NewsState

മാതൃസാന്നിധ്യം നിറയുന്ന മാതാമല തീർഥാടനം

✍️ പ്രേം ബൊനവഞ്ചർ

നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ കണ്ടംതിട്ട മാതാമല തീർഥാടനം 2020 ഡിസംബർ 27 മുതൽ 31 വരെ നടക്കും. തിരുനാൾ ദിനങ്ങളിൽ ജപമാല, നൊവേന, ദിവ്യബലി, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും.

‘മുതിയാവിള വല്യച്ചൻ’ എന്നറിയപ്പെടുന്ന ദൈവദാസൻ ഫാ. അദേയൊദാത്തൂസ് ഒസിഡി വർഷങ്ങൾക്ക് മുൻപ് മലയോരപ്രദേശങ്ങളിൽ ആരംഭിച്ച വിശ്വാസദൗത്യത്തിന്റെ തുടർച്ചയായി ഈ മേഖലയിൽ ഉണ്ടായ ആത്‌മീയ വളർച്ചയുടെയും ദൈവമാതൃ ഭക്തിയുടെയും അനുസ്മരണമായിട്ടാണ് മാതാമല തീർഥാടനം നടത്തുന്നത്. തിരുവനന്തപുരം ജില്ലയിലെ കിഴക്കൻ അതിർത്തിപ്രദേശമായ കാട്ടാക്കടയിലെ അമ്പൂരിക്കടുത്താണ് മാതാമല തീർഥാടന കേന്ദ്രം. നെയ്യാറ്റിൻകര രൂപതയിലെ ഉണ്ടൻകോട് ഫൊറോനയിൽ ഉൾപ്പെട്ട കണ്ടംതിട്ട സെന്റ് ജോസഫ് ഇടവകയുടെ കീഴിലാണിത്‌.

ഒരു ചെറിയ ചരിത്രം

1960-കളിൽ ബെൽജിയം മിഷനറിയും ഒസിഡി സന്യാസ സഭാംഗവുമായ ദൈവദാസൻ ഫാ. അദേയൊദാത്തൂസും ഒരു കൂട്ടം സന്യാസിമാരും വാഴിച്ചൽ, കണ്ടംതിട്ട, അമ്പൂരി, പന്ത എന്നീ മലയോരപ്രദേശങ്ങളിൽ മിഷനറി ദൗത്യം നിർവഹിച്ചിരുന്നു. ത്തുസൂക്ഷിക്കുന്നു കഠിനാധ്വാനത്തിന്റെയും ജീവിത പ്രതിസന്ധികളുടെയും ഘട്ടത്തിൽ ആ വൈദികൻ പകർന്നുതന്ന വിശ്വാസ വെളിച്ചം ഇന്നും കെട്ടുപോകാതെ വിശ്വാസികൾ കാത്തുസൂക്ഷിച്ചു പോരുന്നു.

കണ്ടംതിട്ട ദേവാലയപരിസത്ത് ദൈവിക സാന്നിധ്യം ഉള്ളതായി അദ്ദേഹം അന്നത്തെ ഉപദേശി ശ്രീ. ശശിയെ അറിയിച്ചു. തൽഫലമായി ദേവാലയത്തിൽ നിരന്തര പ്രാർഥനകൾ നടത്തി. 1992ൽ വാഴിച്ചൽ ഇടവക വികാരി റവ. ഫാ. ജോൺ ബാപ്റ്റിസ്റ്റ് കണ്ടംതിട്ട ദേവാലയത്തിനടുത്ത് ഒരു ഉയർന്ന പ്രദേശത്ത് മരക്കുരിശ് സ്‌ഥാപിച്ചു. വർഷത്തിലൊരിക്കൽ പ്രത്യേക ആരാധനകളും നടത്തി. അന്ന് വാഴിച്ചൽ ഇടവകയുടെ ഉപഇടവകയായിരുന്നു കണ്ടംതിട്ട. 1998ൽ വാഴിച്ചൽ വികാരിയായിരുന്ന റവ. ഫാ. ജെറാൾഡ് മത്യാസ് ദാരിദ്ര്യവും തീരാരോഗങ്ങളും പ്രകൃതിക്ഷോഭങ്ങളും അലട്ടിയിരുന്ന പ്രദേശത്തെ ജനങ്ങൾക്ക് അതിൽ നിന്ന് മോചനം ലഭിക്കാനുള്ള വഴികൾ ആരാഞ്ഞു. ഒരാഴ്ചത്തെ പ്രാർഥനായജ്ഞം ഇടവകയിൽ നടത്തിയതിന്റെ ഫലമായി മരക്കുരിശ് പുതുക്കിപ്പണിയാൻ തീരുമാനിച്ചു. ഒരുകൂട്ടം അല്മായരുടെ നേതൃത്വത്തിൽ 1998 ഡിസംബർ 31ന് കോൺക്രീറ്റ് കുരിശ് സ്‌ഥാപിച്ചു. ഉപദേശി ശ്രീ. ശശി, ശ്രീ. മോഹനൻ, ശ്രീ. മോഹൻദാസ്, ശ്രീ. പ്രിൻസ് എന്നിവർ കുരിശ് സ്‌ഥാപിക്കാനായി മുൻപന്തിയിൽ നിൽക്കുകയും അവിടെ ആരാധനയ്ക്കും തിരുക്കർമങ്ങൾക്കും നേതൃത്വം നൽകുകയും ചെയ്തു. അതോടെ ഇടവക ജനങ്ങളുടെ ജീവിതത്തിൽ അഗാധമായ ദൈവസാന്നിധ്യം നിറയുന്ന അനുഭവമുണ്ടായി.

