Theera DeshamTrivandrum

ഇത് വനിതകളുടെ അങ്കത്തട്ട് : പൂന്തുറയിൽ അമേരിക്കൻ മോഡൽ കൂടിക്കാഴ്ച

✍🏻 പ്രേം ബൊനവഞ്ച

തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്‌ഥാനാർഥികളെ “ചോദ്യം ചെയ്ത്”പൂന്തുറയിലെ സ്റ്റുഡൻസ് യൂണിയൻ ലൈബ്രറി

തിരുവനന്തപുരം പൂന്തുറയിലെ കവലകളും വഴിയോരങ്ങളും നിറയെ ബഹുവർണങ്ങളിൽ, ഗംഭീര ഫ്ളക്സ് ബോർഡുകളിൽ സ്‌ഥലത്തെ വനിതാരത്നങ്ങളെ കാണാം. കോർപറേഷൻ തിരഞ്ഞെടുപ്പിൽ പൂന്തുറ വാർഡിലെ പ്രതിനിധിയായി തിരഞ്ഞെടുപ്പിനെ നേരിടാൻ, ഊർജ്ജസ്വലതയോടെ, പ്രസരിപ്പോടെ, ആത്മവിശ്വാസത്തോടെ, ചിരിച്ച മുഖവുമായി കാണപ്പെടുന്ന സ്‌ഥലത്തെ വനിതാ സ്‌ഥാനാർഥികൾ. ഫോട്ടോഷോപ്പും മറ്റും സൃഷ്ടിച്ച ഈ ചിരിക്കും തിളക്കത്തിനും അപ്പുറം വോട്ടർമാർക്ക് തങ്ങളുടെ സ്‌ഥാനാർഥികളെ കുറിച്ചറിയാനും അവരുടെ വികസന അജണ്ടകൾ പങ്കുവയ്ക്കാനും ഒരവസരം ലഭിച്ചാൽ എങ്ങനെ ഇരിക്കും? കോവിഡിന്റെ സാമൂഹ്യവ്യാപനം ആദ്യമായി റിപ്പോർട്ട് ചെയ്ത തിരുവനന്തപുരം കോർപറേഷനിലെ പൂന്തുറ തീരദേശ വാർഡിലെ വോട്ടർമാർ അത്തരം ഒരു അവസരം ലഭിച്ചതിന്റെ ത്രില്ലിലാണ്.

കോവിഡ് കാലത്തെ തദ്ദേശ തിരഞ്ഞെടുപ്പിനായി യുവജനങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന പൂന്തുറയിലെ സ്റ്റുഡൻസ് യൂണിയൻ ലൈബ്രറി ആൻഡ് റിക്രിയേഷൻ സെന്റർ വാർഡിലെ പത്തിൽ ഏഴ് സ്‌ഥാനാർഥികളെയും ഉൾപ്പെടുത്തി “സ്‌ഥാനാർഥിയോടൊപ്പം” എന്ന പേരിൽ ഒരു സംവാദം സംഘടിപ്പിച്ചു. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥികൾ നേരിട്ട് ജനങ്ങളെ അഭിസംബോധന ചെയ്തതും ചോദ്യങ്ങൾക്ക് ഉത്തരം നൽകിയതും നാം ടിവിയിൽ കണ്ടിട്ട് നാളുകളായതേ ഉള്ളൂ. അതേപോലെ അല്ലെങ്കിലും കെട്ടിലും മട്ടിലും ഒരു സ്‌ഥാനാർഥി ഇന്റർവ്യൂ എന്ന തലക്കെട്ട് നൽകാനാകും ഈ ഉദ്യമത്തിന്. മത്സരിക്കുന്ന പത്ത് സ്‌ഥാനാർഥികളിൽ ബാക്കി 3 പേര് ഡമ്മികളായതിനാൽ അവരെ ക്ഷണിച്ചില്ല. തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പൂന്തുറ സെന്റ് തോമസ് ഇടവക ഉൾപ്പെടുന്ന പൂന്തുറ വാർഡിൽ ഇത്തവണ വനിതാസംവരണമാണ്.

പുസ്തകങ്ങൾ നിറഞ്ഞ റാക്കുകൾക്ക് ഇടയിൽ, ലൈബ്രറിയിൽ തന്നെയായിരുന്നു സംവാദം ഷൂട്ട് ചെയ്തത്. ഒരു മൊബൈൽ കാമറയുടെ സഹായത്തോടെ ഷൂട്ടിങ്ങും എഡിറ്റിംഗും കൈകാര്യം ചെയ്തത് ലൈബ്രറി ട്രഷറർ ഡിക്‌സൺ ഡേവിഡ് ആണ്.

