Articles

ബിഷപ്പ് റൈറ്. റവ.
പീറ്റർ ബർണാർഡ് പെരേര; ബഹിരാകാശഗവേഷണത്തിന്
അഗ്നിച്ചിറകു നൽകിയ ബിഷപ്പ്

– ഇഗ്നേഷ്യസ് തോമസ്

അറുപതുകളിൽ
തുമ്പ ചെറിയൊരു മത്സ്യബന്ധന ഗ്രാമം മാത്രമായിരുന്നു മലയാളികളെ സംബന്ധിച്ചിടത്തോളം. എന്നാൽ രാജ്യത്തെ ബഹിരാകാശ ശാസ്ത്രഞ്ജർക്ക് അതു സ്വപ്നഭൂമിയായിരുന്നു. അവരുടെ സ്വപ്നങ്ങൾക്ക് പിന്നീട് ‘അഗ്നിച്ചിറക്’ നൽകിയ ഭൂമി.

1960ലാണ് തുമ്പ എന്ന മത്സ്യബന്ധന ഗ്രാമം തേടി വിക്രം സാരാഭായ് എത്തുന്നത്.
ബഹിരാകാശ കേന്ദ്രം സ്ഥാപിക്കാനായി ഭൂമധ്യരേഖയോട് സാമീപ്യമുള്ള പ്രദേശം വിട്ടുനല്‍കണമെന്ന ആവശ്യവുമായി അദ്ദേഹം അന്നത്തെ
ബിഷപ്പ് റവ. പീറ്റർ ബർണാർഡ് പെരേരയെ സമീപിച്ചു. രണ്ടാമതൊരു ആലോചന പോലുമില്ലാതെയാണ് സെന്റ് മേരീസ് മഗ്ദലന ദേവാലയവും അതു സ്ഥിതി ചെയ്തിരുന്ന 61 ഏക്കറും കൈമാറാമെന്നു ബിഷപ്പ് സമ്മതിച്ചത്.
ഒപ്പം തുമ്പയിൽ താമസിച്ചിരുന്ന 183 കുടുംബങ്ങളുടെ വീടും സ്ഥലവും പള്ളിത്തുറ സ്‌കൂളിന്റെ വക 3.39 ഹെക്ടർ ഭൂമിയും ഉൾപ്പെടെ 89.32 ആർ ഭൂമിയാണ് സർക്കാരിനു വിട്ടുകൊടുത്തത്. അമ്പലത്തിന്റെയും പള്ളിയുടെയും പേരിൽ പോരു നടക്കുന്ന കാലത്ത് ജനിച്ചവർക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടാവും ഈ കഥ.

ആദ്യ റോക്കറ്റ് പറന്നുയരുന്നു, ഒപ്പം ഇന്ത്യയുടെ സ്വപ്നങ്ങളും

അങ്ങനെ തുമ്പ സെന്റ് മേരീസ് മഗ്ദലൻസ് ദേവാലയം തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ (TERLS) ആയി. പള്ളി മന്ദിരം ബഹിരാകാശ കേന്ദ്രത്തിന്റെ ഓഫിസായി. ബിഷപ്സ് ഹൗസിലെ ബിഷപ്പിന്റെ മുറി ഡോ. അബ്ദുൽ കലാം എന്ന യുവശാസ്ത്രജ്ഞന്റെ ഡിസൈൻ ആൻഡ് ഡ്രോയിംഗ് ഓഫീസായി.
ചെറിയ പ്രാർഥനാ മുറി അബ്ദുൽ കലാമിന്റെ ആദ്യ പരീക്ഷണശാലയായി.
ദൈവവും ശാസ്ത്രവും കൈകോർത്ത നാളുകൾ. ഇന്ത്യൻ ബഹിരാകാശ സ്വപ്നങ്ങൾക്ക് ശുഭപ്രതീക്ഷയുടെ നാളുകൾ.

