Articles

താപസനായ സാമൂഹിക പ്രവർത്തകൻ

– ജെ.ജെ.ആർ ചെറുവയ്ക്കൽ..
പൂവിന്റെ മനോഹാരിതയും സുഗന്ധവുമെന്നപോലെ ക്രൈസ്തവ സന്യാസത്തോടുള്ള ആഴമായ പ്രണയവും പാവങ്ങളോടുള്ള അകമഴിഞ്ഞ സ്നേഹവുമാണ് ഭാഗ്യസ്മരണാർഹനായ ജേക്കബ് അച്ചാരുപറമ്പിൽ പിതാവിനെ വ്യത്യസ്തനാക്കുന്നത്. താനെന്തിനാണ് വൈദികനാകുന്നത് എന്ന് ഒരിക്കൽ തന്റെ സഹോദരിയായ സിസ്റ്റർ ജനവീവിനോട് അദ്ദേഹം വിശദീകരിച്ചത് ഇപ്രകാരമായിരുന്നു: “പാവപ്പെട്ടവരെ സഹായിക്കാൻ കപ്പൂച്ചിൻ വൈദികനായിത്തീരുന്നതാണ് നല്ലതെന്ന് എനിക്ക് ബോധ്യപ്പെട്ടു.” മരണം വരെ വറ്റാത്ത ദാഹത്തോടെ തന്റെ ദിവ്യനാഥനെ സ്നേഹിക്കാൻ അദ്ദേഹം കണ്ടെത്തിയ രണ്ടു മാർഗ്ഗങ്ങൾ ദാരിദ്ര്യത്തിന്റെ സന്യാസവും ദരിദ്ര സേവനവുമായിരുന്നു. കുഷ്ഠരോഗിയെ ചുംബിച്ചു ആഹാരവും വസ്ത്രവും നൽകിയ ഫ്രാൻസിസ് അസീസിയുടെ ജീവിതം അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചു. തന്റെ പഠനകാലത്തെല്ലാം അതിനുള്ള ബൗദ്ധികവും ആത്മീയവുമായ ശക്തി സ്വീകരിച്ച അദ്ദേഹം തന്റെ കർമ പഥത്തിലെത്തിയപ്പോൾ പ്രിയപ്പെട്ട ദരിദ്രരെ ഒരിക്കലും മറന്നില്ല.
1963 – ൽ കൊല്ലത്ത് തില്ലേരിയിൽ ആശ്രമശ്രേഷ്ടനായി എത്തിയ ഫാ. ബെനഡിക്ടിന്റെ (ജേക്കബ് അച്ചാരുപറമ്പിൽ പിതാവ് ) കണ്ണുകൾ പതിഞ്ഞതു ആശ്രമത്തിനു ചുറ്റുമുള്ള ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയ നിസ്സഹായരിലേക്കാണ്‌. അങ്ങനെ അദ്ദേഹത്തിന്റെ സാമൂഹിക പ്രതിബദ്ധതയിൽ വിടർന്ന പുഷ്പമാണ് ഇന്നും വർണാഭമായി ശോഭിക്കുന്ന തില്ലേരി സോഷ്യൽ സർവ്വീസ് സെന്റർ. പാവപ്പെട്ട അനേകർക്ക് ഉപജീവനത്തിനുള്ള വരുമാനം നൽകുക എന്ന ലക്ഷ്യത്തോടെ നോട്ട് ബുക്ക്‌ നിർമ്മാണകേന്ദ്രം, ടൈലറിങ് ആൻഡ് എംബ്രോയിഡറി