CovidTrivandrum

നിലവിലെ ബഫർ സോണുകളില്‍ ഇളവുകൾ വരുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് നിലവിൽ ബഫർ സോണുകളിലുൾപ്പെട്ട മുട്ടത്തറ, വലിയതുറ, വള്ളക്കടവ് വാർഡുകളിൽ മാത്രം നിലവിലുള്ള നിയന്ത്രണങ്ങളിൽ ചില ഇളവുകൾ വരുത്തുകയാണെന്ന് മന്ത്രി പറഞ്ഞു. ഇപ്പോൾ രാവിലെ ഏഴുമുതൽ 11 മണിവരെ പ്രവർത്തിക്കുന്ന അത്യാവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ വൈകിട്ട് അഞ്ച് മണിവരെ പ്രവർത്തിക്കാം. കോവിഡ് 19 മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുവേണം പ്രവർത്തനം.

നിത്യോപയോഗ സാധനങ്ങൾ വാങ്ങുന്നതിന് ഈ പ്രദേശങ്ങളിൽ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ട് എന്നതിനാലാണ് ഇളവ് നൽകുന്നത്. കൂടാതെ സപ്ലൈകോ, കൺസ്യൂമർഫെഡ് തുടങ്ങിയവയുടെ ന്യായവില മൊബൈൽ യൂണിറ്റുകൾ ദിവസേന ഈ പ്രദേശങ്ങളിലെത്തി വിൽപ്പന നടത്തും. മൊബൈൽ എ.ടി.എമ്മിന്റെ സേവനവും ലഭ്യമാക്കും.

ഇവിടങ്ങളിലെല്ലാം സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ വേണ്ട നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. കൂടാതെ നാടൻ വള്ളങ്ങൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനും അനുമതി നൽകുന്നു. പ്രദേശത്തുള്ളവരുടെ ഉപയോഗത്തിനായുള്ള മത്സ്യബന്ധനമാണ് അനുവദിക്കുന്നത്.

മത്സ്യം ബാക്കിവരികയാണെങ്കിൽ മത്സ്യഫെഡ് അടക്കമുള്ള സംവിധാനങ്ങളിലൂടെ അത് വിൽക്കുന്നതിനുള്ള സാഹചര്യമൊരുക്കും. കന്യാകുമാരിയിൽ നിന്ന് ഇങ്ങോട്ടുള്ള മത്സ്യബന്ധനവും കടൽയാത്രയും കർശനമായും തടയും. മേഖലകളിൽ കോഴിയിറച്ചിയുടെ വിൽപ്പനയ്ക്കായി കെപ്‌കോയുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

ആരോഗ്യ സേവനങ്ങൾ 24 മണിക്കൂറും ലഭിക്കാനുള്ള സംവിധാനങ്ങളും നിലവിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ രണ്ട് മൊബൈൽ യൂണിറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. റേഷൻകടകൾ വഴി സൗജന്യമായി അരി വിതരണവും നടത്തിവരുന്നു.

Trivandrum Media Commission

Comment here