AnnouncementsNational

ഭാരത കത്തോലിക്ക സഭ,കോവിഡ് – 19 ഗുരുതരമായി വ്യാപിക്കുന്ന ഈ കാലയളവിൽ എന്തു ചെയ്തു?

കോവിഡ് – 19 ഗുരുതരമായി വ്യാപിക്കുന്ന ഈ കാലയളവിൽ ഭാരത കത്തോലിക്ക സഭ, ദുരിതബാധിതരായ ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് ആശ്വാസമായി വിവിധ മേഖലകളിൽ സഹായം ചെയ്യുന്നുണ്ട്.

വടക്കൻ മേഖല:
ജലന്ധർ രൂപത തങ്ങൾക്കു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും അടിയന്തിര ആരോഗ്യസഹായത്തിനായി സജ്ജമാക്കിയിട്ടുണ്ട്. രൂപതയുടെ അപ്പസ്തോലിക ഭരണാധികാരി ബിഷപ്പ് ആഞ്ചലോ ഗ്രേഷ്യസ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന് പിന്തുണയും ആവശ്യങ്ങളും ഉന്നയിച്ചുകൊണ്ട് കത്തയച്ചു. രൂപതയിലെ 140 കത്തോലിക്കാ സ്കൂളുകളെ കോവിഡ് -19 രോഗികൾക്കുള്ള ക്വാറൻ്റീൻ കേന്ദ്രങ്ങളാക്കി മാറ്റാൻ സന്നദ്ധത പ്രകടിപ്പിച്ചു. 25,000 പേരെ പാർപ്പിക്കാനുള്ള സൗകര്യമുണ്ടെന്നു രൂപതാ വൈദീകൻ ഫാ.സേവ്യർ താഴത്തുവീട്ടീൽ അറിയിച്ചു. ലോക്ക് ഡൗൺ സമയത്ത് ജോലി നഷ്ടപ്പെട്ട, കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികൾക്ക് ഭക്ഷണവും സഹായവും നൽകണമെന്ന് ബിഷപ്പ് ഗ്രേഷ്യസ് എല്ലാ പുരോഹിതരോടും നിർദ്ദേശിച്ചു.

ദക്ഷിണ മേഖല:
കേരളം
കോവിഡ് -19 ബാധയ്‌ക്കെതിരെ പോരാടാൻ കേരള കത്തോലിക്കസഭ, തങ്ങൾക്ക് കീഴിലുള്ള ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളുടെയും, ഉദ്യോഗസ്ഥരുടെയും വിപുലമായ ശൃംഖല, സംസ്ഥാന സർക്കാരിന് വാഗ്ദാനം ചെയ്തു. 3 മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ 200ഓളം ആശുപത്രികളാണ് കേരളത്തിലെ കത്തോലിക്ക സഭയ്ക്ക് കീഴിലുള്ളത്. ഈ പ്രതിസന്ധിയെ നേരിടാൻ സമൂഹത്തോടൊപ്പം നാം ഉണ്ടായിരിക്കേണ്ടതിനാലാണ് താൻ ഈ വാഗ്ദാനം നൽകിയതെന്ന് കെസിബിസി അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി പ്രസ്താവനയിൽ പറഞ്ഞു. വൈറസിനെക്കുറിച്ചും രോഗവ്യാപനത്തെക്കുറിച്ചും പൊതു അവബോധം സൃഷ്ടിക്കുന്നതിന് പ്രത്യേക മെഡിക്കൽ ടീമുകളെ രൂപീകരിക്കാനും സഭ നിർദ്ദേശിച്ചു. വിദ്യാർത്ഥികളുടെ ഹോസ്റ്റലുകളും മറ്റ് സൗകര്യങ്ങളും ആവശ്യപ്പെട്ട് സംസ്‌ഥാന ആരോഗ്യവകുപ്പ് സഭാധികാരികളെ സമീപിച്ചു. സഭയുടെ വാഗ്ദാനത്തെ കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അഭിനന്ദിച്ചു.

