State

ദൈവംനട്ടുവളർത്തിയ ജീസസ് യൂത്ത് മുന്നേറ്റത്തിൽ നിന്നും കത്തോലിക്കാസഭയ്ക്കുവേണ്ടി, ലോക്ഡൗൺ നാളുകളിൽ വിരിഞ്ഞ രണ്ട് സുന്ദര പുഷ്പങ്ങൾ

Anthony Vargheese

യേശുവിൻ യുവാക്കൾ നാം
യേശുവിന്റെ പാതയിൽ
നീങ്ങിടും യുവത്തിടമ്പുകൾ
ലോകത്തിൻ പ്രകാശമായി
ഭൂമി തന്നിലുപ്പുമായി
തീർന്നിടേണ്ട ക്രിസ്തു സാക്ഷികൾ

മനോഹരമായ ഈ ഗാനം പിറവിയെടുത്തിട്ട് ഏകദേശം 35 വർഷത്തോളമായി. 1985ലെ ജീസസ് യൂത്ത് ആദ്യ യുവജന കോൺഫറൻസിന്റെ തീം സോങാണ് ഇത്. ഇത് ഇന്നും മുന്നേറ്റത്തിൽ നിൽക്കുന്ന യുവജനങ്ങൾക്ക് നൽകുന്ന ആവേശം വലുതാണ്. ഈ ഗാനത്തിന്റെ ഈരടികളിൽ പറയുന്നപോലെ ലോകത്തിന് വെളിച്ചം പകരുന്ന പ്രകാശമായും ഉറ കെട്ടു പോകാത്ത ഉപ്പായും അനേകം യുവജനങ്ങളാണ് മുന്നേറ്റത്തിലൂടെ കടന്നുപോകുകയും പോയികൊണ്ടിരിക്കുകയും ചെയ്യുന്നത്. അനേകം യുവജനങ്ങളാണ് മുന്നേറ്റത്തിലൂടെ തങ്ങളെക്കുറിച്ചുള്ള ക്രിസ്തുവിന്റെ പദ്ധതിയെക്കുറിച്ചും ദൈവവിളികളെകുറിച്ചും അറിയുന്നതും അനുഭവിക്കുന്നതും തെരഞ്ഞെടുക്കുന്നതും. അതിനുള്ള ഏറ്റവും വലിയ തെളിവുകളാണ് ഈ കാലഘട്ടത്തിൽ കത്തോലിക്കാ സഭയ്ക്കുവേണ്ടി ജീസസ് യൂത്ത് മുന്നേറ്റത്തിൽ നിന്നും അനേകം യുവജനങ്ങൾ ക്രിസ്തു മിഷ്ണറിമാരായി തീരുന്നതും വൈദികരായും സന്യസ്തരായും അഭിഷേകം ചെയ്യപ്പെടുന്നതും. ഈ ലോക്ഡൗൺ കാലത്തും അത് തുടരുന്നു എന്നത് ഒരു ദൈവിക പദ്ധതിയാണ്. അങ്ങനെ മുന്നേറ്റത്തിലൂടെ ദൈവവിളി തിരിച്ചറിഞ്ഞ ലോകത്തിന്റെ പ്രകാശമായും ഭൂമിയുടെ ഉപ്പായും തീരുവാൻ വേണ്ടി ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട രണ്ടുപേരാണ് ഫാദർ മെൽവിൻ പോൾ മംഗലത്തും സിസ്റ്റർ എയ്ഞ്ചൽ SABS ഉം. അനേകരെ ക്രിസ്തുവിലേക്ക് അടുപ്പിച്ച മുന്നേറ്റത്തെ സമ്പത്താണിവർ. എന്നാൽ ഇനിമുതൽ കത്തോലിക്കാ സഭ മുഴുവന്റെയും സമ്പത്തായി തീരുവാൻ പോകുകയാണിവർ.

1, #ഭാരതത്തിന്വെളിയിലെപ്രഥമസീറോമലബാർരൂപതയായചിക്കാഗോരൂപതക്കുവേണ്ടിമൂന്നാമത്തെവൈദികനായി #അഭിഷേകംചെയ്യപ്പെട്ടജീസസ്യൂത്ത്മുന്നേറ്റത്തിന്റെസ്വത്താണ്ഫാദർമെൽവിൻപോൾ_മംഗലത്ത്.

