Vizhinjam Port

മത്സ്യതൊഴിലാളികൾക്ക് വിഴിഞ്ഞം തുറമുഖം കൊണ്ട് പ്രയോജനം ഉണ്ടാകുമോ? Dr. സുജന്‍ അമൃതം

ഒരു കൊച്ചു കഥ: ഒരു മീന്പിടുത്തക്കാരൻ തന്റെ വീട്ടിൽ നിന്നും അകലെ അല്ലാത്ത കായലിന്റെ ഓരത്തു നിന്ന് ചൂണ്ടയിട്ടു മീൻ പിടിക്കുകയായിരുന്നു. അതിലെ വന്ന പഠിപ്പുള്ള ഒരു മനുഷ്യൻ അദ്ദേഹത്തോട് പറഞ്ഞു, നിങ്ങൾക്ക് ഇത് കൊണ്ട് എന്ത് കിട്ടാനാണ്? മീൻപിടുത്തക്കാരൻ ചോദിച്ചു, പിന്നെ ഞാൻ എന്ത് ചെയ്യണം? പഠിപ്പുള്ളവൻ പറഞ്ഞു, നിങ്ങൾ ഒരു വഞ്ചി കടമായിട്ടാണെങ്കിലും വാങ്ങിക്കണം. മീൻ കൂടുതൽ പിടിക്കാൻ സാധിക്കും. മീൻപിടുത്തക്കാരൻ ചോദിച്ചു,, എന്നിട്ടോ? പഠിപ്പുള്ളവൻ, മീൻ കൂടുതൽ പിടിച്ച് കൂടുതൽ പൈസ കിട്ടിയാൽ ഒരു വള്ളം വാങ്ങിച്ചു കൂടുതൽ പേരെ നിയമിച്ചു മീൻ പിടിക്കണം. മീൻപിടുത്തക്കാരൻ ചോദിച്ചു, എന്നിട്ടോ? എന്നിട്ട് നിങ്ങൾക്ക് ഒരു ബോട്ട് വാങ്ങിച്ചു, പിന്നെ കപ്പൽ വാങ്ങിച്ചു, അങ്ങനെ കൂടുതൽ കൂടുതൽ സമ്പാദ്യം കിട്ടും. മീൻപിടുത്തക്കാരൻ ചോദിച്ചു, എന്നിട്ടോ? സുഖമായി നിങ്ങൾക്ക് ഇവിടെ വന്ന് കാറ്റു കൊണ്ടു ചൂണ്ടയിൽ പിടിച്ചു വിശ്രമ ജീവിതം നയിക്കാം. അപ്പോൾ അറിവില്ലാത്ത മീന്പിടിത്തക്കാരൻ ചോദിച്ചു, പിന്നെ ഇപ്പോൾ ഞാൻ അതല്ലേ ചെയ്യുന്നത്?

ഞാൻ എന്തിനാണ് പിന്നെ താങ്കൾ പറഞ്ഞ കാര്യങ്ങളുടെ പിറകെ പോകേണ്ടത്?

