ArchdioceseSports

തെക്കന്‍ തീരദേശത്തെ കായിക വിപ്ലവവും, തിരുവനന്തപുരം ലത്തീന്‍ അതിരൂപതയും

©️ക്ളെയോഫസ് അലക്സ്.

കേരള-തമിഴ്നാട് സംസ്ഥാനങ്ങളുടെ തെക്കൻ ഭാഗത്ത് സ്ഥിതിചെയ്യുന്ന തീരദേശ ഗ്രാമങ്ങളെ എല്ലാം കോർത്തിണക്കി സാംസ്കാരികമായും, വിദ്യാഭ്യാസപരമായും മുൻനിരയിലേക്ക് നയിക്കുവാൻ നിയോഗിക്കപ്പെട്ട വലിയൊരു ദൗത്യമാണ് നൂറ്റാണ്ടുകളായി തിരുവനന്തപുരം ലത്തീൻ അതിരൂപത വഹിച്ചു വരുന്നത്.

ജനങ്ങള്‍
കന്യാകുമാരി ഇരയിമൻതുറ മുതൽ തിരുവനന്തപുരം മാമ്പള്ളി വരെ വസിക്കുന്ന ജനങ്ങൾ പരമ്പരാഗത മത്സ്യത്തൊഴിലാളികളാണ്. ഏകദേശം 78 കിലോമീറ്ററിനുള്ളിൽ താമസിക്കുന്ന രണ്ടര ലക്ഷത്തിൽപരം ജനങ്ങൾ അൻപതോളം ഇടവകകളിലായിട്ടാണ് ഉള്ളത്. കായിക പ്രതിഭയുടെ കാര്യത്തിൽ ഈ തീരദേശ ഗ്രാമങ്ങൾ എന്നും സമ്പന്നമായിരുന്നു. എല്ലാ ഇടവകകളിലും ഒരു ദേവാലയവും അതിനു കീഴിൽ ഒന്നോ അതിലധികമോ വിദ്യാഭ്യാസ സ്ഥാപനവും, കൂടാതെ ഒരു സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബും, ക്ലബ്ബിൻറെ കീഴിൽ സ്വന്തമായി വായനശാലയും അതോടൊപ്പം ഒന്നോ അതിലധികമോ കളി മൈതാനങ്ങളും ഓരോ ശരാശരി ഇടവകയെയും നിര്‍ണ്ണയിക്കുന്നു. സ്പോര്‍ട്സെന്നാല്‍ ഏതാണ്ടെല്ലാ ഗ്രാമങ്ങള്‍ക്കും ഫുട്ബോള്‍ തന്നെയാണ്.

കടല്‍ കവരുന്ന ഫുട്ബോള്‍ മേളകള്‍

അൻപതോളം കൊച്ചു ഗ്രാമങ്ങളാൽ കോർത്തിണക്കപ്പെട്ട ഈ മനോഹരമായ തീരദേശ ഗ്രാമങ്ങൾ ഒരുകാലത്ത് വർണ്ണാഭമായ കായികമേളകളാൽ അലങ്കരിക്കപ്പെട്ടിരുന്നു. പക്ഷേ ഇന്നതിന്  തടസ്സം സംഭവിച്ചിരിക്കുന്നു. കഴിവുറ്റ ഒട്ടനവധി താരങ്ങളെ ഇന്ത്യൻ കായിക മേഖലയ്ക്ക്, പ്രധാനമായും ഇന്ത്യൻ ഫുട്ബോളിന് സംഭാവന ചെയ്ത തീരദേശത്തെ കായികോത്സവങ്ങൾ, കടലിലെ അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങളുടെ ഫലമായി ഒരാൾക്കുപോലും  പന്ത് തട്ടാൻ ആകാത്തവിധം ശോഷിച്ചതോടെ, അന്യം നിന്നിരിക്കുന്നു. പേരുകേട്ട തീരത്തെ കളി മൈതാനങ്ങളെയെല്ലാം കടൽ വിഴുങ്ങിയിരിക്കുന്നു. മൈതാനങ്ങള്‍ മാത്രമല്ല, വീട്ടുവാതില്‍ക്കല്‍ വരെയെത്തുന്നു ഇന്ന് കടല്‍