കഠിനാധ്വാനത്തിന്റെ ഫലമായി ഗവേഷണ കേന്ദ്രം യാഥാർഥ്യമായി. സ്വപ്നങ്ങൾക്കു ചിറകു നൽകാൻ മുന്നിൽ തന്നെ ഡോ അബ്ദുൽ കലാമുണ്ടായിരുന്നു.
1963 നവംബർ 21ന് ഇന്ത്യയുടെ ആദ്യ റോക്കറ്റ് ഇവിടെ നിന്നു വിക്ഷേപിച്ചു. ആ ദിവസങ്ങൾ തന്റെ ആത്മകഥയായ അഗ്നിച്ചിറകുകളിൽ (Wings of Fire) കലാം വിവരിക്കുന്നുണ്ട്.
“അതൊരു സൗണ്ടിംഗ് റോക്കറ്റ് ആയിരുന്നു. ‘നൈക്കി – അപ്പാച്ചെ’ എന്ന റോക്കറ്റ് വികസിപ്പിച്ചു നൽകിയത് യു എസ് സ്പെയ്സ് ഏജൻസിയായ നാസയായിരുന്നു. റോക്കറ്റിന്റെ ഭാഗങ്ങൾ സംയോജിപ്പിച്ചത് പള്ളിമന്ദിരത്തിനുള്ളിൽ വച്ചായിരുന്നു…” റോക്കറ്റിന്റെ ഭാഗങ്ങളും ഉപഗ്രഹവുമൊക്കെ സൈക്കിളിന്റെ പിന്നിൽ വച്ചു കെട്ടി വിക്ഷേപണത്തറയിലേക്കു കൊണ്ടു പോകുന്നത് അന്നു സ്ഥിരം കാഴ്ചയായിരുന്നു.
ഇന്ന് ആ ചിത്രങ്ങൾ ആവേശമുണർത്തുന്ന കൗതുകക്കാഴ്ച.

ആ മന്ദിരം ഇന്ന് ശാസ്ത്രജ്ഞരുടെ പുണ്യഭൂമി

കലാമിന്റെ ഓഫീസ് മുറിയും അദ്ദേഹം ഉപയോഗിച്ചിരുന്ന മേശയും കസേരയുമൊക്കെ അതു പോലെ തന്നെ ഇന്നും സൂക്ഷിച്ചിരിക്കുന്നു. രാഷ്ട്രപതിയായ ശേഷം ആദ്യ സന്ദർശനത്തിനെത്തിയപ്പോൾ കലാം ഒരിക്കൽ കൂടി യുവശാസ്ത്രജ്ഞനായി. സുരക്ഷാ ഉദ്യോഗസ്ഥരെ മുൾമുനയിൽ നിർത്തി അദ്ദേഹം ബാരിക്കേഡുകൾ ചാടിക്കടന്ന് ശാസ്ത്രജ്ഞർക്കിടയിലേക്ക് ഓടിക്കയറി. തന്റെ സ്വന്തം ലോകത്തേക്ക്. അവർ അദ്ദേഹത്തെ പഴയ ഓഫീസ് മുറിയിലേക്കു കൂട്ടിക്കൊണ്ടു പോയി. ആ മുറി അങ്ങനെ തന്നെയുണ്ടെന്ന് കാട്ടിക്കൊടുക്കാൻ. അദ്ദേഹം ഒരിക്കൽ കൂടി ആ കസേരയിലിരുന്നു. ആവേശം നിറയുന്ന ഓർമകളിലേക്ക് ഒരിക്കൽ കൂടി പറന്നിറങ്ങി. ആ ചിത്രം കൂടി ഇന്ന് ആ മുറിയെ അലങ്കരിക്കുന്നു. പള്ളിക്കായി വേറെ കെട്ടിടം പണിതു. പക്ഷേ ആ മുറി അവിടത്തെ ശാസ്ത്രജ്ഞർക്ക് ഇന്നും ദേവാലയതുല്യമായ പുണ്യസ്ഥലമാണ്.

ആ പള്ളി മന്ദിരം ഇന്ന് ബഹിരാകാശ മ്യൂസിയമാണ്. വരും തലമുറകൾക്കായി ഇന്ത്യയുടെ അഭിമാനമായ റോക്കറ്റുകളുടെയും ഉപഗ്രഹങ്ങളുടെയും മോഡലുകൾ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. അതിൽ കലാമിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (SLV) അഥവാ ഉപഗ്രഹ വിക്ഷേപണ വാഹനത്തിന്റെ മാതൃകയുമുണ്ട്. 1980 ജൂലൈ 18ന് രോഹിണി എന്ന 40 കിലോഗ്രാം മാത്രം തൂക്കമുള്ള ഉപഗ്രഹവുമായി ബഹിരാകാശത്തേക്ക് പറന്നുയർന്ന ചെറുവാഹനം. കലാമിന്റെ തന്നെ വാക്കുകളിൽ “സംശയമില്ല, അതൊരു ചെറിയ വാഹനം മാത്രം, പക്ഷേ രാജ്യത്തിന് അതൊരു വലിയ കുതിപ്പായിരുന്നു.”

Trivandrum Media Commission

Comment here