AnnouncementsWith the Pastor

രക്ഷ സ്വീകരിക്കുവാന്‍ ഒരുങ്ങാം: ആഗമനകാലം ഇടയലേഖനത്തില്‍ അഭിവന്ദ്യ സൂസപാക്യം മെത്രാപ്പോലീത്ത

ആഗമനകാലവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ഇടയലേഖനത്തിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം

വന്ദ്യ വൈദികരേ, പ്രിയമക്കളേ,
ഇന്ന് ആഗമനകാലം ഒന്നാം ഞായറാഴ്ചയാണ്. പുതിയൊരു ആരാധനാ വര്‍ഷത്തിന് നാമിന്ന് തുടക്കം കുറിക്കുന്നു. അതായത്, ഒരുവട്ടംകൂടി രക്ഷകനായ ക്രിസ്തുവിന്‍റെ ജീവിത രഹസ്യങ്ങളെക്കുറിച്ച് ധ്യാനിച്ചുകൊണ്ട് രക്ഷാകരഫലങ്ങള്‍ ഉള്‍ക്കൊള്ളുകയും, ഉള്‍ക്കൊള്ളുന്നത് മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്തുകൊണ്ട് യേശുവിന്‍റെ വരവിനായി പ്രത്യേകമായ രീതിയില്‍ ഒരുങ്ങുന്ന അവസരമാണ് ആഗമനകാലം. ഇതിലൂടെ ബത്ലഹേമില്‍ ജനിച്ച യേശുവിന്‍റെ ഓര്‍മ്മ നാം സന്തോഷപൂര്‍വ്വം അനുസ്മരിക്കുന്നു; ഇന്നും നമ്മുടെ മധ്യേ വസിക്കുന്ന യേശുവുമായി നാം കൂടുതല്‍ അനുരൂപപ്പെടുന്നു; സമയത്തിന്‍റെ പൂര്‍ണ്ണതയില്‍ അര്‍ഹിക്കുന്ന പ്രതിഫലം നല്‍കാന്‍ ആഗതനാകാന്‍ പോകുന്ന വിധിയാളനായ യേശുവിനെ യഥോചിതം സ്വീകരിക്കുവാന്‍ നാം ഒരുങ്ങുന്നു.
ദൈവപുത്രന്‍ മനുഷ്യനായി അവതരിച്ചത് ദൈവപിതാവ് ആഗ്രഹിച്ച ദൗത്യം നിറവേറ്റുവാനും അതോടനുബന്ധിച്ച ഒരു ദൗത്യം നമ്മെ ഭരമേല്പിക്കാനും വേണ്ടിയാണ്. യേശുവിന്‍റെ ദൗത്യത്തെ വ്യക്തമായി മനസ്സിലാക്കുവാനും അതിനെ നമ്മുടെ ദൗത്യത്തില്‍നിന്നും വേര്‍തിരിച്ചറിയാനും നമുക്കു സാധിക്കണം. യേശു രക്ഷകനാണ്. നമ്മില്‍തന്നെ നാമാരും രക്ഷകരല്ല. ഇതാണ് യേശുവിന്‍റെ ദൗത്യവും നമ്മുടെ ദൗത്യവും തമ്മിലുള്ള വ്യത്യാസം. യേശു ജനിച്ച രാത്രിയില്‍ ഇടയډാര്‍ക്ക് പ്രത്യക്ഷപ്പെട്ട് ദൈവദൂതന്‍ ദൈവപുത്രന്‍റെ ദൗത്യത്തെ സംഗ്രഹിക്കുന്നത് ഇപ്രകാരമാണ്: “നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ ജനിച്ചിരിക്കുന്നു” (ലൂക്കാ. 2:11). പാപംകാരണം പറുദീസ നഷ്ടമാക്കിയ മനുഷ്യരെ പാപവിമുക്തരാക്കി വീണ്ടം പറുദീസയിലേക്ക് ആനയിക്കുവാന്‍ പാപരഹിതനായ ഒരു രക്ഷകനെവേണ്ടിവന്നു. ഈ ദൗത്യമാണ് തന്‍റെ മനുഷ്യാവതാരത്തിലൂടെയും അവസാനം കുരിശുമരണവും ഉത്ഥാനവുമാകുന്ന പെസഹാ രഹസ്യത്തിലൂടെയും രക്ഷകനായ യേശു നിര്‍വ്വഹിച്ചത്, കുരിശില്‍ കിടന്നുകൊണ്ട് ഈ ദൗത്യം പൂര്‍ണ്ണമായും പൂര്‍ത്തീകരിച്ചതായി യേശു പ്രഖ്യാപിക്കുകയും ചെയ്യുന്നു (ലൂക്കാ. 19:30).
