Archdiocese

പുരോഹിത വസ്ത്രമായ വെള്ള ഉടുപ്പിനെ അഗാധമായി പ്രണയിച്ച് അത് സ്വന്തമാക്കിയ പുരോഹിതൻ

മാതാവിന്റെ ഉദരത്തിൽ നിനക്കു രൂപം നൽകുന്നതിനു മുൻപേ ഞാൻ നിന്നെ അറിഞ്ഞു. ജനിക്കുന്നതിനു മുൻപേ ഞാൻ നിന്നെ വിശദീകരിച്ചു. ജനതകൾക്ക് പ്രവാചകനായി ഞാൻ നിന്നെ നിയോഗിച്ചു
ജെറമിയ 1:5

തിരുവനന്തപുരം ലത്തീൻ അതിരൂപതക്കുവേണ്ടി ഈ കൊറോണ കാലത്ത് വൈദികനായി അഭിഷേകം ചെയ്യപ്പെട്ട മൂന്നാമത്തെ ആളാണ് നവ വൈദികനായ ഫാദർ ടൈസൺ ടൈറ്റസ്. തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് ഇത് സമൃദ്ധിയുടെയും വിളവെടുപ്പിന്റെയും കാലമാണ്.

ആഘോഷ പൂർവ്വകമായ തിരുപ്പട്ട സ്വീകരണത്തിന് വേണ്ടി കാത്തിരുന്ന പ്രാർത്ഥിച്ച ഏറെ സ്വപ്നം കണ്ടിരുന്ന ഫാദർ ടൈസൺ ടൈറ്റസിന്റെ തിരുപ്പട്ട കൂദാശ കർമ്മത്തിൽ പങ്കെടുത്തവർ ഇന്നത്തെ പ്രതികൂല സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ വളരെ കുറച്ചുപേർ മാത്രമായി ചുരുങ്ങി. എങ്കിലും നവവൈദികന്റെയും കുടുംബത്തിന്റെയും നാടിന്റെയും സന്തോഷത്തിന് അതിരില്ലായിരുന്നു. അത്രമേൽ അവരെല്ലാം കാത്തിരുന്ന ദിവസമായിരുന്നു അത്. അതുതന്നെയായിരുന്നു കർത്താവു നിശ്ചയിച്ചിരുന്ന ദിവസവും. ഡീക്കനായിരുന്ന ടൈസൺ ടൈറ്റസ് കർത്താവിന്റെ തിരുമുൻപിൽ തന്നെ തന്നെ പൂർണമായി സമർപ്പിച്ച് പരിശുദ്ധ സഭയുടെ മുൻപിലും ദൈവജനത്തിന് മുൻപിലും വച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ സൂസൈപാക്യം പിതാവിൽനിന്ന് പൗരോഹിത്യം സ്വീകരിച്ചു കൊണ്ട് അവിടുത്തെ അഭിഷിക്തനായി തീർന്നു. ഇന്നിതാ ഇപ്പോൾ അവിടുത്തെ ബലിയർപ്പകനുമായി.