ഒരു വ്യക്തി, സമുദായം, സമൂഹം, വളരണമെങ്കിൽ അതിന് പണത്തിന്റെ ബലമുണ്ടെങ്കിലേ പറ്റു എന്ന് പറയുന്നത് എങ്ങനെ ശരിയാകും? ഒരു വ്യക്തിക്ക്, സമുദായത്തിന്, സമൂഹത്തിന്, ഇഷ്ടമുള്ള ജോലി, തിരഞ്ഞെടുക്കാനും, പണക്കാരനായിട്ടോ, ഇനി പാവപ്പെട്ടവനായിട്ടു തന്നെയോ, തുറമുഖത്തിനകത്തോ, പുറത്തോ ജോലി ചെയ്യാനും ചെയ്യാതിരിക്കാനും സ്വാതന്ത്ര്യം ഉണ്ട്. ഒരു മീൻപിടുത്തക്കാരൻ ആയതുകൊണ്ട് അവനെകുറിച് മീൻപിടുത്ത സമൂഹത്തിനു ഉത്തരവാദിത്തമുണ്ടെന്നും ഒരു മീൻപിടുത്തക്കാരൻ ഇങ്ങനെയൊക്കെയെ ആകാവൂ എന്ന് തീരുമാനിക്കാൻ നിങ്ങൾക്ക് എന്തവകാശം അഥവാ നിങ്ങൾ ആരാണ്? ഇവിടെ എത്രയോ ജോലികൾ ഉണ്ട്, ഇവിടെ ബംഗാളികൾ വന്നു ചെയ്യുന്ന ജോലിയും കേരളീയന് ചെയ്താൽ അന്നന്നു കഴിഞ്ഞുകൂടെ,  ഒരു പക്ഷെ അതിനുമപ്പുറവും. പിന്നെ മത്സ്യതൊഴിലാളിയുടെ സഹോദരർ ടീച്ചർ, ഡോക്ടർ ആയാലേ നിങ്ങള്ക്ക് ഉറക്കം വരുകയുള്ളോ. ഇത് ഇങ്ങനെയൊക്കെയേ ആകാവൂ എന്ന് തീരുമാനിക്കാനും ഒരുവന്റെ വ്യക്തിപരമായ തീരുമാനങ്ങളിൽ കൈ കടത്താനും നിങ്ങൾക്കു അനുവാദം തന്നത് ആരാണ്? ചില മത്സ്യതൊഴിലാളികൾ ഇങ്ങനെ വിചാരിക്കുകയാണ് എന്ന് കരുതുക, അവർക്ക് അമേരിക്ക, ഗൾഫ്, പോർട്ട് ജോലി ഒന്നും വേണ്ട, അവർക്ക് സാധാരണ മത്സ്യതൊഴിലാളി ആയി ജീവിച്ചാൽ മതി എന്ന്. അങ്ങനെ ചിന്തിക്കുന്നതിനു ഇപ്പോൾ എന്താണ് കുഴപ്പം? നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ, നിങ്ങൾ നിങ്ങളുടെ മക്കളെ അമേരിക്ക, കാനഡ, ഗൾഫ്, ഗവണ്മെന്റ് ഉദ്യോഗം, തുറമുഖ ജോലി എന്ത് വേണമെങ്കിലും അയിക്കോ. എന്തിനാ മറ്റുള്ളവരുടെ കാര്യത്തിൽ ഇങ്ങനെയേ ആകാവൂ എന്ന് നിർബന്ധം പിടിക്കുന്നത്?

കുടിയും വലിയും ഇല്ലെങ്കിൽ കൃത്യമായി മീൻപിടുത്തം ഉള്ള ഒരാൾക്ക്, മക്കളേ നല്ല രീതിയിൽ വളർത്താൻ സാധിക്കും. മത്സ്യബന്ധന തൊഴിൽ ഇല്ലാത്ത നാളുകളിൽ വേറെ തൊഴിൽ ചെയ്യാനുള്ള പരിശീലനം കിട്ടിയാൽ മതി. എല്ലാം ദിവസവും കൃത്യം സമയത്ത് പോകേണ്ട ഗവണ്മെന്റ്, തുറമുഖം, മറ്റു ജോലികൾ, എന്നിവക്ക് പോകാൻ താല്പര്യം ഇല്ലാത്ത ഒരാൾക്ക് എന്തിനാ സമുദായത്തിന്റെ പേരിൽ നിർബന്ധിക്കുന്നത്. അതിന്റെ പേരിൽ സ്വന്തം കിടപ്പാടവും, തൊഴിലും, നാടും, വീടും, പോർട്ട് നിർമ്മിക്കാൻ മത്സ്യ തൊഴിലാളികൾ വിട്ടികൊടുക്കേണ്ടത്? ആളുകൾ  മീൻപിടുത്തം ഉപേക്ഷിച്ചു, പോർട്ട് നിർമ്മിക്കാൻ നിന്നു കൊടുക്കേണ്ടത്? തീരം നഷ്ടപ്പെടുത്തേണ്ടത്? അവനവൻ ഇഷ്ടമുള്ള ജോലി ചെയ്യാനും , ഇഷ്ടമുള്ള സ്ഥലത്തു ജീവ്ക്കാനും തടസപ്പെടുത്തുന്നത്? സമുദായത്തിന്റെ ‘വികസനത്തിന്റെ’ പേര് പറഞ്ഞു, ജോലി കിട്ടും പണം കിട്ടും എന്ന് പറഞ്ഞു, എന്തിന് നാടും വീടും ജോലിയും ഉപേക്ഷിക്കാനും ആവശ്യപ്പെടുന്നത്, അതിന്റെ പേരിൽ അവിടെ നിന്നും ആട്ടിപായിക്കുന്നത്?

