AnnouncementsState

ജനുവരി 26 ന് കേരളത്തിലെ ലത്തീൻ പള്ളികൾ ഭരണഘടനാദിനമായി ആചരിക്കാൻ സർക്കുലർ

അന്നേദിവസം പള്ളികളിൽ വായിക്കാനായി പുറത്തിറക്കിയ സർക്കുലറിന്റെ പൂർണ്ണരൂപം താഴെ…

2020 പുതുവർഷത്തിൽ ജനുവരി 11, 12 തീയതികളിലായി കെആർഎൽസിസിയുടെ 35-ാമത് ജനറൽ അസംബ്ലി നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ സമ്മേളിക്കുകയുണ്ടായി. ജനറൽഅസംബ്ലിക്കുമുമ്പായി ലത്തീൻ കത്തോലിക്കാ മെത്രാൻസമിതി യോഗവും ജനുവരി 10ന് ചേർന്നു. ‘അധികാര പങ്കാളിത്തം നീതി സമൂഹത്തിന്’ എന്ന പ്രമേയമാണ് സമ്മേളനം മുഖ്യചർച്ചാ വിഷയമായി സ്വീകരിച്ചിരുന്നത്. മിണ്ടാത്തവന് അവകാശം ഇല്ല എന്നതാണ് ഇന്നത്തെ സാമൂഹിക അവസ്ഥ; വിതരണനീതിയെക്കുറിച്ചുള്ള ഇപ്പോഴത്തെ സങ്കല്പം. ജനസംഖ്യാനുപാതികമായ പങ്കാളിത്തം അധികാരത്തിന്റെ വിവിധതലങ്ങളിൽ നമുക്ക് ലഭിക്കണം. ദീർഘകാലം സാമൂഹിക അവശതകൾ അനുഭവിച്ച സമൂഹമെന്ന നിലയിൽ അത് പരിഹരിക്കാൻകൂടിയുള്ള നീതിബോധത്തോടെ സമുദായത്തിന് അർഹമായ പരിഗണനയും പങ്കാളിത്തവും അധികാരത്തിൽ ലഭിക്കണം.
കെ.ആർ. എൽ.സി.സി സമ്മേളനവും മെത്രാൻസമിതി യോഗവും ആനൂകാലിക സാമൂഹിക, രാഷ്ട്രീയ വിഷയങ്ങളെ ആഴത്തിൽ അപഗ്രഥിക്കുകയുണ്ടായി. ക്രൈസ്തവർക്കും ക്രിസ്തീയ സ്ഥാപനങ്ങൾക്കുമെതിരേ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന അക്രമണങ്ങളെക്കുറിച്ചുള്ള വലിയ ആശങ്ക സമ്മേളനത്തിൽ പ്രകടിപ്പിക്കപ്പെട്ടു. കേരളത്തിൽതന്നെ ചില സംഘടിത ഗ്രൂപ്പുകളിൽ നിന്നു സഭയ്ക്കെതിരേയും സഭാമക്കൾക്കെതിരേയും ഉണ്ടാവുന്ന തുടർച്ചയായ ഗൂഢനീക്കങ്ങളും അക്രമങ്ങളും ഗൗരവമാർന്ന പ്രശ്നങ്ങളായിത്തന്നെ പരാമർശിക്കപ്പെടുകയുമുണ്ടായി. അവയെക്കുറിച്ചൊന്നും കൃത്യമായ അന്വേഷണമോ നടപടികളോ വേണ്ടെപ്പട്ടവരിൽ നിന്നുണ്ടാകാത്തതിലുള്ള അമർഷവും പൊതുവികാരമായിരുന്നു.