മൂങ്ങോട് സെന്റ് സെബാസ്റ്റ്യൻ ഇടവകയിലെ ടൈറ്റസ് ഷൈലജ ദമ്പതികളുടെ രണ്ടാമത്തെ മകനായി ജനിച്ച ഫാദർ ടൈസൺ ചെറുപ്പംമുതലേ ഈശോയെ മനസ്സിൽ കൊണ്ടു നടന്ന വ്യക്തിയാണ്. ഈശോയോട് എന്നും ചേർന്നുനിന്ന പ്രാർത്ഥനകളുടെ അന്തരീക്ഷം എപ്പോഴും നിറഞ്ഞുനിന്ന വീട്ടിൽ പ്രാർത്ഥനാനിരതരായ മാതാപിതാക്കളുടെ സ്നേഹ ശിക്ഷണത്തിലൂടെയും പരിചരണത്തിലൂടെയും നന്നേ ചെറുപ്പത്തിൽതന്നെ ഈശോയെ അനുഭവിച്ചറിഞ്ഞു ഫാദർ ടൈസൺ. പ്രാർത്ഥനകളിൽ ചെലവിടാനും ദൈവാലയ കാര്യങ്ങളിൽ സഹായിക്കാനും എന്നും അദ്ദേഹം ഉത്സാഹം കാണിച്ചിരുന്നു. മാതാപിതാക്കളുടെ പ്രാർത്ഥന ജീവിതം മക്കളെ പ്രത്യേകിച്ച് ടൈസണച്ചനെ വല്ലാതെ സ്വാധീനിച്ചിരുന്നു. അവരിലൂടെ തന്നെയായിരുന്നു അദ്ദേഹം ഈശോയെ ആദ്യമായി അനുഭവിച്ചറിഞ്ഞതും. വൈദികരെയും സന്യസ്തരെയും, അവരെ എപ്പോഴും ബഹുമാനിക്കേണ്ടതിന്റെയും അവർക്കുവേണ്ടി പ്രാർത്ഥിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും ആ മാതാപിതാക്കൾ മക്കളെ പഠിപ്പിച്ചിരുന്നു, ഇത് ടൈസണച്ചന് കുഞ്ഞുനാളിലെ തന്നെ തന്റെ ദൈവ വിളി തിരിച്ചറിയാനുള്ള മാർഗ്ഗവുമായി മാറി.

അദ്ദേഹത്തിന്റെ പിതാവിന്റെ കുടുംബം തന്നെ കർത്താവിന്റെ വലിയൊരു വിളനിലമായിരുന്നു. അഞ്ചോളം വൈദികരെയും ഏഴോളം സന്യസ്തരെയും കത്തോലിക്കാസഭയ്ക്ക് ആ കുടുംബം സംഭാവന നൽകിയിട്ടുണ്ട്. ഇതൊക്കെ കണ്ടും കേട്ടും വളർന്ന ടൈസണച്ചനിലും വൈദികനാകണമെന്ന ദൈവവിളിയെ കുറിച്ചുള്ള ആഗ്രഹത്തെ കൂടുതൽ മൂർച്ചകൂട്ടി. അവരുടെയൊക്കെ ഇടയ്ക്കിടെയുള്ള സന്ദർശനവും പ്രത്യേകിച്ച് ടൈസണച്ചന് ഏറെ പ്രിയപ്പെട്ട ഫാദർ പോൾ ക്രൂസിനെ കാണുമ്പോഴും അദ്ദേഹത്തിന്റെ അടുത്തിരിക്കുമ്പോഴും അദ്ദേഹത്തിന്റെ വെള്ള ഉടുപ്പ് ടൈസണച്ചനിൽ ആഴത്തിൽ പതിഞ്ഞിരുന്നു. ആ വെള്ള ഉടുപ്പ് ഇടാൻ ആഗ്രഹിച്ച ടൈസൺ അപ്പനെകൊണ്ട് കുഞ്ഞുനാളിൽ വെള്ളത്തുണി കൊണ്ടു പുതപ്പിച്ച് വൈദിക വേഷധാരിയായി മാറുമായിരുന്നു. അത്രമേൽ അദ്ദേഹത്തിൽ ആ വെള്ള ഉടുപ്പ് പതിഞ്ഞിരുന്നു.

