Archdiocese

നവമാധ്യമങ്ങളിൽ അതിക്രമികളുടെ ആശയങ്ങളെക്കൾ നിഷ്കളങ്കരുടെ നിസ്സംഗത ആപൽകരം : ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്

നല്ല മനുഷ്യരുടെ നിശബ്ദതയാണ് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. നവമാധ്യമ പ്രവർത്തകർ അവരുടെ നിശബ്ദതയെ പിന്തുണയ്ക്കാതെ, അവരുടെ വക്താക്കളായി മാറണമെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ്. വിവിധ തലങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന രൂപതാംഗങ്ങൾക്കായി മീഡിയ കമ്മീഷൻ ഒരുക്കിയ കൂടിവരവിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വാർത്തകൾ അറിയാൻ വേണ്ടി റേഡിയോ ട്യൂൺ ചെയ്തിരുന്ന കാലത്ത് നിന്ന് ഇന്നത്തെ തലത്തിലേക്കുള്ള മാധ്യമരംഗത്തെ വിസ്ഫോടനം അതിശയിപ്പിക്കുന്നു. എന്ത് വിവരവും ഇപ്പോൾ കൈപ്പിടിയിൽ ലഭ്യമാണ്. സമൂഹമാധ്യമങ്ങളുടെ അമിതഉപയോഗം വഴി മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ പോലും നമുക്കിടയിലുണ്ട്. അവർക്കിടയിൽ നന്മകൾ ചെയ്ത്, ജീവന്റെ സംസ്കാരം വളർത്തിയെടുക്കാൻ സമൂഹമാധ്യമങ്ങളെ ഉപയോഗപ്പെടുത്തണം.

വിമർശിക്കാൻ എളുപ്പമാണ്. സത്യം അറിയാനും, വസ്തുതകളുടെ യാഥാർഥ്യം എന്താണെന്നു പരിശോധിക്കാനും എപ്പോഴും ശ്രമിക്കണം. മാധ്യമങ്ങൾക്ക് ജീവൻ നൽകാനും ജീവനെടുക്കാനും സാധിക്കും എന്നുള്ള വസ്തുത നാം ഓർമിക്കണം. അതുതന്നെയാണ് യേശു പഠിപ്പിക്കുന്നതും. കൊല്ലുക എന്നത് ശാരീരികമെന്നതിലുപരി മാനസികമായ മരണമാണ് സംഭവിക്കുക എന്ന വസ്തുത ഗൗരവപൂർവം വിലയിരുത്തി സമൂഹ മാധ്യമങ്ങളിൽ ഇടപെടുവാൻ അദ്ദേഹം പ്രവർത്തകരെ ഓർമിപ്പിച്ചു.

സഭയോടും സമൂഹത്തോടും ചേർന്ന്, നന്മയായത് പറയാൻ, നന്മയ്ക്കുവേണ്ടി നിലകൊള്ളാൻ തക്കവണ്ണം സാമൂഹികമാധ്യമങ്ങളിൽ നാം പ്രവർത്തിക്കുമ്പോൾ ഐശ്വര്യപൂർണമായ ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിൽ നാം പങ്കുകാരാകുന്നു. കോവിഡ് കാലത്ത് ഇടവകകളിലെ സമൂഹ മാധ്യമങ്ങളിലും മറ്റും ഉണ്ടായ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

സംഗമത്തിന് തുടക്കം കുറിച്ച് മീഡിയ കമ്മീഷൻ എക്സിക്യൂട്ടീവ് സെക്രട്ടറി റവ. ഫാ. ദീപക് ആന്റോ കത്തോലിക്കാ നവമാധ്യമ രംഗത്ത് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് പ്രവർത്തകരെ ഉദ്‌ബോധിപ്പിച്ചു. സമൂഹ മാധ്യമങ്ങളിൽ ക്രിയാത്മകതയുള്ള കത്തോലിക്കനായി എങ്ങനെ ഇടപെടാമെന്നു ക്ലിന്റൺ ഡാമിയനും ചലിക്കുന്ന ചിത്രങ്ങളുടെ വിവിധ സങ്കേതങ്ങളെ കുറിച്ച് റവ. ഫാ. ജിജി കലവനാലും ക്ലാസുകൾ നയിച്ചു.

എഴുത്തുകളിലൂടെ, കവിതകളിലൂടെ ഫേസ്‌ബുക്കിൽ സ്വന്തമായ നിലപാടുകൾ അവതരിപ്പിക്കുന്ന ആന്റണി വർഗീസ് (പുതിയതുറ ഇടവക), യുവജനങ്ങൾക്കിടയിൽ ശ്രദ്ധേയനായ റവ. ഫാ. പ്രിൻസ് ക്ലാരൻസ് SJ (ഡയറക്ടർ, ഐക്കഫ് കേരള), വൈദികർക്കിടയിലെ സംഗീതജ്ഞരിൽ ഒരാളായ റവ. ഫാ. വിക്ടർ എവരിസ്റ്റസ്, (റെക്ടർ, ഐവിഡി സെമിനാരി), കോവിഡ് കാലത്ത് “വചനയാത്ര” എന്ന വചന വിചിന്തന പരമ്പര ഒരുക്കിയ റവ. ഫാ. ഡാനിയേൽ ആർ. (സഹവികാരി, പാളയം കത്തീഡ്രൽ), വ്യത്യസ്തമായ വിഡിയോകളിലൂടെ ശ്രദ്ധ നേടിയ “ക്രിസ്തുസ് വിവിറ്റ്” എന്ന യൂട്യൂബ് ചാനലിന്റെ സൃഷ്ടാവ് റവ. ഫാ. ഷൈനിഷ് ബോസ്‌കോ (ബിഷപ്‌സ് സെക്രട്ടറി) എന്നിവർ സമൂഹ മാധ്യമങ്ങളിലെ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു.

വെള്ളയമ്പലം ജൂബിലി മെമ്മോറിയൽ അനിമേഷൻ സെന്ററിൽ നടന്ന സംഗമത്തിൽ അതിരൂപതയിൽ വിവിധ ഇടവകകളിൽ നിന്നായി അൻപതോളം പ്രവർത്തകർ പങ്കെടുത്തു.

✍️ പ്രേം ബൊനവഞ്ചർ

Trivandrum Media Commission

Comment here