State

മനുഷ്യാവകാശ ധ്വംസനങ്ങൾ ജനാധിപത്യ ഇന്ത്യക്ക് കളങ്കം: ബിഷപ്പ് ഡോ. അലക്സ് വടക്കുംതല


ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ടങ്ങളിൽ ഒന്നായ ഇന്ത്യയ്ക്ക്‌ കളങ്കമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മനുഷ്യാവകാശ ലംഘന പ്രവർത്തനങ്ങൾ എന്ന് കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല. റാഞ്ചിയിലെ ആദിവാസികളുടെ സമുന്നതമായ ഉന്നമനത്തിനു വേണ്ടി പാവപ്പെട്ടവനോട് കാരുണ്യം കാണിച്ചു കൊണ്ട് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുവാൻ ഈശോസഭാ വൈദീകനായ റവ. ഫാ. സ്റ്റാൻ സ്വാമി നടത്തിവരുന്ന മനുഷ്യാവകാശ പ്രവർത്തനങ്ങളെ തെറ്റിദ്ധരിപ്പിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു നടത്തിയ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യയിൽ അരങ്ങേറുന്ന തീവ്രമനുഷ്യാവകാശ ലംഘനങ്ങൾ രാജ്യത്തിന് തീർത്തും നാണക്കേടാണെന്നും, അത് ലോകസമക്ഷം നമ്മുടെ പൈതൃകത്തിനും അഭിമാനത്തിനും കളങ്കം ഏൽപ്പിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഹത്രാസിലെ ദളിത് പെൺകുട്ടിക്കുണ്ടായ ക്രൂര പീഡനവും, അതേത്തുടർന്ന് അരങ്ങേറിയ നീതി നിഷേധവും എല്ലാം ഇന്നിന്റെ വലിയ തിന്മകളാണെന്നു അദ്ദേഹം ഓർമിപ്പിച്ചു.


മെഴുകുതിരി കത്തിച്ചു കൊണ്ട് കണ്ണൂർ കാൽട്ടെക്സ് ഗാന്ധി സ്‌ക്വറിൽ നടത്തിയ കൂട്ടായ്മയിൽ ഈശോസഭാംഗം റവ. ഫാ. ജോ മാത്യു SJ, കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് ശ്രീ. ആന്റണി നൊറോണ, കെഎൽസിഎ കണ്ണൂർ രൂപത പ്രസിഡന്റ് ശ്രീ. രതീഷ് ആൻറണി, എൻകെഡിസിഎഫ് രൂപത ട്രഷറർ ശ്രീ. ജെറി, ഉർസുലൈൻ സന്യാസസഭ പ്രൊവിൻഷ്യൽ റവ. സി. വീണ, സെൻറ് മൈക്കിൾസ് സ്‌കൂൾ പ്രിൻസിപ്പൽ റവ. ഫാ. ജോൺ ഫ്രാൻസിസ് SJ എന്നിവർ സംസാരിച്ചു.

Trivandrum Media Commission

Comment here