രക്ഷകനായി ജനിക്കുകയും രക്ഷാകര്‍മ്മം പൂര്‍ത്തിയാക്കുകയും ചെയ്ത യേശു ഇതിനോടനുബന്ധിച്ച ഒരു ദൗത്യം നമ്മെ ഭരമേല്പിക്കുന്നുണ്ട്. യേശുവിന്‍റെ അഭാവത്തില്‍ രക്ഷകനായ യേശുവിന്‍റെ സ്ഥാനത്തിരുന്ന് ഒരിക്കല്‍ യേശു നിര്‍വ്വഹിച്ച രക്ഷാകര്‍മ്മം തുടരുകയാണ് നമ്മുടെ ദൗത്യമെന്ന് പറയുന്നത് ശരിയല്ല. ഇത്തരം തെറ്റിദ്ധാരണകളും ആശയക്കുഴപ്പങ്ങളുമാണ് സഭാസമൂഹങ്ങള്‍ വേണ്ടവിധത്തില്‍ വളരാതിരിക്കാനും പലപ്പോഴും മുരടിച്ചു പോകുന്നതിനും കാരണം. ഒരേയൊരു രക്ഷകനേയുള്ളൂ. അത് ക്രിസ്തുമാത്രം. ക്രിസ്തുവിനെക്കൂടാതെ ഏതെങ്കിലും രക്ഷാകരപ്രവൃത്തി ചെയ്യുവാനോ ആരെയെങ്കിലും രക്ഷിക്കുവാനോ നമുക്കാര്‍ക്കും സാധിക്കുകയില്ല; “എന്നെക്കൂടാതെ നിങ്ങള്‍ക്കൊന്നും ചെയ്യാന്‍ സാധിക്കുകയില്ല” (യോഹ. 15:5) എന്നാണല്ലോ യേശുതന്നെ പഠിപ്പിക്കുന്നത്. കുരിശില്‍ താന്‍ പൂര്‍ത്തിയാക്കിയ രക്ഷയുടെ ഫലങ്ങള്‍ പങ്കുവയ്ക്കുവാന്‍ “യുഗാന്തംവരെ ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും” (മത്താ. 28:20) എന്ന ഉറപ്പും യേശു നല്കുന്നുണ്ട്. അപ്പോള്‍ രക്ഷാദൗത്യം പൂര്‍ത്തിയാക്കിയതും അതിന്‍റെ ഫലങ്ങള്‍ എപ്പോഴും എവിടെയും പങ്കുവയ്ക്കുന്നതും ക്രിസ്തുമാത്രമാണ്.
