ArticlesParish

നവവൈദീകര്‍ക്ക് പ്രാര്‍ത്ഥനാശംസകളര്‍പ്പിച്ച് ആന്‍റണി വ‍‍ർഗ്ഗീസിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്

പൊഴിയൂർ എന്ന തീരദേശ ഗ്രാമത്തിന് ഇന്ന് ആത്മീയ സന്തോഷത്തിന്റെയും നിറവിന്റെയും ദിനം. പൊഴിയൂരിലെ പരുത്തിയൂരെന്ന തീര ജനതയുടെ അധരങ്ങളിൽ ദൈവ സ്തുതികളും അകതാരിൽ ആത്മീയ ആനന്ദവും കൃതജ്ഞതയും നിറഞ്ഞുനിന്ന ദിനം. ഈ തീര ജനതയും പരുത്തിയൂർ ഇടവകയും നാളുകളായി പ്രാർത്ഥനയോടെ കാത്തിരുന്ന ദിവസമാണിന്ന്. ആ തീരങ്ങളിലൂടെ ഓടിക്കളിച്ച കടലിനോട് ചേർന്ന് ജീവിച്ച ഉപ്പിനെ ഗന്ധം പേറി ആർത്തിരമ്പുന്ന കടൽ തിരമാലകളെ പോലുള്ള ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ ആ ഇടവകയിലെ മൂന്ന് യുവാക്കൾ ക്രിസ്തുവിനായി സകലതും ത്യജിച്ചുകൊണ്ട് ക്രിസ്തുവിൽ ഒന്നായി തീർന്നു അവിടുത്തെ നാമം പേറി ജീവിക്കുന്ന പൗരോഹിത്യത്തിലേക്ക് പ്രവേശിച്ചു.

പത്തിയൂർ ഇടവകയാകുന്ന അമ്മ കത്തോലിക്കാ സഭയ്ക്കുവേണ്ടി ഫാദർ ഷൈജു ബർക്കുമാൻസ്, ഫാദർ ജോയി മുത്തപ്പൻ, ഫാദർ ജോൺസൺ മുത്തപ്പൻ എന്നീ മൂന്ന് മക്കൾക്ക് ജന്മം നൽകിയിരിക്കുന്നു. ആ അമ്മ ഇന്ന് വളരെയധികം സന്തോഷവതിയാണ്. തന്റെ പൊന്നോമനകളായ മൂവരും കർത്താവിന്റെ പൗരോഹിത്യത്തിലും അപ്പസ്തോലിക ദൗത്യത്തിലും പങ്കുചേർന്നതിൽ. നിത്യപുരോഹിതനായ ക്രിസ്തു തന്റെ മക്കൾക്കുവേണ്ടി ബലി വസ്തുവും ബലി കുഞ്ഞാടും ബലിയർപ്പകനുമായി തീർന്നതുപോലെ ഈ നവ വൈദീകരും ബലി വസ്തുവും ബലി കുഞ്ഞാടും ബലിയർപ്പകരുമായി മാറി, അവിടത്തെ ബലി മേശയെ സമീപിച്ചു. ദൈവ ജനത്തിനുവേണ്ടി കരങ്ങൾ വിരിച്ച് ദൈവസന്നിധിയിൽ പ്രാർത്ഥിക്കാനും അവർക്കുവേണ്ടി മുറിയപ്പെടാനും മുറിവുണക്കാനുമായി. ഇവരെയോർത്തു ഇനി അഭിമാനപൂർവ്വം തല ഉയർത്തി നിൽക്കാം ആ ഗ്രാമത്തിന്.

കടലിനെ ഉപജീവന മാർഗമായി കാണുന്ന, മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാർക്കുന്ന  തീര ഗ്രാമത്തിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും അവിടത്തെ പരിമിതമായ ജീവിത സാഹചര്യങ്ങളിൽ നിന്നും വന്ന അവർ ക്രിസ്തുവിന്റെ പൗരോഹിത്യത്തിൽ നിന്നുകൊണ്ട് അനേകരെ ക്രിസ്തുവിനു വേണ്ടി വലവീശി പിടിക്കുന്ന മുക്കുവരായി തീർന്നു. കണ്ണുനീരിന്റെ നനവുള്ള എത്രയെത്ര ദിനരാത്രങ്ങൾ അവരുടെ മുന്നിലൂടെ കടന്നുപോയി. ദാരിദ്ര്യത്തിന്റെ ആഴക്കടലിൽ മുങ്ങിപോകേണ്ട അവർ തങ്ങളുടെ ജീവിത സ്വപ്നങ്ങളിലേക്ക് ചിറകടിച്ചുയരാൻ കടന്നു പോകേണ്ടി വന്ന കടമ്പകൾ വളരെ വലുതാണ്. എങ്കിലും കടലിനോട് ദിനവും മല്ലിടുന്ന കടലിന്റെ മക്കളുടെ മനക്കരുത്ത് ഇവർക്കും കൂടിയില്ലെങ്കിലെ അതിശയമുള്ളൂ. അതും പാരമ്പര്യമായി ഇവരുടെയും രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. അതുകൊണ്ടുതന്നെ ദൈവത്തിലാശ്രയിച്ച് മുന്നോട്ടുപോകുകയും ആ കടമ്പുകളെ ധൈര്യപൂർവം നേരിട്ടുകൊണ്ട് അതിനെ പരാജയപ്പെടുത്തിയ അവർ ഇന്ന് ക്രിസ്തുവിന്റെ മക്കളേ ക്രിസ്തുവിനു വേണ്ടി സ്വന്തമാക്കുന്ന വലവീശി പിടിക്കുന്ന അനേകർക്ക് ആശ്വാസവും സാന്ത്വനവുമാകുന്ന മുക്കുവരായി തീർന്നു.