1.പൗരത്വഭേദഗതി നിയമം
പൗരത്വനിയമഭേദഗതിക്കെതിരെ ശക്തമായ നിലപാടാണ് രണ്ടു സമ്മേളനങ്ങളും സ്വീകരിച്ചത്. ജനങ്ങളെ വിഭജിക്കുന്നതാണ് ഏറ്റംവലിയ കുറ്റകൃത്യം. അതിവിപുലമായി ഇവിടെ അത് നടക്കുന്നു. പൗരത്വബിൽ ഭരണഘടനാവിരുദ്ധമാണ്. മതേതര ജനാധിപത്യസങ്കല്പത്തിന് വിരുദ്ധവുമാണ്.
മുസ്ലീങ്ങൾ ഒഴികെ എന്ന പ്രയോഗം തന്നെ ശ്രദ്ധിക്കുക! ഇത് മുസ്ലീങ്ങളുടെ മാത്രം പ്രശ്നമല്ല. സർവജനത്തിന്റെയും പ്രശ്നമാണ്. ഭരണഘടനയുടെ വിശുദ്ധിയുടെ പ്രശ്നമാണ്. ബില്ലിന്റെ ആന്തരാർത്ഥങ്ങളും ഭരണാധികാരികളുടെയും അവരെ നിയന്ത്രിക്കുന്ന ശക്തികേന്ദ്രങ്ങളുടെയും പ്രസ്താവനകളും വിലയിരുത്തുമ്പോഴും മതരാഷ്ട്രത്തിനുള്ള തയ്യാറെടുപ്പുകളാണ് നടക്കുന്നതെന്ന് വെളിപ്പെടുന്നു. ഒരുമിച്ചുള്ള പ്രതിഷേധങ്ങളാണ് ആവശ്യം. നമുക്കുവേണ്ടത് മതേതര ഇന്ത്യയാണ്. ”ഭാരതമാതാ കീ ജയ്” നമ്മുടെ മുദ്രാവാക്യമാണ്.
ഭരണഘടനാ പ്രകാരം ഇന്ത്യ ഒരു പരമാധികാര, സോഷ്യലിസ്റ്റ്, മതേതര ജനാധിപത്യ റിപ്പബ്ലിക്കാണ്. ഏത് മതത്തിൽ  വിശ്വസിക്കാനും, ആചരിക്കാനും പ്രചരിപ്പിക്കാനും ഉള്ള അവകാശം പൗരന്മാർക്കുണ്ട്. ഇന്ത്യൻ  ഭരണഘടനയിലെ അനുഛേദം 14 ഏതൊരു വ്യക്തിക്കും നിയമത്തിന് മുന്നിൽ  തുല്യതയും ഇന്ത്യയുടെ പ്രദേശത്തിനകത്ത് തുല്യപരിരക്ഷയും ഉറപ്പുനൽകുന്നു. ഇതുപ്രകാരം മതം, വംശം, ജാതി, ലിംഗം അല്ലെങ്കിൽ ജനനസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ  വിവേചനം പാടില്ലായെന്ന് ഭരണഘടനനിഷ്കർഷിക്കുന്നു.
സമത്വം, സ്വാതന്ത്ര്യം, തുല്യത , നീതി എന്നിവയാണ് രാഷ്ട്രത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ എന്നു ഭരണഘടന യുടെ ആമുഖത്തിൽ തന്നെ വിശദീകരിക്കു ന്നുണ്ട്. ഈ മൗലിക ആദർശങ്ങൾക്കെതിരായിട്ടാണ് പൗരത്വ  നിയമഭേദഗതിയെ മനസ്സിലാക്കാൻ സാധിക്കുന്നത്. ഒരു പ്രത്യേക മതവിഭാഗത്തോട് വിവേചനം പ്രകടിപ്പിക്കുന്നത് ഭരണഘടനയുടെ മൗലിക തത്വങ്ങൾക്ക് എതിരാണ്. അതിനാൽ പൗരത്വഭേദഗതി ബിൽ പിൻവലിക്കാൻ കേന്ദ്ര ഗവൺമെന്റ് തയ്യാറാകണം.
