Articles

കൽക്കട്ടയിലെ അമ്മയെ ഓർക്കുമ്പോൾ


പ്രേം ബൊനവഞ്ചർ


1997 സെപ്റ്റംബർ 5. പാരീസിൽ ഒരു വാഹനാപകടത്തിൽ ഡയാന രാജകുമാരി കൊല്ലപ്പെട്ടതിന് ആറു ദിവസത്തിനുശേഷം, കൊൽക്കത്തയിലെ മദർ തെരേസയുടെ മരണവാർത്ത അറിഞ്ഞാണ് ലോകം ഉണർന്നത്.


ഒന്നാലോചിച്ചാൽ, രണ്ടു സ്ത്രീകളുടെയും മരണം/വേർപാട് യോജ്യമായ സന്ദര്ഭത്തിലായിരുന്നു എന്നുവേണം കരുതാൻ. ദരിദ്രരെയും അവശരെയും ഇഷ്ടപ്പെടുന്ന, അവർക്കു വേണ്ടി പ്രവർത്തിക്കാൻ താല്പര്യം കാണിച്ച ശക്തരായ രണ്ടുവനിതകൾ ഒന്നിനുപിറകെ ഒന്നായി ദൈവസന്നിധിയിലേക്ക് അവസാനയാത്രനടത്തി. രാജകുമാരിയുടെ മരണവാർത്ത അറിഞ്ഞപ്പോൾ, ലണ്ടനിലേക്ക് അനുശോചനം അയച്ച ആദ്യത്തെ വ്യക്തികളിൽ ഒരാളാണ് മദർ “അവൾ ദരിദ്രരുടെ കാര്യത്തിൽ വളരെ ശ്രദ്ധാലുവായിരുന്നു. അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ അവൾ വളരെ ആഗ്രഹിച്ചിരുന്നു, അത് എന്നെ ഒത്തിരി ആകർഷിച്ചു. അതുകൊണ്ടാകും ഞങ്ങൾ തമ്മിൽ നല്ലൊരു അടുപ്പമുണ്ടായത്” എന്ന് മദർ അനുസ്മരിച്ചു. വെയിൽസിലെ രാജകുമാരിയുമായുള്ള സൗഹൃദത്തേക്കാൾ അപ്പുറമുള്ള ബന്ധത്തെ ‘അമ്മ വിലമതിച്ചിരുന്നു – ദരിദ്രരും ദുർബലരുമായവരോടുള്ള അഗാധമായ സ്നേഹത്തിൽ നിറഞ്ഞ രണ്ട് അസാധാരണ സുഹൃത്തുക്കൾ എന്നുപറയാം അവരെ.


1960കളിൽ ബിബിസിയിൽ സംപ്രേഷണം ചെയ്ത ഒരു ഡോക്യുമെന്ററി പരമ്പരയിലൂടെയാണ് മദർ തെരേസയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആദ്യമായി അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്നത്. മിഷനറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപകയെന്ന നിലയിൽ അവർ ജീവന്റെ സംരക്ഷണത്തിന് വേണ്ടിയുള്ള കാര്യങ്ങളിൽ വലിയ താത്പര്യം കാണിച്ചിരുന്നു. രോഗികളെയും ദരിദ്രരെയും പരിചരിക്കാനും സഹായിക്കുവാനുമായി അവരുടെ സന്യാസസമൂഹം നിരവധി സൗകര്യങ്ങൾ ഏർപ്പെടുത്തി. അവയിൽ അന്ധർക്കും പ്രായമായവർക്കും വികലാംഗർക്കും വേണ്ട കേന്ദ്രങ്ങൾ ഉൾപ്പെടുന്നു; ഒരു കുഷ്ഠരോഗ കോളനിയുൾപ്പെടെ അക്കൂട്ടത്തിൽ ഉണ്ട്.


ജീവനോടു, പ്രത്യേകിച്ച് ജനിക്കാത്തതും ഉപേക്ഷിക്കപ്പെട്ടതുമായ കുഞ്ഞുങ്ങളെക്കുറിച്ചു മദറിന് ഉത്കണ്ഠ ഉണ്ടായിരുന്നു. യുവതികളായ, വിധവകളായ അമ്മമാരുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധചെലുത്തിപ്പോന്നു. അന്നത്തെ സമൂഹം തൊട്ടുകൂടാത്തവരെന്നും, പുറത്താക്കപ്പെട്ടവരെന്നും കരുതിയ ദലിതർക്കിടയിൽ പ്രവർത്തിക്കാൻ അവർ ഭയപ്പെട്ടില്ല. ദാരിദ്ര്യം എല്ലായ്പ്പോഴും ഭൗതിക ഘടകങ്ങളിലേക്ക് ചുരുങ്ങുന്നില്ലെന്നും അതിൽ അന്തസ്സും വ്യക്തിപരമായ മൂല്യങ്ങളും മാത്രം നോക്കിയാൽ മതിയെന്നും ആ അമ്മ ലോകത്തെ ഓർമിപ്പിച്ചു. അമ്മയെ സംബന്ധിച്ചിടത്തോളം, ദരിദ്രരെ പരിപാലിക്കുകയെന്നാൽ – സമൂഹം അതിരിടുന്നവരുമായും വ്യക്തിപരമായ ബന്ധം സ്‌ഥാപിച്ചു അവരുടെ ആവശ്യങ്ങളും അറിഞ്ഞു, അവ പൂർത്തീകരിക്കാൻ സഹായിക്കുകയെന്നതാണ്. അത് നമ്മുടെ മൂല്യങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചുമുള്ള അവബോധം നൽകുന്നു. അതിനായിത്തന്നെ മാനുഷികമായ അന്തസോടെയാണ് ‘അമ്മ ദരിദ്രരെ തുണയ്ക്കുകയും പരിപാലിക്കുകയും ചെയ്തിരുന്നത്.