2020 ഡിസംബർ ഒന്നുമുതൽ ലൈബ്രറിയുടെ യുട്യൂബ് ചാനലിലൂടെ സ്‌ഥാനാർഥികളുമായുള്ള കൂടിക്കാഴ്ചകൾ സംപ്രേക്ഷണം ചെയ്തു. പൂന്തുറയുടെ വാട്സാപ്പ് കൂട്ടായ്മകളിൽ “സ്‌ഥാനാർഥി ഇന്റർവ്യൂ” വൈറലായി. “പൂന്തുറയിലെ ഓരോ വീട്ടിലും ഇപ്പോൾ സ്മാർട്ട് ഫോണുണ്ട്. പ്രായമായവർ ഒഴികെ നോക്കിയാൽ ഭൂരിഭാഗം പേരും ഇപ്പോൾ സോഷ്യൽ മീഡിയയിലേക്ക് തിരിഞ്ഞിട്ടുണ്ട്” ലൈബ്രറി സെക്രട്ടറി മൈക്കേൽ യൂജിന്റെ വാക്കുകൾ. ജനങ്ങളെ പ്രതിനിധീകരിക്കാൻ മുന്നോട്ടുവന്ന സ്‌ഥാനാർഥികളെ കുറിച്ച് വ്യക്തമായ ഒരു കാഴ്ചപ്പാട് വോട്ടർമാർക്ക് നൽകുവാൻ ഈ സംവാദങ്ങൾ കൊണ്ട് സാധിക്കുമെന്ന ചിന്തയാണ് ഇതിനുപിന്നിൽ.

രാജ്ഞിമാരുടെ ഗോദ

ഒരു വലിയ ബുക്ക്ഷെൾഫിനു മുന്നിൽ കറുത്ത കുഷ്യൻ പൊതിഞ്ഞ ചെയറിൽ ഇരിക്കുന്ന സ്‌ഥാനാർഥി. മുന്നിൽ വിരിപ്പിട്ട മേശയിൽ കറുപ്പും വെളുപ്പും കരുക്കൾ നിറഞ്ഞ ചതുരംഗപ്പലക. സ്‌ഥാനാർഥി ഒരു മത്സരാർഥിയായി ചെസ് മത്സരത്തിനു തയാറെടുക്കുന്ന പ്രതീതി.

തങ്ങളുടെ മനസ്സ് ജനങ്ങൾക്കുമുന്നിൽ അനാവരണം ചെയ്യുകയെന്നതാണ് ഈ ഉദ്യമത്തിന്റെ ആശയമെന്ന് സ്ഥാനാർത്ഥികളെ ബോധ്യപ്പെടുത്താനുള്ള മാർഗമായിരുന്നു ചെസ്സ് ബോർഡ്. ഒരു വാർഡിനെ നയിക്കുന്നത് ചെസ്സ് കളി പോലെ സങ്കീർണ്ണവും തന്ത്രപരവുമാണെന്ന് അവരെ ഓർമിപ്പിക്കുകയും ചെയ്തു. എല്ലാ സ്ഥാനാർത്ഥികളോടും ഒരേപോലെ ആറ് ചോദ്യങ്ങൾ ചോദിച്ചു, മറുപടി നൽകാൻ 10 മിനിറ്റ് വരെ സമയവും അനുവദിച്ചു.

സെലിബ്രിറ്റി ഇല്ലാതെ

“ലൈബ്രറിയെ സംബന്ധിച്ച് ഇതിനുമുമ്പ് രാഷ്ട്രീയത്തിൽ ഇടപെട്ടിട്ടില്ല. എന്നാൽ ഒരു പ്രാദേശിക തെരഞ്ഞെടുപ്പ് എന്നാൽ “പോസ്റ്റർ ഡിസൈൻ” അല്ലെങ്കിൽ “പോസ്റ്റർ പുഞ്ചിരി” മത്സരമല്ലെന്ന് സ്ഥാനാർത്ഥികൾ അറിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.” ലൈബ്രറി ജോയിന്റ് സെക്രട്ടറി ജിനു ലാസർ പറഞ്ഞു.