കോട്ടയം ജില്ലയിലെ മംഗലത്ത് പോൾ ഡാളി ദമ്പതികളുടെ രണ്ടു മക്കളിൽ ഒന്നാമനാണ് മെൽവിൻ പോൾ മംഗലത്ത്. മെൽവിന്റെ കുട്ടിക്കാലത്തുതന്നെ അമേരിക്കയിലേക്ക് കുടിയേറിയ മലയാളി കുടുംബമാണ് ഇവരുടേത്. പ്രാർത്ഥനകൾക്കും വിശ്വാസത്തിനും ഭക്ത കാര്യങ്ങൾക്കും വലിയ മുൻഗണന ഈ കുടുംബം നൽകിപ്പോന്നു. ഇത് കണ്ടു വളർന്ന അനുഭവിച്ചു വളർന്ന മെൽവിൻ ഈശോയോട് കൂടുതൽ ചേർന്നു നടന്നു. മാതാപിതാക്കളുടെ പ്രാർത്ഥനാ ജീവിതവും വിശ്വാസ തീക്ഷണതയും ക്രിസ്തു കേന്ദ്രീകൃതമായ ജീവിത മാതൃകയും മെൽവിനെ ഈശോയിലേക്ക് കൂടുതൽ അടുപ്പിക്കുവാൻ സഹായിച്ചു. പഠന ജീവിത കാലഘട്ടത്തിൽ പോലും അമേരിക്കയിലെ അടിച്ചുപൊളി ജീവിതത്തിൽ നിന്നും മാറി നടന്ന് ക്രിസ്തുവാകുന്ന വെളിച്ചത്തിന്റെ പാതയിലൂടെ അവിടുത്തെ സന്തോഷം അനുഭവിച്ചുകൊണ്ട് അവിടുത്തോട് ചേർന്നാണ് മെൽവിൻ നടന്നിരുന്നത്. കുടുംബത്തിൽ നിന്നും ലഭിച്ച ക്രിസ്തു വിശ്വാസത്തിന്റെ തിരിനാളം കെടാതെ കാത്തുസൂക്ഷിച്ച മെൽവിൻ അതീവ തല്പരനായി ഇടവക പ്രവർത്തനങ്ങളിലും ജീസസ് യൂത്ത് പ്രവർത്തനങ്ങളിലും തന്റെ സാന്നിധ്യം നൽകിക്കൊണ്ടിരുന്നു. ഈ പ്രവർത്തനങ്ങളെല്ലാം മെൽവിന്റെയുള്ളിലെ വിശ്വാസത്തിന്റെ തിരു നാളത്തെ കൂടുതൽ പ്രകാശിപ്പിച്ചുകൊണ്ടേയിരുന്നു.

ക്രിസ്തുവിന്റെ ഒരു പുരോഹിതനായി തീരണമെന്നും അതിലൂടെ ക്രിസ്തുവിന്റെ തന്നെക്കുറിച്ചുള്ള പദ്ധതി പൂർത്തീകരിക്കാനാണ് താൻ വിളിക്കപ്പെട്ടിരിക്കുന്നതെന്ന ഉൽ വിളിയിലെത്താൻ വഴിത്തിരിവായത് ജീസസ് യൂത്തിന്റെ ഹെയ്ത്തി മിഷൻ യാത്രയാണ്. അവിടുത്തെ മിഷൻ അനുഭവങ്ങൾ അദ്ദേഹത്തെ ഈശോയുടെ പൗരോഹിത്യത്തിലേക്ക് കൂടുതൽ ആകർഷിച്ചു. ദൈവവിളിയെകുറിച്ചുള്ള ചിന്തയും ദൈവീക ശുശ്രൂഷയോടുള്ള ദാഹവും വളർന്നുവന്ന നാളുകളായിരുന്നു ഹെയ്ത്തിയിലെ മിഷൻ നാളുകൾ. സഭയോടും അനുദിന ബലിയർപ്പിക്കുന്ന പുരോഹിതരോടുമുള്ള ക്രിസ്തു സ്നേഹം ലോകം വച്ചു നീട്ടുന്നതിനേക്കാൾ വലുതാണെന്നും, ദൈവിക ശുശ്രൂഷ ആവശ്യപ്പെടുന്ന യഥാർത്ഥ സഹനം, വിശ്വസ്തത, സത്യസന്ധത, യഥാർത്ഥ മിഷണറിയിലുണ്ടാകേണ്ട ദൗത്യബോധം അദ്ദേഹം ആ നാളുകളിൽ അനുഭവിച്ചറിഞ്ഞു. കൂടാതെ ഹെയ്ത്തിയിൽ വച്ച് പരിചയപ്പെട്ട ഇറ്റാലിയൻ മിഷനറി ഫാദർ ഐസയുമായുള്ള കണ്ടുമുട്ടലും അദ്ദേഹത്തിന്റെ ജീവിത മാതൃകയും പൗരോഹിത്യത്തെ കൂടുതൽ അടുത്തറിയാൻ മെൽവിന് സഹായകമായിത്തീർന്നു.