ദക്ഷിണ മേഖല:
തെലങ്കാന
ക്രിസ്ത്യൻ ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ(CHAI)യുടെ പ്രസിഡൻ്റും, ക്രിസ്ത്യൻ കൊളീഷൻ ഫോർ ഹെൽത്ത് ഇൻ ഇന്ത്യ(CCHI)യുടെ ഡയറക്ടർ ജനറലുമായ ഫാ. ഡോ. മാത്യൂ എബ്രഹാം C.Ss.R., കോവിഡിനെതിരെ പോരാടുന്നതിന് ഭാരതസർക്കാരുമായി സഹകരിക്കുന്നതിനുള്ള സന്നദ്ധത വാഗ്ദാനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിൽ, കോവിഡ് ചികിത്സയ്ക്കായി ഭാരതത്തിലുടനീളമുള്ള എല്ലാ ആശുപത്രികളും വിട്ടുതരുന്നതായി വാഗ്ദാനം ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യസംരക്ഷണ സംവിധാനങ്ങളിലൊന്നായ ക്രിസ്റ്റ്യൻ കോളിഷൻ ഫോർ ഹെൽത്ത് ഇൻ ഇന്ത്യയ്ക്ക് കീഴിൽ 60,000 കിടക്കകളുള്ള ആയിരത്തിലധികം ആശുപത്രികളുണ്ട്.

ദക്ഷിണ മേഖല:
കർണാടക
ബാംഗ്ലൂർ അതിരൂപത മെത്രാൻ മോസ്റ്റ് റവ. ഡോ. പീറ്റർ മച്ചാഡോയുടെയും, ഫാ. എഡ്വേർഡ് തോമസിന്റെയും മറ്റ് പുരോഹിതന്മാരുടെയും നേതൃത്വത്തിൽ ദുരിതബാധിതരെ പരിചരിക്കുന്നതിനുള്ള കർമപദ്ധതി ഏകീകരിച്ചു. എല്ലാ കത്തോലിക്കാ-ക്രിസ്ത്യൻ ആശുപത്രികളോടും ഡോക്ടർമാരോടും നഴ്സുമാരോടും ജോലിയിൽ ചേരാനും, രോഗികളെ, പ്രത്യേകിച്ച് കോവിഡ് ബാധിതരെ, പരിചരിക്കാനും ആർച്ച് ബിഷപ്പ് മച്ചാഡോ ഉദ്‌ബോധിപ്പിച്ചു. വർദ്ധിച്ചു വരുന്ന കൊറോണാ പോസിറ്റീവ് ബാധിതരായവരെ അഡ്മിറ്റ് ചെയ്യുന്നതിനായി കഴിയുന്നത്ര കിടക്കകളുള്ള ഒരു ബ്ലോക്കോ വിഭാഗമോ ആശുപത്രികളിൽ ഉണ്ടായിരിക്കണമെന്ന് അധികൃതരോട് അഭ്യർത്ഥിച്ചു. കുടിയേറ്റക്കാർക്കും ബാംഗ്ലൂരിൽ കുടുങ്ങിക്കിടക്കുന്നവർക്കും താമസിക്കാനായി സെന്റ് ഫിലോമിന സ്കൂൾ, റെയിൽ‌വേ കോളനി, സെന്റ് ജോസഫ്സ് സ്കൂൾ, ബ്രിയാൻ‌ഡ് സ്ക്വയർ, മൈസൂർ റോഡ്, സെന്റ് സേവ്യർ സ്കൂൾ, ശിവാജിനഗർ, ലൂർദ്‌ സ്കൂളുകൾ എന്നിവിടങ്ങളിൽ താൽക്കാലിക അഭയകേന്ദ്രങ്ങൾ സ്ഥാപിച്ചു.

കിഴക്കൻ മേഖല:
വടക്കുകിഴക്കൻ സംസ്ഥാനമായ അസമിൽ ആവശ്യമായ അതിജീവന റേഷൻ വിതരണം ചെയ്ത് കുടുംബങ്ങളെ സഹായിക്കുന്നതിനായി അസം ക്രിസ്ത്യൻ ഫോറം “ഓപ്പറേഷൻ റീച്ച്- ഔട്ട് “ആരംഭിച്ചു. പശ്ചിമ ബംഗാളിന്റെ അതിർത്തിയിലുള്ള മുരി ജില്ലയിൽ കുടുങ്ങിക്കിടക്കുന്ന ദരിദ്രർക്കും, കുടിയേറ്റക്കാർക്കും, തൊഴിലാളികൾക്കും, അവരുടെ കുടുംബങ്ങൾക്കും താമസിക്കാനായി ജാർഖണ്ഡിലെ റാഞ്ചി രൂപത അഭയകേന്ദ്രങ്ങൾ തുറന്നു. മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ജാർഖണ്ഡിൽ നിന്നുള്ള കുടിയേറ്റക്കാരെ സഹായിക്കാൻ ഭാരത കത്തോലിക്കാസഭയോട് അഭ്യർത്ഥിച്ചു.