“മുമ്പൊരിക്കലുമില്ലാത്തവിധം ഇത്തവണ തിരഞ്ഞെടുപ്പ് മത്സരം കഠിനമായി തോന്നുന്നു. പ്രദേശത്തെ ആളുകൾ‌ക്ക് അവരുടെ സ്ഥാനാർത്ഥികളെ വിലയിരുത്തുവാനുള്ള മാർ‌ഗ്ഗം വേണമെന്ന് ഞങ്ങൾ‌ കരുതി. പൂന്തുറ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സ്ഥാനാർത്ഥികൾക്ക് എത്രമാത്രം അറിവുണ്ടെന്നും അവ എങ്ങനെ പരിഹരിക്കാനാണ് അവർ ഉദ്ദേശിക്കുന്നതെന്നും അറിയാൻ ഞങ്ങൾ ആഗ്രഹിച്ചതായി ജിനു ലാസർ. തങ്ങളെ തിരഞ്ഞെടുക്കണമെന്ന് അവർ കരുതുന്നത് എന്തുകൊണ്ടാണെന്ന് ഞങ്ങളോട് പറയാൻ അവർക്ക് ബാധ്യതയുണ്ട് എന്ന് സെക്രട്ടറിയും.

“തുടക്കത്തിൽ സ്ഥാനാർത്ഥികൾക്ക് അഭിമുഖത്തെക്കുറിച്ച് സംശയമുണ്ടായിരുന്നു. ചില സ്ഥാനാർത്ഥികൾക്ക് മാത്രം ഞങ്ങൾ പ്രാധാന്യം നൽകുമെന്ന് അവർ കരുതി. പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികളാണോ അതോ സ്വതന്ത്രരാണോ എന്നത് പരിഗണിക്കാതെ എല്ലാവരോടും ഒരേ ചോദ്യങ്ങൾ ചോദിക്കുമെന്നും ഒരേ സമയക്രമം നൽകുമെന്നും ഞങ്ങൾ പറഞ്ഞു. ഒടുവിൽ അവർ സമ്മതിച്ചു.” സെക്രട്ടറി വിശദീകരിച്ചു. എന്നിരുന്നാലും, അഭിമുഖത്തിനായി സ്ഥാനാർത്ഥി ലൈബ്രറിയിലെത്തുമ്പോൾ മാത്രമാണ് അവരുടെ കൈവശം ചോദ്യങ്ങൾ നൽകുക. ഉത്തരങ്ങൾ “തയാറാക്കാൻ” 10-15 മിനിറ്റ് സമയം വരെ സ്‌ഥാനാർഥികൾക്ക് നൽകാറുണ്ടെന്നു ജിനു ലാസർ.

സ്‌ഥാനാർഥികൾക്ക് നൽകപ്പെട്ട 6 ചോദ്യങ്ങൾ ഇവയാണ്:

ഒന്ന്, നിങ്ങൾ മുൻപ് ഏതെങ്കിലും സാമൂഹ്യ പ്രവർത്തനമോ അല്ലെങ്കിൽ പൊതുപ്രവർത്തനമോ ചെയ്തിട്ടുണ്ടോ? നിങ്ങൾ ഇപ്പോൾ എന്തെങ്കിലും ജോലി/തൊഴിൽ ചെയ്യുകയാണോ?
രണ്ട്, പൂന്തുറയിലെ ജനത, പ്രത്യേകിച്ച് തീരദേശ ജനത നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്നാണ് നിങ്ങൾ കരുതുന്നത്?
മൂന്ന്, ഇവയ്ക്ക് നിങ്ങൾ എന്ത് പരിഹാരമാണ് നിർദേശിക്കുന്നത്?
നാല്, നിങ്ങളുടെ പാർട്ടിയുടെ നയങ്ങൾ നിങ്ങൾ പൂർണ്ണമായി പാലിക്കുന്നുണ്ടോ? നിങ്ങൾക്ക് അവയിൽ എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടോ? അവ എന്തൊക്കെയാണ്, എന്തുകൊണ്ടാണ് അങ്ങനെ?
അഞ്ച്, ഒരു കൗൺസിലർ എന്ന നിലയിലുള്ള നിങ്ങളുടെ പരിമിതികൾ കണക്കിലെടുത്ത് യാഥാർത്ഥ്യ ബോധത്തോടെ നിങ്ങൾ പൂന്തുറയ്ക്ക് നൽകുന്ന വാഗ്ദാനങ്ങൾ എന്തൊക്കെയാണ്?
ആറ്, മത്സരരംഗത്തുള്ള മറ്റ് ഒമ്പത് സ്ഥാനാർത്ഥികളിൽനിന്നും ഞങ്ങൾ നിങ്ങളെ തിരഞ്ഞെടുക്കണം എന്ന് പറയുന്നതിന് കാരണം?

(സ്വതന്ത്രർക്ക് നാലാമത്തെ ചോദ്യത്തിൽ മാറ്റം വരുത്തിയിരുന്നു)

ഇനി ഇവർ ട്രാക്കിലേക്ക് . . .

(അവലംബം – മലയാള മനോരമ)

Trivandrum Media Commission

Comment here