എങ്കില്‍പിന്നെ രക്ഷയെ സംബന്ധിച്ചിടത്തോളം മനുഷ്യര്‍ക്ക് എന്താണ് ചെയ്യുവാനുള്ളത്? എന്‍റെയും നിങ്ങളുടെയും ദൗത്യമെന്താണ്? ഒരിക്കല്‍ യേശു പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും പഠിപ്പിച്ചുകൊണ്ട് ജറുസലേമിലേക്ക് പോവുകയായിരുന്നു. അപ്പോള്‍ ഒരുവന്‍ വന്ന് യേശുവിനോടു ചോദിച്ചു: “കര്‍ത്താവേ, രക്ഷ പ്രാപിക്കുന്നവര്‍ ചുരുക്കമാണോ?” (ലൂക്കാ. 13:23). അതു നിങ്ങള്‍ ഇപ്പോള്‍ അറിയേണ്ട കാര്യമല്ല (അപ്പ.പ്ര. 1:7) എന്നാണല്ലോ യേശു പറയുന്നത്. എങ്കിലും രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യേശു നല്കുന്ന ഉപദേശമിതാണ്: “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിന്‍” (ലൂക്കാ. 13:24). വിധി ദിവസത്തില്‍ ഇപ്പോള്‍ ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ കൂട്ടാക്കാത്ത ധാരാളംപേര്‍ പരിചയം നടിച്ച് രക്ഷയ്ക്കായി യേശുവിനെ സമീപിക്കും. ശിക്ഷയുടെ വാക്കുകളായിരിക്കും ഉത്തരമായി ഇവര്‍ക്കു ലഭിക്കാന്‍ പോകുന്നത്: “നിങ്ങള്‍ എവിടെനിന്നാണെന്ന് ഞാന്‍ അറിയുന്നില്ല. അനീതി പ്രവര്‍ത്തിക്കുന്ന നിങ്ങള്‍ എന്നില്‍നിന്ന് അകന്നുപോകുവിന്‍” (ലൂക്കാ. 13:27). ഇടുങ്ങിയ വാതിലിലൂടെ പ്രവേശിച്ച് രക്ഷപ്രാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത് പാപത്തിന്‍റെ പഴയ മനുഷ്യനെ പരിത്യജിക്കുകയും രക്ഷകനായ യേശുവിന്‍റെ ചൈതന്യത്തില്‍ വളരുകയും രക്ഷാകരമായ ഈ അനുഭവത്തിന് എല്ലാവരുടെയും മുമ്പില്‍ സാക്ഷ്യം വഹിക്കുകയുമാണ്. രണ്ടുകാര്യങ്ങളാണ് ഇവിടെ നാം ശ്രദ്ധിക്കേണ്ടത്:
ഒന്നാമതായി, രക്ഷപ്രാപിക്കാന്‍ ആഗ്രഹിക്കുന്നവരെല്ലാം പാപം ഇല്ലാതാക്കുകയും രക്ഷ പ്രദാനംചെയ്യുകയും ചെയ്യുന്ന യേശുവിനെ തങ്ങളുടെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യണം. സ്വാതന്ത്ര്യത്തെ ദുരുപയോഗിച്ച് ദൈവത്തില്‍നിന്ന് അകന്നുപോയ മനുഷ്യന്‍ സ്വതന്ത്രമായി ദൈവത്തിലേക്ക് തിരിച്ചുവരികയും രക്ഷ ഉള്‍ക്കൊളളുകയും ചെയ്യണം. ദൈവം തന്‍റെതന്നെ ഛായയിലും സാദൃശ്യത്തിലുമാണല്ലോ മനുഷ്യനെ സൃഷ്ടിച്ചത് (ഉല്പ. 1:26). ദൈവത്തെ ധിക്കരിച്ച് പാപം ചെയ്തപ്പോള്‍ ദൈവീകഛായ അവനു നഷ്ടമായി. നഷ്ടപ്പെട്ട ഈ ദൈവികഛായയും സാദൃശ്യവും വീണ്ടെടുത്തുതരാനാണ് ദൈവപുത്രന്‍ മനുഷ്യനായി അവതരിക്കുകയും നമ്മുടെ ഇടയില്‍ വസിക്കുകയും ചെയ്യുന്നത്. നിറഞ്ഞ സ്വാതന്ത്ര്യത്തോടെ ഈ രക്ഷകനെ സ്വീകരിക്കുവാന്‍ നാം തയ്യാറാകണം. ഇതാണല്ലോ തിരുവചനങ്ങളും നമ്മെ അനുസ്മരിപ്പിക്കുന്നത്: “അവന്‍ സ്വജനത്തിന്‍റെ അടുത്തേക്കുവന്നു; എന്നാല്‍ അവര്‍ അവനെ സ്വീകരിച്ചില്ല. തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം തന്‍റെ നാമത്തില്‍ വിശ്വസിച്ചവര്‍ക്കെല്ലാം ദൈവമക്കളാകാന്‍ (അതായത് നഷ്ടപ്പെട്ട ദൈവികഛായയും സാദൃശ്യവും വീണ്ടെടുക്കുവാന്‍) അവന്‍ കഴിവ് നല്കി” (യോഹ. 1:11-12).
