AnnouncementsCovid

പൂന്തുറയിലെ പ്രതിഷേധത്തിന്‍റെ പിന്നാമ്പുറങ്ങള്‍

പൊതു സമൂഹവും മാധ്യമങ്ങളും എത്രതന്നെ അപലപിച്ചാലും കുറ്റപ്പെടുത്തിയാലും ഇന്നത്തെ പൂന്തുറയിലെ പ്രതിഷേധങ്ങള്‍ക്കൊരു മറുപുറമുണ്ട്, രാഷ്ട്രീയത്തിലുപരിയായൊരു മറുപുറം. രാഷ്ട്രീയ മുതലെടുപ്പുശ്രമങ്ങള്‍ സൂചിപ്പിക്കേണ്ട ആവശ്യമില്ലല്ലോ.

കോവിഡ് വാര്‍ഡുകളിലെ അശ്രദ്ധ

സമൂഹത്തിന് കോവിഡ് അതീവ ശ്രദ്ധയാവശ്യമുള്ള ഒരു വിഷയമായി തുടരുമ്പോഴും പൂന്തുറ നിന്നും ടെസ്റ്റുകള്‍ക്ക് ശേഷം അഡ്മിറ്റായ കോവിഡ് രോഗികള്‍ക്ക് ലഭിക്കുന്നത് ശരാശരിയിലും താഴ്ന്ന പരിചരണവും, ശ്രദ്ധയുമാണെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. പരിചരണവും, പോഷകാഹാരവും, വൃത്തിയുള്ള അന്തരീക്ഷവും മിനിമം പ്രതീക്ഷിച്ച (അതുമാത്രമാണല്ലോ നമുക്ക് ചെയ്യാനാവൂക) രോഗികളെ കാത്തിരുന്നത് ഉപയോഗശൂന്യമായ, വൃത്തിഹീനമായ ടോയ്ലറ്റുകളും, അവജ്ഞയോടെ മാറിനില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും, നിലവാരമില്ലാത്ത ഭക്ഷണവും മാത്രം. ഇതിനേക്കാള്‍ ഭേദം തിങ്ങി ഞെരുങ്ങിയെങ്കിലും മനഃസമാധാനത്തോടെ കഴിയാവുന്ന തങ്ങളുടെ കുടിലുകളാണെന്ന് ചിലര്‍ പറഞ്ഞത് കേട്ടപ്പോള്‍ അത് സ്വാഭാവികം മാത്രമാണെന്ന് തോന്നി. ഫോണില്‍ സംസാരിച്ചപ്പോള്‍ മനസ്സിലായതനുസരിച്ച് ആണുങ്ങളും പെണ്ണുങ്ങളുമടങ്ങുന്ന 60-ഓളം കോവിഡ് രോഗികളെ 3 പൊട്ടിപ്പൊളി‌‍‍‍ഞ്ഞ ശൗചാലയങ്ങള്‍ മാത്രമുള്ള പൊതു വാര്‍ഡിലാണ് താമസിപ്പിച്ചിരിക്കുന്നത്. അവിടേക്ക് റൗണ്ട്സിന് പോകാനാക‍ട്ടെ ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും ഭയവും. തമിഴ്നാട്ടിലടക്കം കോവിഡ് രോഗികള്‍ക്ക് നല്‍കിയ ഭക്ഷണ ക്രമവുമായി താരതമ്യപ്പെടുത്തുമ്പോള്‍, നിലവാരമില്ലാത്ത ഭക്ഷണം മാത്രമാണ് നല്‍കപ്പെട്ടത്.

അവശ്യസാധനങ്ങള്‍ക്കും ലോക്ഡൗൺ

ഓര്‍ക്കണം പൂന്തുറ എന്ന 20,000 പേര്‍ താമസിക്കുന്ന ഒരു മിനി സിറ്റിയെയാകെ  വെള്ളിയാഴ്ച മുതല്‍ ബാരിക്കേ‍‍‍‍ഡും കമ്പിയും, തോക്കുമായി കൊട്ടിയടച്ച് പരിരക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ ആ പ്രദേശത്തെ ജനങ്ങളെങ്ങനെ ജീവിക്കുമെന്നാലോചിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ഒരു നിമിഷം മറന്നു. പൂന്തുറയെന്ന ഒരു ചതുരശ്ര കിലോമീറ്റര്‍ പോലും ചുറ്റളവില്ലാത്തൊരു തുരുത്തിലേക്കുള്ള രണ്ടേരണ്ട് പ്രവേശനറോഡുകള്‍ കണിശതയോടെ അടച്ചാല്‍ നമ്മുടെ ഉത്തരവാദിത്വവും, രോഗവ്യാപനത്തിനുള്ള സാധ്യതയും കഴിഞ്ഞെന്ന് ഒരു നിമിഷം ഉദ്യോഗസ്ഥര്‍ ധരിച്ചു പോയി.  അഞ്ചക്ക ശമ്പളം വച്ച് മാസത്തിലേക്കുള്ള പലചരക്കുസാധനങ്ങള്‍ മേടിച്ച് കൂട്ടിവയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കറിയില്ലല്ലോ, ദിവസേനയുള്ള വരുമാനത്തില്‍ നിന്ന് അന്നന്നത്തെക്കുള്ള സാധനങ്ങള്‍ മേടിക്കുന്നവരെക്കുറിച്ച്.