ഹെയ്ത്തി മിഷൻ കഴിഞ്ഞ് തന്റെ ഇടവകയായ ബാൾട്ടിമോറിൽ തിരിച്ചെത്തിയ മെൽവിൻ തന്റെ ആഗ്രഹം ഇടവകവികാരിമാരായ ഫാദർ ജെയിംസ് നിരപ്പേലിനോടും ഫാദർ വിനോദ് മഠത്തിപ്പറമ്പലിനോടും പങ്കുവച്ചപ്പോൾ അവരുടെ അകമഴിഞ്ഞ പ്രോത്സാഹനവും പ്രാർത്ഥനാശംസകളും മെൽവിന് കൂടുതൽ കരുത്തേകി. അതുകൊണ്ടുതന്നെ ധൈര്യത്തോടെ തന്റെ ആഗ്രഹം വീട്ടുകാരോട് പങ്കുവച്ചപ്പോൾ പ്രോത്സാഹനത്തിന് പകരം എതിർപ്പാണ് ഉണ്ടായിരുന്നത്. എന്നാൽ ഈശോയുടെ സ്നേഹത്തിലും തന്റെ തീരുമാനത്തിലും സ്ഥിരതയോടെ ഉറച്ചുനിന്ന മെൽവിനെ കണ്ടപ്പോൾ എതിർപ്പുകൾ മാറി സമ്മതം അറിയിച്ചു. നിറഞ്ഞ സന്തോഷത്തോടുകൂടി അദ്ദേഹം ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിന്റെ അനുഗ്രഹാശിസ്സുകളോടുകൂടി സെമിനാരിയിൽ പ്രവേശിക്കുകയും ചെയ്തു. അങ്ങനെ നീണ്ട വർഷങ്ങളുടെ സെമിനാരി പരിശീലനത്തിന്റെയും പ്രാർത്ഥനയുടെയും പൗരോഹിത്യ രൂപീകരണത്തിന്റെയും ഫലമായി എല്ലാവരും കാത്തിരുന്ന ആ വിശുദ്ധ നിമിഷത്തിന്റെ ദിവസമെത്തി. ഭാരതത്തിന് വെളിയിലെ പ്രഥമ സീറോമലബാർ രൂപതയായ ചിക്കാഗോ രൂപതക്കുവേണ്ടി ഇക്കഴിഞ്ഞ മെയ് 16 ആം തീയതി ചിക്കാഗോ മാർത്തോമാ ശ്ലീഹ കത്തീഡ്രൽ പള്ളിയിൽ വച്ച് മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ കൈ വെപ്പ് ശുശ്രൂഷ വഴി രൂപതയുടെ മൂന്നാമത്തെ വൈദികനായി അദ്ദേഹം അഭിഷേകം ചെയ്യപ്പെട്ടു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു പൗരോഹിത്യ സ്വീകരണ കൂദാശ നടന്നത്. ഇന്ന് ഫാദർ മെൽവിന്റെ കുടുംബവും ബാൾട്ടിമോർ ഇടവക സമൂഹവും വളരെയധികം സന്തോഷത്തിലാണ്. തങ്ങളുടെ ഒരു മകൻ ക്രിസ്തുവിന്റെ പ്രതിപുരുഷനായി തീർന്നതിൽ. കോവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാതെ വളരെ ലളിതമായി നടന്ന പൗരോഹിത്യ സ്വീകരണത്തിനുവേണ്ടി മാറ്റിവച്ച തുക കോവിഡ് ബാധിതരെ സഹായിക്കാൻ അദ്ദേഹം നൽകിയതും ഈ പൗരോഹിത്യ സ്വീകരണത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു.