എന്നിട്ടും ഈ തീരദേശ ഗ്രാമങ്ങൾ രാജ്യത്തിൻറെ ഫുട്ബോൾ ഭൂപടത്തിൽ വീണ്ടും വീണ്ടും ഇടം കണ്ടെത്തുന്നു. തങ്ങളെ മാറ്റിനിര്‍ത്താനാകില്ലെന്ന് വിളിച്ച് പറഞ്ഞുകൊണ്ടേയിരിക്കുന്നു.എന്താണ് കാരണം?  രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലെപോലെയല്ല ഈ തീരദേശ പ്രദേശങ്ങളിലെ ഫുട്ബോളിന്‍റെ  വളർച്ച. അത് ജനങ്ങളുടെ സ്വാഭാവിക പ്രതിരോധമായിരിന്നു. തങ്ങളെ ഗൗനിക്കാത്ത സംവിധാനങ്ങളോടും അധികാരികളോടുമുള്ള  പ്രതികരണമായിരുന്നു. പ്രാതിരോധ ആയുധമായിരുന്നു.
വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങളോ, വ്യവസായശാലകളോ, വികസനമോ ഇല്ലാതെ, പാർശ്വവത്കരിക്കപ്പെട്ട ഒരു ജനസമൂഹത്തിന് കടലും, ഗള്‍ഫ് നാടുകളും കഴിഞ്ഞാലുള്ള സമ്പത്തായിരുന്നു ഫുട്ബോള്‍.

ആഴത്തിൽ ഇറങ്ങിച്ചെന്ന് ഒരു പഠനം നടത്തിയാൽ വസ്തുനിഷ്ഠമായി നമുക്ക്  മനസ്സിലാക്കുവാൻ കഴിയും ഈ ജനവിഭാഗം  വിദ്യാഭ്യാസപരമായും, സാംസ്കാരികമായും, സാമ്പത്തികമായും ഇന്ന് ഏറെ  മുന്നേറിയിരിക്കുന്നു എന്ന്. ഈ വളര്‍ച്ച സ്വായത്തമാക്കിയത് ആരുടെയും ഔദാര്യം കൊണ്ടല്ല, മറിച്ച് നൈസര്‍ഗ്ഗീകമായ അതിജീവനശേഷി കൊണ്ടും, സ്വപ്രയത്നം കൊണ്ടും, സ്വതസിദ്ധമായ കായീബലം കൊണ്ടുമാണ്.

നേരിടുന്ന അവഗണനയ്ക്ക് മുമ്പില്‍ തീരദേശവാസികൾ സ്വതസിദ്ധമായ രീതിയിലാണ്  പ്രതികരിച്ചത്. അവരുടെ ജന്മസിദ്ധമായ ശാരീരികക്ഷമത ഫുട്ബോൾ പോലുള്ള കായിക കലയിലൂടെ പ്രകടിപ്പിച്ചപ്പോഴൊക്കെ, നീതിനിഷേധങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമായിരുന്നു.  ഉന്നത ജോലികളിലേക്കുള്ള പിടിവള്ളിയായിരിന്നു. ഫുട്ബോൾ കളിയിലൂടെ കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ ജോലികളിൽ കയറുന്നവരുടെ എണ്ണം കഴിഞ്ഞ ഒരു ദശകമായി ക്രമാനുഗതമായി വർദ്ധിച്ചുവരികയാണ്. ഫുട്ബോൾ ഈ ജനവിഭാഗത്തിന് വെറുമൊരു കായിക വിനോദമല്ല അവരുടെ ജീവശ്വാസമാണ്, ഭാവിയിലേക്കുള്ള കരുതലാണ്.