പടിഞ്ഞാറൻ മേഖല:
ബോംബെ അതിരൂപത ആർച്ച് ബിഷപ്പ് കർദിനാൾ ഓസ്വാൾഡ് ഗ്രേസിയസിന്റെ നേതൃത്വത്തിൽ, മാറിവരുന്ന സാഹചര്യങ്ങളെ ദിനംപ്രതി വിശകലനം ചെയ്യുന്നതിനും വേണ്ട പ്രതികരിക്കുന്നതിനും ഒരു ക്രൈസിസ് മാനേജ്മെന്റ് ടീമിനെ രൂപീകരിച്ചു. ലോക്ക് ഡൗൺ സമയത്ത് പ്രവർത്തിക്കാത്ത സ്ഥാപനങ്ങളിലെ ജീവനക്കാരെ ഒരു കാരണവശാലും പുറത്താക്കാനോ, ശമ്പളം നിരാകരിക്കാനോ പാടുള്ളതല്ല എന്ന് അതിരൂപതയിലെ എല്ലാ പള്ളികളോടും സ്‌ഥാപനങ്ങളോടും കർദിനാൾ അഭ്യർത്ഥിച്ചു.

സെന്റർ ഫോർ സോഷ്യൽ ആക്ഷൻ എന്ന എൻ.ജി.ഒ., റായ്ഗഡ്, താനെ, മുംബൈ എന്നിവിടങ്ങളിലെ അവരുടെ ശൃംഖലയിലൂടെ 3000-ത്തിലധികം വീടുകളിലേക്കും പതിനായിരത്തിലധികം ഗുണഭോക്താക്കളിലേക്കും അവശ്യസാധനങ്ങൾ എത്തിക്കുന്നു.  

രൂപതയിലെ പള്ളികൾ ദുരിതബാധിതരെ സഹായിക്കുന്നതിനായി ഔട്ട്‌റീച്ച് പ്രോഗ്രാമുകൾ ആരംഭിച്ചു. മാഹിം സെന്റ്

മൈക്കിൾസ് ചർച്ച്: 6 കേന്ദ്രങ്ങളിലെ മുതിർന്ന പൗരന്മാർക്കും കുടിയേറ്റക്കാർക്കും ദിവസ വേതന തൊഴിലാളികൾക്കും ദിവസവും ഭക്ഷണപാക്കറ്റുകൾ വിതരണം ചെയ്യുന്നു.

പൊഖ്‌റാൻ (താനെ) ഔവർ ലേഡി ഓഫ് മേഴ്‌സി ചർച്ച്, താനെ: ജില്ലാ ഭരണകൂടവും നഗരസഭയും മറ്റ് സംഘടനകൾളുമായും സഹകരിച്ച് ദിവസവേതന/താത്കാലിക തൊഴിലാളികൾ, ആദിവാസികൾ എന്നിവർക്ക് ഭക്ഷണവും അവശ്യവസ്തുക്കളും നൽകുന്നു.
അന്ധേരി വെസ്റ്റ് ഗുഡ്

ഷെപ്പേർഡ് ചർച്ച്: പ്രദേശത്തെ അതിഥികൾക്കായുള്ള ദുരിതാശ്വാസ ക്യാമ്പിൽ സന്നദ്ധസേവനം നടത്തുന്നതിന് ഒരു സപ്പോർട്ട് ടീം രൂപീകരിച്ചു.

ഡോക്ക് യാർഡ് റോസറി ചർച്ച്: നഗരത്തിൽ കുടുങ്ങിയ വിദേശ വിനോദസഞ്ചാരികൾക്കായി ഒരു ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. ഹോം ഗാർഡുകളുമായി സഹകരിച്ചാണ് ഇത് സ്ഥാപിച്ചത്.

കോർലായി മൗണ്ട് കാർമൽ ചർച്ച്: ഇടവകയിലെ കുടുംബങ്ങൾക്ക് അവശ്യവസ്തുക്കൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു.

മധ്യമേഖല :

ഭോപ്പാൽ അതിരൂപത ദിവസവേതന തൊഴിലാളികൾക്ക് ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തു. അജ്മീർ രൂപത 200 ഓളം കുടുംബങ്ങളെ അവശ്യവസ്തുക്കൾ നൽകി സഹായിക്കുന്നു. വാരണാസി രൂപത തങ്ങളുടെ പ്രദേശത്തെ പല സ്ഥലങ്ങളിലും ഭക്ഷ്യ-ധാന്യ-പാക്കറ്റുകൾ വിതരണം ചെയ്തു.

ജാതിമതഭേദമന്യേ ഭാരതത്തിലെ കത്തോലിക്കാസഭ പൊതുസമൂഹത്തിനു വേണ്ടിയുള്ള സേവനം തുടരുകയാണ്; ഒപ്പം ഈ മഹാമാരിയെ ഒറ്റക്കെട്ടായി മറികടക്കാനും പ്രവർത്തിക്കുകയാണ്.

Trivandrum Media Commission

Comment here