Obituary

മത്സ്യത്തൊഴിലാളി നേതാവ് ലാൽ കോയിപ്പറമ്പിൽ അന്തരിച്ചു.

വള്ളം വലിച്ച് റോഡിൽ കയറ്റി സമരം പ്രഖ്യാപിക്കുന്ന നേതാവ്. പങ്കായങ്ങളേക്കാൾ കരുത്തുള്ള മുഷ്ടികൾ ഉയർത്തി മുദ്രാവാക്യം വിളിക്കുന്ന തൊഴിലാളികളുടെ മുന്നിൽ നിൽക്കുന്ന നേതാവ് – ലാൽ കോയിൽപ്പറമ്പിൽ. മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി സമര മുഖങ്ങൾ തുറക്കുകയും മത്സ്യത്തൊഴിലാളികൾക്ക് മേൽവിലാസം ഉണ്ടാക്കിക്കൊടുക്കുകയും ചെയ്ത നേതാവായിരുന്നു ലാൽ കോയിൽപ്പറമ്പിൽ. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കു വേണ്ടി ഒന്നര ദശാബ്ദം പോരാട്ടം നടത്തിയ ലാൽ ഒരു ദശാബ്ദത്തോളം യന്ത്രവൽകൃത ബോട്ട് തൊഴിലാളികൾക്കും പഴ്സസീൻ ബോട്ടുകാർക്കും വേണ്ടി നേതൃത്വമെടുത്തു.
കത്തോലിക്ക യുവജന പ്രസ്ഥാനമായ കെസിവൈഎമ്മിന്റെ ആലപ്പുഴ രൂപതാ പ്രസിഡന്റും സംസ്ഥാന ട്രഷററും ജനറൽ സെക്രട്ടറിയും ആയി സാമൂഹിക രംഗത്ത് സജീവമായി. ഗൂഢല്ലൂർ കുടിയേറ്റ കർഷകർക്കു നേരെ തമിഴ്നാട്, കേരള സർക്കാർ കുടിയിറക്ക് നടപടി സ്വീകരിച്ചപ്പോൾ അതിനെതിരെ കെസിവൈഎം ലാലിന്റെ നേതൃത്വത്തിൽ സംസ്ഥാന തല ജീപ് ജാഥ നടത്തി. മുൻ ആലപ്പുഴ രുപത ബിഷപ് പീറ്റർ ചേനപ്പറമ്പിൽ പിതാവ് ലാലിന് നൽകിയ പ്രോത്സാഹനം പ്രത്യേകം സ്മരിക്കുന്നു.
കേരളത്തിന്റെ കടൽ തീരത്ത് ജൂൺ, ജൂലെെ, ഓഗസ്റ്റ് മാസങ്ങളിൽ യന്ത്രവൽകൃത ബോട്ടുകൾ നടത്തിവന്ന ട്രോളിങ് മത്സ്യബന്ധനം നിരോധിക്കണം എന്നാവശ്യപ്പെട്ട് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ 1983 ൽ ആരംഭിച്ച സമരം 1985 ൽ ശക്തി പ്രാപിച്ചു. ആ സമര മുഖത്തേക്കായിരുന്നു പിന്നീട് ലാൽ കടന്നു വന്നത്. വിമോചന ദൈവശാസ്ത്രവും കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവർത്തിച്ച ബീച്ച് ബ്ളോസം പ്രോജക്ടും ലാലിനെ സ്വാധീനിച്ചിരുന്നു. ഫെഡറേഷന്റെ നേതാക്കളായിരുന്ന ഫാ.ജോസ് കളീക്കൽ, ഫാ. കോച്ചേരി, സിസ്റ്റർ ആലീസ്, സിസ്റ്റർ ഫിലമെൻ മേരി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ നിരാഹാരം അനുഷ്ഠിച്ചപ്പോൾ സംസ്ഥാന വ്യാപകമായി പ്രക്ഷോഭത്തിനു ലാൽ നേതൃത്വം നൽകി. സമരത്തിൽ അറസ്റ്റിലായ ലാൽ ആഴ്ചകൾ ജയിലിൽ കിടന്നു. 