AnnouncementsTheera Desham

കെടുതിയുടെ കാലത്തെ തീരങ്ങൾ (കടലാക്രമണത്തില്‍ തകര്‍ന്നടിഞ്ഞ് അഞ്ചുതെങ്ങ് തീരങ്ങള്‍ -ഭാഗം 1)

©യേശുദാസ് വില്യം-നോട്ടിക്കല്‍ ടൈംസ് കേരള.

തിരുവനന്തപുരം മുതലപ്പൊഴിയില്‍ നിന്നു വടക്കോട്ടുള്ള തീരക്കാഴ്ച ഭയാനകവും നടുക്കവും ഉണ്ടാക്കുന്നതാണ്.സുനാമി തിരകള്‍ നാശംവിതച്ച തീരം പോലെയാണ് കണ്ടപ്പോള്‍ തോന്നിയത്.കിലോമീറ്ററുകളോളം തീരത്തെ ചെറുതും വലുതുമായ നൂറുകണക്കിന് വീടുകള്‍ തകര്‍ന്നടിഞ്ഞ് കിടക്കുന്നു.തകര്‍ന്ന വീടുകള്‍ക്ക് മുകളിലേക്ക് തിരമാലകള്‍ ആഞ്ഞു പതിക്കുന്നു. തകര്‍ന്നവീടുകള്‍ ഏറിയ ഭാഗവും മണ്ണിനടിയിലാണ്ടു കഴിഞ്ഞു.കേരളത്തിലെ ഏറ്റവും മല്‍സ്യസമൃദ്ധമായ തീരങ്ങളായ അഞ്ചുതെങ്ങ്,പൂത്തുറ,താഴംപള്ളി തുടങ്ങി പിന്നെയും നീളുന്ന തീരങ്ങളുടെ ദുരന്ത ചിത്രമാണിത്.നമ്മള്‍ കാണുന്ന തകര്‍ന്ന വീടുകള്‍ക്കും മുമ്പില്‍ നിരനിരയായി വീടുകള്‍ ഉണ്ടായിരുന്നു.കുടിലുകള്‍ ഉണ്ടായിരുന്നു.. അതിന്റെയൊന്നും അവശേഷിപ്പുകള്‍ പോലും കലിതുള്ളുന്ന കടല്‍ ബാക്കിവെച്ചിട്ടില്ല.തകര്‍ന്നവീടുകളിലുള്ളവരെവിടെ..പാതിരാത്രി കടല്‍കയറിയപ്പോള്‍ കിട്ടയതൊക്കെ കൈയ്യിലെടുത്ത് അവരൊക്കെ ഏങ്ങോട്ടുപോയി.. കോവിഡ് മഹാമാരിയുടെ ഭീകരാവസ്ഥ നമ്മെ മുടിക്കൊണ്ടിരിക്കുമ്പോഴാണ് തീരത്തെ കുടിലുകളെ തകര്‍ത്തുകൊണ്ടുള്ള കടലാക്രമണം.ജൂലൈ പകുതിയോടെ തുടങ്ങിയ കടലേറ്റം ഇരുപതാം തീയ്യതിയോടെ പുര്‍ണ്ണമായി.ഉച്ചകഴിഞ്ഞു തുടങ്ങിയ തിരയടി രാത്രിയായതോടെ തീരത്തെ വീടുകളെ ഒന്നൊന്നായി വിഴുങ്ങി.കോവിഡ് കാലമായതുകൊണ്ട് ദുരിതാശ്വാസക്യാമ്പുകളില്ല.അയല്‍വീടുകളിലും,ബന്ധുവീടുകളിലും,വാടകവീടുകളിലുമായി അവര്‍ നെട്ടേട്ടമോടുന്നു.ഇപ്പോഴും വീടുകള്‍ കിട്ടാതെ വലയുന്നവരുണ്ടന്ന്.. അഞ്ചു തെങ്ങ് തീരത്തെ കടലിന്റെ മുനമ്പില്‍ അടുത്ത കടലാക്രമണത്തെ ഭയന്ന് ജീവിക്കുന്ന ഫെല്‍സിക്ക പറഞ്ഞു.ഫെല്‍സിക്കയുടെ വീടിനോട് ചേര്‍ന്നുള്ള വീടിന്റെ പാതിഭാഗം അവശേഷിക്കുന്നു.