അപ്പോൾ മുമ്പ് പറഞ്ഞ കഥയെ ദുർവ്യാഖ്യാനം ചെയ്ത് പലരും  ചോദിക്കും, മുക്കുവ സമുദായം ഇങ്ങനെ വികസിക്കാതെ കിടന്നാൽ മതിയോ? അങ്ങനെ അല്ലല്ലോ, വളരുന്നുണ്ടല്ലോ. മറ്റു വിദേശ രാജ്യങ്ങളിൽ ജോലി, സർക്കാർ ഉദ്യോഗങ്ങൾ, മറ്റു ജോലികൾ, ചെയ്യുന്നരുണ്ട്. ഇവിടെ, വ്യക്തികൾക്ക് സ്വാതന്ത്ര്യം ഉണ്ട് -അവർ എങ്ങനെ ജീവിക്കണം, ഏതു ജോലി ചെയ്യണം, എവിടെ പോകണം എന്നൊക്കേ തീരുമാനിക്കാൻ. അല്ലേ, ഇന്ന ജോലിയെ ചെയ്യാവൂ, എന്ന് പറയാൻ നിങ്ങൾ ആരാ? അതിന്റെ പേരിൽ കിടപ്പാടവും തീരവും മീൻതൊഴിലും ഉപേക്ഷിക്കാൻ തയ്യാറാകാത്തവർ ഉണ്ട്. അവർക്ക് അങ്ങനെ നിലപാട് എടുക്കാൻ എന്താ സ്വാതന്ത്ര്യം ഇല്ലേ?

സമുദായ ഉന്നമനം ലക്ഷ്യമാക്കി നടത്തുന്ന എന്ത് പ്രവർത്തനമോ, നിയമത്തിനു വേണ്ടിയുള്ള പോരാട്ടമോ ആയാലും, അത് ആ സമുദായത്തിലെ ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യത്തെ (ഏതു ജോലി, പണം, വിദ്യാഭ്യാസം വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യത്തെ) ചോദ്യം ചെയ്യുന്നതാകരുത്. ഗവണ്മെന്റ് ആയാലും അത് തന്നെയാണ് (അല്ലെങ്കിൽ അത് dictator മോഡൽ ഗവണ്മെന്റ് ആകും).

അതുകൊണ്ട് വികസനം എന്നാൽ, ഒരു വ്യക്തിയുടെ സ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ടുള്ള, സാമ്പത്തിക വികസനം അല്ല. മുമ്പ് ഞാൻ ചില പോസ്റ്റുകളിൽ പറഞ്ഞതുപോലെ, വികസനത്തിന്റെ പുതുപുത്തൻ കാഴ്ചപ്പാട് എന്ത് എന്ന് അവതരിപ്പിച്ചതിനു, നോബൽ സമ്മാനം കിട്ടിയത് വ്യക്തിയാണ് അമർത്യ സെൻ.

