With the Pastor

നമ്മുടെ പൊതു ഭവനത്തിന്റെ ഭാവി പുനർവിചിന്തനം ചെയ്യുക : യുഎന്നിനോട് ഫ്രാൻസിസ് പാപ്പ

എഴുപത്തിയഞ്ചാം വര്ഷം ആഘോഷിക്കുന്ന 193 അംഗ ലോക സംഘടനയുടെ പ്രതിനിധികളെ ഫ്രാൻസിസ് മാർപാപ്പ വെള്ളിയാഴ്ച അഭിസംബോധന ചെയ്തു. ഒരു വീഡിയോ സന്ദേശത്തിൽ, ബഹുരാഷ്ട്രവാദത്തിലൂടെയും രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിലൂടെയും മികച്ച ഭാവിയിലേക്കുള്ള സംയുക്ത പ്രതിബദ്ധതയ്ക്ക് വേണ്ടി ശ്രമിക്കാൻ മാർപ്പാപ്പ അഭ്യർത്ഥിച്ചു.

രാജ്യങ്ങൾ തമ്മിലുള്ള ഐക്യത്തിന്റെ അടയാളമായും മുഴുവൻ മനുഷ്യകുടുംബത്തിനും സേവനത്തിനുള്ള ഉപകരണമായും സംഘടന പ്രവർത്തിക്കണമെന്ന വത്തിക്കാന്റെ ആഗ്രഹം പ്രകടിപ്പിക്കുന്നതിനുള്ള ഉചിതമായ അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.

മാരകമായ മഹാമാരിയിൽ നിന്നുണ്ടാകുന്ന വെല്ലുവിളികളെ ലോകം അഭിമുഖീകരിക്കുകയാണ്. ഇപ്പോൾ നിലനിൽക്കുന്ന പ്രതിസന്ധി നമ്മുടെ മനുഷ്യന്റെ ദുർബലതയെ തുറന്നുകാട്ടുകയും നമ്മുടെ സാമ്പത്തിക, ആരോഗ്യ, സാമൂഹിക വ്യവസ്ഥകളെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. അടിസ്ഥാന ആരോഗ്യ പരിരക്ഷയ്ക്കുള്ള ഓരോ വ്യക്തിയുടെയും അവകാശം സാക്ഷാത്കരിക്കേണ്ടതിന്റെ ആവശ്യകതയെ മഹാമാരി മുന്നോട്ടുവയ്ക്കുന്നു.

മഹാമറിക്കെതിരായുള്ള വിചാരണയുടെ ഈ സമയം പ്രധാനപ്പെട്ടവയും കടന്നുപോകുന്നതും തിരഞ്ഞെടുക്കാനും ആവശ്യമുള്ളവയെ ആവശ്യമില്ലാത്തവയിൽ നിന്ന് വേർതിരിക്കാനും നമ്മെ ക്ഷണിക്കുന്നു. ബഹുരാഷ്ട്രത്വം, ആഗോളതലത്തിലുള്ള ഉത്തരവാദിത്തം, സമാധാനം, ദരിദ്രരെ ഉൾപ്പെടുത്തിയുള്ള വികസനം എന്നിവയിലേയ്ക്ക് നയിക്കുന്ന പാത നാം തിരഞ്ഞെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

