Comment here