സ്കൂൾ പഠന കാലഘട്ടത്തിലെല്ലാം വൈദികനാകണമെന്ന ആഗ്രഹം മനസ്സിലുണ്ടെങ്കിലും അതിനുവേണ്ടി വലുതായൊന്നും പഠിക്കേണ്ട ആവശ്യമില്ല കുർബാനയല്ലേ, അത് ചൊല്ലുന്നത് എളുപ്പമല്ലേ എന്ന തെറ്റിദ്ധാരണ അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ പിൽക്കാലത്ത് ആ തെറ്റിദ്ധാരണ അദ്ദേഹത്തിന് തിരുത്തേണ്ടിവന്നു. പത്താം ക്ലാസ് കഴിഞ്ഞ് വൈദികനാകണമെന്ന ആഗ്രഹം ഒരു അക്രൈസ്തവ സ്ഥാപനത്തിൽ പഠിച്ചുവളർന്ന ടൈസൺ തന്റെ മറ്റു മതസ്ഥരായ കൂട്ടുകാരോടൊക്കെ പങ്കുവച്ചപ്പോൾ കളിയാക്കലുകൾക്ക് പകരം അദ്ദേഹത്തിന് കിട്ടിയത് പ്രോത്സാഹനങ്ങളായിരുന്നു. ആ ഒരു ധൈര്യത്തിൽ വീട്ടിൽ കാര്യം അവതരിപ്പിച്ചപ്പോൾ അമ്മ പൂർണ്ണ സമ്മതം മൂളി. എന്നാൽ അപ്പന്റെ ഭാഗത്തുനിന്നും ചെറിയൊരു എതിർപ്പുണ്ടാവുകയും ചെയ്തു. ഒടുവിൽ കുഞ്ഞു ടൈസന്റെ ആഗ്രഹവും അഭിനിവേശവും കൂടെ അദ്ദേഹത്തിന്റെ നിർബന്ധവും കൂടി ആയപ്പോൾ അപ്പനും സമ്മതിച്ചു. പിന്നെ ഒന്നും ആലോചിച്ചില്ല നേരെ സെമിനാരിയിലോട്ട്. ഒരു പുരോഹിതനായിത്തീരാൻ അതും വെറും പുരോഹിതനല്ല ക്രിസ്തുവിന്റെ രാജകീയ പൗരോഹിത്യത്തിൽ പങ്കുചേരുന്ന പുരോഹിതനായി തീരാൻ. സെമിനാരിയിൽ നിന്ന് പഠിക്കുന്നതോടൊപ്പം കൂടുതൽ സമയം പ്രാർത്ഥനകൾക്ക് വേണ്ടിയും ചെലവഴിച്ചു. ആ സമയത്ത് അദ്ദേഹം മികച്ചൊരു സെമിനാരിയൻ എന്നുകൂടി പേരെടുത്തു. ഇതിനിടയിൽ അദ്ദേഹം ഈശോയ്ക്ക് വേണ്ടി ലേഖനങ്ങളും കവിതകളും പാട്ടുകളുമൊക്കെ എഴുതാനും തുടങ്ങി. എഴുത്തിനെ അദ്ദേഹം വല്ലാതെ ഇഷ്ടപ്പെട്ടിരുന്നു. അത് വളർത്തിയെടുത്തതാകട്ടെ സെമിനാരി ജീവിതവും.