സെന്റർ, മെഴുകുതിരി നിർമ്മാണം, പ്ലാസ്റ്റിക് ബാഗുകളും കസേരകളും നിർമിക്കുന്ന കേന്ദ്രം തുടങ്ങി പല സംരംഭങ്ങളും ആരംഭിക്കുകയും അവയ്ക്കയാവശ്യമായ ധനശേഖരണത്തിനായി ഗാനമേളകളും ബൈബിൾ നാടകങ്ങളും സംഘടിപ്പിക്കുകയും ചെയ്തു. അതുവഴി വിശ്വാസവും ധാർമികമൂല്യങ്ങളും സമൂഹത്തിനു പകരുവാൻ ബനഡിക്ട് അച്ഛനിലെ സാമൂഹിക പ്രതിബദ്ധത അദ്ദേഹത്തെ നിരന്തരം പ്രേരിപ്പിച്ചിരുന്നു. 1972 – ൽ അദ്ദേഹം വലിയതുറ ആശ്രമശ്രേഷ്ടനായി നിയമിതനായി. ചുറ്റുമുള്ള ജനങ്ങളുടെ ദാരിദ്ര്യവും കഷ്ടപ്പാടുകളും അദ്ദേഹത്തിന്റെ കണ്ണുകളെ ഈറനണിയിച്ചു. വില്ല പാദുവ എന്ന സാമൂഹിക കേന്ദ്രം സ്ഥാപിച്ച ബെനഡിക്ട് അച്ഛൻ മഞ്ഞ മോട്ടോർ സൈക്കിളിൽ തന്റെ ദരിദ്ര അജഗണത്തെ തേടി ഇറങ്ങി. അങ്ങനെ അവരുടെ ഹൃദയങ്ങളിൽ കൂടുകൂട്ടിയ മഞ്ഞക്കിളിയായി അദ്ദേഹം മാറി. തീരദേശത്തെ മദ്യപാനികൾക്കിടയിലും കക്ഷിതിരിഞ്ഞുള്ള സംഘട്ടനങ്ങൾക്കിടയിലും സമാശ്വാസത്തിന്റെ പിതൃവാത്സല്യവുമായി അദ്ദേഹം കടന്നു ചെന്നു. നിറകണ്ണുകളോടെ തങ്ങളെ തേടിയെത്തിയ ആ സ്നേഹത്തിനു മുമ്പിൽ തലകുനിക്കാതിരിക്കാൻ അവർക്കു സാധിച്ചില്ല. ചെന്നായ്ക്കളെ പോലെ മാരകായുധങ്ങളുമായി നിന്നവർ കുഞ്ഞാടുകളെ പോലെ ആ സ്നേഹത്തണലിൽ അഭയം പ്രാപിച്ചു.

ദാരിദ്ര്യം നൃർത്തമാടിയിരുന്ന ആ കാലത്ത്, അവിടെയുള്ള ഭവനങ്ങളിൽ ഭക്ഷണത്തിനുള്ള വക തുലോം കുറവായിരുന്നു. അതു പരിഹരിക്കുവാൻ അച്ഛൻ പാദുവ സോഷ്യൽ സർവീസ് സെന്റർ സ്ഥാപിച്ചു. പ്ലാസ്റ്റിക് ബക്കറ്റു നിർമാണം, തയ്യൽ സ്കൂൾ, കുട നിർമാണശാല, നാടൻ പലഹാര ബേക്കറി, വേസ്റ്റ് പേപ്പർ കളക്ഷൻ വിംഗ്, കൺസ്യൂമർ സ്റ്റോർ അങ്ങനെ പല സംരംഭങ്ങളും അവിടെ അദ്ദേഹത്തിന്റെ സാമൂഹിക പ്രവർത്തനങ്ങൾക്കും ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും പൊൻതൂവലുകളായി നിലകൊണ്ടു. സൗജന്യ ഉച്ചഭക്ഷണം, വൈദ്യസഹായം, വിവാഹ സഹായനിധി, വിനോദയാത്രപരിപാടികൾ, ഫിലിം ഷോ തുടങ്ങി അംഗങ്ങളുടെ മാനസികവും ഭൗതീകവുമായ ഉന്നമനത്തിനായി അദ്ധേഹം പദ്ധതികൾ വിഭാവനം ചെയ്തു നടപ്പിലാക്കി. അംഗങ്ങളുടെയും, കുടുബങ്ങളുടെയും ആധ്യാത്മിക ഉന്നമനത്തിനായും അദ്ദേഹം ആക്ഷീണം പരിശ്രമിച്ചു. മത്സ്യത്തൊഴിലാളികൾക്ക് സമ്പാദ്യശീലം പരിശീലിപ്പിക്കാനായി അദ്ദേഹം ഫിഷെർമാൻ സ്മാൾ സേവിങ്സ് ഫണ്ടിന് രൂപം നൽകി. പൂന്തുറ മുതൽ പുതുക്കുറിച്ചി വരെയുള്ള 25 -ഓളം ഇടവക പ്രദേശങ്ങളിലെ നാനാജാതി മതസ്ഥരായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഇതൊരു ആശ്രയ കേന്ദ്രമായിരുന്നു. മത്സ്യവ്യാപാരത്തിനുപുറമെ കോഴി വളർത്തൽ, മുറുക്കാൻ കട തുടങ്ങിയ ഉപജീവനമാർഗങ്ങൾ ആരംഭിക്കുന്നതിനു പ്രസ്ഥാനം പ്രോത്സാഹനം നല്കിയിരുന്നു. ജനങ്ങളെ സംഘടിപ്പിച്ചു പാവപ്പെട്ടവർക്ക് പുരമേഞ്ഞുകൊടുക്കുവാനും അംഗവിഹീനർക്ക് സഹായം എത്തിച്ചുകൊടുക്കുവാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. പ്രശ്നബാധിതമായ കുടുംബങ്ങളെയും അംഗങ്ങളെയും ഐക്യ പ്പെടുത്തുവാനും അച്ഛൻ കാണിച്ച സ്നേഹവും ശുഷ്‌കാന്തിയും അസാധാരണമായിരുന്നു. അങ്ങനെ ആ മേഖലകൾക്ക് മുഴുവൻ ആത്മീയവും ഭൗതീകവുമായ ഒരുണർവ് നേടിക്കൊടുക്കാൻ അച്ഛന്റെ പ്രവർത്തനങ്ങൾക്ക് സാധിച്ചു. ജനങ്ങളെ പ്രബുദ്ധരാക്കുവാനും വിശ്വാസത്തിലുറപ്പിക്കുവാനും വില്ല പാദുവായിലെ സോഷ്യൽ സർവീസ് സെന്ററിൽ നിന്നും അദ്ദേഹം ആരംഭിച്ച ജീവനും വെളിച്ചവും എന്ന മാസിക ഇന്ന് തിരുവനന്തപുരം അതിരൂപതയുടെ മുഖശബ്ദമായി ശോഭിക്കുകയാണ്.