ഐക്യദാർഢ്യം ഒരു ശൂന്യമായ വാക്കോ വാഗ്ദാനമോ ആകാൻ കഴിയില്ലെന്ന് നിലവിലെ പ്രതിസന്ധി നമ്മെ കാണിച്ചുതരുന്നു. നമ്മുടെ സ്വാഭാവിക പരിധി കവിയാനുള്ള എല്ലാ പ്രലോഭനങ്ങളും ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യവും മഹാമാരി വെളിപ്പെടുത്തുന്നു. ഇക്കാര്യത്തിൽ, വർദ്ധിച്ചുവരുന്ന റോബോട്ടൈസേഷനും കൃത്രിമബുദ്ധിയും (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) മൂലം തൊഴിൽ മേഖലയിലുണ്ടായ മഹാമാരിയുടെ സ്വാധീനം നാം പരിഗണിക്കണം. ഒപ്പം നമ്മുടെ അന്തസ്സ് സ്ഥിരീകരിക്കുന്നതിനിടയിലും, മനുഷ്യന്റെ കഴിവുകളെ തൃപ്തിപ്പെടുത്താൻ പ്രാപ്തിയുള്ള പുതിയ രൂപത്തിലുള്ള പ്രവർത്തനങ്ങളുടെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഇത് ഉറപ്പാക്കുന്നതിന്, ഇന്നത്തെ വ്യാപകവും നിശബ്ദമായി വളരുന്നതുമായ മാലിന്യസംസ്ക്കാരത്തെ മറികടക്കാൻ പ്രാപ്തിയുള്ള കൂടുതൽ ശക്തമായ ധാർമ്മികചട്ടക്കൂടും അതിനെ ഉൾക്കൊള്ളുന്ന ദിശാമാറ്റവും പാപ്പ നിർദ്ദേശിച്ചു. ലാഭം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രബലമായ സാമ്പത്തിക മാതൃകയിൽ മാറ്റം വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, കൂടുതൽ ആളുകൾക്ക് ജോലി വാഗ്ദാനം ചെയ്യുന്നത് അവരുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി മാറ്റാൻ അദ്ദേഹം സംരംഭകരോട് അഭ്യർത്ഥിച്ചു.

മൗലിക മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് മാർപ്പാപ്പ വിലപിക്കുന്നു. അത് ദുരുപയോഗം ചെയ്യപ്പെട്ട, മുറിവേറ്റ, അന്തസ്സും സ്വാതന്ത്ര്യവും ഭാവിയിലേക്കുള്ള പ്രത്യാശയും നഷ്ടപ്പെട്ട മനുഷ്യത്വത്തിന്റെ ഭയപ്പെടുത്തുന്ന ചിത്രം നൽകുന്നു. മതപരമായ പീഡനം, മാനുഷിക പ്രതിസന്ധികൾ, വൻനാശം വിതയ്ക്കാനിടയുള്ള ആയുധങ്ങളുടെ ഉപയോഗം, ആഭ്യന്തരമായുള്ള നാടുകടത്തൽ, മനുഷ്യക്കടത്ത്, അമിത അധ്വാനം, പലായനം തുടങ്ങിയ സംഭവങ്ങൾ അസഹനീയമാണെങ്കിലും മനഃപൂർവ്വമായ അവഗണനയുടെ ഉദാഹരണങ്ങളാണെന്ന് മാർപ്പാപ്പ വിശേഷിപ്പിച്ചു.

പ്രതിസന്ധികളോട് പ്രതികരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ വലിയ വാഗ്ദാനത്തോടെയാണ് ആരംഭിക്കുന്നതെന്നും എന്നാൽ വിജയിക്കാൻ ആവശ്യമായ രാഷ്ട്രീയ പിന്തുണയുടെ അഭാവം മൂലമോ അല്ലെങ്കിൽ വ്യക്തിപരമായതലത്തിൽ രാജ്യങ്ങൾ അവരുടെ ഉത്തരവാദിത്തങ്ങളും പ്രതിബദ്ധതകളും ഒഴിവാക്കുന്നതിനാലോ പരാജയപ്പെടുന്നു. ഇതിനെ ചെറുക്കുന്നതിന്, വെല്ലുവിളികൾക്കെതിരായ പോരാട്ടത്തിൽ നമ്മുടെ ശ്രമങ്ങൾ യഥാർഥത്തിൽ ഫലപ്രദമാണെന്ന് ഉറപ്പുവരുത്താൻ അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു. ഒപ്പം, പ്രതികൂലസാഹചര്യത്തിൽ സഹായിക്കുന്നതിൽ പങ്ക് വഹിക്കാനുള്ള വത്തിക്കാന്റെ പ്രതിബദ്ധത ഫ്രാൻസിസ് പാപ്പ ആവർത്തിക്കുകയും ചെയ്തു.