തുടർന്ന് ഫിലോസഫി പഠിക്കാൻ അദ്ദേഹം പോയത് കൽക്കട്ടയിലെ മോണിംഗ് സ്റ്റാർ സെമിനാരിയിലായിരുന്നു. അവിടെ വച്ചായിരുന്നു അദ്ദേഹത്തിന്റെ വൈദികനാകണമെന്ന ആഗ്രഹത്തെ ഒന്നിനും തകർത്തുകളയാൻ പറ്റാത്തവിധത്തിൽ ദൈവം ബലപ്പെടുത്തിയത്. അവിടെ പഠിക്കുന്ന സമയങ്ങളിൽ മിഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട അദ്ദേഹം സമയം ചെലവഴിച്ചത് പാവങ്ങളുടെ അമ്മയായ വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിലെ മദർതെരേസ സിസ്റ്റേഴ്സിനോടൊപ്പമായിരുന്നു. അവരോടൊപ്പമുള്ള അദ്ദേഹത്തിന്റെ ജീവിതം ദൈവവിളിയെ കുറിച്ചും അതിന്റെ ധാരണകളെ കുറിച്ചുമുള്ള അദ്ദേഹത്തിന്റെ ചിന്തകളെ വേറൊരു തലത്തിലേക്കെത്തിച്ചു. അവരുടെ പൂർണ്ണ സമർപ്പണവും എളിമയും വിധേയത്വവും ദൈവത്തിലുള്ള ആശ്രയവും പാവങ്ങളോടുള്ള കരുതലും അവരോട് കാണിക്കുന്ന കാരുണ്യവും അദ്ദേഹത്തെ ഘടാതെ ആകർഷിച്ചു. ഫിലോസഫി കഴിഞ്ഞ് അതിരൂപതയിലേക്ക് വന്ന ഫാദർ ടൈസൺ തന്റെ റീജൻസി പീരീഡ് ചെയ്തത് അതിരൂപതയുടെ കഴക്കൂട്ടത്തെ മൈനർ സെമിനാരിയിലായിരുന്നു. തീയോളജി പഠനത്തിനുള്ള സമയം വന്നപ്പോൾ നെതർലാൻഡ്സിലെ സഭയ്ക്കുവേണ്ടി ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്നവർ ആരൊക്കെ എന്ന സൂസൈപാക്യം പിതാവിന്റെ ചോദ്യത്തിന് Yes I am ready ഇന്ന് ധൈര്യസമേതം മുന്നോട്ടു വന്നവരിൽ പ്രധാനിയാണ് അദ്ദേഹം. തുടർന്ന് തിയോളജി പഠനത്തിനുവേണ്ടി നെതർലാൻഡ്സിലേക്ക് പോവുകയും അവിടെ റോൾദുക്കിലെ പൊന്തിഫിക്കൽ സെമിനാരിയിൽ പഠനം തുടരുകയും ചെയ്തു. അവിടെവെച്ച് അവിടത്തെ ഭാഷ പഠിച്ചെടുത്ത ഫാദർ ടൈസൺ ആ ഭാഷയിൽ തന്നെ ഈശോയ്ക്ക് വേണ്ടി ലേഖനങ്ങൾ എഴുതാൻ തുടങ്ങി. വളരെ ശാന്തശീലനും നല്ലൊരു ചിന്തകനും പ്രഭാഷകനും കൂടിയായിരുന്നു അദ്ദേഹം. ഇന്ന് ഇപ്പോഴിതാ തന്റെ ഇടവക പള്ളിയിൽ വച്ച് അതിരൂപതാ മെത്രാപ്പോലീത്ത സൂസൈപാക്യം പിതാവിൽ നിന്നും പുരോഹിതനായ അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു. ഇനിയുള്ള അഞ്ചുവർഷക്കാലം നെതർലാൻഡ്സിലെ സഭയ്ക്കുവേണ്ടി മിഷനറി വൈദികനായി പോകാൻ ഒരുങ്ങുകയാണ് നവ വൈദികനായ ഫാദർ ടൈസൺ.

ആദ്യകാലങ്ങളിൽ വിദേശ മിഷണറിമാരായിരുന്നു നമ്മുടെ ഇടയിലേക്ക് വന്ന് ക്രിസ്തുവിനെ പകർന്നു നൽകിയതെങ്കിൽ ഈ കാലഘട്ടത്തിൽ നമ്മുടെ ഇടയിൽ നിന്നും വിദേശരാജ്യങ്ങളിലേക്ക് മിഷ്ണറിമാരായി പോകുന്നു എന്നത് അഭിമാനകരമായ ഒന്നാണ്. അങ്ങനെയാണെങ്കിൽ തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്കും മൂങ്ങോട് ഇടവകയ്ക്കും അഭിമാനിക്കാം. തങ്ങളുടെ ഒരു മകൻ മറ്റൊരു രാജ്യത്തേക്ക് ഒരു മിഷണറി വൈദികനായി പോകുന്നതിൽ.

ഇന്ന് പൗരോഹിത്യവും സന്യാസവും ചോദ്യം ചെയ്യപ്പെടുമ്പോൾ നിത്യപുരോഹിതനായ ക്രിസ്തുവിനോട് ചേർന്ന് അവിടുത്തെ ഇഷ്ടങ്ങൾക്ക് നിന്നു കൊടുത്തുകൊണ്ട് ഈശോയുടെ സ്വർഗ്ഗത്തിലേക്കുള്ള വഴി അനേകർക്ക് ജീവിതം കൊണ്ടും കർമ്മം കൊണ്ടും കാണിച്ചു കൊടുക്കുവാനുള്ള പരിശുദ്ധാത്മാവിന്റെ സഹായവും സാന്നിധ്യവും കൂടെ ഉണ്ടാകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.

Anthony Vargheese

Trivandrum Media Commission

Comment here