Obituary

മലയാളിയായ ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതി കാലം ചെയ്തു

ടോക്കിയോ: ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതിയും കേരളത്തിലെ സീറോ മലബാര്‍ എറണാകുളം അങ്കമാലി അതിരൂപതാംഗമായ ആര്‍ച്ച് ബിഷപ്പ് ജോസഫ് ചേന്നോത്ത് (77) അന്തരിച്ചു. ഇന്നലെ രാത്രി വൈകിയാണ് അന്ത്യം. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന്അദ്ദേഹത്തെ ടോക്കിയോയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

1943 ഒക്ടോബര്‍ 13ന് ​ ചേര്‍ത്തലയില്‍‍ ജനിച്ച ആര്‍ച്ച് ബിഷപ്പ് ജോസഫിന് അഞ്ച് സഹോദരന്മാരും രണ്ട് സഹോദരിമാരുമുണ്ട്. 1960ലാണ് എറണാകുളം സെമിനാരിയില്‍ ചേര്‍ന്ന് വൈദികപഠനം ആരംഭിച്ചത്. ആലുവ മേജര്‍ സെമിനാരിയില്‍ ഫിലോസഫി പഠനത്തിനു ശേഷം 1963ല്‍ റോമില്‍ ഉപരിപഠനത്തിന് ചേര്‍ന്നു. റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബാന യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിലോസഫിയിലും തിയോളജിയിലും ബിരുദമെടുത്തു.

1969 മെയ് നാലിന് ഓസ്ട്രിയായില്‍ വച്ച് വൈദിക പട്ടം സ്വീകരിച്ചു. 1973ല്‍ വീണ്ടും റോമിലേക്ക് പോയ ആര്‍ച്ച് ബിഷപ്പ് ജോസഫ് കാനോന്‍ നിയമത്തിലും ഡോക്ടറേറ്റ് നേടി. ലാറ്റിന്‍, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍, ചൈനീസ് എന്നീ ഭാഷകളും പഠിച്ചു. 1977 ൽ വത്തിക്കാന്‍റെ നയതന്ത്ര സേവനത്തിൽ പ്രവേശിച്ച അദ്ദേഹം കാമറൂൺ, തുർക്കി, ഇറാൻ എന്നിവിടങ്ങളിലെ പോണ്ടിഫിക്കൽ മിഷനുകളിൽ പ്രവർത്തിച്ചു. പോള്‍ ആറാമന്‍ പാപ്പയാണ് ആര്‍ച്ച് ബിഷപ്പ് ജോസഫിനെ മോണ്‍സിഞ്ഞോര്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. 1999 ഓഗസ്റ്റ് 24ന് ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ, അദ്ദേഹത്തെ ആര്‍ച്ച്ബിഷപ്പായി നിയമിച്ചു.

തുടര്‍ന്ന് ടാന്‍സാനിയ, തായ്വാന്‍ തുടങ്ങി നിരവധി രാജ്യങ്ങളില്‍ വത്തിക്കാന്റെ നയതന്ത്ര പ്രതിനിധിയായി സേവനം അനുഷ്ഠിച്ച ആര്‍ച്ച് ബിഷപ്പ് ജോസഫ് ചേന്നോത്ത് 2011-ലാണ് വത്തിക്കാന്റെ ജപ്പാനീസ് അംബാസിഡറായി സ്ഥാനമേല്‍ക്കുന്നത്. 1986ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയോടൊപ്പം കേരളം സന്ദര്‍ശിച്ച സംഘത്തിലും അംഗമായിരുന്നു.

അദ്ദേഹത്തിന്റെ ശവസംസ്കാര വിശദാംശങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 
Trivandrum Media Commission

Comment here