ArchdioceseArticlesInternational

പാപ്പാ ഫ്രാന്‍സിസ്, വിശുദ്ധ ജോണ്‍ വിയാനിയുടെ തിരുനാളില്‍ വൈദികര്‍ക്ക് അയച്ച തുറന്ന കത്ത്.

ആഗസ്റ്റ് 4-Ɔο തിയതി ജോണ് മരിയ വിയാന്നിയുടെ 160-Ɔο ചരമദിനത്തില്‍ ലോകമെമ്പാടുമുള്ള വൈദികര്‍ക്കായ് പാപ്പാ ഫ്രാന്‍സിസ് അയച്ച തുറന്ന കത്ത്.

എല്ലാം ത്യജിച്ച വൈദികര്‍, നിയുക്തരായിരിക്കുന്ന വിശ്വാസ സമൂഹങ്ങളില്‍ മുഴുകി ജീവിക്കുന്നവരാണ്. ആര്‍സിലെ വികാരി എന്ന അപരനാമത്താല്‍ അറിയപ്പെട്ട മേരി വിയാനിയെപ്പോലെ, ഓരോ ദിനത്തിന്‍റെയും ഭാരവും ചൂടും പേറി “അജപാലന മേഖലയുടെ കിടങ്ങുകളില്‍ കഴിയുന്നവരാണു” ഇടവകവൈദികരെന്നു പാപ്പാ കത്തില്‍ വിശേഷിപ്പിച്ചു (മത്തായി 20, 12). തങ്ങളുടെ ജനത്തിന്‍റെ കൂടെയായിരിക്കുവാനും അവരെ അനുഗമിക്കുവാനുമുള്ള ശ്രമത്തില്‍ നേരിടേണ്ടിവരുന്ന പ്രതിസന്ധികള്‍ നിരവധിയാണ്.

ദൈവത്തിനും ജനത്തിനുമായി ജീവിക്കേണ്ടവര്‍
വലിയ കൊട്ടിഘോഷിക്കല്‍ ഒന്നുമില്ലാതെ, വ്യക്തിഗത സമര്‍പ്പണത്തിലൂടെ ശാരീരിക പരിക്ഷീണത്തിന്‍റെയും, ആലസ്യങ്ങളുടെയും ക്ലേശങ്ങളുടെയുംമദ്ധ്യേ ദൈവത്തിനും തങ്ങളുടെ ജനത്തിനുമായി സമര്‍പ്പിതരായിരിക്കുന്ന വൈദികരോട് ഒരു വാക്കുപറയുവാന്‍ ആഗ്രഹിക്കുകയാണ്. നന്ദി! അനുദിനജീവിത പ്രതിസന്ധികള്‍ക്കിടയിലും, പൗരോഹിത്യ ജീവിതത്തിന്‍റെ മനോഹരമായ താളുകളാണ് അവര്‍ കുറിക്കുന്നതെന്ന് പാപ്പാ ഫ്രാ‍ന്‍സിസ് ആമുഖമായി പ്രസ്താവിച്ചു. വൈദികരുടെ പ്രതിസന്ധികളില്‍ മെത്രാന്മാര്‍ അവര്‍ക്ക് ജേഷ്ഠസഹോദരനെപ്പോലെയോ പിതാവിനെപ്പോലെയോ അവര്‍ക്കു വഴികാട്ടിയും തുണയുമാകണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

നന്ദിയുടെ കത്തിലെ തിരുത്തലുകള്‍
ദൈവത്തിന്‍റെ വിശുദ്ധജനത്തിനുവേണ്ടി വൈദികര്‍ ചെയ്യുന്ന സേവനത്തിന് നന്ദിപറയാന്‍ എഴുതിയ കത്തില്‍ വൈദികരുടെ കുറവുകള്‍, വിശിഷ്യ ലൈംഗിക പീഡനക്കേസുകള്‍ എടുത്തുപറയുന്നുണ്ട്. “ഞാന്‍ നിങ്ങളെ ദാസന്മാരെന്നല്ല, സ്നേഹിതന്മാരെന്നാണ് വിളിക്കുന്നത്,” എന്ന ക്രിസ്തുവിന്‍റെ അന്ത്യത്താഴവിരുന്നിലെ മൊഴികള്‍ എന്നും അനുസ്മരിക്കാന്‍ എല്ലാവരെയും ഇപ്പോഴും ഉദ്ബോധിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ വചനം വൈദികര്‍ക്കു സന്തോഷത്തിനുള്ള സ്രോതസ്സാകണം.