ആ മതില്‍ കടെലെടുത്താല്‍ പിന്നെ ഫെല്‍സിക്കയുടെ രണ്ടമുറി വീടാണ്..സര്‍ക്കാര്‍ നല്‍കുന്ന പുനര്‍ഗേഹം പദ്ധതിയുടെ ലിസ്റ്റിലുണ്ട് കിട്ടുന്നതുവരെ ഇവിടെ കഴിഞ്ഞുകൂടാനാകുമോയെന്ന് അവര്‍ക്കറിയില്ല. ഇവിടെ ദുരന്തങ്ങള്‍ ഒന്നിനുപിറകെ ഒന്നായി വന്നെങ്കിലും കടലിന്റെ കലി അടങ്ങുന്നില്ല.തീരം കുത്തനെ കടലിലേക്കിറങ്ങി കിടക്കുന്നു.തീരത്താകെ പ്ലാസ്റ്റിക് മാലിന്യത്തിന്റെ കൂമ്പാരങ്ങള്‍.മുമ്പ് ഇങ്ങെനെയായിരുന്നില്ല തീരം.പന്തുകളിക്കുന്ന മൈതാനങ്ങള്‍പോലെ സ്വര്‍ണ്ണനിറത്തിലെ മണല്‍പ്പരപ്പായിരുന്നു.ആയിരക്കണക്കിന് ഫൈബര്‍വള്ളങ്ങള്‍ കടല്‍പ്പണിക്ക് പോകുന്നതീരമാണിത്.ഈ തീരത്തിനഭിമുഖമായ ആഴക്കടലില്‍ ലോകത്തെ അപൂര്‍വ്വമായ മല്‍സ്യസമ്പത്തുള്ള കടലും ആവാസവ്യവസ്ഥയും സ്ഥിതിചെയ്യുന്നു.പക്ഷേ എന്തുകൊണ്ടോ ഇവിടുത്തെ മല്‍സ്യത്തൊഴിലാളികളുടെ സാമ്പത്തീക നില മെച്ചപ്പട്ടിട്ടില്ല.കോവിഡ് വ്യാപനവും,കടലാക്രമണവും,തൊഴിലില്ലായ്മയും വേട്ടയാടുന്ന തീരത്തേക്ക് ചെന്നപ്പോള്‍ തന്നെ സ്ത്രീകളും മറ്റും അടുത്തുവന്ന് അവരുടെ നഷ്ടങ്ങള്‍ എഴുതിക്കൊണ്ടു പോകണമെന്ന് ആവിശ്യപ്പെട്ടു.സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയില്‍ മിക്കവരും അപേക്ഷനല്‍കി പ്രതീക്ഷയോടെ നില്‍ക്കുന്നവരാണ്.തകര്‍ന്നവീടുകളുടെ ചുറ്റുവട്ടത്തെ വീടുകളിലും ചായ്പിലുമൊക്കയായി അവര്‍ ചുറ്റിപ്പറ്റി നില്‍ക്കുന്നു.രാത്രി അയല്‍വീടുകളിലും ബന്ധുവീടുകളിലും കഴിച്ചു കൂട്ടാന്‍ ഇടം ലഭിച്ചിട്ടുള്ളവരാണിവര്‍. കടലിറങ്ങിയാല്‍ പിന്നെയും ഒരു ചെറ്റമാടം കെട്ടി പാര്‍ക്കാന്‍ കാത്തിരിക്കുന്നവരാണിവര്‍. കടല്‍തീരത്തെ സംരക്ഷണ ഭിത്തിയുടെ മുകളിലും വീടുകളായിരുന്നുവെന്നുവേണം അനുമാനിക്കേണ്ടത്. ഇപ്പോള്‍ ്തിനു മുന്നിലും പിന്നിലുമുള്ള വീടുകളുടെ നിരകള്‍ ഇപ്പോള്‍ അവശേഷിക്കുന്നില്ല. .കടല്‍ഭിത്തിക്കായി ഉപയോഗിച്ചിട്ടുള്ള കൂറ്റന്‍ പാറ കല്ലുകള്‍ അവിടവിടെ കിടപ്പുണ്ട്.