ArticlesCovid

രോഗം ഒരു തിന്മയല്ല. വൈറസിന് വിവേചനശേഷിയുമില്ല : ‍‍ഡോ. ഐറിസ് കൊയ്ലിയോ എഴുതുന്നു

വൈറസ് ബാധിച്ച ഒരു വ്യക്തിയുമായി 15 മിനിട്ട് അടുത്ത് ഇടപഴകിയാൽ വൈറസ് സംക്രമിക്കാം എന്ന് പ്രാഥമികമായി കരുതപ്പെടുന്നു.
കൊറോണ ലോകത്തിൽ പ്രകമ്പനം സൃഷ്ടിച്ചപ്പോഴും ഇന്ത്യയിൽ പല സംസ്ഥാനങ്ങളെയും തകിടം മറിച്ചപ്പോഴും കേരളം അഭിമാനിച്ചത് ആരോഗ്യ പ്രവർത്തകരുടെയും സർക്കാർ സംവിധാനത്തിൻ്റെയും പഴുതടച്ചുള്ള പ്രവർത്തനമികവിലാണ്: സംസ്ഥാനം നല്കിയ നിർദേശങ്ങൾ സൂക്ഷ്മമായി പാലിക്കാൻ മുന്നോട്ടുവന്ന സമൂഹത്തിൻ്റെ വിശ്വാസത്താലുള്ള പ്രതിബദ്ധതയാലാണ്. കേരളത്തിൽ നൂറിനും മേലേ കണ്ടെയ്ൻമെൻറ് സോണുകളിൽ രോഗവ്യാപനം തടയുന്നത് സമൂഹവും തദ്ദേശ / ജില്ലാഭരണ-ആരോഗ്യ സംവിധാനങ്ങളും പരസ്പരവിശ്വാസത്തോടെ സഹകരിക്കുന്നതുവഴിയാണ്.
പക്ഷേ, തലസ്ഥാനനഗരത്തിലേക്ക് അതിവ്യാപനം ഇപ്പോൾ വന്നെത്തിയത് പ്രധാനമായും പൂന്തുറ എന്ന തീരഗ്രാമത്തിലേക്കും ആര്യനാട് എന്ന മലയോര ഗ്രാമത്തിലേക്കുമാണ്. എവിടെയും അത് വരാമായിരുന്നു എന്നും നമുക്കറിയാം.
നഗരം ട്രിപ്പിൾ ലോക്ഡൗണിലെത്തുമ്പോൾ മുൻ അനുഭവപരിചയംവെച്ച് ജനം വീട്ടിലേക്ക് ഉൾവലിഞ്ഞു.
വൈറസ് കടന്നെത്താത്ത പ്രദേശങ്ങൾ ഇപ്പോഴും തങ്ങളെ ഇതൊന്നും ബാധിക്കില്ല എന്ന ധൈര്യത്തിലാണ് കഴിഞ്ഞുപോകുന്നത്. പൂന്തുറയും തലസ്ഥാനത്തിലെ തീരദേശവുമെല്ലാം ഇത്തരമൊരു വിശ്വാസത്തിലായിരുന്നു കഴിഞ്ഞ ആഴ്ച വരെ.
പക്ഷേ, മഹാമാരി അതിൻ്റെ പ്രഹരണശേഷി പുറത്തെടുക്കുകയാണ്‌. പൂന്തുറയെ കടലിൽ നിന്ന് ബാധിച്ച ഓഖിയെക്കാൾ ഭീകരമായി കൊവിഡ് 19 വൈറസ് കരയിൽനിന്ന് ആക്രമിക്കുകയാണ്. ജനം പരിഭ്രാന്തിയിലാണ്, അവരുടെ നിസ്സഹായാവസ്ഥ ഗുരുതരമായ പ്രതിസന്ധികളിലേക്ക് അവരെ എത്തിക്കുകയാണ്.
ആദ്യകാലത്തെ ലോക് ഡൗൺ പോലെയല്ല. പതിനായിരങ്ങൾ തിങ്ങിക്കഴിയുന്ന ചെറു വിസ്തൃതിയുള്ള പ്രദേശത്തിന് വീട്ടിനുള്ളിലെ ക്വാറൻറ്റൈൻ എളുപ്പമല്ല.
ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻറ്റൈൻ കേന്ദ്രങ്ങളിൽ ഒരു പ്രോട്ടോക്കോളും പാലിക്കാതെയുള്ള സമൂഹവാസകഥകൾ അവരെ നിരാശപ്പെടുത്തുന്നു.
വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിക്കുന്ന ആൻറിജൻ ടെസ്റ്റ് (ICMR കണ്ടെയ്ൻമെൻറ് സോണിലേക്ക് നിർദ്ദേശിക്കുകയും സർക്കാർ ആശുപത്രികൾ സൗജന്യമായി നടത്തുകയും ചെയ്യുന്ന സ്വാബ് ടെസ്റ്റ് ) അവരിൽ ആശങ്കയുണർത്തുന്നു. PC R നടത്തിക്കൂടെ എന്നും ചോദിക്കുന്നു. ഭയവും രോഗ ചികിത്സയെ സംബന്ധിക്കുന്ന അർഥ സത്യങ്ങളും വ്യാജവാർത്തകളും തീർത്ത ചുഴിയിലാണവർ.
തങ്ങൾക്ക് രോഗലക്ഷണമില്ല എന്നതിനാൽത്തന്നെ ആശുപത്രികളിലെത്തിച്ചതെന്തിനെന്ന് ചോദിക്കുന്നു. കോവിഡ് ബാധിതരിൽ 80 % നും സാമാന്യ ജലദോഷമോ പനിയോ മാത്രം വന്നു പോകാം എന്നും അത്തരക്കാരും രോഗം പകർത്താൻ ശക്തിയുള്ളവരാണെന്നും നമ്മൾ അറിയേണ്ടതാണ്.
ഇപ്പോഴും കോവിഡ് 19 അപമാനമായി അത് ബാധിക്കുന്നവരെ അലട്ടുന്നുണ്ട്.
കണ്ടെയ്ൻമെൻറ് സോണിനുള്ളിൽ മരുന്നും അടിയന്തിര വൈദ്യസഹായവും ഭക്ഷണവും കൂടി തടയപ്പെടുന്നു എന്നറിയുമ്പോൾ തീർത്തും തളർന്നു പോകുന്നു തീരസമൂഹം.
മുൻകാലങ്ങളിൽ പല തീരഗ്രാമങ്ങളിലും പൊലീസ് കടന്നുവന്നിരുന്നത് ജനസൗഹൃദപരമായിരുന്നില്ലെന്ന ചില ഓർമകളും അവരുടെ സാന്നിധ്യത്തിൽ കറുത്ത ചായമിടുന്നു.
കടലെടുക്കുന്ന ചെറുതീരത്തിൽനിന്ന് കടലിലേക്ക് അന്നത്തിനും അഭയത്തിനും പോകാനാവില്ലെന്ന ശ്വാസംമുട്ടൽ വൈറസ് ബാധയെക്കാളധികം വിങ്ങലുണ്ടാക്കി ഗോത്രസ്വഭാവമുള്ള ഈ പരമ്പരാഗതസമൂഹത്തിൻ്റെ ആത്മവിശ്വാസത്തെ പ്രതികൂലമായി ബാധിക്കുന്നു.
നിരന്തരം നിരീക്ഷിക്കപ്പെടുന്നു എന്നതും സുഖകരമായ അനുഭവമല്ല.
ഭയം അക്രമമായും പ്രതിഫലിക്കും.
നവമാധ്യമങ്ങൾ വഴി പരക്കുന്ന വ്യാജവാർത്തകളും അവരുടെ സ്വസ്ഥത തകർക്കുന്നു. വസ്തുനിഷ്ഠമായല്ല പലരും കാര്യങ്ങൾ ധരിപ്പിക്കുന്നത് എന്നതും മറക്കുന്നില്ല.
ഇങ്ങനെ ,പല കാരണങ്ങൾ:കൊണ്ടും ഈ സമൂഹത്തിന് ആശങ്കയാണുള്ളത്. നാളിതുവരെ ജീവിതാനുഭവങ്ങൾ പകർന്ന നീതിനിഷേധങ്ങളും ഇകഴ്ത്തലുകളും അവരെ പ്രകോപിതരാക്കാൻ പര്യാപ്തവുമാണ്.
എങ്കിലും പ്രിയ സഹോദരങ്ങളേ,
നമ്മൾ ഒരു തുരുത്തിൽ ഒറ്റപ്പെട്ടിരിക്കുന്നില്ല. ഒപ്പം ചേർത്തുപിടിക്കാൻ എത്രയോ പേരുണ്ട് എന്ന് തിരിച്ചറിയുക.
നമ്മുടെ മുന്നിൽ മഹാമാരിയിൽ നിന്ന് രക്ഷപ്പെടാൻ വഴി ഒന്നേയുള്ളൂ; ആരോഗ്യ പ്രവർത്തകരും തദ്ദേശ / ജില്ലാഭരണസംവിധാനവും നല്കുന്ന മാർഗനിർദേശങ്ങൾ കർശനമായും പാലിക്കുക.
ഭയം കൊണ്ടല്ല, ജാഗ്രത കൊണ്ട് നമുക്ക് നമ്മുടെ കുടുംബങ്ങളെയും സമൂഹത്തെയും രക്ഷിക്കണം. ജീവിതം തിരിച്ചുപിടിക്കേണ്ട കാലമാണിത്. ഒരു പീഡാനുഭവകാലംകൂടി മുന്നിലെത്തി നില്ക്കുന്നു, ഉയിർപ്പിലേക്ക് നയിക്കാൻ.