സെന്നിനു നോബൽ സമ്മാനം കിട്ടിയ പുസ്തകത്തിന്റെ പേരു തന്നെ ‘Development is freedom’ (‘വികസനം എന്നാൽ സ്വാതന്ത്ര്യം’) എന്നാണ്. (കൂടുതൽ ഇതിനെ കുറിച്ച് വിവരിക്കാൻ ഈ post ഇപ്പോൾ തന്നെ നീണ്ടു പോയതിനാൽ എന്നെ അനുവദിക്കുന്നില്ല). ഇതിന്റെ രത്‌നചുരുക്കം എന്ന് പറയുന്നത്, സമുദായ, സഹജീവി സ്‌നേഹം വേണ്ടെന്നല്ല (ആവോളം ആകാം താനും), മറിച്, അത് നാം സഹായിക്കാൻ പോകുന്ന ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യത്തെ (അവൻ/അവൾ തിരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്ന ജോലിയും മറ്റും ഉദാഹരണം) ഹനിച്ചുകൊണ്ടാകരുത്. ഇതിനർത്ഥം, ഞാൻ വിവരിച്ച കഥയിലെ പോലെ, ചൂണ്ട മീൻപിടുത്തവുമായി ചുരുങ്ങി, ബോട്ടുകളോ, യന്ത്രംവൽകൃത സാമഗ്രികളോ, കപ്പൽ, ബോട്ടുകൾ വേണ്ടെന്നല്ല, മറിച് ആ കഥയിൽ ഒരു കഥാ തന്തു ഉണ്ട്, അതിതാണ്, ആവശ്യമുള്ളവർ യന്ത്രവൽക്കരണ ബോട്ടുകളോ കപ്പലുകളോ വാങ്ങിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുക (എനിക്കും അതിനോട് യോജിപ്പ് ഉണ്ട്), എന്നാൽ അങ്ങനെ ആകാൻ താല്പര്യം ഇല്ലാത്തവർ ഉണ്ടാകാം, അവരോട് വികസനം എന്നാൽ യന്ത്രനിർമ്മിതമായ സാമഗ്രികൾ ഉപയോഗിച്ചാലേ വികസനം ആകൂ എന്ന് നിര്ബന്ധിക്കരുത് – ഓരോരുത്തരുടെ സ്വാതന്ത്ര്യം വിലമതിക്കുക. സാമ്പത്തില്ലെങ്കിൽ വികസനം ഉണ്ടാവില്ലല്ലോ എന്നതിന് ഉത്തരം, സാമൂഹിക വികസനവും സാമ്പത്തിക വികസനത്തിന് കാരണമാകാം എന്നുള്ളത് കൊണ്ടു, ആ വാദത്തിൽ മാത്രം മുറുകെ പിടിക്കേണ്ട ആവശ്യം ഇല്ല.

മത്സ്യതൊഴിലാളികൾക്കും മക്കൾക്കും തുറമുഖത്തിൽ നിരവധി തോഴിലുകളും അവയുടെ പരിശീലനവും ചിലർ വാഗ്ദാനം ചെയ്യുന്നുണ്ട്, . ഏതോക്കേ ആണ് ആ തൊഴിലുകൾ: കാർഗോ,, ഇമിഗ്രേഷൻ, ടൂറിസം, ഭാഷാപരിജ്ഞാനം, നിർമാണ പ്രവർത്തനങ്ങൾ തുടങ്ങി അവരുടെ ഭാഷയിൽ,100 കണക്കിന് വിവിധ തൊഴിലുകൾ. ഇതെല്ലാം പരിശീലനം ആവശ്യപ്പെടുന്ന തൊഴിൽ ഇനങ്ങളാണ്. പക്ഷെ, അവയൊന്നും മത്സ്യ തൊഴിലാളികൾക്ക് അറിയാവുന്ന മത്സ്യബന്ധന കഴിവ് (skill) അല്ല ആവശ്യപ്പെടുന്നത്. ഇവർ ഇവരുടെ skill ഉപേക്ഷിച്ചു വേറെ skill പരിശീലിക്കുന്നതിനെ കുറിച്ചാണ് ഇതിനെ അനുകൂലിക്കുന്ന ചിലർ പറയുന്നത്. എന്തൊരു വിരോധാഭാസം!

Trivandrum Media Commission

Comment here