ഫുട്ബോൾ അവരുടെ സംസ്കാരം
ഫുട്ബോൾ അവരുടെ രാഷ്ട്രീയം
ഫുട്ബോൾ അവരുടെ വിദ്യാഭ്യാസം
ഫുട്ബോൾ അവരുടെ ആരോഗ്യം
ഫുട്ബോൾ അവരുടെ ബന്ധുത്വം
ഫുട്ബോൾ അവരുടെ സൗഹൃദം
ഫുട്ബോൾ അവരുടെ പ്രതിഷേധം
ഫുട്ബോൾ അവരുടെ പ്രതിരോധം
ഫുട്ബോൾ അവരുടെ അന്നം
ഫുട്ബോൾ അവരുടെ പ്രാണവായു
ഫുട്ബോൾ അവരുടെ ജീവൻ
ഫുട്ബോൾ അവരുടെ എല്ലാമെല്ലാമാണ്

മികവുറ്റ താരങ്ങളെ കണ്ടെത്തി പ്രൊഫഷണൽ ഭൂമികയിൽ എത്തിക്കാൻ സാമ്പത്തികവും,  ഭൂമിശാസ്ത്രപരവും, ഭൗതികവുമായ എല്ലാ സാഹചര്യങ്ങളും നിലവിലുള്ള പല പ്രദേശങ്ങളും മടിച്ചു നിന്നപ്പോള്‍ ഈ തീരദേശ ഗ്രാമങ്ങൾ വളരെ വ്യത്യസ്തമായാണ് കാര്യങ്ങളെ കണ്ടത്. ഫുട്ബോൾ എന്ന ഈ വിശ്വപ്രപഞ്ച കായിക വിനോദത്തിലൂടെ അതിർത്തികളും, തീണ്ടപ്പാടുകളും ഇല്ലാതാക്കിയും അയൽ പ്രദേശങ്ങൾ തമ്മിലുള്ള വിദ്വേഷത്തെ മായ്ച്ചും ഫുട്ബോളിലൂടെ സൗഹൃദങ്ങളും ബന്ധങ്ങളും ഊട്ടിയുറപ്പിച്ചും മാന്ത്രികതയോടെ, താളബോധത്തോടെ  തീരദേശത്തെ കാൽപ്പന്ത് ഉരുണ്ടുകൊണ്ടേയിരിക്കുകയായിരുന്നു..

ഇവിടുങ്ങളില്‍ അഞ്ച് പതിറ്റാണ്ടിലേറെ പഴക്കംചെന്ന ഫുട്ബോൾ ടൂർണ്ണമെൻറുകളുണ്ടെന്നറിയുമ്പോഴാണ് തെക്കന്‍ തീരദേശത്തിന്‍റെ ഫുട്ബോള്‍ ലഹരിയുടെ ചരിത്രമറിയുക. മാതാപിതാക്കന്മാരുടെ താത്പര്യ കുറവുണ്ടായിരുന്നെങ്കിലും ഇത്തരത്തിലുള്ള ടൂർണമെൻറുകളിലൂടെ പ്രതിഭ തെളിയിച്ച് സർക്കാർ ജോലികളിൽ കയറിക്കൂടിയവർ ഒട്ടനവധിയാണ്. എന്നാൽ സമീപ കാലത്ത് കളിക്കാരുടെ സമീപനത്തിൽ പ്രൊഫഷണലിസം വന്നിരിക്കുന്നു. തീരദേശവാസികളുടെ സ്വകാര്യ അഹങ്കാരമായ സൂസൈരാജ് മൈക്കിളിനേയും ജോബി ജസ്റ്റിനേയും പോലെ തങ്ങളുടെ മക്കളും ആകണമെന്ന് മാതാപിതാക്കളും ആഗ്രഹിച്ചു തുടങ്ങിയിരിക്കുന്നു. അതുകൊണ്ടുതന്നെ കുട്ടികൾ ഫുട്ബോളിലേക്ക് കടന്നുവരുന്നതിനെ അവർ പ്രോത്സാഹിപ്പിക്കുന്നു.