1988 മുതൽ 1994 വരെ ഫെഡറേഷന്റെ പ്രസിഡന്റായിരുന്നു. ഇക്കാലത്ത് ആണ് മത്സ്യമേഖലയുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്കു വേണ്ടി സംസ്ഥാന വ്യാപകമായി ലാൽ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകിയത്. സെക്രട്ടറിയേറ്റ് ഉൾപ്പെടെ ജില്ലാ കേന്ദ്രങ്ങളിൽ നടത്തിയ സമരം പലയിടത്തും അക്രമാസക്തമായി. തൊഴിലാളികൾക്കൊപ്പം അറസ്റ്റിലായ ലാൽ ജയിൽ വാസം അനുഭവിച്ചു. കടൽ തീരത്ത് ബോട്ടുകൾ ആങ്കർ ചെയ്യുന്നതിനെതിരെ 1993 ൽ നീണ്ടകരയിലും ആർത്തുങ്കലും ശക്തമായ തൊഴിലാളി സമരം നടത്തി. സമരക്കാർ നീണ്ടകരയിൽ ബോട്ട് കത്തിച്ചു. ഇതിന്റെ പേരിൽ അറസ്റ്റിലായ ലാലിനെ മാവേലിക്കര സബ് ജയിലിൽ അടച്ചു. കൊച്ചിയിലും മുനമ്പത്തും ബോട്ട് തൊഴിലാളികളെ സംഘടിപ്പിച്ചതും ലാൽ ആയിരുന്നു. കേരള പഴ്സീൻ ബോട്ട് യൂണിയൻ സ്ഥാപിച്ച് അവരുടെ അവകാശങ്ങൾക്കു വേണ്ടിയും സമരങ്ങൾ നടത്തി. 1996 ൽ സംസ്ഥാനത്ത് മത്സ്യത്തൊഴിലാളി സംഘടനകൾ ചേർന്നുണ്ടാക്കിയ സംസ്ഥാന സമര സമിതിയുടെ ചെയർമാനായിരുന്നു ലാൽ. എ.കെ.ആന്റണി മുഖ്യമന്ത്രിയായ തിരഞ്ഞെടുപ്പിൽ ആർത്തുങ്കൽ ഹാർബർ വാഗ്നദാനം ചെയ്തത് ലാലിന്റെ ആവശ്യ പ്രകാരമായിരുന്നു. പല തവണ നിയമസഭയിലേക്ക് മത്സരിക്കാൻ പരിഗണിച്ചെങ്കിലും ലാൽ തയ്യാറല്ലായിരുന്നു. സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനു അർത്തുങ്കലിൽ സ്വന്തമായി സ്ഥലവും കെട്ടിടവും ലാലിന്റെ ശ്രമഫലമാണ്. ഇവിടെ വനിതകൾക്കു വേണ്ടി ബുക്ക് ബൈൻഡിങ് യൂണിറ്റും കയർ ഉൽപ്പന്ന നിർമാണ യൂണിറ്റും സ്ഥാപിച്ചു. മത്സ്യത്തൊഴിലാളി മേഖലയിലെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി ട്യൂഷൻ സെന്ററുകളും തുടങ്ങി. കൊച്ചിയിൽ ബോട്ട് തൊഴിലാളികളുടെ സമര പ്രക്ഷോഭ സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ടിരിക്കേ ഉണ്ടായ അസ്വസ്തയെ തുടർന്നു ചികിത്സയിലായിരുന്നു. വീണ്ടും സജീവമായെങ്കിലും പഴയ സമര മുഖങ്ങളിലേക്ക് തിരിച്ചു വരാനായില്ല.
ലാൽ 1985 -90 കാലഘട്ടത്തിെലെ കെസിവൈഎം പ്രവർത്തകർക്ക് ആവേശമായിരുന്നു. ലാൽ ഒരു തീജ്വാലയായിരുന്നു. ലാലുമായി സഹകരിച്ച 1984 – 90 കാലഘട്ടത്തിലെ ഓർമകൾ നിരവധിയുണ്ട്….
(കടപ്പാട്- ക്ലീറ്റസ് കളത്തിൽ)

Trivandrum Media Commission

Comment here