മാതാമലയുടെ വളർച്ച

2007ൽ റവ. ഫാ. ജോണി കെ. ലോറൻസ് മാതാമലയോട് ചേർന്ന് 14 സെന്റ് സ്‌ഥലം പ്രദേശവാസിയായ ശ്രീ. ദാനം നാടാരുടെ പക്കൽ നിന്ന് വാങ്ങുകയും അവിടെ അൾത്താരയും നിത്യസഹായ മാതാവിന്റെ ഗ്രോട്ടോയും പണിയുകയും മാതാമല എന്ന നാമധേയം നൽകുകയും ചെയ്തു. തുടർന്ന് മാസാദ്യ വെള്ളിയാഴ്ചകളിൽ നിത്യസഹായ മാതാവിന്റെ നൊവേനയും ജപമാല പ്രാർഥനയും തിരുക്കര്മങ്ങളും മാതാമലയിൽ ആരംഭിച്ചു. ഈ കാലയളവിൽ അനേകം അത്ഭുതങ്ങൾ പലർക്കും വ്യക്തിപരമായി അനുഭവപ്പെട്ടു. ഇടവക ജനങ്ങളെക്കൂടാതെ മറ്റ് സഭാവിശ്വാസികളും അക്രൈസ്തവരും ഇവിടെ തീർഥാടകരായി എത്തി. 2014 നവംബറിൽ റവ. ഫാ. ജോസഫ് ഷാജിയുടെ കാലയളവിൽ പ്രധാനറോഡിൽ നിന്ന് മാതാമലയിലേക്ക് സഞ്ചാരയോഗ്യമായ ഒരു പാത നിർമിക്കുകയും മാതാമലയിലെ കുരിശ് പുതുക്കിപ്പണിയുകയും ചെയ്തു.

മാതാമല തീർഥാടനം

2018ൽ റവ. ഫാ. സാജൻ ആന്റണി വികാരിയായി ചുമതലയേറ്റപ്പോൾ അമലോത്ഭവ മാതാവിനെയും വേളാങ്കണ്ണി മാതാവിന്റേയും കുരിശടിയും അൾത്താരയ്ക്ക് മേലെ റൂഫിംഗും കൊടിമരവും നിർമിച്ചു. 2018 ഡിസംബർ 27ന് കുരിശടി ആശിർവാദം നടത്തി. പുതുവര്ഷത്തോട് അനുബന്ധിച്ചു അഞ്ചുദിവസത്തെ ബൈബിൾ കൺവെൻഷൻ നടത്തുകയും മാതാമല തീർത്ഥാടനത്തിന് തുടക്കം കുറിക്കുകയും ചെയ്തു. കുറിച്ചി, കുട്ടമല ദേവാലയങ്ങളിലെ അംഗങ്ങളെ ഉൾപ്പെടുത്തി തീർഥാടന കമ്മിറ്റി രൂപീകരിച്ചു.

യേശുക്രിസ്തുവിനെ കുരിശു മരണത്തിലൂടെ സഹനവും സ്നേഹവും രക്ഷാകര യാഥാർത്ഥ്യമായി. ആ യാഥാർഥ്യമാണ് ഇന്ന് മാതാമലയിൽ നാം ദർശിക്കുന്നത്. ഫാ. അദേയൊദാത്തൂസിന്റെ ദീർഘവീക്ഷണവും തുടർന്നുവന്ന വൈദികരുടെയും പരിശ്രമഫലമായി മാതാമല വലിയൊരു വിശ്വാസകേന്ദ്രമായി മാറിയിരിക്കുന്നു. വിശ്വാസ പ്രഘോഷണത്തിന്റെ 38 വർഷം തികയുമ്പോൾ പോയകാലത്തെ നന്മകൾ അനുസ്മരിച്ചുകൊണ്ട്, അനേകർക്ക് ആശ്വാസം ലഭിക്കുന്ന തീർഥാടന കേന്ദ്രമായി മാതാമലയെ രൂപപ്പെടുത്തുവാനുള്ള പരിശ്രമം ഇവിടുത്തെ ഇടവകകളും വിശ്വാസി സമൂഹവും തുടർന്നുകൊണ്ടേയിരിക്കുന്നു.

മാതാമല തീർഥാടന കേന്ദ്രം
സെന്റ് ജോസഫ് ഇടവക, കണ്ടംതിട്ട
ഉണ്ടൻകോട് ഫൊറോന
നെയ്യാറ്റിൻകര ലത്തീൻ രൂപത

Trivandrum Media Commission

Comment here