2, #ജീസസ്യൂത്ത്മുന്നേറ്റത്തിൽനിന്നുംക്രിസ്തുവിന്റെമണവാട്ടിയായിതീർന്ന്സന്യാസ,#ജീവിതത്തിലേക്ക്പ്രവേശിച്ചമുന്നേറ്റത്തിന്റെമറ്റൊരുസ്വത്താണ്സിസ്റ്റർ_എയ്ഞ്ചൽ_SABS.

കോഴിക്കോട് ജില്ലയിലെ വിശ്വാസത്തെ മുറുകെ പിടിച്ചു ജീവിക്കുന്ന പ്രാർത്ഥനാ പശ്ചാത്തലമുള്ള ഒരു ചെറിയ കത്തോലിക്ക കുടുംബത്തിലെ അംഗമാണ് ഏയ്ഞ്ചൽ. മാതാപിതാക്കളുടെ പ്രാർത്ഥനാ ശൈലിയും ജീവിത മാതൃകയും സഭയോട് ചേർന്ന് നിന്നുള്ള അവരുടെ ജീവിതവും എയ്ഞ്ചലിന്റെ ജീവിതത്തിൽ വലിയ സ്വാധീനമാണ് ചെലുത്തിയത്. അത് കുഞ്ഞുനാൾ മുതലെ ഈശോയോട് ചേർന്നിരിക്കുവാൻ പ്രചോദനമായി. ആ സമയം തൊട്ടേ ഈശോയുടെ സ്വന്തം എയ്ഞ്ചലായിത്തീരാൻ അശ്രാന്തം പരിശ്രമിച്ചുകൊണ്ടിരുന്നു അവൾ. കൂടാതെ ആ നാളുകളിൽ തന്നെ ഈശോയുടെ മണവാട്ടിയായി തീരാനും ഉറച്ച തീരുമാനമെടുത്തിരുന്നു. ആ കാലഘട്ടങ്ങളിൽ ദേവാലയത്തോടും ദേവാലയ പ്രവർത്തനങ്ങളോടും ചേർന്നുനിന്ന എയ്ഞ്ചലിന് ഒരു ജീസസ് യൂത്ത് ആത്മീയ പശ്ചാത്തലമൊന്നും ഇല്ലായിരുന്നു. എന്നാൽ കുടുംബത്തിൽ നിന്ന് കിട്ടിയ വിശ്വാസത്തിന്റെ തിരിനാളം അവൾ കെടാതെ കാത്തു സൂക്ഷിച്ചു. അങ്ങനെ തന്നെ പത്താം ക്ലാസ് പഠനം കഴിഞ്ഞപ്പോൾ തന്നെ സന്യാസിനിയാകാൻ ആഗ്രഹിച്ച് പ്രാർത്ഥിച്ചിരുന്ന എയ്ഞ്ചലിന് ഏതു സന്യാസ സമൂഹത്തിൽ ചേരണമെന്ന ചിന്ത ഒരു വലിയ ആശങ്കയ്ക്ക് ഇടയാക്കി. അങ്ങനെ ആ സമയത്ത് സന്യാസാർത്തിനിയായി സന്യാസ സമൂഹത്തിൽ ചേരാൻ അവൾക്ക് കഴിഞ്ഞില്ല. ഇതേ സാഹചര്യം തന്നെയായിരുന്നു പ്ലസ് ടു പഠനം കഴിഞ്ഞപ്പോഴും ഉണ്ടായിരുന്നത്. എന്നാൽ തന്റെ ആഗ്രഹത്തിൽ നിന്നും സ്വപ്ന സാക്ഷാത്കാരത്തിൽ നിന്നും പിന്നോട്ടു പോകാതെ പ്രാർത്ഥനയോടെ ക്ഷമയോടെ അവൾ കാത്തിരുന്നു തന്റെ സ്വർഗ്ഗീയ മണവാളന്റെ മണവാട്ടിയായി തീരുന്നതിന്റെ ആ ധന്യ നിമിഷത്തിനായ്.