നവ വൈദികരിൽ ഫാദർ ജോൺസൺ മുത്തപ്പനും ഫാദർ ജോയി മുത്തപ്പനും ഒരു കുടുംബത്തിലെ സ്വന്തം സഹോദരങ്ങളാണ്. ദാരിദ്ര്യത്തിലൂടെ കടന്നുപോയി നോവിന്റെ കൈപ്പ് ചെറുപ്പം മുതലേ അനുഭവിച്ചവർ. എന്നാൽ കുടുംബത്തിലെ പ്രാർത്ഥനാജീവിതം അവർക്കെന്നും വഴികാട്ടിയായിരുന്നു. ദാരിദ്ര്യത്തിന്റെ നടുവിൽ പഠനകാര്യത്തിൽ മുന്നോട്ടുപോകാൻ കഴിയാത്ത ഒരു സാഹചര്യം വന്നപ്പോൾ പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നിട്ടും അത് മടങ്ങിപ്പോകുമെന്ന അവസ്ഥ വന്നപ്പോൾ ശ്രീചിത്ര ഹോമിലെ അധികൃതർ ഇവരെ സ്വീകരിക്കുകയും അങ്ങനെ അവിടത്തെ ആരോരുമില്ലാത്ത അനാഥ കുഞ്ഞുങ്ങളോടൊപ്പം ചേർന്നു പഠനം തുടരുകയും ചെയ്തു. അതും തങ്ങളുടെ അഞ്ചാംക്ലാസ് മുതൽ.

അത്രയ്ക്കും കയ്പേറിയ അനുഭവങ്ങളുടെ ഒരു ശേഖരം തന്നെയാണ് ഫാദർ ജോൺസൺ മുത്തപ്പനും ഫാദർ ജോയി മുത്തപ്പനും. ശ്രീചിത്രാ ഹോമിൽ പഠിക്കുന്ന സമയത്തുതന്നെ സ്പോർട്സിൽ അതീവ തൽപരനായിരുന്ന ജോൺസണച്ചൻ ഫുട്ബോൾ സെലക്ഷന് പോവുകയും ചെയ്തിരുന്നു. എന്നാൽ ഫുട്ബോൾ സെലക്ഷന് പോയ ജോൺസണച്ചൻ തിരിച്ചുവന്നത് തികഞ്ഞ ഒരു ഗുസ്തിക്കാരനായിട്ട്. ആ ഗുസ്തിക്കാരനെയാണ് ഇന്ന് ദൈവം തിരഞ്ഞെടുത്തിരിക്കുന്നത്. ഒരുപക്ഷേ കുടുംബത്തെയും മാതാപിതാക്കളുടെയും ത്യാഗപൂർണമായ പ്രാർത്ഥനകളായിരിക്കാം അച്ചനെയും സഹോദരനെയും ഈശോയിലേക്കും ശ്രീ ചിത്രാ ഹോമിലെ അനുഭവങ്ങളും താൻ ജീവിച്ചുവന്ന വഴികളുമായിരിക്കാം സേവന തല്പരതയിലേക്കും ഈ രണ്ടു സഹോദരങ്ങളെ നയിച്ചത്. ഫാദർ ജോൺസൺ മുത്തപ്പൻ തിരുവനന്തപുരം ലത്തീൻ അതിരൂപതയ്‌ക്ക് വേണ്ടിയും അനുജൻ ഫാദർ ജോയി മുത്തപ്പൻ IVD സഭയ്ക്ക് വേണ്ടിയുമാണ് വൈദികരായത്.