രണ്ടാമതായി, രക്ഷപ്പെടുവാനാഗ്രഹിക്കുന്നവരെല്ലാം രക്ഷകനെ ജീവിതത്തിലേക്ക് സ്വാഗതം ചെയ്തതിനുശേഷവും, തന്നിഷ്ടംപോലെ ജീവിക്കാനുള്ളവരല്ല, ഇടുങ്ങിയ പാതയിലൂടെ സഞ്ചരിക്കേണ്ടവരാണ്. ഇത് ചില ചടങ്ങുകളിലൂടെ ഏതാനും നിമിഷങ്ങള്‍കൊണ്ട് തീരുന്ന കാര്യമല്ല, ജീവിതകാലം മുഴുവനും നീണ്ടുനില്ക്കുന്ന ഒരു പ്രക്രിയയാണ്. യേശുവിനെ സ്വീകരിക്കുന്നവരെല്ലാം അവിടുത്തെ ഉള്‍ക്കൊണ്ടുകൊണ്ട് നിരന്തരം അവിടുത്തേക്ക് അനുരൂപരായിക്കൊണ്ടിരിക്കണം. ഇതാണ് മുന്തിരിച്ചെടിയുടെയും ശാഖകളുടെയും ഉപമയിലൂടെ യേശു വ്യക്തമാക്കുന്നത് (യോഹ. 15:1-16). തായ്ത്തണ്ടിനോടു ചേര്‍ന്നു നില്‍ക്കാതെ ശാഖകള്‍ക്ക് ഫലംപുറപ്പെടുവിക്കാന്‍ സാധിക്കാത്തതുപോലെ യേശുവിന്‍റെ ചൈതന്യം നമ്മിലേക്ക് നിരന്തരം പ്രവഹിക്കുന്നില്ലെങ്കില്‍ നമുക്കും രക്ഷാകരഫലങ്ങളൊന്നും പുറപ്പെടുവിക്കാന്‍ കഴിയുകയില്ല. എങ്ങനെ യേശുവിനെ ഉള്‍ക്കൊള്ളാനും യേശുവില്‍ ഫലപ്രദമായി ജീവിക്കാനും സാധിക്കും എന്നതിനെക്കുറിച്ച് നാം നല്കുന്ന സാക്ഷ്യമാണ് നമ്മെ ഓരോരുത്തരെയും ഭരമേല്പിച്ചിരിക്കുന്ന രക്ഷാകര ദൗത്യം. രക്ഷയുടെ ഈ ദൗത്യത്തെ പൗലോസ് അപ്പോസ്തലന്‍ സംഗ്രഹിക്കുന്നത് ഇപ്രകാരമാണ്: “ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്” (ഗലാ. 2:20).