തന്റെ ഡിഗ്രി പഠനത്തിനായി പാലാ സെന്റ് അൽഫോൻസാ കോളേജിലെത്തിയ എയ്ഞ്ചലിനെ കാത്തിരുന്നത് വലിയ ദൈവിക ഇടപെടലുകളായിരുന്നു. പൊതുവേ വലിയ ബന്ധങ്ങളും സൗഹൃദങ്ങളും ഇല്ലാതിരുന്ന മിതഭാഷിയായ എയ്ഞ്ചലിനെ ദൈവം അൽഫോൻസാ കോളേജിലെ ജീസസ് യൂത്ത് കൂട്ടായ്മയിലേക്ക് കൂട്ടിക്കൊണ്ട് പോയി. അത് എയ്ഞ്ചലിന് പുതിയ പുതിയ അനുഭവങ്ങളും സൗഹൃദങ്ങളുമാണ് സമ്മാനിച്ചത്. ക്യാമ്പസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ 2014 ൽ നടന്ന ക്യാമ്പസ് വാരിയേഴ്സ് എന്ന പ്രോഗ്രാമാണ് എയ്ഞ്ചലിന്റെ ജീവിതത്തിൽ ഏറെ വഴിത്തിരിവുകൾ ഉണ്ടാക്കിയത്. ക്രിസ്തു വിശ്വാസത്തിൽ ജീവിക്കുന്ന ക്രിസ്തു സന്തോഷത്തിൽ ജീവിക്കുന്ന അനേകം യുവ ജീവിതങ്ങളെ അവിടെ വച്ച് എയ്ഞ്ചൽ കണ്ടുമുട്ടി. അവരുടെ ജീവിത ശൈലിയും അനുഭവങ്ങളും എയ്ഞ്ചലിന്റെ ജീവിതത്തിൽ ജീസസ് യൂത്തിനെ കൂടുതൽ അടുത്തറിയാൻ ഇടയാക്കി. അങ്ങനെ കോളേജിലെ പ്രാർത്ഥനാ കൂട്ടായ്മയിൽ ഒരു സ്ഥിര സാന്നിധ്യമായ് എയ്ഞ്ചൽ മാറി. 2015- 2016 കാലയളവിൽ അൽഫോൻസാ കോളേജ് ജീസസ് യൂത്ത് പ്രാർത്ഥന കൂട്ടായ്മയുടെ കോ-ഓർഡിനേറ്ററായി ദൈവം എയ്ഞ്ചലിനെ ഉയർത്തി. എല്ലാവരെയും ആകർഷിക്കുന്ന ഒരു ദൈവിക സ്വഭാവമാണ് എയ്ഞ്ചലിന്റേത്. ശാന്തത പൊതുവേ ഇഷ്ടപ്പെട്ടിരുന്ന എയ്ഞ്ചൽ മറ്റുള്ളവരെ കേൾക്കുവാനും അവർക്ക് ഈശോയെ കൊടുക്കുവാനും എപ്പോഴും സമയം കണ്ടെത്തിയിരുന്നു. ഫ്രീ കിട്ടുന്ന സമയങ്ങളൊന്നും പാഴാക്കാതെ, കോളേജിൽ ലഭിക്കുന്ന ചെറിയൊരു ഇന്റർവൽ സമയം പോലും അടിച്ചുപൊളിച്ചു കറങ്ങി നടക്കാതെ ഈശോയോട് ചേർന്നിരുന്ന് പ്രാർത്ഥിക്കാനാണ് എയ്ഞ്ചൽ ആ സമയങ്ങളെ ഉപയോഗിച്ചിരുന്നത്. അനേകം യുവജനങ്ങളെ ഈശോയിലേക്ക് നയിച്ച എയ്ഞ്ചലിനെ കോളേജ് പ്രാർത്ഥനാ കൂട്ടായ്മയുടെ നേതൃത്വം നിരയിൽ നിന്നും പാലാ സോണൽ ക്യാമ്പസ് മിനിസ്ട്രിയുടെ നേതൃത്വത്തിലേക്ക് ദൈവം ഉയർത്തി. അവിടെയും ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിയ മിഷനറി പ്രവർത്തനം എയ്ഞ്ചൽ നടത്തിപ്പോന്നു. ആ സമയങ്ങളിലാണ് ഏതു സന്യാസ സമൂഹത്തിൽ ചേരണമെന്ന പ്രാർത്ഥനക്കുള്ള ഉത്തരം എയ്ഞ്ചലിന് ലഭിക്കുന്നത്. SABS സന്യാസ സമൂഹത്തിൽ ചേരാനാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് തിരിച്ചറിഞ്ഞ എയ്ഞ്ചൽ ഡിഗ്രി പഠനത്തിന് ശേഷം SABS സന്യാസ സമൂഹത്തിൽ ചേരുകയും പരിശീലനം ആരംഭിക്കുകയും ചെയ്തു. നീണ്ട വർഷങ്ങളുടെ ചിട്ടയായ പരിശീലനത്തിനുശേഷം പ്രാർത്ഥനയോടെ വിശുദ്ധിയോടെയുള്ള ഒരുക്കത്തോടെ ഈ ലോക്ഡൗൺ നാളിൽ തന്നെ സഭാവസ്ത്രം സ്വീകരിച്ചു കൊണ്ട് തന്റെ പ്രഥമ വ്രതവാഗ്ദാനം ചെയ്തു ക്രിസ്തുവിന്റെ മണവാട്ടിയായി തീർന്നു സിസ്റ്റർ എയ്ഞ്ചൽ SABS. ഇന്ന് പാലാ അൽഫോൻസാ കോളേജിന്റേയും തന്റെ ചെറിയ കുടുംബത്തിന്റേയും അഭിമാനമായി തീർന്നിരിക്കുകയാണ് സിസ്റ്റർ എയ്ഞ്ചൽ SABS.

