International

ഇറ്റാലിയൻ ന്യൂസ് ചാനലുകളിൽ അപ്രതീക്ഷിതമായി
ഫ്രാൻസിസ് പാപ്പായുടെ വീഡിയോ മെസ്സേജ്

ഇറ്റാലിയൻ ന്യൂസ് ചാനലുകൾ പതിവിലും വിപരീതമായി
വൈകിട്ട് ഫ്രാൻസിസ് പാപ്പായുടെ ഒരു വീഡിയോ മെസ്സേജ് സംപ്രേഷണം ചെയ്തു. ഭവനങ്ങളിൽ അത്താഴ മേശയിൽ ആയിരുന്ന ആയിരങ്ങൾ ഭക്ഷണം കഴിക്കുന്നത് നിർത്തി തങ്ങളുടെ പ്രിയപ്പെട്ട പാപ്പയുടെ വാക്കുകൾക്ക് വേണ്ടി കാതോർത്തു.

ലോകം മുഴുവനിലുമുള്ള വിശ്വാസികൾക്കായ് ഫ്രാൻസിസ് പാപ്പ നൽകിയ സന്ദേശം :

പാപ്പ: “നമ്മൾ ഒറ്റപ്പെട്ടുപോയെങ്കിലും വിശാലമായ സ്നേഹത്താൽ പരസ്പരം സഹായിക്കാം…”

പ്രിയ സുഹൃത്തുക്കളെ “ബോന സേര” (ഗുഡ് ഈവനിങ്ങ്) പതിവിലും വിപരീതമായി ഈ സായാഹ്നത്തിൽ എനിക്ക് നിങ്ങളുടെ ഭവനങ്ങളിലേക്ക് കടന്നുവരുവാനുള്ള ഒരു അവസരമായ് ഞാൻ ഇതിനെ കാണുന്നു. നിങ്ങൾ എന്നെ അനുവദിക്കുകയാണെങ്കിൽ എനിക്ക് അല്പനേരം നിങ്ങളോട് സംസാരിക്കാൻ ആഗ്രഹമുണ്ട്. കൊറോണയെ അതിജീവിക്കുവാനായി സഹനത്തിൻ്റെയും കഷ്ടപ്പാടിൻ്റെയും ഏകാന്തതയിൽക്കൂടിയും കടന്നു പോകുന്ന ഈ ദിനങ്ങളിൽ നിങ്ങളുടെ ഭവനങ്ങളിൽ സ്കൂളിൽ പോകാൻ സാധിക്കാത്ത കുട്ടികളുടെയും, തങ്ങളുടെ ജീവിതശൈലി കളിലേക്ക് തിരിച്ചു പോകാനാവാതെ ബുദ്ധിമുട്ടുന്ന കൗമാരപ്രായക്കാരുടെയും ബഹളങ്ങൾ എനിക്ക് സങ്കൽപ്പിക്കാൻ കഴിയുന്നുണ്ട്. എല്ലാ കുടുംബങ്ങളെയും, പ്രത്യേകിച്ച് കൊറോണ ബാധിച്ച് രോഗശയ്യയിൽ ആയിരിക്കുന്നവരെയും, ഈ പകർച്ചവ്യാധി ബാധിച്ച് മരണമടഞ്ഞ നിരവധി വ്യക്തികളെയും, അവരുടെ വേർപാടിൽ വേദനിക്കുന്ന പ്രിയപ്പെട്ടവരെയും ഞാൻ എൻ്റെ ഹൃദയത്തിൽ വഹിക്കുന്നു…

ഈ ദിവസങ്ങളിൽ എപ്പോഴും എൻ്റെ ഓർമ്മയിൽ കടന്നുവരുന്നത് ആരും തുണിയില്ലാതെ വിഷമിക്കുന്ന വ്യക്തികളാണ്. വളരെ ബുദ്ധിമുട്ടുള്ള ഒരു യാഥാർത്ഥ്യമാണ് അവർ കടന്ന് പോയ്ക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് എനിക്ക് ഏറ്റവും പ്രിയപ്പെട്ട വൃദ്ധജനങ്ങൾ… അതുപോലെതന്നെ എനിക്ക് മറക്കാൻ പറ്റാത്ത ചിലരാണ് കൊറോണ ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവരെയും, അവരെ ശുശ്രൂഷിക്കാൻ രാവും പകലും കഠിനാധ്വാനം ചെയ്യുന്ന അനേകം ഡോക്ടർമാരും, നഴ്സുമാരും, മറ്റു വ്യക്തികളും… യഥാർത്ഥത്തിൽ ഇവരാണ് ഈ കാലഘട്ടത്തിൻ്റെ “ഹീറോകൾ”.