ഒരിക്കല്‍ ഒരുവന്‍ യേശുവിനോട് ചോദിച്ച ചോദ്യം ഇന്നും എല്ലാ പ്രാദേശിക സഭകളിലുമെന്നപോലെ നമ്മുടെ അതിരൂപതയിലും ഉയര്‍ന്ന് കേള്‍ക്കാറുണ്ട്: രക്ഷപ്പെടുന്നവര്‍ ചുരുക്കമാണോ? രക്ഷയുടെ പാതയില്‍ നിന്നും വ്യതിചലിച്ച് തന്നിഷ്ടംപോലെ ജീവിക്കുന്ന സഭാംഗങ്ങളെയും സാഹചര്യങ്ങളെയും പ്രവണതകളെയും ചൂണ്ടിക്കാട്ടി സഭാശുശ്രൂഷകരുടെ രക്ഷിക്കുവാനുള്ള കഴിവുകേടിനെ ചോദ്യംചെയ്യുകയും വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയും പരിഹസിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന ധാരാളംപേരുണ്ട്. ഈ അതിരൂപതയിലെ ദീര്‍ഘകാലത്തെസേവനത്തിലൂടെ എത്രപേരെ രക്ഷയുടെ പാതയിലൂടെ നയിക്കുവാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ടെന്ന് ഞാനും ചിന്തിക്കുകയായിരുന്നു. രക്ഷകനായ ക്രിസ്തു ഭരമേല്പിച്ച രക്ഷയുടെ ദൗത്യം വിശ്വസ്തതയോടെ നിറവേറ്റാന്‍ കുറെയേറെ ബുദ്ധിമുട്ടിയിട്ടുണ്ട്, ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. എങ്കിലും രക്ഷപ്രാപിക്കുന്നവര്‍ ചുരുക്കമാണോ എന്ന ചോദ്യത്തിന് ഉത്തരം പറയാനാവുന്നില്ല. കാരണം, രക്ഷകന്‍ ക്രിസ്തുവായതുകൊണ്ട് അത് ദൈവത്തിനുമാത്രം അറിയാവുന്ന ഒരു കാര്യമാണ്. മാനുഷികമായ ബലഹീനതകള്‍ ധാരാളം ഞങ്ങള്‍ക്കുണ്ട് എന്ന വസ്തുത മറക്കുന്നില്ല. പലപ്പോഴും ഞങ്ങളുടെ അശ്രദ്ധയും തിരസ്ക്കരണവും പാളിച്ചകളും നിമിത്തം ഞങ്ങളുടെ സാക്ഷ്യം ആകര്‍ഷകമായി തോന്നാത്തതുകൊണ്ട് രക്ഷയുടെ മാര്‍ഗ്ഗത്തിലേക്ക് കടന്നുവരാന്‍ കൂട്ടാക്കാത്ത ധാരാളംപേരുണ്ടാകാം. അതേസമയംതന്നെ ബലഹീനരായ ഞങ്ങളെ അംഗീകരിക്കുകയും രക്ഷയുടെ ദൗത്യം നിറവേറ്റാന്‍ ഞങ്ങളോടൊപ്പം സ്വയംമറന്ന് ആത്മാര്‍ത്ഥമായി സഹകരിക്കുകയും ചെയ്യുന്നവര്‍ക്ക് എത്രമാത്രം നന്ദിപറഞ്ഞാലും മതിയാവുകയില്ല. അതുകൊണ്ടാണ് എല്ലാ ദിവസവും സ്നേഹത്തിന്‍റെയും നന്ദിയുടെയും എളിമയുടെയും വികാരങ്ങളോടെ ഞങ്ങള്‍ അതിരൂപതയ്ക്കുവേണ്ടി ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നത്: ‘ക്രിസ്തുവിന്‍റെ സ്നേഹം അനുഭവിക്കാനും അതിനു സാക്ഷ്യം വഹിക്കാനും ശ്രമിക്കുന്ന അങ്ങയുടെ ജനത്തെ തൃക്കണ്‍പാര്‍ക്കേണമേ. സ്നേഹത്തിനു സാക്ഷ്യംവഹിക്കുന്നതു കാരണം ഞങ്ങളെ പീഡിപ്പിക്കുന്ന എല്ലാവരോടും കരുണ കാണിക്കണമേ. സാക്ഷ്യത്തിനു പകരം എതിര്‍സാക്ഷ്യം നല്കിയ അവസരങ്ങളെയോര്‍ത്ത് അങ്ങയോടു ഞങ്ങള്‍ മാപ്പു ചോദിക്കുന്നു’.