ഈശോയെ അറിഞ്ഞു യുവത്വത്തിന്റെ ചാപല്യങ്ങളിൽ പെടാതെ ഈശോയോട് ചേർന്നിരുന്ന് അവിടത്തെ പാതയിൽ നടന്ന് അവിടുത്തെ അനുഭവിക്കുകയും അവിടുത്തേക്ക് വേണ്ടി അനേകം യുവജനങ്ങളെ സ്വന്തമാക്കുകയും ചെയ്ത ഫാദർ മെൽവിൻ പോൾ മംഗലത്തും സിസ്റ്റർ എയ്ഞ്ചൽ SABS ഉം ജീസസ് യൂത്ത് മുന്നേറ്റത്തിന്റെ അഭിമാനവും സമ്പത്തുകളുമാണ്. ഇനിമുതൽ അവർ ദൈവജനത്തിന് തങ്ങളുടെ ജീവിതത്തിലൂടെ ക്രിസ്തുവിനെ കൊടുക്കുന്നവരായും ക്രിസ്തുവിനും ദൈവവചനത്തിനും ഇടയിലെ മധ്യസ്ഥരായും മാറുന്നു. ജീസസ് യൂത്ത് മുന്നേറ്റത്തിന് ഇത് സന്തോഷത്തിന്റെയും കൃതജ്ഞതയുടെയും നാളുകളാണ്. നിരവധിപേരാണ് ലോക്ഡൗൺ നാളുകളിൽ ക്രിസ്തു മിഷണറിമാരായും ക്രിസ്തുവിന്റെ പുരോഹിതരായും സന്യസ്തരായും അഭിഷേകം ചെയ്യപ്പെട്ടത്.

ലോകത്തിന്റെ പീഡകളിൽ വെന്തുരുകാതെ ക്രിസ്തുവിന്റെ സഹനത്തിൽ ചേർന്നുനിന്നുകൊണ്ട് അവിടത്തെ പ്രസാദിപ്പിച്ചു കൊണ്ട് വിശുദ്ധ ജീവിതം നയിക്കുവാൻ വേണ്ട കൃപാവരം സർവ്വശക്തൻ തന്റെ പരിശുദ്ധാത്മാവ് വഴി കൃപകൾ കൊണ്ട് നിങ്ങളെ നിറയ്ക്കട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.

Anthony Vargheese

Trivandrum Media Commission

Comment here