Ministry

കെസിവൈഎം ലാറ്റിൻ 2021-22 കർമ്മപദ്ധതി പ്രകാശനം ചെയ്തു.

✍️ പ്രേം ബൊനവഞ്ചർ

കേരളത്തിലെ ലത്തീൻ യുവജനങ്ങളെ ഉണർന്നു പ്രശോഭിക്കാൻ തക്കവിധം അവർക്ക് ദിശാബോധം നൽകുന്ന കർമപദ്ധതിയാണ്‌ കെസിവൈഎം ലാറ്റിൻ സംസ്‌ഥാന സമിതി തയാറാക്കിയിരിക്കുന്നതെന്ന് കെസിബിസി യുവജന കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. ആർ. ക്രിസ്തുദാസ്.  കെസിവൈഎം ലാറ്റിൻ സംസ്ഥാന സമിതിയുടെ 2021-2022 പ്രവർത്തന വർഷത്തെ കർമ്മപദ്ധതി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതികൾ നമ്മെ പ്രോത്സാഹിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്നതാണ്. അത് നാം ഉപയോഗപ്പെടുത്തണം. നാം എത്രമാത്രം അവയെ ഉൾക്കൊള്ളുന്നുവെന്ന് മനസിലാക്കി, അതിനും അപ്പുറത്തേക്ക് നമുക്ക് ഉണരാനും ഉയരാനും കഴിയണമെന്ന് അദ്ദേഹം യുവജനങ്ങളെ ഉദ്‌ബോധിപ്പിച്ചു. സ്ത്രീസുരക്ഷ ചർച്ചാവിഷയമാകുന്ന ഇന്നത്തെ സമൂഹത്തിന് മുതൽക്കൂട്ടാകുന്ന പ്രവർത്തനമായി  “പിങ്ക് കോർണറിനെ” അദ്ദേഹം വിശേഷിപ്പിച്ചു.

കർമ്മപദ്ധതിയുടെ ആദ്യപ്രതി കെസിവൈഎം ലാറ്റിൻ സംസ്‌ഥാന പ്രസിഡന്റ് ഷൈജു റോബിൻ ഏറ്റുവാങ്ങി. പിങ്ക് കോർണർ ഹെൽപ്‌ ഡെസ്‌കിന്റെ ലോഗോ കെസിവൈഎം ലാറ്റിൻ സംസ്‌ഥാന വൈസ് പ്രസിഡന്റ് സ്റ്റെഫി ചാൾസിനു കൈമാറി.

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആതിഥേയത്വത്തിൽ വെള്ളയമ്പലം റ്റിഎസ്എസ്എസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ സംസ്ഥാന സെനറ്റ് അംഗം അനീഷ് യേശുദാസ് സ്വാഗതം ആശംസിച്ചു. “ഉണർന്ന് പ്രശോഭിക്കാൻ” ആഹ്വാനം ചെയ്യുന്ന “Arise Shine Out” എന്ന കർമ്മപദ്ധതി ലത്തീൻ സമുദായത്തിൻ്റെ സമഗ്രവളർച്ച ലക്ഷ്യംവെച്ചു കൊണ്ടുള്ള പദ്ധതികളുടെയും പരിപാടികളുടെയും സംക്ഷിപ്തരൂപമാണെന്ന് അധ്യക്ഷ പ്രസംഗം നിർവഹിച്ച, കെസിവൈഎം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ്‌ ഷൈജു റോബിൻ ഓർമിപ്പിച്ചു.

കർമ്മപദ്ധതിയുടെ രൂപരേഖ വിവരണം സംസ്‌ഥാന ജനറൽ സെക്രട്ടറി ജിജോ ജോൺ പുത്തൻവീട്ടിൽ നിർവഹിച്ചു. പിങ്ക് കോർണർ പദ്ധതിയെക്കുറിച്ച് വൈസ് പ്രസിഡന്റ് സ്റ്റെഫി വിശദീകരിച്ചു. അടുത്തിടെ നിലവിൽ വന്ന പുതിയ ഭരണസമിതികളിൽ കെസിവൈഎം സംസ്‌ഥാന പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട കൊല്ലം രൂപതയിലെ എഡ്വേർഡ് രാജു, കെസിവൈഎം ലാറ്റിൻ സംസ്‌ഥാന പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട തിരുവനന്തപുരം അതിരൂപതയിലെ ഷൈജു റോബിൻ എന്നിവരെ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവ് ആദരിച്ചു.

കെസിവൈഎം പ്രസിഡന്റ്‌ എഡ്വേർഡ് രാജു, തിരുവനന്തപുരം അതിരൂപത പ്രസിഡന്റ്‌ റോയ് ജോസഫ്, അതിരൂപത ഡയറക്ടർ റവ. ഫാ. സന്തോഷ്‌ കുമാർ, ആനിമേറ്റർ റവ. സി. ലിസ്ന എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെസിവൈഎം ലാറ്റിൻ സംസ്ഥാന ട്രഷറർ ജോജി ടെന്നിസൺ പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദിയർപ്പിച്ചു.

Trivandrum Media Commission

Comment here