വൈറസ് വ്യാപനം പ്രതിരോധിക്കാനുള്ള നമ്മുടെ രക്ഷാമന്ത്രങ്ങളാണ് മാസ്കും സോപ്പും ശാരീരിക അകലവും.
തീർച്ചയായും തദ്ദേശ / ജില്ലാഭരണസംവിധാനം വഴി കണ്ടെയ്ൻമെൻ്റ് സോണിലുള്ളവരുടെ അടിസ്ഥാന ആവശ്യങ്ങൾ – -ഭക്ഷണം, മരുന്ന്, ആരോഗ്യ സഹായം, മാനസിക സംഘർഷത്തിന് അയവേകാനുള്ള സഹായം – എല്ലാം ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Community kitchen എന്ന വിജയപ്രദമായ സംവിധാനം കണ്ടെയ്ൻമെൻ്റ് സോണുകളിൽ വീണ്ടും കൊണ്ടുവരേണ്ടതുണ്ട്.
ക്വാറൻറ്റൈനിൽ കഴിയുന്നവർക്ക് ഭക്ഷണവും ആരോഗ്യസുരക്ഷയും കൃത്യമായും നല്കുമെന്നും കരുതാം, ആശുപത്രികളിലെത്തപ്പെട്ടവർക്കും ഭയപ്പാട് അകലണം,അടിയന്തരമായിത്തന്നെ.
രോഗം പടർന്നുപിടിക്കാതിരിക്കാൻ 14 ദിവസം നമ്മൾ കൂട്ടം കൂടുന്നില്ല, വീടുകളിൽ നിന്ന് അനാവശ്യമായി പുറത്തിറങ്ങുന്നില്ല എന്ന് തീരുമാനിക്കാം.
മറ്റ് പ്രശ്നങ്ങൾ തത്ക്കാലം മാറ്റിവയ്ക്കാം. രാഷ്ട്രീയ ഭേദങ്ങൾ അകറ്റിനിർത്താം.
സർക്കാർ ജനത്തിൻ്റെ രക്ഷയ്ക്കായി പ്രതിജ്ഞാബദ്ധമാണ്. ആരോഗ്യപ്രവർത്തകർ എല്ലാം മാറ്റിവച്ച് സ്വന്തം രക്ഷപോലും പരിഗണിക്കാതെ രാപകൽ പ്രവർത്തിക്കുന്നു. കോവിഡ് 19ൽ നിന്നുള്ള നിരുപാധികമായ മുക്തിയാണാവശ്യം. അത് മാത്രമാണ് നമ്മുടെ മുന്നിലുള്ള ലക്ഷ്യം.
ആശുപത്രികളിലുള്ളവർക്ക് രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് തെളിഞ്ഞാലേ വീട്ടിലേക്ക് മടങ്ങാനാവൂ. മറ്റാർക്കും നമ്മിൽ നിന്ന് രോഗം പകരുന്നില്ല എന്നുറപ്പാക്കണം.അത് അടിസ്ഥാനപരമായ സാമൂഹിക ഉത്തരവാദിത്തമാണ്.
സാമൂഹികവ്യാപനത്തിന് കടിഞ്ഞാണിടാനുള്ള ആത്മശക്തി, ഓഖിയിൽപെട്ട കൂട്ടാളികളെ കരയ്ക്കെത്തിക്കാൻ കടലിലേക്ക് വള്ളമിറക്കിയ, പ്രളയത്തിൽ ജീവൻ കാക്കാൻ മുന്നിട്ടിറങ്ങി കേരളത്തിൻ്റെ സൈന്യം എന്ന ബഹുമതി സർക്കാരിൽ നിന്ന് നേടിയ എൻ്റെ ധീരസഹോദരങ്ങൾക്കുണ്ട് എന്ന് എനിക്ക് ഉറപ്പുണ്ട്.
അവസാനത്തെ ആളിൽ നിന്നും വൈറസ് പടിയിറങ്ങുവോളം നിങ്ങൾക്കൊപ്പമുണ്ട് ഈ നാട്….. പ്രാർഥനയായി, പ്രതീക്ഷയായി.
ഇന്ന് ആരോഗ്യ പ്രവർത്തകർക്ക് അപ്രതീക്ഷിതമായി നേരിടേണ്ടിവന്ന പ്രയാസങ്ങൾക്ക് മാപ്പ് ചോദിക്കുന്നു. മനസ് മടുത്തുപോകാതെ, തുടർന്നും ഈ സഹോദരരുടെ രക്ഷയ്ക്കായി ഇവരെ ചേർത്തുപിടിക്കൂ…
Trivandrum Media Commission

Comment here