സമ്പന്നരും ദരിദ്രരും തമ്മിലുള്ള അസമത്വങ്ങളോട് പ്രതികരിക്കുന്നതിൽ, സാമ്പത്തിക, ധനകാര്യ സ്ഥാപനങ്ങളുടെ പങ്ക് പുനർവിചിന്തനം ചെയ്യാൻ പാപ്പ നിർദ്ദേശിച്ചു. പ്രാദേശിക തലത്തിൽ സാമ്പത്തിക വികസനത്തെ പിന്തുണയ്ക്കുന്ന, പ്രാദേശിക സമൂഹങ്ങൾക്ക് പ്രയോജനപ്പെടുന്ന, വിദ്യാഭ്യാസത്തിലും അടിസ്ഥാന സൗകര്യങ്ങളിലും നിക്ഷേപമുണ്ടാക്കുന്ന ഒരു സാമ്പത്തിക മാതൃക അദ്ദേഹം ശുപാർശ ചെയ്യുന്നു. രാജ്യങ്ങൾക്കിടയിൽ കൂടുതൽ ധനപരമായ ഉത്തരവാദിത്തത്തിലൂടെ സാമ്പത്തിക അനീതികൾ അവസാനിപ്പിക്കാനും ദരിദ്രർക്കും ഉയർന്ന കടബാധ്യതയുള്ള രാജ്യങ്ങൾക്കും സഹായം വാഗ്ദാനം ചെയ്യുന്നതുൾപ്പെടെ ദരിദ്രരെ ഫലപ്രദമായി പ്രോത്സാഹിപ്പിക്കാനും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

പരസ്പര ഉന്മൂലനഭീഷണിയെ അടിസ്ഥാനമാക്കി ഭയത്തിന്റെതായ ധാർമ്മികത സൃഷ്ടിക്കുന്ന ആണവ പ്രതിരോധത്തെ അദ്ദേഹം ഒറ്റപ്പെടുത്തുന്നു. ആയുധ വ്യവസായത്തിന് ലാഭമുണ്ടാക്കുമ്പോൾ ആയുധങ്ങൾ കൈവശം വയ്ക്കുന്നതുമായി സുരക്ഷയെ ബന്ധിപ്പിക്കുന്ന വികലമായ യുക്തി പൊളിച്ചുനീക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ മുന്നണിയിൽ, ആണവ നിരായുധീകരണം, വ്യാപനംതടയൽ, നിരോധനം എന്നിവയ്ക്കുള്ള പ്രധാന അന്താരാഷ്ട്ര, നിയമനിർമാണത്തിന് പിന്തുണ നൽകണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഇപ്പോഴത്തെ പ്രതിസന്ധി നമ്മുടെ സ്വയംപര്യാപ്തതയുടെ പരിമിതികളും പൊതുവായ ദുർബലതയും പ്രകടമാക്കി. നമുക്ക് പരസ്പരബന്ധമില്ലാതെ ജീവിക്കാൻ കഴിയില്ലെന്നും മഹാമാരി തെളിയിച്ചു. അതിനാൽ, ഈ നിർണായക ഘട്ടത്തിൽ, രാജ്യങ്ങൾ തമ്മിലുള്ള ബഹുരാഷ്ട്രവാദവും സഹകരണവും ശക്തിപ്പെടുത്തിക്കൊണ്ട് നമ്മുടെ പൊതുഭവനത്തിന്റെയും നമ്മുടെ പൊതുപദ്ധതിയുടെയും ഭാവിയെക്കുറിച്ച് പുനർവിചിന്തനം നടത്തേണ്ടത് നമ്മുടെ കടമയാണ്.

രാഷ്ട്രങ്ങളെ ഒന്നിപ്പിക്കുന്നതിനാണ് യുഎൻ സ്ഥാപിതമായത്. അതിനാൽ, നമ്മുടെ മുന്നിലുള്ള വെല്ലുവിളിയെ ഒന്നിച്ച് അതിജീവിക്കുവാൻ, നമ്മൾ എല്ലാവരും ആഗ്രഹിക്കുന്ന ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള അവസരമാക്കി മാറ്റാൻ സ്വന്തം സംവിധാനങ്ങളെ വേണ്ടവിധത്തിൽ ഉപയോഗിക്കണമെന്നു പാപ്പ ഉപസംഹരിച്ചു.

കടപ്പാട് : വത്തിക്കാൻ ന്യൂസ്
വിവർത്തനം : പ്രേം ബൊനവഞ്ചർ

Trivandrum Media Commission

Comment here