AnnouncementsState

ദൈവിക സമാശ്വാസത്തിനായി കെസിബിസിയുടെ ആരാധനായജ്ഞം

കൊച്ചി: ഈ കാലഘട്ടത്തിന്റെ സങ്കീര്‍ണതകള്‍ക്ക് ദൈവികമായ പരിഹാരം തേടി വിവിധ ധ്യാനകേന്ദ്രങ്ങളുടെ സഹകരണത്തോടെ കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ ആരാധനായജ്ഞം.

ജൂലായ് 24-ാം തീയതി ആരംഭിച്ച് ഓഗസ്റ്റ് 2-ന് അവസാനിക്കുന്ന പ്രാര്‍ത്ഥനായജ്ഞം കെസിബിസി കരിസ്മാറ്റിക് കമ്മീഷന്റെ ആസ്ഥാനകാര്യാലയമായ കളമശ്ശേരി എമ്മാവൂസില്‍ വെള്ളിയാഴ്ച വൈകീട്ട് 6.30-ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹസന്ദേശം നല്കി ഉദ്ഘാടനം ചെയ്യും.

മാനസാന്തരത്തിന്റെയും വിശുദ്ധീകരണത്തിന്റെയും പരസ്പരമുള്ള കരുതലിന്റെയും സന്ദര്‍ഭമാണിതെന്നും മഹാമാരിയുടെ സങ്കീര്‍ണതകള്‍ക്കുമധ്യേ വിഹ്വലരായി നില്ക്കുന്ന ജനസാമാന്യത്തിന് പ്രത്യാശ പകരാനും ദൈവികമായ സമാശ്വാസം ലഭിക്കാനും ഈ പ്രാര്‍ത്ഥനായജ്ഞം ഇടയാക്കുമെന്നും കരിസ്മാറ്റിക് കമ്മീഷന്‍ ചെയര്‍മാന്‍ അഭിവന്ദ്യ ഡോ. സാമുവേൽ ഐറേനിയോസ് വ്യക്തമാക്കി.

ഈ പത്തുദിവസങ്ങളിലായി വൈകീട്ട് 6.30 മുതല്‍ 9.30 വരെ വിവിധ ധ്യാനകേന്ദ്രങ്ങളില്‍നിന്ന് പത്തു ധ്യാനഗുരുക്കന്മാര്‍ നേതൃത്വം നല്കുന്ന പ്രാര്‍ത്ഥനാശുശ്രൂഷകളുടെ സംപ്രേഷണം ഷെക്കീന ചാനലിലൂടെ ഉണ്ടായിരിക്കുന്നതാണ്. ഈ ദിവസങ്ങളില്‍ കുടുംബപ്രാര്‍ത്ഥനയ്ക്ക് ഏവരും കൂടുതല്‍ പ്രാധാന്യം നല്കണമെന്ന് അദ്ദേഹം അറിയിച്ചു.

ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കുന്ന ധ്യാനഗുരുക്കന്മാര്‍ ഫാ. ജോസഫ് താമരവെളി, ഫാ. ജോസ് ഉപ്പാണി, ഫാ. അഗസ്റ്റിന്‍ വല്ലൂരാന്‍ V. C., ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, ഫാ. ഡേവിസ് പട്ടത്ത്, സിസ്റ്റര്‍ എല്‍സിസ് മാത്യു, ബ്രദര്‍ സന്തോഷ് കരുമാത്ര, ഫാ. ഡോമിനിക് വാളമ്‌നാല്‍, ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍, ഫാ. ജോസഫ് വലിയവീട്ടില്‍ എന്നിവരാണ്.

Trivandrum Media Commission

Comment here