പൗരത്വ രജിസ്റ്റർ
പൗരത്വ നിയമ ഭേദഗതിയുടെ തുടർച്ചയായി രൂപപ്പെടുത്തുവാൻ  പോകുന്ന പൗരത്വ രജിസ്റ്ററുംദലിത് ആദിവാസി  ന്യൂനപക്ഷ വിഭാഗങ്ങളിൽ  കടുത്ത  ആശങ്കയും ഭീതിയുമാണ് ഉളവാക്കുന്നത്. 2021ലെ കനേഷുമാരിയോടനുബന്ധിച്ചു ദേശീയ ജനസംഖ്യാ രജിസ്റ്റർ രൂപീകരണം  എൻ .സി.ആറിന്റെ മുന്നോടിയാണെന്ന സർക്കാർ രേഖകൾ വെളിവാക്കുന്നു. പൗരത്വനിയമ ഭേദഗതിക്കെതിരെ കലാലയങ്ങൾ ഉൾപ്പടെരാജ്യമെങ്ങും പ്രതിഷേധം ശക്തമാകുകയാണ്. ചില സംസ്ഥാനങ്ങളിൽ നടക്കുന്ന സമരങ്ങളെ അതിക്രൂരമായ വിധത്തിൽ അടിച്ചമർത്താൻ ഭരണാധികാരികളും തൽപ്പരകക്ഷികളും ശ്രമിച്ചുവരുന്നതായി കാണാം.
2 ആംഗ്ലോ- ഇൻഡ്യൻ പ്രാതിനിധ്യം
രാജ്യത്തെ ആംഗ്ലോ -ഇൻഡ്യൻ സമൂഹത്തിന് ഭരണപങ്കാളിത്തം ലഭിക്കുന്നതിനുവേണ്ടി ഭരണഘടനാ ശില്പികൾ  ഭരണഘടനയിൽ  ഉൾപ്പെടുത്തിയ ആർട്ടിക്കിൾ  331 ഉം 333 ഉം പ്രകാരംലോകസഭയിലേയ്ക്ക് രണ്ട് എം.പി. മാരേയും സംസ്ഥാന നിയമസഭകളിലേയ്ക്ക് ഓരോ എം.എൽ.എ. മാരേയും നോമിനേറ്റ് ചെയ്യുന്നതിനുള്ള അധികാരം ഇൻഡ്യൻ  പ്രസിഡന്റിനുണ്ടായിരുന്നു. ഈ അധികാരം അഥവാ  ആംഗ്ലോ-ഇൻഡ്യക്കാർക്ക് ഭരണഘടന നൽകിയ അവകാശം കേന്ദ്രസർക്കാർ നിയമഭേദഗതിയിലൂടെ നിറുത്തലാക്കിയിരിക്കയാണ്.  ആയതിന് കാരണമാ യി കേന്ദ്രസർക്കാർ പാർലിമെന്റിൽ  പറഞ്ഞത് ഇൻഡ്യയിൽ 296 ആംഗ്ലോ-ഇൻഡ്യ ൻ സമുദായാംഗങ്ങൾ മാത്രമേയുള്ളൂ എന്നാണ്.  യാതൊരു പഠനവും അന്വേഷണങ്ങളും ചർച്ചയുമില്ലാതെ ആംഗ്ലോ ഇന്ത്യൻ നോമിനേഷൻ ഒഴിവാക്കിയത് കടുത്ത അനീതിയാണ്.  ക്രൈസ്തവരോടുള്ള മതപരമായ വിവേചനമാണിത്. ആംഗ്ലോ-ഇന്ത്യക്കാർക്കുള്ള ഈ പ്രത്യേക അവകാശം പുനസ്ഥാപിക്കണം.