അഥവാ, രക്ഷപ്പെടുന്നവര്‍ കുറവാണെങ്കില്‍, പലരും രക്ഷയുടെ മാര്‍ഗ്ഗത്തില്‍നിന്നും വ്യതിചലിച്ചുപോകുന്നുവെങ്കില്‍, സഭാശുശ്രൂഷകര്‍ മാത്രമല്ല, സഭാംഗങ്ങളും അതിന് ഉത്തരവാദികളല്ലേ? രക്ഷകനായ യേശുവിന്‍റെ ചൈതന്യംകൊണ്ട് നിറയുകയും രക്ഷാകരമായ ഈ അനുഭവത്തിന് സാക്ഷ്യംവഹിക്കുകയും ചെയ്യുന്നവരാണ് രക്ഷപ്രാപിക്കുന്നത്. സഭാംഗങ്ങളെല്ലാം ക്രിസ്തുവനെ ഗുരുവും നാഥനുമായി അംഗീകരിക്കുന്നവരാണെന്നാണ് പറയുന്നത്. എങ്കിലും, ക്രിസ്തുമാത്രമാണ് ഒരേയൊരു രക്ഷകന്‍ എന്ന സത്യം വേണ്ടവിധത്തില്‍ മനസ്സിലാക്കാതെ രക്ഷകന്‍റെ സ്ഥാനത്ത് അറിഞ്ഞോ അറിയാതെയോ തങ്ങളെത്തന്നെ പ്രതിഷ്ഠിക്കുന്നവരുണ്ട്. ഇവര്‍ ക്രിസ്തുവിന്‍റെ പ്രബോധനങ്ങളെ ദുര്‍വ്യാഖ്യാനിക്കുകയും കാലഹരണപ്പെട്ട പാരമ്പര്യങ്ങളെ മുറുകെ പിടിക്കുകയും തങ്ങളുടെ തന്നെ സ്വാര്‍ത്ഥാഭിലാഷങ്ങളെ എല്ലാവരുടെയുംമേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. ഫരിസേയ മനോഭാവമെന്നാണ് ഇത് അറിയപ്പെടുന്നത്. ഈ മനോഭാവം കാരണമാണ് നമ്മുടെ പ്രാദേശിക സഭകള്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും വേണ്ടത്ര വളര്‍ച്ച യില്ലാതെ മുരടിച്ചുപോവുകയും ഒന്നിനൊന്ന് അധഃപതിക്കുകയും ചെയ്യുന്നത്.