നവ വൈദികരിൽ മൂന്നാമനായ ഫാദർ ഷൈജു ബർക്കുമാൻസ് ഇതിലും തികച്ചും വ്യത്യസ്തമല്ലാത്ത അനുഭവങ്ങളിലൂടെ തന്നെയാണ് കടന്നു പോയത്. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തന്നെ വീട്ടിലെ വേദനനിറഞ്ഞ സാഹചര്യം മനസ്സിലാക്കി കടലിൽ പോകുന്ന അപ്പനെ സഹായിക്കാനായി കടലിലേക്ക് തുഴയുമായി ഇറങ്ങിയ വ്യക്തിയാണ് അദ്ദേഹം. പഠിക്കാൻ മിടുക്കനായിരുന്ന ആ കൗമാരക്കാരനോട് അപ്പൻ പറഞ്ഞത് ഇങ്ങനെയായിരുന്നു. നീ പഠിക്കാൻ മിടുക്കനാണ് അതുകൊണ്ട് നീ പഠിക്കണം. അങ്ങനെ അപ്പന്റെ വാക്കുകേട്ട് പഠിക്കുകയും മനസ്സിൽ എപ്പോഴോ അറിയാതെ കേറി വന്ന വൈദികനാകണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ ആദ്യമൊക്കെ ചെറിയ എതിർപ്പുകൾ വന്നുവെങ്കിലും പിന്നീട് അത് സന്തോഷത്തിന് വഴി മാറി. ഇന്ന് ആ സന്തോഷം അതിന്റെ കൊടുമുടിയിൽ എത്തിനിൽക്കുന്നു. ഹെറാൾഡ്‌സ് ഓഫ് ഗുഡ് ന്യൂസ്‌ എന്ന വൈദിക സന്യാസ സമൂഹത്തിനു വേണ്ടിയാണ് ഇദ്ദേഹം വൈദികനായത്.

ദീർഘകാലത്തെ കാത്തിരിപ്പിനും പ്രാർത്ഥനകളുടെ ഒരു ഒരുക്കങ്ങൾക്ക് ശേഷം പൊഴിയൂരിലെ പരുത്തിയൂർ ഇടവകയുടെ മക്കളായ ഡീക്കൻ ജോൺസൺ മുത്തപ്പനും ഡീക്കൻ ജോയി മുത്തപ്പനും ഡീക്കൻ ഷൈജു ബർക്കുമാൻസും ഇന്ന് വൈദികരായി അഭിഷേകം ചെയ്യപ്പെട്ടിരിക്കുന്നു. തിങ്ങി നിറഞ്ഞു നിൽക്കേണ്ട ദേവാലയവും പരിസരവും ഇന്നത്തെ പ്രതികൂലമായ സാഹചര്യത്തിൽ വളരെ കുറച്ചു പേരുടെ പങ്കാളിത്തത്തിലേക്ക് ചുരുങ്ങി. ആനയും അമ്പാരിയും ഇല്ല കൊട്ടും കുരവയും ഇല്ല വാദ്യഘോഷങ്ങളില്ല ആർപ്പുവിളികളില്ല ഉറ്റവർക്കും ഉടയവർക്കും സകല പ്രിയപ്പെട്ടവർക്കും ഈ തിരുപ്പട്ട കൂദാശ കർമ്മത്തിൽ പങ്കെടുക്കാൻ ആഗ്രഹത്തോടെ പ്രാർത്ഥിച്ചു കാത്തിരുന്നവർക്കുപോലും പങ്കെടുക്കാൻ പറ്റാതെപോയ സാഹചര്യം. എങ്കിലും സ്വ ഭവനങ്ങളിലിരുന്ന് ആ ഇടവക സമൂഹം മുഴുവനും നവ വൈദികർക്കുവേണ്ടി പ്രാർത്ഥിച്ചു. ഒരു ഉത്സവ പ്രതീതി ഉണർത്തേണ്ട പരുത്തിയൂർ ഇടവകയും ആഘോഷങ്ങളുടെ അകമ്പടിയില്ലാതെ ലളിതമായ രീതിയിൽ അവരുടെ സന്തോഷങ്ങളിൽ പങ്കുചേർന്നു.

പരുത്തിയൂർ മേരി മഗ്ദലന ഇടവകപള്ളിയിൽ വച്ചുനടന്ന തിരുപ്പട്ട കൂദാശ കർമ്മത്തിൽ മുഖ്യകാർമ്മികനായ തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ സൂസൈപാക്യം പിതാവിലൂടെ തിരുസഭാ മാതാവിന്റെ മുൻപിൽ വച്ചും തിരു കർമ്മത്തിൽ പങ്കെടുത്ത ദൈവജനത്തിന്റെ മുൻപിൽ വച്ചും പുരോഹിതരായി അഭിഷേകം ചെയ്യപ്പെട്ടു. ഈ നിമിഷം പരുത്തിയൂർ ഇടവകയെ ഓർത്തു കൊണ്ടും നവ വൈദികരെ ഓർത്തു കൊണ്ടും സ്വർഗ്ഗം സന്തോഷിക്കുന്ന നിമിഷം. വിശുദ്ധരെല്ലാം ബഹുമാനപൂർവ്വം ശിരസ്സ് നമിച്ചു നിൽക്കുന്ന നിമിഷം. അവർ മൂവരും നടന്നു നീങ്ങി ബലിയാകുവാനും ബലിയേകുവാനുമായി.

നവ വൈദികർക്ക് പ്രാർത്ഥന ആശംസകളോടെ

@Anthony Vargheese

Trivandrum Media Commission

Comment here