വൈദികരുടെ വലിയ വീഴ്ച
ഞാന്‍ എന്‍റെ ജനത്തിന്‍റെ വേദന അറിയുന്നു (പുറപ്പാട് 3, 7). സഭയില്‍ അജപാലന മേഖലയില്‍ വൈദികരുമായി ബന്ധപ്പെട്ടുണ്ടായ ലൈംഗികപീഡനക്കേസുകള്‍ പാപ്പാ കത്തില്‍ ആദ്യം അനുസ്മരിച്ചു. സമൂഹത്തില്‍ വൈദികരുടെ ഭാഗത്തിനുനിന്നുമുണ്ടായ വലിയ വീഴ്ചയാണത്. ഇനി ഒരു മാനസാന്തരവും പരിവര്‍ത്തനവും അനിവാര്യമാണ്. അജപാലനശുശ്രൂഷയുടെ പ്രത്യേക സംസ്കാരത്തില്‍ത്തന്നെ മാറ്റം വരുത്തേണ്ടിയിരിക്കുന്നു. മാനസാന്തരം ആഗ്രഹിക്കുന്നെങ്കില്‍ ഇരകളായവരോടുള്ള ആത്മാര്‍ത്ഥത, സുതാര്യത, ഐക്യദാര്‍ഢ്യം എന്നിവ അനിവാര്യമാണ്. ഇത് മനുഷ്യന്‍ എല്ലാവിധ യാതനകളോടും പ്രതിബദ്ധതയുള്ളവരാകാന്‍ നമ്മെ സഹായിക്കും.

കുറച്ചുപേര്‍ കാരണമാക്കുന്ന വേദനയും
കുറെപ്പേര്‍ അനുഭവിക്കുന്ന അപമാനവും

സമര്‍പ്പണത്തിലൂടെ കഠിനാദ്ധ്വാനത്തില്‍ ജനങ്ങള്‍ക്കുവേണ്ടി ജീവിക്കുന്നവരും സംശയങ്ങള്‍ക്കും വ്യാജാരോപണങ്ങള്‍ക്കും വിധേയരാകുന്നുണ്ട്. അങ്ങനെയിരിക്കെ, കുറച്ചുപേര്‍ കാരണമാക്കുന്ന ക്ലേശങ്ങള്‍മൂലം വിശ്വസ്തമായി സമര്‍പ്പിത ജീവിതം നയിക്കുന്നവര്‍ക്ക് നന്ദിപറയാതിരിക്കാനാവില്ല എന്ന് കത്തിന് ആമുഖമായി പാപ്പാ പ്രസ്താവിച്ചു.

അനുരജ്ഞിതരാകാം, ദൈവത്തിലേയ്ക്കു തിരിയാം!

ദൈവഹിതത്തോട് ഇനിയും തുറവുള്ളവരായും വിശ്വസ്തരായും ജീവിച്ചാല്‍ ദിവ്യവരനായ ക്രിസ്തു തന്‍റെ മണവാട്ടിയായ സഭയെ നവീകരിച്ചു കാത്തുസംരക്ഷിക്കും. ചരിത്രം അതു പഠിപ്പിക്കുന്നുണ്ട്. വീഴ്ചയാല്‍ അപമാനിതനായതിന്‍റെ ഹൃദയഭാരത്തില്‍നിന്നും വേദനയില്‍നിന്നും എഴുന്നേറ്റ് എളിമയോടെ ദൈവത്തിങ്കലേയ്ക്കു തിരിയുന്നതാണ് മാനസാന്തരം. ഈ നവീകരണത്തിനായി ക്രിസ്തു തന്‍റെ അരൂപിയെ തന്‍റെ സഭയിലേയ്ക്ക് പിന്നെയും അയയ്ക്കുകയാണ്. നമ്മുടെ ബലഹീനതകളും മാരകമായ പാപങ്ങളും ഏറ്റുപറഞ്ഞു, ദൈവസന്നിധിയിലേയ്ക്കു തിരിഞ്ഞാല്‍ ദൈവികകാരുണ്യത്തിന്‍റെയും ക്ഷമയുടെയും മഹത്വവും വലുപ്പവും അജപാലകര്‍ ദര്‍ശിക്കും.

ഇനിയും നീളുന്ന കത്ത്
തുടര്‍ന്ന് നന്ദി, പ്രോത്സാഹനം, സ്തുതിപ്പ് എന്നീ ഘടകങ്ങള്‍കൂടി വിസ്തരിച്ചുകൊണ്ടാണ് വൈദികര്‍ക്കുള്ള കത്ത് പാപ്പാ ഉപസംഹരിച്ചത്.

Trivandrum Media Commission

Comment here