സുവിശേഷത്തിലുടനീളം യേശു ഈ ഫരിസേയമനോഭാവത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുകയും രക്ഷയുടെ പാതയിലെ ഏറ്റവും വലിയ തടസ്സമായി ഇതിനെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന് ദേവാലയത്തില്‍ ചെന്ന് പ്രാര്‍ത്ഥിക്കുന്ന ഫരിസേയന്‍റെയും ചുങ്കക്കാരന്‍റെയും ഉപമതന്നെ എടുക്കാം. ഫരിസേയന്‍ വിശുദ്ധവേദിയുടെ മുമ്പില്‍ ഞെളിഞ്ഞുനിന്നുകൊണ്ട് നിറഞ്ഞ അഹങ്കാരത്തോടും അഹംഭാവത്തോടുംകൂടി തന്‍റെതന്നെ യോഗ്യതകളും വീരകൃത്യങ്ങളുമാണ് വിവരിച്ചു കേള്‍പ്പിക്കുന്നത്. ചുങ്കക്കാരനാകട്ടെ, ദേവാലയ വാതില്‍ക്കല്‍നിന്നുകൊണ്ട് എളിമയോടുകൂടി തന്‍റെ അയോഗ്യതകള്‍ ഏറ്റുപറഞ്ഞുകൊണ്ട് ദൈവദാനമായ രക്ഷയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. ചുങ്കക്കാരന്‍ നീതീകരിക്കപ്പെട്ടവനായി, രക്ഷപ്രാപിച്ചവനായി ഭവനത്തിലേക്കു മടങ്ങി എന്നാണ് യേശു പറയുന്നത് (ലൂക്കാ. 18:10-14). മാതാപിതാക്കളെ സംരക്ഷിക്കണമെന്ന് ദൈവംകല്പിക്കുമ്പോള്‍ സമ്പാദ്യമെല്ലാം ദൈവത്തിനു സമര്‍പ്പിച്ചിരിക്കുന്നു എന്നു പറഞ്ഞുകൊണ്ട് മാതാപിതാക്കളോടുള്ള ഉത്തരവാദിത്വത്തില്‍നിന്നും ഒഴിയുന്നത് ഫരിസേയമനോഭാവമാണ്. വലിയ തെറ്റുകള്‍ ഉള്ളില്‍വച്ചുകൊണ്ട് മറ്റുള്ളവരുടെ ചെറിയ ചെറിയ തെറ്റുകളെ പെരുപ്പിച്ചുകാണിക്കുകയും അവരെ പരിഹസിക്കുകയും തരംതാഴ്ത്തുകയും അകറ്റി നിര്‍ത്തുകയും ചെയ്യുന്ന ഫരിസേയരെ കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങുകയും ചെയ്യുന്നവരായിട്ടാണ് യേശു വിശേഷിപ്പിക്കുന്നത് (മത്താ. 23:24). ദൈവീക നിയമങ്ങളോടും പാരമ്പര്യങ്ങളോടുമുള്ള തീക്ഷണതയുടെ പേരില്‍ സഭയുടെ നിയമങ്ങള്‍ ദുര്‍വ്യാഖ്യാനംചെയ്യുകയും സഭയുടെ ആനുകാലിക നിര്‍ദ്ദേശങ്ങളെ അവഗണിക്കുകയും തങ്ങളുടെതന്നെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ ഭീഷണിയിലൂടെയും ബലപ്രയോഗത്തിലൂടെയും സമൂഹത്തിന്‍റെമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഫരിസേയ മനോഭാവം നമ്മുടെ ഇടയിലും ഒന്നിനൊന്നു വ്യാപിക്കുന്നതായി തോന്നിപ്പോകുന്നു. സ്വയം നീതിമാډാരും രക്ഷപ്പെട്ടവരുമായി അഹങ്കരിച്ചുകൊണ്ട് പാപിനിയായ സ്ത്രീയെ തരംതാഴ്ത്തുകയും പരിഹസി ക്കുകയും അവളെ കല്ലെറിഞ്ഞുകൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കപടനാട്യക്കാരായ ഫരിസേയര്‍ക്ക് യേശു നല്കിയ മറുപടി ഇതായിരുന്നു: “നിങ്ങളില്‍ പാപമില്ലാത്ത വന്‍ ആദ്യം അവളെ കല്ലെറിയട്ടെ”(യോഹ.5:7). പൂച്ചുപുറ ത്താകുമെന്ന് കണ്ടപ്പോള്‍ എല്ലാവരും സ്ഥലംവിട്ടു.
“നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ ജനിച്ചിരിക്കുന്നു” ഇതാണല്ലോ മാലാഖ നല്കിയ ക്രിസ്മസ് സന്ദേശം. എന്തിനാണ് രക്ഷകന്‍ ജനിച്ചത്? യേശു ഇതിനു നല്കുന്ന ഉത്തരമിതാണ്: “ഞാന്‍ വന്നിരിക്കുന്നത് നീതിമാډാരെ വിളിക്കാനല്ല. പാപികളെ പശ്ചാത്താപത്തിലേക്ക് ക്ഷണിക്കാനാണ്” (ലൂക്കാ. 5:.32). യേശു ചുങ്കക്കാരോടും പാപികളോടുമൊപ്പം സഹവസിക്കുന്നു എന്ന് ഫരിസേയ ര്‍ യേശുവിനെ ആക്ഷേപിച്ചപ്പോള്‍ അവിടുന്നു പറഞ്ഞു: “ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണ് വൈദ്യനെ ക്കൊണ്ട് ആവശ്യം” (ലൂക്കാ. 5:31). യേശു ആരെയും തരം താഴ്ത്തുന്നില്ല, അവഗണിക്കുന്നില്ല. ഇസ്രായേലില്‍ പ്പോലും ഇത്രവലിയ വിശ്വാസം ഞാന്‍ കണ്ടിട്ടില്ല എന്നുപറഞ്ഞ് വിജാതീയനായ ശതാധിപനെ യേശു പ്രശംസിക്കുന്നു (മത്താ. 8:10). തന്നെ ആശ്രയിച്ച നല്ല കള്ളന് പറുദീസ വാഗ്ദാനം ചെയ്യുന്നു (ലൂക്കാ. 23:43).
തിരുപ്പിറവിയിലൂടെ ദൈവം നമുക്കു നല്കുന്ന രക്ഷയുടെ വാഗ്ദാനം സഫലമാകണമെങ്കില്‍ ശിക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുന്ന ഫരിസേയരുടെ മനോഭാവത്തെ എല്ലാവരെയും രക്ഷിക്കാന്‍വന്ന യേശുവിന്‍റെ മനോഭാവ ത്തില്‍നിന്നും വേര്‍തിരിച്ചറിയാന്‍ നമുക്കാവണം. അഹങ്കാരത്തോടും വെറുപ്പോടും വിദ്വേഷത്തോടുംകൂടി മറ്റുള്ളവരെ ഇടിച്ചുതാഴ്ത്തുകയും പരിഹസിക്കുകയും അന്യായമായി അവരെ ശിക്ഷണ നടപടികള്‍ക്ക് വിധേയരാക്കുകയും ചെയ്യുന്നതാണ് ഫരിസേയ മനോഭാവം. എന്നാല്‍ യേശുവിന്‍റെ മനോഭാവമാകട്ടെ ആരെയും അന്യരായി കാണാതെ ശത്രുക്കളെപ്പോലും സഹോദരങ്ങളായി കരുതി അവരെ സ്നേഹിക്കുകയും അവര്‍ക്കുവേണ്ടി എന്തു ത്യാഗവും സഹിക്കുവാന്‍ സന്നദ്ധമാകുന്ന രക്ഷയുടെ മനോഭാവമാണ്. “ഓരോരുത്തരും താഴ്മയോടെ മറ്റുള്ളവരെ തങ്ങളേക്കാള്‍ ശ്രേഷ്ഠരായി കരുതുന്ന” (ഫിലി. 2:5) രക്ഷകനായ യേശുക്രിസ്തുവിന്‍റെ മനോഭാവത്തില്‍ വളര്‍ന്ന് രക്ഷയുടെ സമൃദ്ധമായ ഫലങ്ങള്‍ നിരന്തരം പുറപ്പെടുവി ക്കുവാന്‍ നിങ്ങള്‍ക്കു കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ക്രിസ്തുമസിന്‍റെയും പുതുവത്സരത്തിന്‍റെയും മംഗളങ്ങള്‍ നിങ്ങള്‍ക്കേവര്‍ക്കും ആശംസിക്കു ന്നു.

സ്നേഹത്തോടെ,

വെള്ളയമ്പലം

സൂസപാക്യം എം.

25.11.2020 തിരുവനന്തപുരം മെത്രാപ്പോലീത്ത

Trivandrum Media Commission

Comment here