1979 – ൽ തിരുവനന്തപുരം രൂപതയുടെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടപ്പോഴും അദ്ദേഹത്തിന്റെ ശ്രദ്ധ തിരിഞ്ഞതു പാവപ്പെട്ടവരിലേക്കും പാർശ്വവത്കരിക്കപ്പെട്ടവരിലേക്കുമായിരുന്നു. തന്റെ ആദർശവാക്യമായി അദ്ദേഹം തിരഞ്ഞെടുത്തത് “to love and to serve” എന്നതായിരുന്നു. അദ്ദേഹം പാസ്റ്ററൽ കൗൺസിൽ ആരംഭിച്ചതിനോടൊപ്പം രൂപതയുടെയും ഇടവകകളുടെയും ആദ്ധ്യാത്മികവും ഭൗതികവുമായ ഉന്നമനത്തിനായി ധാരാളം പുതിയ സന്യാസഭവനങ്ങൾ രൂപീകരിക്കുകയും വിവിധങ്ങളായ പ്രവർത്തന മേഖലകളിലൂടെ ജനങ്ങളെ മുന്നോട്ടു നയിക്കുകയും ചെയ്തു. പ്രശ്നബാധിത സ്ഥലങ്ങളിൽ നേരിട്ട് സന്ദർശിച്ച് ബന്ധപ്പെട്ടവരുമായി ചർച്ചകൾ നടത്തി കാര്യങ്ങൾ പരിഹരിച്ചു. രൂപതയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഏകോപിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനും ആനിമേഷൻ സെന്റർ സ്ഥാപിച്ചു. ദരിദ്ര ജനങ്ങൾക്ക് ചികിത്സ ഉറപ്പാക്കാൻ സ്ഥാപിച്ച ജൂബിലി മെമ്മോറിയൽ ഹോസ്പിറ്റലും അദ്ദേഹത്തിന്റെ കിരീടത്തിലെ മറ്റൊരു പൊൻതൂവൽ ആയിരുന്നു. ജർമനിയിൽ നിന്നുള്ള സഹായം ഉപയോഗിച്ച് രൂപതയിൽ അങ്ങോളമിങ്ങോളം നഴ്സറി ആൻഡ് ചൈൽഡ്‌വെൽഫെയർ സ്കൂളുകൾ സ്ഥാപിച്ചു. ഉറ്റവരും ഉടയവരുമില്ലാത്തോർക്കായി പ്രത്യേകം സ്കീമുകളും ഉപജീവനമാർഗങ്ങളും തുറന്നു. ഭവനരഹിതർക്കുവേണ്ടി വൻതോതിൽ ഭവനനിർമാണ പദ്ധതികൾ നടപ്പാക്കുകയും പാവപ്പെട്ടവരെ സഹായിക്കുവാനായി രൂപത സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ബ്രാഞ്ചുകൾ എല്ലാ ഇടവകകളിലും സ്ഥാപിക്കപ്പെടുകയും ചെയ്തു. പുൽ പായ, മെത്ത പായ, കരകൗശലവസ്തുക്കൾ തുടങ്ങിയവയുടെ നിർമാണത്തിലേർപ്പെട്ടിരുന്ന നൂറുകണക്കിന് ദരിദ്ര കുടുംബങ്ങൾക്ക് തൊഴിൽ നൽകുവാൻ അദ്ദേഹം മുന്നിട്ടിറങ്ങി. പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് മൽസ്യബന്ധന ഉപകരണങ്ങൾക്കായി ബാങ്ക് വായ്പ്പകൾ തരപ്പെടുത്തി കൊടുത്തു. സിറോമലബാർ രൂപതകളിൽ മാത്രം നിലനിന്നിരുന്ന “Save a Family” എന്ന പ്രസ്ഥാനത്തിലൂടെയുള്ള കുടുംബ സഹായ ഫണ്ട്‌ തിരുവനന്തപുരം രൂപതയിലെ ദാരിദ്യം അനുഭവിക്കുന്ന ജനതക്കുകൂടി ലഭ്യമാക്കുവാൻ തിരുമേനി മുൻകൈ എടുത്തു. രൂപതയുടെ പലഭാഗങ്ങളിലും ഐ.