ജോലി ചെയ്യാൻ സാധിക്കാതെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ ഓർത്തും ഞാൻ പ്രാർത്ഥിക്കുന്നു.. വിവിധ ജയിലുകളിൽ കഴിയുന്ന സഹോദരങ്ങളെ ഓർത്ത് ഞാൻ പ്രാർത്ഥിക്കുന്നു… തങ്ങളെയും തങ്ങളുടെ പ്രിയപ്പെട്ടവരെയും ഓർത്ത് അഴികൾക്കുള്ളിൽ അവർ ധാരാളം വേദന അനുഭവിക്കുന്നണ്ടെന്ന് എനിക്കറിയാം. തീർച്ചയായിട്ടും നമ്മൾ ഓരോരുത്തർക്കും പകർച്ചവ്യാധിയുടെ ഈ ദിനങ്ങൾ വളരെ ബുദ്ധിമുട്ട് നിറഞ്ഞതാണ്. ചിലർക്ക് അതികഠിനമാണ് ഈ ദിനങ്ങൾ എന്ന് പാപ്പക്ക് അറിയാം. എൻ്റെ ഈ വാക്കുകൾ കൊണ്ട് നിങ്ങളോട് എനിക്ക് പറയുവാനുള്ളത് ഞാൻ നിങ്ങളോടൊപ്പമുണ്ട്… എൻ്റെ പ്രാർത്ഥനയും സ്നേഹവും നിങ്ങളെ സംരക്ഷിക്കട്ടെ. കഷ്ടതയുടെ ഈ കാലഘട്ടം വളരെ നന്നായി വിനിയോഗം ചെയ്യാൻ നമുക്ക് പരിശ്രമിക്കാം. നമ്മൾ ഉദാരമനസ്കതയുള്ളവർ ആയിരിക്കണം, പരസ്പരം സഹായങ്ങൾ ചെയ്തു കൊടുക്കാൻ പരിശ്രമിക്കാം. ഫോൺകോളുകൾ വഴിയും സമൂഹമാധ്യമങ്ങൾ ഉപയോഗിച്ചും ഏകാന്തതയിൽ കഴിയുന്നവരോട് സംസാരിക്കുവാനും ആശ്വസിപ്പിക്കാനും അവരെ ധൈര്യപ്പെടുത്തുവാനും പരിശ്രമിക്കാം.

ഇറ്റലിയിലും ലോകം മുഴുവനിലും കഷ്ടതയിൽ കൂടി കടന്നു പോകുന്നവർക്ക് വേണ്ടി നമുക്ക് ഒന്നുചേർന്ന് പ്രാർത്ഥിക്കാം. നമ്മൾ ഒറ്റപ്പെട്ടിരിക്കുകയാണെങ്കിലും വിശാലമായ സ്നേഹത്തിൻ്റെ കഴിവുകൾ ഉപയോഗിച്ച് ചിന്തകൾ കൊണ്ടും ആത്മീയ സാന്നിധ്യം കൊണ്ടും നമുക്ക് എത്ര ദൂരം വേണമെങ്കിലും സഞ്ചരിക്കാം. ഇത് ഇന്നിൻ്റെ ആവശ്യകതയാണ്.

വിശുദ്ധവാരം ആരംഭിക്കുകയാണ്, സുവിശേഷത്തിലെ സന്ദേശം നമുക്ക് കാണിച്ചുതരുന്നത് മനുഷ്യവംശത്തോടുള്ള ദൈവത്തിൻ്റെ അതിരുകളില്ലാത്ത സ്നേഹമാണ്. നമ്മുടെ നഗരങ്ങളിൽ തളംകെട്ടിനിൽക്കുന്ന മൗനത്തിൽ ഉയർപ്പിൻ്റെ സന്ദേശം വീണ്ടും മുഴങ്ങി കേൾക്കും… വി. പൗലോസ് ശ്ലീഹ പറയുന്നത് ക്രിസ്തു മരിച്ചത് നാം എല്ലാവർക്കും വേണ്ടിയാണ്. കാരണം ക്രിസ്തുവിൽ ജീവിക്കുന്ന ഏതൊരുവനും അവർക്കുവേണ്ടിയല്ല ജീവിക്കുന്നത്…
ക്രിസ്തു ഉയിർത്തെഴുന്നേറ്റു… ജീവൻ മരണത്തെ തോൽപ്പിച്ചു… ക്രിസ്തുവിൻ്റെ ഉത്ഥാനത്തിലുള്ള വിശ്വാസം നമ്മുടെ പ്രത്യാശയെ വളർത്തുന്നു. ഈ സായാഹ്നത്തിൽ നിങ്ങളോട് ഞാൻ പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത് ഒരു നല്ല കാലം എത്രയും വേഗം കർത്താവ് നമുക്ക് നൽകട്ടെ എന്നാണ്. എത്രയും വേഗം ഈ പകർച്ച വ്യാധിയിൽ നിന്ന് നമ്മൾ മുക്തരാകട്ടെ എന്ന് പ്രാർത്ഥിക്കുകയും പ്രത്യാശിക്കുകയും ചെയ്യുന്നു.

ഏതാനും നിമിഷം എന്നെ നിങ്ങളുടെ ഭവനങ്ങളിൽ പ്രവേശിപ്പിക്കാൻ അനുവാദം തന്നതിനും. എൻ്റെ വാക്കുകൾ ശ്രവിക്കാൻ നിങ്ങൾ കാട്ടിയ നല്ല മനസ്സിനും നിങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. സഹനത്തിൽക്കൂടി കടന്നു പോകുന്ന വ്യക്തികളോട് സ്നേഹത്തോടെ പെരുമാറുക. പ്രത്യേകിച്ച് കുട്ടികളോടും പ്രായമായവരോട് പറയുക ഫ്രാൻസിസ് പപ്പാ നിങ്ങളോടൊപ്പമുണ്ട് നിങ്ങൾക്കായി പ്രാർത്ഥിക്കുന്നു എന്ന്… എനിക്കു വേണ്ടി പ്രാർത്ഥിക്കുവാൻ മറക്കരുത്. ഒരു നല്ല അത്താഴം നിങ്ങൾക്ക് ആശംസിച്ചു കൊണ്ട് ഞാൻ നിർത്തുന്നു… വീണ്ടും കാണാം… ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ…☺

വിവർത്തനം: ©
സി. സോണിയ തെരേസ് ഡി. എസ്. ജെ

Trivandrum Media Commission

Comment here