കായിക ആവശ്യങ്ങൾക്കുള്ള ഉപകരണങ്ങളും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഇന്നും ഈ തീരദേശ ഗ്രാമങ്ങളിൽ തുലോം കുറവുതന്നെയാണ്. ഗ്രാമ പ്രദേശങ്ങളിലെ പല ക്ലബ്ബുകളും അതതു ഗ്രാമങ്ങളിലെ ജനങ്ങളുടെ സാമ്പത്തികസഹകരണം കൊണ്ട് മാത്രമാണ് നിലനിന്ന് പോകുന്നത്. പക്ഷേ കുടിലുകളിൽ പട്ടിണി കിടന്നിട്ടാണെങ്കിൽ പോലും തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഫുട്ബോൾ കളിക്കുവാൻ ബൂട്ട് വാങ്ങണമെന്ന് മാതാപിതാക്കൾ ആഗ്രഹിച്ച് തുടങ്ങിയിരിക്കുന്നു. ആരോടും പരിഭവിക്കാതെ, പരാതിപറയാതെ  എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് ഈ തീരപ്രദേശത്തെ കുട്ടികൾ കളിക്കളത്തിലേക്ക് വന്നുകൊണ്ടേയിരിക്കുന്നു.

ഇവയ്ക്ക് ദൃക്സാക്ഷിയായ തിരുവനന്തപുരം ലത്തീൻ അതിരൂപത നേതൃത്വം ഒരു പുത്തൻ അധ്യായമാണ് ഈ തീരപ്രദേശത്തെ ഫുട്ബോൾ താരങ്ങൾക്കായി അവതരിപ്പിച്ചത്. ഒരു റസിഡൻഷ്യൽ ഫുട്ബോൾ അക്കാദമി ! പിന്നെക്കണ്ടത് പുതിയ ചരിത്രവും.
2015 – ൽ തിരുവനന്തപുരം ലത്തീൻ അതിരൂപത നേതൃത്വം തിരുവനന്തപുരം കന്യാകുമാരി തീരദേശ ഗ്രാമങ്ങളിലെ കുട്ടികൾക്കായി ലിഫ(ലിറ്റില്‍ ഫ്ലവര്‍ ഫുട്ബോള്‍ അക്കാഡമി ) എന്ന പേരിൽ ഒരു റസിഡൻഷ്യൽ ഫുട്ബോൾ അക്കാദമിക്ക് രൂപം നൽകി. ഈ ഗ്രാമപ്രദേശങ്ങളിൽ മാത്രമല്ല തിരുവനന്തപുരം ജില്ലയുടെ തന്നെ ഫുട്ബോൾ വളർച്ചയിൽ അതിനിർണ്ണായകമായ പങ്കാണ് ഇന്ന് ലിഫ വഹിക്കുന്നത്. പരിശ്രമിച്ചാൽ ഏതു പ്രതിസന്ധിയും മറികടന്ന് ലക്ഷ്യത്തിലെത്താമെന്ന് സ്വന്തം ജീവിതത്തിലൂടെ ദിനംപ്രതി കലിതുള്ളി ചീറിപ്പാഞ്ഞു വരുന്ന തിരമാലകളെ വകഞ്ഞുമാറ്റി കടലിലേക്ക് കടന്നുചെല്ലുന്ന ധീരന്മാരായ മത്സ്യത്തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന ലിഫയിലെ കുട്ടിത്താരങ്ങൾ തെളിയിച്ചു. ലിഫയുടെ നേതൃത്വത്തിൽ വിവിധ തലങ്ങളിൽ നടപ്പിലാക്കിയ പദ്ധതികളും പരിപാടികളും തിരുവനന്തപുരം കന്യാകുമാരി ജില്ലകളിലെ ഫുട്ബോൾ കളിയുടെ തലവര തന്നെ മാറ്റിമറിച്ചു.

(തുടരും)

Trivandrum Media Commission

Comment here