റ്റി.സി – കളും ഹൈസ്കൂളുകളും യു.പി സ്കൂളുകളും ചെയിൻ സർവെ സ്കൂളും സ്ഥാപിക്കപ്പെട്ടു. ഓൾസെയ്ന്റ്സ്, സെന്റ് സേവ്യേഴ്സ് തുടങ്ങിയ കോളേജുകളിൽ അധ്യാപക നിയമനം, വിദ്യാർത്ഥികളുടെ പ്രവേശനം എന്നിവയിൽ ലത്തീൻ കത്തോലിക്കർക്ക് അനുവദനീയമായ സംവരണാനുകൂല്യം നടപ്പിലാക്കിയത് അദ്ദേഹം മുൻകൈ എടുത്തായിരുന്നു. പ്രായമായി ജോലിയിൽ നിന്നും വിരമിക്കുന്ന ഉപദേശിമാർക്കു പെൻഷനും ഗ്രാറ്റുവിറ്റിയും നൽകുന്ന സംവിധാനം രൂപതയിൽ നടപ്പിലാക്കിയതും അദ്ദേഹമായിരുന്നു. ഫലപ്രദമായ പ്രവർത്തനങ്ങളിലൂടെ തന്റെ ജനത്തെ ശുശ്രുഷിക്കുവാനും അതുവഴി ക്രിസ്തുവിന്റെ യഥാർത്ഥ ശുശ്രുഷകനാകുവാനും അദ്ദേഹത്തിന് സാധിച്ചു. മരണംവരെയും തന്റെ സന്യാസ തപോനിഷ്ഠക്ക് കോട്ടം തട്ടാതെ അദ്ദേഹം കാത്തു സൂക്ഷിച്ചു. രോഗിയായിരുന്നപ്പോഴും വിശ്രമജീവിതം നയിച്ചപ്പോഴും അദ്ദേഹം അതിനു കുറവ് വരുത്തിയിരുന്നില്ല. ആ സന്യാസത്തിലൂടെ വിശുദ്ധ ഫ്രാൻസിസിനെ പോലെ തന്റെ ദരിദ്ര ജീവിതവും ദരിദ്ര സേവനവും വഴി അദ്ദേഹം തന്റെ ദിവ്യ ഗുരുവിനെ സ്നേഹിച്ചു. വിശ്രമ ജീവിതത്തിലും തന്റെ അജഗണത്തോടുള്ള സ്നേഹം അദ്ദേഹം കാത്തുസൂക്ഷിച്ചു. തന്നെ സന്ദർശിക്കാൻ വരുന്നവർ ആരായാലും അവർക്കെന്തെങ്കിലും ഭക്ഷണം കൊടുക്കണമെന്നുള്ളത് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. വീല്ചെയറിലൂടെ തന്റെ വിശ്രമജീവിത വസതിയായ ഓൾസെയ്ന്റ്സ് കോളേജ് ക്യാമ്പസിലൂടെ സവാരിചെയ്യുമ്പോൾ മുരടിച്ചു നിൽക്കുന്ന തെങ്ങുകൾക്കു അദ്ദേഹം വെള്ളമൊഴിക്കുവാൻ ആവശ്യപ്പെടുമായിരുന്നു. പക്ഷികളോടും മൃഗങ്ങളോടും മരങ്ങളോടും നിഷ്കളങ്ക സ്നേഹം കാട്ടിയ ഫ്രാൻസിസ് അസീസിയുടെ പിൻതലമുറക്കാരന് ഇങ്ങനെയല്ലാതെ എങ്ങനെയാണു നാഥന്റെ മാർഗ്ഗം പകർന്ന് നല്കാൻ കഴിയുക.

എന്റെ ഈ എളിയ സഹോദരങ്ങളിൽ ഒരുവന് ഇതു ചെയ്തപ്പോൾ എനിക്കു തന്നെയാണ് ചെയ്തതെന്ന കർതൃവചനം നിരന്തരം അദ്ദേഹത്തിന്റെ കർണപടങ്ങളിൽ പതിച്ചിരുന്നു. അങ്ങനെ തന്റെ സന്യാസചര്യയുടെ യഥാർത്ഥമായ സാക്ഷാത്കാരത്തിലൂടെ ആ താപസ ശ്രേഷ്ഠൻ ക്രിസ്തുവിന്റെ ഹൃദയത്തിൽ കൂടുകൂട്ടി.

തയ്യാറാക്കിയത് ബ്ര. ജെ.ജെ.ആർ ചെറുവയ്ക്കൽ..

Trivandrum Media Commission

Comment here