മാനുഷിക പ്രവർത്തനങ്ങൾക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച മദറിനെ കരുണയുടെ വർഷത്തിന്റെ അവസാനത്തിൽ 2016 സെപ്റ്റംബർ 4 ന് സഭയുടെ വിശുദ്ധപദവിയും ലഭിച്ചു. ലോകം മുഴുവൻ അമ്മയായി വാഴ്ത്തിയ അവരുടെ തിരുവനന്തപുരം കൊച്ചുതുറയിലുള്ള സഹോദരിമാർ കോവിഡ് കാലത്ത് ചെയ്ത പ്രവൃത്തികൾ വാർത്തകളിൽ ഇടംനേടിയിരുന്നു. അന്തേവാസികൾക്ക് ഉൾപ്പെടെ കോവിഡ് ബാധിച്ചിട്ടും തങ്ങളുടെ സേവനമനോഭാവം വിട്ടുകളയാതെ അവർ കരുണയുടെ വക്താക്കളായി. സുമനസുകളുടെ പ്രാർഥനയുടെ ഫലമായി അവർ രോഗമുക്തരാകുകയും ചെയ്തു.


മദറിന്റെ മരണവാർത്തയറിഞ്ഞ കർദിനാൾ ബേസിൽ ഹ്യൂം ബിബിസി വാർത്തയിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. “മദർ തെരേസ, ഡയാന രാജകുമാരിയെ പിന്തുടർന്നുവെന്നു തോന്നുന്നു. തികച്ചും അസാധാരണമായ ഒരു സംഭവമാണ്. അവർ ഡയാനയെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു, ഡയാന അവരെയും…. ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട രണ്ട് സ്ത്രീകൾ ഒരാഴ്ചയ്ക്കിടെ നമ്മിൽ നിന്ന് വേർപെട്ടു.” 1997 സെപ്റ്റംബർ 12 ന് വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിൽ മദർ തെരേസയ്ക്കു ആദരാജ്ഞലി അർപ്പിച്ചു നടന്ന പ്രാർഥനയിൽ കർദിനാൾ നടത്തിയ പ്രസംഗം ലോകശ്രദ്ധ ആകർഷിച്ചിരുന്നു.യുടെ


ഈ മഹനീയ വിശുദ്ധയുടെയും അവളുടെ സന്യാസസമൂഹത്തിന്റെയും പ്രവർത്തനം ലോകമെമ്പാടും ഇന്ന് അറിയപ്പെടുന്നു, ശ്രദ്ധിക്കപ്പെടുന്നു. സഹോദരിമാർ ധരിക്കുന്ന നീലക്കരയുള്ള വെള്ളസാരി അവരുടെ ഐഡന്റിറ്റി കാർഡ് ആയിത്തന്നെ ഇന്ന് ലോകംമുഴുവൻ നിറഞ്ഞുനിൽക്കുന്നു. മദറിന്റെ ഓർമ്മ ആചരിക്കുന്ന ഈ നാളിൽ, ദരിദ്രരെയും, മാറ്റിനിർത്തപ്പെട്ടവരെയും, ഏകാന്തത അനുഭവിക്കുന്നവരെയും സഹായിക്കാനുള്ള അവളുടെ ആഹ്വാനം നമുക്ക് ഏറ്റെടുക്കാം. അതിന് സഹായകമായ അവളുടെ രണ്ടു വാചകങ്ങൾ നമ്മുടെ ഹൃദയത്തിലും കുറിച്ച് വയ്ക്കാം.


“സേവിക്കാനുള്ള അവസരം വരുമ്പോൾ നിങ്ങളുടെ നേതാക്കൾക്കായി കാത്തിരിക്കരുത്; നിങ്ങൾ വ്യക്തിപരമായി ചെയ്യേണ്ടത് നിങ്ങൾ തന്നെ അത് ചെയ്യുക.”


“നമ്മുടെ മുന്നിൽ കൈനീട്ടുന്ന, കരുണയുടെ മുഖമുള്ള ഓരോരുത്തരും വേഷപ്രച്ഛന്നനായ യേശുവാണ്.”

Trivandrum Media Commission

Comment here