InternationalMinistryWith the Pastor

മറിയത്തിന് പുതിയ ശീർഷകം നൽകാൻ ഫ്രാൻസിസ് പാപ്പക്ക് മെത്രാൻമാരുടെ അഭ്യർഥന : കത്തിൽ ഒപ്പിട്ട് കർദിനാൾ ടോപ്പോ

ലോകം കൊറോണ വൈറസ് പകർച്ചവ്യാധിയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ പരിശുദ്ധമറിയത്തെ “സകല ജനപദങ്ങളുടെയും ആത്മീയമാതാവ്” (Spiritual Mother of all Peoples) എന്ന വിശേഷണം നൽകണമെന്ന് ഫ്രാൻസിസ് പാപ്പക്ക് മെത്രാന്മാരുടെ അഭ്യർഥന. പാപ്പയോട് അഭ്യർഥന നടത്തിയ മെത്രാന്മാരിൽ ഇന്ത്യയിൽ നിന്നു കർദിനാൾ ടെലസ്‌ഫോർ ടോപ്പോയും ഉൾപ്പെടുന്നു. 2019 ഓഗസ്റ്റിൽ ഇതേ ആവശ്യം ഉന്നയിച്ചു മാർപ്പാപ്പയ്ക്ക് കത്ത് നൽകിയിരുന്നുവെന്നും വ്യക്തിപരവും സാമൂഹിക രാഷ്ട്രീയ സാമ്പത്തിക മാനുഷികതലങ്ങളിൽ ലോകം വലിയതോതിൽ ദുരന്തത്തെ അഭിമുഖീകരിക്കുന്ന ഈ സാഹചര്യത്തിൽ വീണ്ടും അഭ്യർഥിക്കുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു. 2 കർദിനാൾമാരും 6 മെത്രാന്മാരും ചേർന്നാണ് കത്ത് തയാറാക്കിയത്.

“ഇവിടെ, യഥാർത്ഥത്തിൽ ഒരു ധാർമികയുദ്ധം തന്നെ വേണം. മാനവികതയ്ക്ക് ഇപ്പോൾ ഒരു പരിവർത്തനത്തിന്റെ ആവശ്യകതയുണ്ട്. കർത്താവായ യേശുവിൽ നിന്നും അവന്റെ അമ്മയിൽ നിന്നും മാത്രമേ ലഭിക്കുകയുള്ളൂ.” എന്ന അവർ പ്രതിപാദിക്കുന്നു.
ഏഷ്യയെ പ്രതിനിധീകരിച്ച കർദിനാൾ ടോപ്പൊയ്ക്ക് പുറമെ മധ്യഅമേരിക്കയിൽ നിന്ന് കർദിനാൾ ജുവാൻ സാൻഡോവൽ (മെക്സിക്കോ), ആഫ്രിക്കയിൽ നിന്ന് ആർച്ച്ബിഷപ് ഫെലിക്സ് ജോബ് (നൈജീരിയ), യൂറോപ്പിൽ നിന്ന് ബിഷപ് ജോൺ കീനൻ (സ്കോട്ട്ലൻഡ്), വടക്കേ അമേരിക്കയിൽ നിന്ന് ബിഷപ് ഡേവിഡ് റിക്കൻ (അമേരിക്ക), തെക്കേ അമേരിക്കയിൽ നിന്ന് ബിഷപ് അന്റോണിയോ ബാസെറ്റോ (അർജന്റീന) എന്നിവർക്കൊപ്പം സിറിയൻ കത്തോലിക്കാ ആർച്ച്ബിഷപ്‌ ഡെനിസ് റാബൗള ആന്റോയിൻ, ലെബനീസ് ആർച്ച്ബിഷപ് നബീൽ ഹേഗും കത്തിൽ ഒപ്പുവച്ചു. റാഞ്ചി മുൻ ആർച്ച്ബിഷപ് ആയിരുന്ന കർദിനാൾ ടോപ്പോ സിബിസിഐ മുൻ പ്രസിഡന്റ് ആയിരുന്നു.

മെത്രാന്മാരുടെ ഈ അഭ്യർത്ഥന വളരെയധികം പ്രാധാന്യമർഹിക്കുന്നുണ്ടെന്നു മാരിയോളജിസ്റ്റ് മാർക്ക് മിരാവലെ അഭിപ്രായപ്പെട്ടു. മാർപ്പാപ്പ മറിയത്തെ സകലജനപദങ്ങളുടെയും ആത്മീയമാതാവായി പ്രഖ്യാപിക്കുമ്പോൾ മാത്രമേ, ആ ശീർഷകത്തിൽ കഷ്ടതയനുഭവിക്കുന്ന മനുഷ്യർക്കുവേണ്ടി മാധ്യസ്ഥം വഹിക്കാൻ അവൾക്ക് സ്വാതന്ത്ര്യമുണ്ടാകൂ. മാത്രമല്ല, മറിയത്തിന്റെ ആത്മീയ മാതൃത്വത്തിൽ അവിഭാജ്യമെന്ന് സഭ പരമ്പരാഗതമായി വിശ്വസിക്കുന്ന മൂന്നു ശീര്ഷകങ്ങൾ – സർവ്വ വരപ്രസാദ നാഥ, അഭിഭാഷക, സഹരക്ഷക – ഈ പ്രഖ്യാപനത്തിനു ശക്തമായ അടിത്തറ നൽകുന്നു. സഭ പ്രതിസന്ധിയിലായിരിക്കുമ്പോഴെല്ലാം അവൾ മറിയത്തെ സമീപിക്കുമെന്ന ഉറച്ച പാരമ്പര്യമുണ്ട്, ചരിത്രപരമായ രീതിയിൽ അവളുടെ മുഴുവൻ മധ്യസ്ഥതയും നമുക്ക് ഇപ്പോൾ ആവശ്യമാണ്. ഫ്ലോറിഡയിലെ ആവേ മരിയ സർവകലാശാലയിലെ മരിയോളജി പ്രൊഫസർ കൂടിയാണ് മാർക്ക്.

Trivandrum Media Commission

Comment here