പാലിനും, പച്ചക്കറിക്കും, പത്രത്തിനുമെല്ലാം കേരളത്തിലെ മുഴുവന്‍ കണ്ടൈന്‍മെന്‍റ് സോണുകളും ഫോണിലൂടെ ഓ‍‍‍‍‍ഡറിട്ടപ്പോള്‍, പൂന്തുറയുള്ളയാള്‍ക്ക് മാത്രം പോലീസിന്‍റെ പുളിച്ച തെറി കൊണ്ട് മാത്രം തൃപ്തനാകേണ്ടിവന്നു. പൂന്തുറക്കുള്ളിലെ കടകളും പ്രവര്‍ത്തിക്കാതായതോടെ അവരെവിടെ പോയി ഭക്ഷണം കണ്ടെത്തുമെന്ന് നയം രൂപീകരിക്കുന്നവര്‍ ആലോചിച്ചതേയില്ല. അവശ്യ സാധനങ്ങള്‍ക്കായുള്ള ഈ അലച്ചില്‍ തുടങ്ങിയിട്ടുതന്നെ ഒരാഴ്ചയോളമായെന്ന് കേള്‍ക്കുമ്പോഴാണ് സ്ഥിതിഗതികളുടെ തീക്ഷ്ണത നമ്മെ തൊടുന്നത്.

സോഷ്യല്‍ അണ്‍റ്റച്ചബിളിറ്റി

ഇപ്പോള്‍ മാത്രം കേള്‍ക്കുന്ന സാമൂഹിക അകലമെന്ന പ്രയോഗം, കാലങ്ങളായി അസ്ഥിത്വത്തിന്‍റെ ഭാഗമായി കൊണ്ടു നടക്കുന്നവരാണ് , ഈ ജനവിഭാഗം ഈ അണ്‍റ്റച്ചബിളിറ്റി (അസ്പര്‍ശ്യത) വര്‍ഷങ്ങളായി അനുഭവിച്ചുകൊണ്ടേയിരുന്നവരാണ്. കഴിഞ്ഞയാഴ്ചമുതല്‍ സമൂഹത്തിനതിലേക്കൊരു  കാരണം കൂടിയായി കോവി‍ഡ്. ആദ്യം കോവി‍ഡ് സ്ഥിരീകരിച്ച കുമരി ചന്തക്ക് സമീപം മരുന്നു കടയില്‍ പോയാലൂം, തൈക്കാട് ഗവൺമെ‌‌‌ൻ്റാശുപത്രിയില്‍ പ്രസവ ചികിത്സക്ക് പോയാലും ഇതുതന്നെയാണവസ്ഥ. സ്വന്തം പണിസാധനങ്ങള്‍ തിരികെ കൊണ്ട് വരാന്‍ പോയപ്പോഴുണ്ടായ അനുഭവം വിവരിക്കുമ്പോള്‍ ഓട്ടോ ഡ്രൈവറായ അജിയുടെ കണ്ണ് നിറയുന്നത് ഫോണിലൂടെ കേള്‍ക്കുമ്പോഴും ഈ മനുഷ്യരനുഭവിക്കുന്ന വേദനയുടെ തീവ്രത വ്യക്തമാണ്.

ഇതൊക്കെ (രോഗവും, പ്രതിഷേധവും) ഈ മനുഷ്യരുടെ മാത്രം കൂറ്റമായി കാണുന്നതു തന്നെയാണ് പൊതുസമൂഹവും നമ്മളും ചെയ്യുന്ന തെറ്റ്.

ഇനി    നാമിന്ന് സാക്ഷിയായ പൂന്തുറക്കാര്‍ക്കുമാത്രം സാധിക്കുന്ന തരം പ്രതിഷേധം കാണുമ്പോള്‍ അതിനവരെ മാത്രമെങ്ങനെ കുറ്റപ്പെടുത്തും ?

-ഫാ.ദീപക് ആൻ്റോ

Trivandrum Media Commission

Comment here