3.ഭരണഘടനാ സംരക്ഷണദിനം
ജനുവരി 26 മഹത്തായ ഇന്ത്യൻ  ഭരണഘടനയുടെ സംരക്ഷണദിനമായി ആചരിക്കുവാൻ നമ്മൾ തീരുമാനിച്ചിട്ടുണ്ട്.  ഭരണഘടനാശില്പികൾ രാഷ്ട്രത്തെക്കുറിച്ചു കണ്ട സ്വപ്നങ്ങൾ തകർക്കു ന്നതിനുള്ള ശ്രമങ്ങൾ രാജ്യത്ത് വർദ്ധിക്കുകയാണ്.  രാഷ്ട്രീയ ദർശനത്തോടുകൂടിതന്നെ വിദ്യാർത്ഥികളും യുവജനങ്ങളും ഇന്ത്യൻ ഭരണഘടനയെക്കുറിച്ച്ബോധവാന്മാ രാകണം.  അവരിൽ പൗരബോധവും പൗരധർമ്മവും വളർത്തിയെടുക്കണം. ഇതിനായി  ജനുവരി 26 ഞായറാഴ്ച ദിവ്യബലിക്കുശേഷം പൊതുവായും ബിസിസി (കുടുംബ യോഗം)കളിലും മതബോധനക്ലാസ്സുകളിലും യുവജന-സമുദായ -സാമൂഹ്യ -സംഘടനകളുടെ യോഗങ്ങളിലും ഭരണഘടനയുടെ ആമുഖം വായിക്കുകയും ഭരണഘടനസംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്യണം.  തെരുവു പ്രകടനങ്ങൾക്കല്ല, ബോധവത്കരണപ്രക്രിയയ്ക്കാണ് നാം നേതൃത്വം കൊടുക്കേണ്ടത്. അന്നേദിവസം ദേശീയപതാക ഉയർത്തുകയും മതേതര ഇന്ത്യയെക്കുറിച്ചുള്ള ചിന്തകൾ പങ്കുവയ്ക്കുകയും വേണം.
മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ അഹിംസ ആയുധമാക്കി നമ്മൾ നേടിയ സ്വാതന്ത്ര്യം ലോകത്തിലെ ഐതിഹാസികസംഭവവും സമാധാന സൃഷ്ടിയ്ക്കുള്ള പുതിയ ചിന്താധാരയുമായി. മഹത്തായ ഇന്ത്യൻ ഭരണഘടന പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെയും ഡോ. ബി. ആർ. അംബേദ്കറുടെയും നേതൃത്വത്തിൽ രൂപപ്പെടുത്തുമ്പോൾ ലത്തീൻ സമുദായത്തിന്റെ മഹത്നേതാക്കളും അതിൽ പങ്കുചേർന്നിരുന്നു. ആനി മസ്ക്രീൻ, എച്ച്.സി. മുഖർജി, ഫാ. ജെറോം. ഡിസൂസ, ഫ്രാങ്ക് അന്തോണി തുടങ്ങിയ നേതാക്കൾ നീതിയും സമാധാനവും പുലരുന്ന രാഷ്ട്രത്തെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് ഭരണഘടനനിർമാണസമിതിയിൽ പങ്കുവച്ചത്. രാഷ്ട്രനേതാക്കളുടെയും ഭരണഘടനാശില്പികളുടെയും സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കേണ്ടത് നമ്മുടെ ഉത്തരവാദി
ത്തമാണ്. ഭരണാധികാരികൾ അതിനു വിരുദ്ധമായി പ്രവർത്തിക്കു മ്പോൾ അരുതെന്ന് പറയാനുള്ള ധൈര്യം പൗരന്റെ അവകാശമാണ്. അതുകൊണ്ട് ജനുവരി 26 ലെ ഭരണഘടനാ സംരക്ഷണദിനം ഉചിതമായി ആചരിക്കാൻ ഏവരും പങ്കുചേരണമെന്ന് മെത്രാൻസമിതിക്കു വേണ്ടിയും കെആർഎൽസിസിക്കു വേണ്ടിയും ഞങ്ങൾ ആഹ്വാനം ചെയ്യുന്നു.

Trivandrum Media Commission

Comment here