ഇവിടെയുള്ളവര്‍ താമസിച്ചിരുന്ന ഭൂമി കാണിച്ചു തരാന്‍ പറഞ്ഞാല്‍ അറബിക്കടല്‍ ചൂണ്ടിക്കാണിക്കാനേ കഴിയു. പാറകള്‍കൊണ്ട് കടലിലലേക്ക് ഇറക്കിനിര്‍മ്മിച്ച ഗ്രോയിനുകള്‍ ഒറ്റപ്പെട്ട തുരുത്തുപോലെ ഭാഗീകമായി മണ്ണുമൂടി കിടക്കുന്നു.തുറയിലെ വളര്‍ത്തുനായ്ക്കള്‍ തകര്‍ന്നവീടുകളുടെ മറവില്‍ ആരെയോ കാത്തു കിടക്കുന്നു.കടലില്‍ കാലുകള്‍ ആഴ്ത്തി നില്‍ക്കുന്ന വലിയൊരു നിര്‍മ്മിതി കണ്ടു.കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് ഉല്‍ഘാടനം ചെയ്ത ഫിഷ് ലാന്റെിംഗ് സെന്റെറും,ലേല ഹാളുമാണ്.വലിയ കെട്ടിടത്തെ കടല്‍ പൂര്‍ണ്ണമായും തകര്‍ത്തിരിക്കുന്നു.ഇതിന്റെ ഉല്‍ഘാടനസമയത്ത് കടല്‍ ദൂരെയായിരുന്നു..ഏതാണ്ട് നാലഞ്ചു കൊല്ലം മുമ്പ.് ഇപ്പോള്‍ കുറ്റന്‍ തിരമാലകള്‍ പൊളിയുന്നത് ഈ കെട്ടിടത്തിന്റെ മുകളിലേക്കാണ്. തീരത്തെ രണ്ടുവരിവീടുകള്‍കൂടിക്കഴിഞ്ഞാല്‍ മുതലപ്പൊഴി,അഞ്ചുതെങ്ങ് ,വര്‍ക്കല,കൊല്ലം തീരദേശ റോഡാണ്.റോഡിനപ്പുറം അഞ്ചുതെങ്ങ് കായല്‍ പൊഴിവരെ സമാന്തരമായി ഒഴുകുന്നു.കടല്‍കയറ്റം ഇങ്ങനെ തുടര്‍ന്നാല്‍ കായലിലേക്ക് കടലെത്തുന്ന കാലം വിദൂരമല്ല.എങ്കിലും ഇവര്‍ കടല്‍മണം ഏറ്റുകൊണ്ട് ഇവിടെത്തന്നെ കഴിയുന്നു.കാരണം മറ്റൊന്നുമല്ല കാറും കോളും കണ്ട് വള്ളമിറക്കാനും മീന്‍പിടിക്കുവാനും എല്ലാം സൗകര്യം കടപ്പുറത്തെ താമസം തന്നെയെന്നിവര്‍ സാക്ഷ്യപ്പെടുത്തുന്നു. കടല്‍പ്പണികഴിഞ്ഞ് അവരുടെ തീരത്ത് വള്ളമടുപ്പിക്കുന്നവര്‍ക്ക് ഇന്നത് ഭീതി നിറഞ്ഞ അനുഭവമാണ് തിരത്തിനടുത്ത് പെട്ടന്ന് രൂപം കൊള്ളുന്ന തിരമാല വള്ളങ്ങളെ എടുത്തു മറിക്കുന്നു.കഴിഞ്ഞൊരുമാസം ഇവിടെ മരിച്ചത് ആറ് മല്‍സ്യത്തൊഴിലാളികള്‍.തീരത്തിന് തൊട്ടടുത്താണ് അപകടങ്ങളും മരണങ്ങളുമെന്നത് മല്‍സ്യത്തൊഴിലാളികളുടെ മനസ്സില്‍ ഭീതിപടര്‍ത്തുന്നു...എന്തുകൊണ്ടാണ് തീരക്കടലില്‍ മരണക്കയങ്ങള്‍ രൂപപ്പെടുന്നത്....മുതലപ്പൊഴിയില്‍ നിര്‍മ്മിച്ച ഹാര്‍ബറാണോ...അതോ കടലില്‍ വന്ന മാറ്റങ്ങളാണോ....

Trivandrum Media Commission

Comment here