Theera DeshamTrivandrum

ബുറേവി 4ന് തിരുവനന്തപുരത്തെത്തും; മത്സ്യബന്ധനത്തിന് സമ്പൂർണ്ണ വിലക്ക്

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ ബുള്ളറ്റിൻ പ്രകാരം തെക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ബുറേവി ചുഴലിക്കാറ്റ് ഡിസംബർ 4ന് തിരുവനന്തപുരത്ത് കൂടി കടന്ന് പോകാനുള്ള സാധ്യതയുണ്ട്. ശ്രീലങ്കയിലെ തീരപതനത്തിനുശേഷം വീണ്ടും തെക്കൻ തമിഴ്‌നാട് തീരത്ത് പ്രവേശിക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കാലാവസ്ഥ വകുപ്പിന്റെ നിലവിലെ പ്രവചനം അനുസരിച്ച് ഡിസംബർ 4ന് പുലർച്ചെ തെക്കൻ തമിഴ്‌നാട്ടിൽ പ്രവേശിക്കുന്ന ചുഴലിക്കാറ്റ് ഉച്ചയോടുകൂടി കേരളത്തിലേക്കും പ്രവേശിക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഡിസംബർ മൂന്നു മുതൽ അഞ്ച് വരെ ഇത് തുടരുമെന്നാണ് കരുതുന്നത്. കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഇടുക്കി ജില്ലയുടെ ചില ഭാഗങ്ങളിലും മണിക്കൂറിൽ 60 കിലോമീറ്ററിനു മുകളിൽ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. അതിതീവ്ര മഴ ലഭിക്കുന്ന സാഹചര്യം താഴ്ന്ന പ്രദേശങ്ങളിലും നഗര പ്രദേശങ്ങളിലും വെള്ളപ്പൊക്കം സൃഷ്ടിച്ചേക്കാം. മലയോര മേഖലയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
ഇന്ത്യൻ മീറ്ററോളജിക്കൽ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഡിസംബർ 3ന് മഴയുടെ തീവ്രത അതിശക്തമാകുമെന്ന സൂചനയുണ്ട്. മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് ഡിസംബർ 5 വരെയാണ് വിലക്ക്. ഹൈറേഞ്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണം.
ഡിസംബർ 3ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ റെഡ് അലർട്ടും കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടും തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചത്.
ഡിസംബർ 4ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നെയ്യാർ, കല്ലട, കക്കി ഡാമുകളുടെ സംഭരണശേഷി 80 ശതമാനമായി കുറയ്ക്കും. അതിതീവ്ര മഴയുണ്ടാകുന്ന സാഹചര്യത്തിൽ ചെറിയ ഡാമുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടേണ്ട സാഹചര്യം ഉണ്ടായേക്കും. നിലവിൽ തിരുവനന്തപുരം ജില്ലയിലെ നെയ്യാർ, അരുവിക്കര; എന്നീ ഡാമുകൾ തുറന്നുവിട്ടിട്ടുണ്ട്.
ചുഴലിക്കാറ്റ് കാരണം മാറ്റി പാർപ്പിക്കേണ്ടിവരുന്നവർക്കായി സംസ്ഥാനത്ത് 2849 ക്യാമ്പുകൾ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. നിലവിൽ സംസ്ഥാനത്ത് ആകെ 13 ക്യാമ്പുകളിലായി 175 കുടുംബങ്ങളിലെ 690 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരെ മാറ്റി പാർപ്പിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്.
സഹായത്തിനായി കൺട്രോൾ റൂമിലെ 1077 എന്ന നമ്പറിൽ ബന്ധപ്പെടാം. 24 മണിക്കൂറും കൺട്രോൾറൂം പ്രവർത്തിക്കും.

Trivandrum Media Commission

Comments (1)

Comment here